ഫോളോ ചെയ്യാം

Monday, 7 September 2026

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

 



സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ

 മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ശരീഅത്ത് നിരവധി വിധിവിലക്കുകൾ നിശ്ചയിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്:

1-വീടുകളിൽ അടങ്ങിപ്പാർക്കൽ:

2-ഹിജാബ് (മറ) പാലിക്കാനുള്ള കൽപ്പന:

3-സൗന്ദര്യപ്രദർശനം (തബർറുജ്) വിലക്കൽ:

4-ദൃഷ്ടികൾ താഴ്ത്താനും ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കാനുമുള്ള കൽപ്പന:

5-മഹ്റമുകളല്ലാത്തവർക്ക് മുമ്പില്‍ സൗന്ദര്യം വെളിപ്പെടുത്തുന്നത് വിലക്കൽ:

6-കൊഞ്ചിക്കുഴഞ്ഞുള്ള സംസാരം വിലക്കൽ:

7-അന്യപുരുഷന്മാരുമായി തനിച്ചാകലും മഹ്റമില്ലാതെയുള്ള യാത്രയും നിഷിദ്ധമാക്കൽ:

8-മഹ്റമുകളല്ലാത്തവർ സ്ത്രീകളുടെ അടുത്തേക്ക് പ്രവേശിക്കുന്നതിനെ താക്കീത് ചെയ്യൽ:

9-ഇബാദത്തുകളിൽ പോലും പുരുഷന്മാരുമായി കൂടിക്കലരുന്നത് ഒഴിവാക്കൽ:

10-സുഗന്ധം പൂശി സ്ത്രീ പുറത്തിറങ്ങുന്നതിനെതിരെയുള്ള ശക്തമായ താക്കീത്:

11-സ്ത്രീകളുടെ വിഷയത്തിലുള്ള ആത്മാഭിമാനം (ഈര്‍ഷ്യത):


  1. വീടുകളിൽ അടങ്ങിപ്പാർക്കൽ:

അല്ലാഹു പറയുന്നു: : {وَقَرْنَ فِى بُيُوتِكُنَّ} [الأحزاب:33]. “നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിപ്പാർക്കുകയും ചെയ്യുക." (അൽഅഹ്സാബ്: 33). ഇമാം ഖുർതുബി رحمه الله  വിശദീകരിക്കുന്നു: “ഈ ആയത്തിന്റെ അർത്ഥം വീടുകളിൽ കഴിയാനുള്ള കൽപ്പനയാണ്. ഈ അഭിസംബോധന നബി صلى الله عليه وسلم യുടെ ഭാര്യമാരോടാണെങ്കിലും, അതിന്റെ ആശയം മറ്റു സ്ത്രീകളെയും ഉൾക്കൊള്ളുന്നുണ്ട്. ഇനി എല്ലാ സ്ത്രീകൾക്കുമായി പ്രത്യേക തെളിവുകൾ വന്നിട്ടില്ലായിരുന്നുവെങ്കിലും ഇത് ബാധകമാകുമായിരുന്നു. അപ്പോൾ സ്ത്രീകൾ തങ്ങളുടെ വീടുകളിൽ അടങ്ങിയിരിക്കണമെന്നും അനിവാര്യ ഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും ആവശ്യപ്പെടുന്ന നിരവധി തെളിവുകളാൽ ശരീഅത്ത് നിറഞ്ഞുനിൽക്കുകയല്ലേ!" (തഫ്സീര്‍: 14/176).

2.   ഹിജാബ് (മറ) പാലിക്കാനുള്ള കൽപ്പന:

അല്ലാഹു പറയുന്നു:

{يٰأَيُّهَا ٱلنَّبِىُّ قُل لأزْوٰجِكَ وَبَنَـٰتِكَ وَنِسَاء ٱلْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَـٰبِيبِهِنَّ ذٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلاَ يُؤْذَيْنَ وَكَانَ ٱللَّهُ غَفُوراً رَّحِيماً} [الأحزاب:59].

 “നബിയേ, താങ്കളുടെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെ മേൽ താഴ്ത്തിയിടാൻ പറയുക. അവർ തിരിച്ചറിയപ്പെടാനും അങ്ങനെ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ് ഏറെ അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു." (അൽഅഹ്സാബ്: 59).

