عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ഭയവേളയിലെ നമസ്‌കാരം
بابُ صلاةِ الخوفِ
ഭയവേളയിലെ നമസ്‌കാരം
159 - عَنْ عَبْدِ اللَّهِ بْنِ عُمَرَ بْنِ الْخَطَّابِ رضي الله عنهما قَالَ: ((صَلَّى بِنَا رَسُولُ اللَّهِ صلى الله عليه وسلم صَلاةَ الْخَوْفِ فِي بَعْضِ أَيَّامِهِ، فَقَامَتْ طَائِفَةٌ مَعَهُ، وَطَائِفَةٌ بِإِزَاءِ الْعَدُوِّ، فَصَلَّى بِاَلَّذِينَ مَعَهُ رَكْعَةً، ثُمَّ ذَهَبُوا، وَجَاءَ الآخَرُونَ، فَصَلَّى بِهِمْ رَكْعَةً، وَقَضَتِ الطَّائِفَتَانِ رَكْعَةً، رَكْعَةً)) .
അബ്ദുല്ലാഹിബ്നു ഉമറുബ്നുൽ ഖത്താബ് رضي الله عنهما നിവേദനം ചെയ്യുന്നു:"അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم അവിടുത്തെ യുദ്ധദിവസങ്ങളിൽ ഒന്നിൽ ഞങ്ങളോടൊപ്പം ഭയവേളയിലെ നമസ്‌കാരം (സ്വലാത്തുൽ ഖൗഫ്) നിർവഹിച്ചു. അപ്പോൾ ഒരു വിഭാഗം റസൂൽ صلى الله عليه وسلم യോടൊപ്പം (നമസ്‌കാരത്തിന്) നിന്നു, മറ്റൊരു വിഭാഗം ശത്രുവിന് നേരെ (കാവൽ) നിന്നു. റസൂൽ صلى الله عليه وسلم യോടൊപ്പമുള്ളവരുമായി അവിടുന്ന് ഒരു റക്അത്ത് നമസ്‌കരിച്ചു. ശേഷം അവർ (കാവൽ നിൽക്കാൻ) പോവുകയും മറ്റേ വിഭാഗം വരികയും ചെയ്തു. അപ്പോൾ റസൂൽ صلى الله عليه وسلم അവരോടൊപ്പം ഒരു റക്അത്ത് നമസ്‌കരിച്ചു. തുടർന്ന് രണ്ട് വിഭാഗവും (ബാക്കിയുള്ള) ഓരോ റക്അത്ത് വീതം പൂർത്തിയാക്കി."
മുസ്‌ലിംകളോട് ശത്രുത കാണിക്കുന്ന അല്ലാഹുവിന്‍റെ ശത്രുക്കളോട് യുദ്ധം ചെയ്യുന്ന വേളയിൽ മുസ്‌ലിംകൾക്ക് സ്വയം അപകടത്തിലാകാതെ നിർബന്ധ ബാധ്യതയായ നമസ്‌കാരം നിർവഹിക്കുന്നതിന് വേണ്ടിയാണ് ഭയവേളയിലെ നമസ്‌കാരം (സ്വലാത്തുൽ ഖൗഫ്) നിയമമാക്കപ്പെട്ടത്. നമസ്‌കാരത്തിനിടയിൽ ശത്രുക്കൾ ചതിയിൽ ആക്രമിക്കാതിരിക്കാൻ അല്ലാഹുവിന്‍റെ പാതയിൽ പോരാടുന്ന മുജാഹിദുകൾക്ക് അല്ലാഹു നൽകിയ ഇളവുകളിൽ ഒന്നാണിത്.
ഈ ഹദീസിൽ ഇബ്നു ഉമറിന്‍റെ മൗലയായ നാഫിഅ് വിവരിക്കുന്നു: ഭയവേളയിലെ നമസ്‌കാരത്തിന്‍റെ രീതിയെക്കുറിച്ച് അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما ചോദിക്കപ്പെട്ടാൽ അദ്ദേഹം അത് ഇപ്രകാരം വിശദീകരിക്കുമായിരുന്നു: ഇമാം ഒരു വിഭാഗം സൈനികരോടൊപ്പം നമസ്‌കാരം ആരംഭിക്കുന്നു (ശത്രുക്കളുടെ അമ്പുകൾ എത്താത്ത ഒരിടത്ത്). അദ്ദേഹം അവർക്കൊപ്പം ഒരു റക്അത്ത് നമസ്‌കരിക്കുന്നു. അതേസമയം രണ്ടാമത്തെ വിഭാഗം ശത്രുവിനെ അഭിമുഖീകരിച്ച്, ഇമാമിനോടൊപ്പം നമസ്‌കരിക്കുന്നവർക്ക് സംരക്ഷണം നൽകിക്കൊണ്ട് ജാഗ്രതയോടെ നിൽക്കുന്നു. ഇമാം ഒന്നാം റക്അത്ത് പൂർത്തിയാക്കിയാൽ, ഒന്നാം വിഭാഗം സലാം വീട്ടാതെ പിന്നോട്ട് മാറി ശത്രുവിന്‍റെ മുൻപിൽ നിലയുറപ്പിക്കുന്നു (അവർ നമസ്‌കാരത്തിൽ തന്നെയായിരിക്കും). തുടർന്ന് രണ്ടാമത്തെ വിഭാഗം വരികയും ഇമാം നിൽക്കുന്ന അവസ്ഥയിൽ (അവർക്കായി കാത്തുനിൽക്കെ) അദ്ദേഹത്തോടൊപ്പം ഒരു റക്അത്ത് നമസ്‌കരിക്കുകയും ചെയ്യുന്നു. ഇമാം തന്‍റെ രണ്ട് റക്അത്തുകൾ പൂർത്തിയാക്കി സലാം വീട്ടുമ്പോൾ, രണ്ട് വിഭാഗവും ഓരോ റക്അത്ത് വീതമാണ് നമസ്‌കരിച്ചിട്ടുണ്ടാവുക. ശേഷം ഓരോ വിഭാഗവും എഴുന്നേറ്റു നിന്ന് ബാക്കിയുള്ള ഓരോ റക്അത്ത് കൂടി പൂർത്തിയാക്കി സലാം വീട്ടുന്നു. അപ്പോൾ രണ്ട് വിഭാഗവും രണ്ട് റക്അത്ത് വീതം നമസ്‌കരിച്ചവരായി മാറുന്നു (ഒരു റക്അത്ത് ഇമാമിനോടൊപ്പവും മറ്റൊരു റക്അത്ത് തനിച്ചും).
