ഫോളോ ചെയ്യാം

Wednesday, 17 December 2025

420 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 160- دروس الحديث - യുദ്ധവേളയിലെ നമസ്കാരത്തിന്‍റെ രൂപം

   


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  


യുദ്ധവേളയിലെ നമസ്കാരത്തിന്‍റെ രൂപം

160 - عَنْ يَزِيدَ بْنِ رُومَانَ عَنْ صَالِحِ بْنِ خَوَّاتِ بْنِ جُبَيْرٍ عَمَّنْ صَلَّى مَعَ رَسُولِ اللَّهِ صلى الله عليه وسلم صَلاةَ ذَاتِ الرِّقَاعِ، صَلاةَ الْخَوْفِ: أَنَّ طَائِفَةً صُفَّتْ مَعَهُ، وَطَائِفَةً وِجَاهَ الْعَدُوِّ، فَصَلَّى بِاَلَّذِينَ مَعَهُ رَكْعَةً، ثُمَّ ثَبَتَ قَائِماً، وَأَتَمُّوا لأَنْفُسِهِمْ، ثُمَّ انْصَرَفُوا، فَصُفُّوا وِجَاهَ الْعَدُوِّ، وَجَاءَتْ الطَّائِفَةُ الأُخْرَى، فَصَلَّى بِهِمْ الرَّكْعَةَ الَّتِي بَقِيَتْ، ثُمَّ ثَبَتَ جَالِساً، وَأَتَمُّوا لأَنْفُسِهِمْ، ثُمَّ سَلَّمَ بِهِمْ)) .

യസീദ് ബ്നു റൂമാൻ, സ്വാലിഹ് ബ്നു ഖവ്വാത്ത് ബ്നു ജുബൈറിൽ നിന്ന് നിവേദനം ചെയ്യുന്നു; ദാത്തുർരിഖാഅ് യുദ്ധവേളയിൽ അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم യോടൊപ്പം ഭയവേളയിലെ നമസ്‌കാരം (സ്വലാത്തുൽ ഖൗഫ്) നിർവഹിച്ച ഒരാൾ ഇപ്രകാരം അറിയിച്ചു: "ഒരു വിഭാഗം നബി صلى الله عليه وسلم യോടൊപ്പം അണിനിരന്നു, മറ്റൊരു വിഭാഗം ശത്രുവിനെ അഭിമുഖീകരിച്ച് നിന്നു. തന്നോടൊപ്പമുള്ളവരുമായി നബി صلى الله عليه وسلم ഒരു റക്അത്ത് നമസ്‌കരിച്ചു, ശേഷം നബി صلى الله عليه وسلم നില്‍ക്കുകയും നില്‍ക്കുന്ന അവസ്ഥയില്‍ തുടരുകയും ചെയ്തു. അപ്പോൾ അവർ തനിയെ (ബാക്കി ഒരു റക്അത്ത് കൂടി നമസ്‌കരിച്ച്) പൂർത്തിയാക്കി അവിടെനിന്നും തിരിഞ്ഞുപോയി ശത്രുവിനെ അഭിമുഖീകരിച്ച് അണിനിരന്നു. തുടർന്ന് മറ്റേ വിഭാഗം വരികയും, തനിക്ക് ബാക്കിയുള്ള ഒരു റക്അത്ത് നബി صلى الله عليه وسلم അവർക്കൊപ്പം നമസ്‌കരിക്കുകയും ചെയ്തു. ശേഷം നബി صلى الله عليه وسلم ഇരുന്നു. നബി صلى الله عليه وسلم ഇരിക്കുന്ന അവസ്ഥയില്‍ തുടര്‍ന്നു,  അപ്പോൾ അവർ തനിയെ (ബാക്കി ഒരു റക്അത്ത്) പൂർത്തിയാക്കി, തുടർന്ന് നബി صلى الله عليه وسلم അവർക്കൊപ്പം സലാം വീട്ടി."