ഇബ്നു അത്വിയ്യ رحمه الله പറയുന്നു: “അറബി സ്ത്രീകൾക്കിടയിൽ പർദ്ദയുടെ വിഷയത്തിൽ അശ്രദ്ധ കാണിക്കുന്ന പതിവുണ്ടായിരുന്നു. അടിമസ്ത്രീകളെപ്പോലെ അവർ മുഖം തുറന്നിടുകയും ചെയ്തിരുന്നു. ഇത് പുരുഷന്മാർ അവരിലേക്ക് നോക്കുന്നതിനും മോശമായ വിചാരങ്ങൾ ഉണ്ടാകുന്നതിനും കാരണമായി. അതിനാൽ, അവർ പൂർണ്ണമായും മറഞ്ഞിരിക്കുന്നതിനും, സ്വതന്ത്ര സ്ത്രീകളും അടിമ സ്ത്രീകളും തമ്മിൽ വേർതിരിവ് വ്യക്തമാകുന്നതിനും വേണ്ടി മൂടുപടങ്ങൾ താഴ്ത്തിയിടാൻ കൽപ്പിക്കുവാൻ അല്ലാഹു തന്റെ റസൂൽ صلى الله عليه وسلم യോട് ആജ്ഞാപിച്ചു. അങ്ങനെ പൂർണ്ണമായ മറ മുഖേന സ്വതന്ത്ര സ്ത്രീകൾ തിരിച്ചറിയപ്പെടുന്നു." (അല്‍ മുഹററുല്‍ വജീസ്: 4/399).

അദ്ദേഹം തുടർന്നു പറയുന്നു: “{അവർ തിരിച്ചറിയപ്പെടുവാൻ അതാണ് ഏറ്റവും അടുത്തത്, അതിനാൽ അവർ ശല്യം ചെയ്യപ്പെടുകയുമില്ല} എന്നതിന്റെ അര്‍ഥം: മൊത്തത്തിൽ അടിമസ്ത്രീകളിൽ നിന്ന് അവർ വേറിട്ടുനിൽക്കുകയും, സ്വതന്ത്ര വനിതകൾ എന്ന നിലയിലുള്ള പദവി മാനിക്കപ്പെട്ട് ആരും അവരെ ശല്യം ചെയ്യാതിരിക്കുകയും ചെയ്യുക എന്നതാണ്; അല്ലാതെ സ്ത്രീ ആരാണെന്ന് വ്യക്തിപരമായി തിരിച്ചറിയപ്പെടുക എന്നതല്ല ഇതിന്റെ അർത്ഥം." (അല്‍ മുഹററുല്‍ വജീസ്: 4/399).

3.   സൗന്ദര്യപ്രദർശനം (തബർറുജ്) വിലക്കൽ:

അല്ലാഹു പറയുന്നു:

{وَقَرْنَ فِى بُيُوتِكُنَّ وَلاَ تَبَرَّجْنَ تَبَرُّجَ ٱلْجَـٰهِلِيَّةِ ٱلأولَىٰ} [الأحزاب:33].

“നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിപ്പാർക്കുക. പൂർവ്വ അജ്ഞാനകാലത്തെപ്പോലുള്ള സൗന്ദര്യപ്രദർശനം നിങ്ങൾ നടത്തരുത്." (അൽഅഹ്സാബ്: 33).

ശൈഖ് ഇബ്നു ബാസ് رحمه الله പറയുന്നു: "തല, മുഖം, കഴുത്ത്, നെഞ്ച്, കൈത്തണ്ട, കാലിന്റെ പിൻഭാഗം തുടങ്ങിയ ശരീരഭാഗങ്ങളും അലങ്കാരങ്ങളും (അന്യരുടെ മുമ്പില്‍) വെളിപ്പെടുത്തിക്കൊണ്ടുള്ള ജാഹിലിയ്യത്തിലെ സൗന്ദര്യപ്രദർശനത്തെ അല്ലാഹു അവർക്ക് വിരോധിച്ചു. കാരണം അതിൽ വലിയ നാശവും വൻ ഫിത്‌നയും പുരുഷന്മാരെ വ്യഭിചാരത്തിന്റെ പ്രേരണകളിലേക്ക് തള്ളിവിടലുമുണ്ട്. സത്യവിശ്വാസികളുടെ മാതാക്കൾ (ഉമ്മഹാതുൽ മുഅ്മിനീൻ) തങ്ങളുടെ ഉന്നതമായ ഈമാനും സ്വാലിഹായ അവസ്ഥയും ഉണ്ടായിരിക്കെത്തന്നെ ഇത്തരം നിഷിദ്ധ കാര്യങ്ങളിൽ നിന്ന് താക്കീത് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ, മറ്റുള്ള സ്ത്രീകൾ ഈ താക്കീതിനും ഫിത്നകളിൽ നിന്നുള്ള ജാഗ്രതയ്ക്കും എത്രയോ കൂടുതൽ ബാധ്യസ്ഥരാണ്!" . (حكم السفور والحجاب، مجلة البحوث الإسلامية، العدد 14، 1405هـ - 1406هـ).

