ഫോളോ ചെയ്യാം

Wednesday, 24 December 2025

429 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 169- دروس الحديث - മയ്യിത്ത് സംസ്കരണം വേഗത്തിലാക്കല്‍

 



عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

മയ്യിത്ത് സംസ്കരണം വേഗത്തിലാക്കല്‍

169 - عَنْ أَبِي هُرَيْرَةَ  رضي الله عنه عَنْ النَّبِيِّ صلى الله عليه وسلم قَالَ: ((أَسْرِعُوا بِالْجِنَازَةِ فَإِنَّهَا إنْ تَكُ صَالِحَةً: فَخَيْرٌ تُقَدِّمُونَهَا إلَيْهِ. وَإِنْ تَكُ سِوَى ذَلِكَ: فَشَرٌّ: تَضَعُونَهُ عَنْ رِقَابِكُمْ)) .

അബൂഹുറൈറ رضي الله عنه നിവേദനം ചെയ്യുന്നു: നബി صلى الله عليه وسلم പറഞ്ഞു: "നിങ്ങൾ ജനാസയുമായി വേഗത്തിൽ നടക്കുക. കാരണം, അത് (മയ്യിത്ത്) നല്ലതാണെങ്കില്‍, നിങ്ങൾ അതിന് നല്‍കുന്നത് ഒരു ഉത്തമമായ കാര്യമാണ്. ഇനി അതല്ലെങ്കിൽ, നിങ്ങളുടെ ചുമലുകളിൽ നിന്ന് നിങ്ങൾ ഇറക്കിവെക്കുന്ന ഒരു തിന്മയാണത്."

വിവരണം

    മനുഷ്യൻ ജനിച്ചത് മുതൽ മരണം വരെ അവന്‍റെ ജീവന് ഇസ്‌ലാം വലിയ മൂല്യം കൽപ്പിക്കുന്നു. മരിച്ചവരുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇത് വളരെ വ്യക്തമാണ്. മയ്യിത്ത് പരിപാലനം, ഖബറടക്കം, ഖബ്റടക്കം എന്നിവയിലുള്ള ഇസ്‌ലാമിന്‍റെ സവിശേഷമായ അധ്യാപനങ്ങള്‍ ഇതിന് ഉദാഹരണമാണ്.

    ഈ ഹദീസിലൂടെ അബൂഹുറൈറ رضي الله عنه വിവരിക്കുന്നത്, ജനാസയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. ഒരാള്‍ മരിച്ചാല്‍ അയാളെ മറവ് ചെയ്യാന്‍ ധൃതി കാണിക്കണം. ആളുകള്‍ക്ക് കാണാനും മറ്റും കാരണങ്ങള്‍ക്ക് വേണ്ടി മയ്യിത്തിനെ സംസ്കരിക്കാതെ താമസിപ്പിക്കരുത്. മയ്യിത്ത് കൊണ്ട് പോകുമ്പോള്‍ വേഗത്തിൽ നടക്കാൻ നബി صلى الله عليه وسلم തന്‍റെ സ്വഹാബികളോട് കൽപ്പിച്ചിട്ടുണ്ട്. ആ മയ്യിത്ത് നല്ല ആളുടെതാണെങ്കില്‍, നിങ്ങൾ അതിനെ വേഗത്തിൽ എത്തിക്കുന്നത് നിങ്ങള്‍ അതിനു ചെയ്യുന്ന വലിയ കാര്യമാണ്. കാരണം, നിങ്ങൾ അതിനെ വേഗത്തിൽ കൊണ്ടുപോകുന്നത് അതിന് ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങളിലേക്കും സന്തോഷത്തിലേക്കും സ്വർഗ്ഗത്തോപ്പുകളിലേക്കുമാണ്. എന്നാൽ ആ മയ്യിത്ത് തിനമകളില്‍ കഴിഞ്ഞിരുന്നവന്‍റെ ആണെങ്കില്‍, നിങ്ങളുടെ ചുമലുകളിൽ ഇരിക്കുന്ന ആ തിന്മയെ എത്രയും വേഗം ഒഴിവാക്കി നിങ്ങൾ സ്വയം രക്ഷപ്പെടുകയാണ് വേണ്ടത്.