വിവരണം

    നമസ്‌കാരം ഇസ്‌ലാമിലെ ഏറ്റവും മഹത്തായ ആരാധനാ കർമ്മമാണ്. മുസ്‌ലിംകളോട് ശത്രുത കാണിക്കുന്ന സത്യനിഷേധികളുമായുള്ള യുദ്ധവേളയിൽ ഒരു മുസ്‌ലിമിന് പരിപൂർണ്ണമായ രീതിയിൽ നമസ്‌കാരം നിർവഹിക്കുക പ്രയാസകരമായിരിക്കും; അതിനാൽ തന്നെ മുസ്ലിംകൾക്ക് ആശ്വാസവും എളുപ്പവും നൽകുന്നതിനായി യുദ്ധ സാഹചര്യങ്ങളിൽ അല്ലാഹു ഭയവേളയിലെ നമസ്‌കാരം (സ്വലാത്തുൽ ഖൗഫ്) നിയമമാക്കി.

    ഈ ഹദീസിൽ സ്വാലിഹ് ബ്നു ഖവ്വാത്ത്, ദാത്തുർരിഖാഅ് യുദ്ധദിവസം അല്ലാഹുവിൻ്റെ റസൂൽ (ﷺ) യോടൊപ്പം ഭയവേളയിലെ നമസ്‌കാരം നിർവഹിച്ച ഒരാളിൽ നിന്നും അതിൻ്റെ രൂപം ഇപ്രകാരം വിവരിക്കുന്നു: ഇമാം ഒരു വിഭാഗം അനുചരന്മാരോടൊപ്പം നമസ്‌കാരത്തിന് നിൽക്കുന്നു, മറ്റൊരു വിഭാഗം ശത്രുവിനെ അഭിമുഖീകരിച്ച് നിൽക്കുന്നു. ഇമാം തന്നോടൊപ്പമുള്ളവരുമായി ഒരു റക്അത്ത് നമസ്‌കരിക്കുന്നു (ഒരു റുകൂഉം രണ്ട് സുജൂദും). ശേഷം ഇമാം എഴുന്നേറ്റ് നേരെ നിൽക്കുന്നു. ഇമാം അങ്ങനെ നിൽക്കുമ്പോൾ തന്നെ കൂടെയുള്ളവർ അവർക്ക് ബാക്കിയുള്ള രണ്ടാമത്തെ റക്അത്ത് തനിയെ നമസ്‌കരിച്ച് പൂർത്തിയാക്കുന്നു. ഇമാമിനേക്കാൾ മുൻപേ അവർ രണ്ട് റക്അത്തുകൾ പൂർത്തിയാക്കി സലാം വീട്ടി ശത്രുവിനെ പ്രതിരോധിക്കാനായി അവരുടെ സ്ഥാനത്തേക്ക് പോകുന്നു. ഈ സമയമത്രയും ഇമാം തൻ്റെ രണ്ടാമത്തെ റക്അത്തിൽ നിൽക്കുകയായിരിക്കും.

    തുടർന്ന്, നമസ്‌കരിക്കാതിരുന്ന (ശത്രുവിനെ പ്രതിരോധിച്ചു നിന്നിരുന്ന) രണ്ടാമത്തെ വിഭാഗം വരികയും ഇമാമിന് പിന്നിൽ തക്ബീറതുൽ ഇഹ്‌റാം കെട്ടി നമസ്‌കാരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. ഇമാം അവർക്കൊപ്പം (തനിക്ക് ബാക്കിയുള്ള രണ്ടാമത്തെ റക്അത്ത്) നമസ്‌കരിക്കുന്നു. ശേഷം ഇമാം ഇരുത്തത്തില്‍ തുടരുന്നു. ഈ സന്ദര്‍ഭത്തില്‍ രണ്ടാമത്തെ വിഭാഗം എഴുന്നേറ്റ് അവർക്ക് ബാക്കിയുള്ള ഒരു റക്അത്ത് കൂടി റുകൂഉം സുജൂദും അത്തഹിയ്യാത്തും നിർവഹിച്ച് അവസാനത്തെ ഇരുത്തത്തില്‍ ഇമാമിനോടൊപ്പം തുടരുകയും ശേഷം ഇമാം സലാം വീട്ടുകയും ചെയ്യുന്നു. ഇപ്രകാരം രണ്ട് വിഭാഗവും രണ്ട് റക്അത്ത് വീതം നമസ്‌കരിച്ചവരായി മാറുന്നു.