4.    ദൃഷ്ടികൾ താഴ്ത്താനും ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കാനുമുള്ള കൽപ്പന:

അല്ലാഹു പറയുന്നു:

{وَقُل لّلْمُؤْمِنَـٰتِ يَغْضُضْنَ مِنْ أَبْصَـٰرِهِنَّ وَيَحْفَظْنَ فُرُوجَهُنَّ} [النور:31].

 

“സത്യവിശ്വാസിനികളോട് പറയുക: അവർ തങ്ങളുടെ ദൃഷ്ടികൾ താഴ്ത്തുകയും ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുകയും ചെയ്യട്ടെ." (അന്നൂർ: 31).

ഇബ്നു കഥീർ رحمه الله പറയുന്നു: “ഇത് സത്യവിശ്വാസിനികളായ സ്ത്രീകൾക്ക് അല്ലാഹു നൽകുന്ന കൽപ്പനയും, തന്റെ സത്യവിശ്വാസികളായ അടിമകളുടെ ഭാര്യമാരുടെ കാര്യത്തിലുള്ള അവന്റെ അഭിമാനബോധവുമാണ്. കൂടാതെ ജാഹിലിയ്യാ സ്ത്രീകളുടെ സ്വഭാവത്തിൽ നിന്നും ബഹുദൈവവിശ്വാസിനികളുടെ നടപടികളിൽ നിന്നും അവരെ വേർതിരിച്ചു നിർത്തലുമാണ്. (تفسير ابن كثير : 3/311).

ശൈഖ് ഇബ്നു ബാസ് പറയുന്നു: "സത്യവിശ്വാസികളായ പുരുഷന്മാരോട് കൽപ്പിച്ചതുപോലെത്തന്നെ, സത്യവിശ്വാസിനികളോടും ദൃഷ്ടികൾ താഴ്ത്താനും ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കാനും അല്ലാഹു കൽപ്പിച്ചു; അവരെ കുഴപ്പങ്ങളുടെ കാരണങ്ങളിൽ നിന്ന് സംരക്ഷിക്കാനും പരിശുദ്ധിയുടെയും രക്ഷയുടെയും വഴികളിലേക്ക് പ്രോത്സാഹിപ്പിക്കാനുമാണിത്. (التبرج والسفور، مجلة البحوث الإسلامية، العدد 14).

5.    മഹ്റമുകളല്ലാത്തവർക്ക് മുമ്പില്‍ സൗന്ദര്യം വെളിപ്പെടുത്തുന്നത് വിലക്കൽ:

അല്ലാഹു പറയുന്നു:

{وَلاَ يُبْدِينَ زِينَتَهُنَّ إِلاَّ مَا ظَهَرَ مِنْهَا} [النور:31].

“തങ്ങളുടെ ഭംഗിയിൽ നിന്ന് സ്വയം വെളിവായതൊഴികെ മറ്റൊന്നും അവർ വെളിപ്പെടുത്തരുത്." (അന്നൂർ: 31).