    ജനാസയുമായി വേഗത്തിൽ നടക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, മയ്യിത്തിന് എന്തെങ്കിലും കേടുപാടുകൾ സംഭവിക്കാനോ, അത് ചുമക്കുന്നവർക്കോ കൂടെ പോകുന്നവർക്കോ അമിതമായ പ്രയാസമുണ്ടാകാനോ ഇടവരാത്ത രീതിയിലുള്ള മിതമായ വേഗതയാണ്. മയ്യിത്ത് മറവു ചെയ്യുന്ന കാര്യത്തിൽ അനാവശ്യമായി താമസം വരുത്തരുത് എന്നതും ഈ ഹദീസിന്‍റെ താല്പര്യമാണ്. കാരണം, സംസ്കാര ചടങ്ങുകൾ വൈകിപ്പിക്കുന്നത് പലപ്പോഴും അനാവശ്യമായ പ്രകടനങ്ങള്‍ക്ക് കാരണമായേക്കാം.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- ഇബ്നു ഹജർ അസ്ഖലാനി رحمه الله പറയുന്നു: ജനാസയുമായി വേഗത്തിൽ നടക്കൽ മുസ്തഹബ്ബാണ് (അഭികാമ്യം). എന്നാൽ അത് മയ്യിത്തിന് എന്തെങ്കിലും കേടുപാടുകൾ സംഭവിക്കാനോ, മയ്യിത്ത് ചുമക്കുന്നവർക്കും കൂടെ പോകുന്നവർക്കും അമിതമായ പ്രയാസമുണ്ടാകാനോ കാരണമാകുന്ന തരത്തിലുള്ള അതിവേഗമാകാൻ പാടില്ല.

2- പെട്ടെന്നുള്ള മരണം സംഭവിക്കുമ്പോൾ (മരണമാണോ അതോ ബോധക്ഷയമാണോ എന്ന് സംശയമുള്ള ഘട്ടത്തിൽ) മരണം ഉറപ്പാക്കുന്നത് വരെ ഖബറടക്കം വൈകിപ്പിക്കേണ്ടതാണ്. അതുപോലെ, മയ്യിത്തിന് മാറ്റം സംഭവിക്കില്ലെന്ന് ഉറപ്പുള്ള സാഹചര്യത്തിൽ, കൂടുതൽ ആളുകൾക്ക് ജനാസ നമസ്കാരത്തിൽ പങ്കെടുക്കാനോ അടുത്ത ബന്ധുക്കൾക്ക് എത്തിച്ചേരാനോ വേണ്ടി അല്പസമയം വൈകിപ്പിക്കുന്നതിൽ തെറ്റില്ല. മരണപ്പെട്ട അതെ സമയത്ത് തന്നെ മറവ് ചെയ്യേണ്ടതില്ല. 

3- മയ്യിത്ത് സദ്‌വൃത്തനാണെങ്കിൽ അവന് ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങൾ വേഗത്തിലാക്കാനും, അതല്ലെങ്കിൽ ദുർവൃത്തനായ ഒരാളുടെ തിന്മയിൽ നിന്ന് അനുഗമിക്കുന്നവർക്ക് വേഗം ആശ്വാസം ലഭിക്കാനുമാണ് വേഗത്തിൽ നടക്കാൻ പ്രേരിപ്പിക്കുന്നത്.

4- ഇമാം നവവി رحمه الله പറയുന്നു: അനാവശ്യ കാര്യങ്ങളിൽ ഏർപ്പെടുന്നവരും സദ്‌വൃത്തരല്ലാത്തവരുമായ ആളുകളുടെ സഹവാസം ഒഴിവാക്കണമെന്ന സൂചനയും ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം (തിന്മയെയും തിന്മചെയ്യുന്നവരെയും വേഗം ഒഴിവാക്കണം എന്ന ആശയം ഇതില്‍ ഉണ്ട്).




No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...