    ഭയവേളയിലെ നമസ്‌കാരത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ട വ്യത്യസ്ത രൂപങ്ങളിൽ ഒന്നാണിത്. ഈ നമസ്‌കാരം രണ്ട് റക്അത്താണെന്ന കാര്യത്തിൽ എല്ലാ റിപ്പോർട്ടുകളും യോജിക്കുന്നുണ്ടെങ്കിലും, ഇമാമിന് പിന്നിൽ നമസ്‌കരിക്കേണ്ട രീതിയിലും ഇമാം സലാം വീട്ടുന്ന കാര്യത്തിലുമാണ് ഈ റിപ്പോർട്ടുകൾ തമ്മിൽ വ്യത്യാസമുള്ളത്.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

  • യുദ്ധമോ ഭീതിയോ ഉള്ള സാഹചര്യങ്ങളിൽ ഇത്തരത്തിൽ നമസ്‌കരിക്കാവുന്നത് നിയമപരമാണ്.
  • ശത്രു ഖിബ്‌ലയുടെ ഭാഗത്തല്ലാത്തപ്പോൾ (മറ്റൊരു ദിശയിലായിരിക്കുമ്പോൾ) നിർവഹിക്കാൻ അനുയോജ്യമായ രീതിയാണിത്.
  • സാധാരണ നമസ്‌കാരത്തിൽ നിന്ന് വിഭിന്നമായി ഇതിൽ അവസാന റക്അത്ത് ആദ്യത്തേതിനേക്കാൾ ദീർഘിപ്പിക്കുന്നു. കൂടാതെ, നമസ്‌കാരത്തിന്‍റെ ഒരു ഭാഗം നഷ്ടപ്പെട്ട മഅ്‌മൂമുകൾ ഇമാം സലാം വീട്ടുന്നതിന് മുൻപ് തന്നെ അത് പൂർത്തിയാക്കുന്ന രീതിയും ഇതിലുണ്ട്.
  • ഇത്തരമൊരു അനിവാര്യമായ കാരണത്താൽ (ശത്രുവിനെ കാവൽ നിൽക്കാൻ വേണ്ടി) മഅ്‌മൂമിന് നമസ്‌കാരത്തിനിടയിൽ ഇമാമിൽ നിന്ന് വേർപിരിയുന്നത് അനുവദനീയമാണ്.
  • ജമാഅത്ത് നമസ്‌കാരം എല്ലാ വേളകളിലും അനിവാര്യമാണെന്ന് ഇത് വ്യക്തമാക്കുന്നു.
  • ഒരു റക്അത്ത് ലഭിക്കുന്നതിലൂടെ ഒരാൾക്ക് ജമാഅത്ത് ലഭിച്ചതായി പരിഗണിക്കപ്പെടും.
  • ആരാധനകളിലും സൈനിക ക്രമീകരണങ്ങളിലും ഒരുപോലെ നീതി പുലർത്തുന്നതാണ് ഇസ്‌ലാമിക നിയമങ്ങൾ.
  • ശത്രുവിനു മുൻപിൽ അണിയായി നിൽക്കുന്നത് സൈനികമായ അച്ചടക്കത്തിന് ഉദാഹരണമാണ്; കാരണം അത് അല്ലാഹുവിന് ഇഷ്ടപ്പെട്ടതും, മുസ്ലിംകളുടെ ഹൃദയത്തിന് സ്ഥൈര്യം നൽകുന്നതും, ശത്രുക്കളുടെ ഹൃദയത്തിൽ ഭീതി ജനിപ്പിക്കുന്നതുമാണ്.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...