ഇബ്നു കഥീർ رحمه الله പറയുന്നു: “അതായത് അന്യപുരുഷന്മാർക്ക് മുമ്പില്‍ തങ്ങളുടെ സൗന്ദര്യത്തിൽ നിന്ന് മറച്ചുവെക്കാൻ സാധിക്കാത്തതൊഴികെ മറ്റൊന്നും അവർ വെളിപ്പെടുത്തരുത്. ഇബ്നു മസ്ഊദ് رضي الله عنه പറഞ്ഞു: (മേൽവസ്ത്രവും വസ്ത്രങ്ങളും പോലെ). അതായത് അറബി സ്ത്രീകൾ വസ്ത്രത്തിന് മീതെ ധരിച്ചിരുന്ന വലിയ തട്ടവും, വസ്ത്രങ്ങളുടെ താഴ്ഭാഗത്തുനിന്ന് വെളിപ്പെടുന്നതുമാണ് ഉദ്ദേശ്യം; അത് മറച്ചുവെക്കാൻ സാധിക്കാത്തതായതിനാൽ അതിൽ വിരോധമില്ല. (തഫ്സീര്‍ ഇബ്നു കസീര്‍: 3/312).

6.    കൊഞ്ചിക്കുഴഞ്ഞുള്ള സംസാരം വിലക്കൽ:

അല്ലാഹു പറയുന്നു:

{يٰنِسَاء ٱلنَّبِىّ لَسْتُنَّ كَأَحَدٍ مّنَ ٱلنّسَاء إِنِ ٱتَّقَيْتُنَّ فَلاَ تَخْضَعْنَ بِٱلْقَوْلِ فَيَطْمَعَ ٱلَّذِى فِى قَلْبِهِ مَرَضٌ} [الأحزاب:32].

“നബിയുടെ പത്നിമാരേ, സ്ത്രീകളിൽ മറ്റാരെപ്പോലെയുമല്ല നിങ്ങൾ; നിങ്ങൾ ഭയഭക്തി കാണിക്കുന്നുവെങ്കിൽ സംസാരത്തിൽ നിങ്ങൾ ലാസ്യഭാവം കാണിക്കരുത്. അപ്പോൾ ഹൃദയത്തിൽ രോഗമുള്ളവൻ മോഹിച്ചേക്കാം. മാന്യമായ വാക്ക് നിങ്ങൾ പറയുക." (അൽഅഹ്സാബ്: 32).

ഇബ്നു കഥീർ   رحمه اللهപറയുന്നു: “അന്യപുരുഷന്മാരോട് സംസാരിക്കുമ്പോൾ ശബ്ദത്തിൽ കൊഞ്ചലും അയവും വരുത്താതെ സംസാരിക്കണമെന്നാണ് ഇതിന്റെ അർത്ഥം; അതായത് ഒരു സ്ത്രീ സ്വന്തം ഭർത്താവിനോട് സംസാരിക്കുന്ന ലാസ്യഭാവത്തിൽ അന്യപുരുഷന്മാരോട് സംസാരിക്കരുത്. (തഫ്സീര്‍ ഇബ്നു കഥീർ : 3/533).

ഇമാം ശൗകാനി رحمه الله പറയുന്നു: “അതായത് ചീത്ത സ്വഭാവക്കാരായ സ്ത്രീകൾ ചെയ്യുന്നതുപോലെ ആളുകളോട് സംസാരിക്കുമ്പോൾ സംസാരം മയപ്പെടുത്തരുത്. കാരണം അത് വലിയൊരു വിപത്തിന് കാരണമാകും; അതാണ്: {അപ്പോൾ ഹൃദയത്തിൽ രോഗമുള്ളവൻ മോഹിച്ചേക്കാം} എന്ന വചനം. രോഗം എന്നാൽ അധാർമ്മികത, സംശയം, കാപട്യം എന്നിവയാണ്. (ഫത്ഹുല്‍ ക്വദീര്‍: 4/277).

7.    അന്യപുരുഷന്മാരുമായി തനിച്ചാകലും മഹ്റമില്ലാതെയുള്ള യാത്രയും നിഷിദ്ധമാക്കൽ:

ഇബ്നു അബ്ബാസ് رضي الله عنهما നിവേദനം ചെയ്യുന്നു: നബി صلى الله عليه وسلم പ്രസംഗിച്ചുകൊണ്ട് ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: “ഒരു പുരുഷനും ഒരു സ്ത്രീയോടൊപ്പം അവളുടെ കൂടെ ഒരു മഹ്റം ഇല്ലാതെ തനിച്ചാവരുത്. ഒരു മഹ്റമില്ലാതെ സ്ത്രീ യാത്ര ചെയ്യാനും പാടില്ല." അപ്പോൾ ഒരാൾ എഴുന്നേറ്റു നിന്ന് ചോദിച്ചു: "അല്ലാഹുവിന്റെ ദൂതരേ, എന്റെ ഭാര്യ ഹജ്ജിനായി പുറപ്പെട്ടിരിക്കുന്നു; ഞാനാകട്ടെ ഇന്നയിന്ന യുദ്ധത്തിൽ പങ്കെടുക്കാൻ പേര് ചേർക്കപ്പെടുകയും ചെയ്തിരിക്കുന്നു." അവിടുന്ന് അരുളി: “നീ പോയി നിന്റെ ഭാര്യയോടൊപ്പം ഹജ്ജ് ചെയ്യുക. (أخرجه البخاري في صحيحه: كتاب جزاء الصيد، باب: حج النساء (حديث 1862)).

ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി رحمه الله പറയുന്നു: “അന്യസ്ത്രീയുമായി തനിച്ചാവുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു എന്നതിന് ഇതിൽ തെളിവുണ്ട്; അത് ഏകോപിച്ച അഭിപ്രായവുമാണ് (ഇജ്മാഅ്) (ഫത്ഹുല്‍ ബാരി: 4/92).

ഖാദി ഇയാള് رحمه الله പറയുന്നു: “സ്ത്രീ ഒരു പരീക്ഷണമാണ് (ഫിത്‌ന). മനുഷ്യപ്രകൃതിയിൽ സ്ത്രീകളോടുള്ള കാമവികാരവും, സ്ത്രീകൾ വഴി പിശാചിന് മനുഷ്യരുടെ മേൽ സ്വാധീനവുമുള്ളതിനാൽ അവളുമായി തനിച്ചാകുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു. കാരണം, സംരക്ഷിച്ചില്ലെങ്കിൽ മണ്ണിൽ വീണുപോകുന്ന മാംസം പോലെയാണവർ. സംരക്ഷണവും കാവലും അവരെ പരിപാലിക്കുന്ന അഭിമാനബോധമുള്ള ഒരാളെയും ആവശ്യപ്പെടുന്ന ഔറത്താണവർ. മഹ്റമുകളായ ബന്ധുക്കളുടെ ഹൃദയങ്ങളിൽ തങ്ങളുടെ രക്തബന്ധുക്കളോടുള്ള ആത്മാഭിമാനവും അവരെ കാത്തുസൂക്ഷിക്കാനുള്ള താല്പര്യവും അല്ലാഹു പ്രകൃത്യാ നിക്ഷേപിച്ചിരിക്കുന്നു; അതിനാൽ അവരോടൊപ്പം യാത്ര ചെയ്യുമ്പോൾ സ്ത്രീകളുടെ കാര്യത്തിൽ ഭയപ്പെടേണ്ടതില്ല. (إكمال المعلم بفوائد مسلم (4/ 448).

8.    മഹ്റമുകളല്ലാത്തവർ സ്ത്രീകളുടെ അടുത്തേക്ക് പ്രവേശിക്കുന്നതിനെ താക്കീത് ചെയ്യൽ:

ഉഖ്ബത്ത് ബിൻ ആമിർ رضي الله عنه നിവേദനം: നബി صلى الله عليه وسلم അരുളി: “സ്ത്രീകളുടെ അടുത്തേക്ക് പ്രവേശിക്കുന്നതിനെ നിങ്ങൾ സൂക്ഷിക്കുക." അപ്പോൾ അൻസ്വാരികളിൽപ്പെട്ട ഒരാൾ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, ഭർതൃസഹോദരന്മാരുടെ (ഭർത്താവിന്റെ അടുത്ത ബന്ധുക്കളുടെ) കാര്യം എന്താണ്?" അവിടുന്ന് പറഞ്ഞു: “ഭർതൃബന്ധുക്കൾ മരണതുല്യമാണ്. (أخرجه البخاري في صحيحه 5232).