ഇനി ഭയം ഇതിനേക്കാൾ കഠിനമാണെങ്കിൽ - അതായത് മുകളിൽ പറഞ്ഞ രീതിയിൽ നമസ്‌കരിക്കാൻ സാധിക്കാത്ത വിധം യുദ്ധം കൊടുമ്പിരിക്കൊള്ളുകയാണെങ്കിൽ-അവർ തങ്ങളുടെ അവസ്ഥയ്ക്കനുസരിച്ച് ഒറ്റയ്ക്കൊറ്റയ്ക്ക് നമസ്‌കരിക്കേണ്ടതാണ്. അവർ വാഹനപ്പുറത്തിരുന്നോ കാൽനടയായോ, ഖിബ്‌ലയ്ക്ക് അഭിമുഖമായോ അല്ലാതെയോ ഒക്കെ സൗകര്യത്തിനനുസരിച്ച് നമസ്‌കരിക്കാവുന്നതാണ്.
ഭയവേളയിലെ നമസ്‌കാരത്തിന് നബി صلى الله عليه وسلم യിൽ നിന്ന് നിരവധി രൂപങ്ങൾ വന്നിട്ടുണ്ട്. അതിലൊരു നിവേദനമാണിത്. നബി صلى الله عليه وسلم വ്യത്യസ്ത ദിവസങ്ങളിൽ വ്യത്യസ്ത രീതികളിൽ ഇത് നിർവഹിച്ചിട്ടുണ്ട്. നമസ്‌കാരത്തിന്‍റെ സുരക്ഷയും കാവലിന്‍റെ കൃത്യതയും നോക്കിയാണ് ഇത് ചെയ്തിട്ടുള്ളത്. രൂപങ്ങൾ വ്യത്യാസമാണെങ്കിലും എല്ലാത്തിന്‍റെയും അർത്ഥം ഒന്ന് തന്നെയാണ്.
യുദ്ധമോ മറ്റ് ഭയ സാഹചര്യങ്ങളോ നിലവിലുള്ളപ്പോൾ, അത് നാട്ടിലായാലും യാത്രയിലായാലും ഈ (ഭയമുള്ള വേളയിലെ) നമസ്കാരം നിയമപരമാണ്. മുസ്‌ലിം ഉമ്മത്തിന് ആശ്വാസം നൽകാനും, ശത്രുക്കൾക്കെതിരെയുള്ള പോരാട്ടത്തിൽ അവരെ സഹായിക്കാനും, നമസ്കാരം നിശ്ചിത സമയത്ത് ജമാഅത്തായി (സംഘടിതമായി) നിർവഹിക്കാനുമാണ് ഇത് നിശ്ചയിച്ചിട്ടുള്ളത്.
ഹദീസിൽ പരാമർശിച്ചിരിക്കുന്ന അതേ രീതിയിൽ തന്നെ ഈ നമസ്കാരം നിർവഹിക്കാവുന്നതാണ്. ഈ നമസ്കാരം വ്യത്യസ്ഥ രീതികളില്‍ വന്നിട്ടുണ്ട്.
നമസ്കാരത്തിന്‍റെ ഗുണഫലത്തിന് വേണ്ടിയോ അല്ലെങ്കിൽ അനിവാര്യമായ ഘട്ടങ്ങളിലോ ചലനങ്ങൾ വർദ്ധിക്കുന്നത് നമസ്കാരത്തെ ബാത്വിലാക്കില്ല (അസാധുവാക്കില്ല).
നമസ്കാരം അതിൻ്റെ നിശ്ചിത സമയത്തും ജമാഅത്തായും നിർവഹിക്കുന്നതിലുള്ള അതീവ ജാഗ്രത ഇത് വെളിപ്പെടുത്തുന്നു. ഇവ രണ്ടും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു രൂപത്തിൽ നമസ്കരിക്കാൻ അനുവാദം നൽകിയിരിക്കുന്നത്.
മുസ്‌ലിംകൾക്ക് ദ്രോഹങ്ങള്‍ ഏല്‍പിക്കുന്ന ശത്രുക്കളിൽ നിന്ന് കടുത്ത ജാഗ്രത പാലിക്കലും മുൻകരുതലുകൾ സ്വീകരിക്കലും നിർബന്ധമാണ്.
സുരക്ഷിതവസ്ഥയിലായാലും ഭയത്തിലായാലും, നാട്ടിലായാലും യാത്രയിലായാലും പുരുഷന്മാർക്ക് ജമാഅത്ത് നമസ്കാരം ബാധകമാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.
ഒരു റക്അത്ത് ലഭിക്കുന്നതിലൂടെ ഒരാൾക്ക് ജമാഅത്ത് ലഭിച്ചതായി കണക്കാക്കപ്പെടുന്നു.

No comments:
Post a Comment