ഇമാം ഖുർതുബി رحمه الله വിശദീകരിക്കുന്നു: “((ഭർതൃബന്ധുക്കൾ മരണതുല്യമാണ്)) എന്നതിന്റെ അർത്ഥം: ഒരാൾ തന്റെ സഹോദരന്റെ ഭാര്യയുടെ അടുക്കലേക്ക് പ്രവേശിക്കുന്നത് അതിന്റെ നീചത്വത്തിലും വിനാശത്തിലും മരണത്തിന് തുല്യമാണ്. അതായത് അത് വ്യക്തമായ നിഷിദ്ധമാണ്. ഇതിനെ മരണത്തോട് ഉപമിച്ച് ഇത്രയധികം താക്കീത് ചെയ്യാൻ കാരണം: ഭർത്താവിന്റെയും ഭാര്യയുടെയും ഭാഗത്തുനിന്ന് ഇത്തരക്കാരുടെ കാര്യത്തിൽ ജനങ്ങൾ അലംഭാവം കാണിക്കുകയും, അടുത്ത ബന്ധമുള്ളതിനാൽ അവൻ അന്യനല്ലെന്ന രീതിയിൽ കരുതുകയും ചെയ്യുന്നതിനാലാണ്. ‘സിംഹം എന്നാൽ മരണമാണ്', 'യുദ്ധം എന്നാൽ മരണമാണ്' എന്ന അറബികളുടെ പ്രയോഗം പോലെയാണിത്; അതായത് അവയെ അഭിമുഖീകരിക്കുന്നത് മരണത്തിലേക്ക് നയിക്കുമെന്ന് സാരം. അതുപോലെ ഭർതൃബന്ധു സ്ത്രീയുടെ അടുക്കൽ തനിച്ചാവുന്നത് ദീനിന്റെ നാശത്തിലേക്കോ, ഭർത്താവിന്റെ അഭിമാനരോഷം കാരണം മൊഴിചൊല്ലപ്പെട്ട് അവളുടെ നാശത്തിലേക്കോ, ഇനി അവനുമായി വ്യഭിചാരം സംഭവിച്ചാൽ എറിഞ്ഞു കൊല്ലപ്പെടുന്നതിലേക്കോ നയിച്ചേക്കാം (المفهم لما أشكل من تلخيص كتاب مسلم: 5/501).

9.    ഇബാദത്തുകളിൽ പോലും പുരുഷന്മാരുമായി കൂടിക്കലരുന്നത് ഒഴിവാക്കൽ:

അബൂഹുറൈറ رضي الله عنه നിവേദനം: നബി صلى الله عليه وسلم അരുളി: “പുരുഷന്മാരുടെ സ്വഫുകളിൽ ഏറ്റവും ഉത്തമമായത് ഒന്നാമത്തേതും ഏറ്റവും മോശമായത് അവസാനത്തേതുമാണ്. സ്ത്രീകളുടെ സ്വഫുകളിൽ ഏറ്റവും ഉത്തമമായത് അവസാനത്തേതും ഏറ്റവും മോശമായത് ആദ്യത്തേതുമാണ്. (أخرجه مسلم في صحيحه: 440).

ഇമാം ഖുർതുബി رحمه الله പറയുന്നു: “സ്ത്രീകളുടെ ഒന്നാമത്തെ സ്വഫ് അവസാനത്തെ സ്വഫിനേക്കാൾ മോശമായത്, അവിടെ പുരുഷന്മാരുമായി കൂടുതൽ അടുപ്പമുണ്ടാകുമെന്നതിനാലാണ്; സ്ത്രീ പുരുഷനെയോ പുരുഷൻ സ്ത്രീയെയോ ശ്രദ്ധ തിരിച്ചുവിടാൻ ഇത് കാരണമായേക്കാം. (المفهم لما أشكل من تلخيص كتاب مسلم (2/ 50)

ഇമാം നവവി رحمه الله പറയുന്നു: “പുരുഷന്മാരോടൊപ്പം പള്ളിയിൽ സന്നിഹിതരാകുന്ന സ്ത്രീകളിൽ വെച്ച് അവസാനത്തെ സ്വഫിന് ശ്രേഷ്ഠത ലഭിച്ചത്, അവർ പുരുഷന്മാരുമായി കൂടിക്കലരുന്നതിൽ നിന്നും അവരെ കാണുന്നതിൽ നിന്നും അവരുടെ ചലനങ്ങൾ കാണുമ്പോഴോ സംസാരം കേൾക്കുമ്പോഴോ ഹൃദയം അവരിലേക്ക് ആകർഷിക്കപ്പെടുന്നതിൽ നിന്നും അകന്നുനിൽക്കുന്നതിനാലാണ്. ഇതിന് വിപരീതമായതിനാലാണ് ആദ്യത്തെ സ്വഫിനെ താഴ്ത്തിപ്പറഞ്ഞത്. (شرح صحيح مسلم للنووي 4/ 159-160).

ശൈഖ് ഇബ്നു ബാസ് رحمه الله പറയുന്നു: “നബി صلى الله عليه وسلم യുടെ കാലത്ത് സ്ത്രീകൾ പള്ളികളിലോ അങ്ങാടികളിലോ വെച്ച് പുരുഷന്മാരുമായി കൂടിക്കലരാറുണ്ടായിരുന്നില്ല; ഇന്ന് സമുദായ പരിഷ്കർത്താക്കൾ വിലക്കുന്നതും, ഫിത്ന ഭയന്ന് ഖുർആനും സുന്നത്തും ഉമ്മത്തിലെ പണ്ഡിതന്മാരെ താക്കീത് ചെയ്യാൻ ഉണർത്തുന്നതുമായ ആ കൂടിക്കലരൽ അവിടെ ഉണ്ടായിരുന്നില്ല. നബി صلى الله عليه وسلم യുടെ പള്ളിയിൽ പുരുഷന്മാർക്ക് പിന്നിൽ വളരെ പിന്തിനിന്നായിരുന്നു സ്ത്രീകൾ നമസ്കരിച്ചിരുന്നത്. പുരുഷന്മാരുടെ അവസാന സ്വഫ് സ്ത്രീകളുടെ ആദ്യ സ്വഫ് കാരണം കുഴപ്പത്തിലാകാതിരിക്കാൻ അവിടുന്ന് ഉപദേശിച്ചു. നമസ്കാര ശേഷം സ്ത്രീകൾ പള്ളിയിൽ നിന്ന് പുറത്തിറങ്ങുന്നതുവരെ പുരുഷന്മാരോട് അല്പം കാത്തിരിക്കാൻ കൽപ്പിച്ചിരുന്നു; പള്ളിയുടെ വാതിലുകളിൽ വെച്ച് സ്ത്രീകളും പുരുഷന്മാരും കൂടിക്കലരാതിരിക്കാനായിരുന്നു ഇത്. പുരുഷന്മാരും സ്ത്രീകളും ഏറ്റവും ഉയർന്ന ഈമാനിലും തഖ്‌വയിലുമായിരുന്ന അക്കാലത്തെ അവസ്ഥ ഇതാണെങ്കിൽ, അവർക്ക് ശേഷം വന്നവരുടെ കാര്യം എന്തായിരിക്കും?! വഴിയിലൂടെ നടക്കുമ്പോൾ പുരുഷന്മാരുമായി ഉരസുന്നതും തൊട്ടുരുമ്മി നടക്കുന്നതുമായ ഫിത്ന ഒഴിവാക്കാനായി സ്ത്രീകൾ വഴിയുടെ നടുവിലൂടെ നടക്കാതെ വഴിയോരങ്ങൾ ചേർന്ന് നടക്കാൻ കൽപ്പിക്കപ്പെട്ടിരുന്നു. (حكم الاختلاط في التعليم، مجلة البحوث الإسلامية، العدد 15، 1406هـ).

10.  സുഗന്ധം പൂശി സ്ത്രീ പുറത്തിറങ്ങുന്നതിനെതിരെയുള്ള ശക്തമായ താക്കീത്:

അബൂമൂസാ അൽഅശ്അരി رضي الله عنه നിവേദനം: അല്ലാഹുവിന്റെ റസൂല്‍ صلى الله عليه وسلم അരുളി: “ഏതൊരു സ്ത്രീ സുഗന്ധം പൂശുകയും, ആളുകൾ അവളുടെ സുഗന്ധം ആസ്വദിക്കാൻ വേണ്ടി അവരിലൂടെ നടന്നുപോവുകയും ചെയ്യുന്നുവോ, അവൾ വ്യഭിചാരിണിയാണ്. (أخرجه أبو داود 4173 / 4167).

ഇമാം മുബാറക്ഫൂരി رحمه الله വിശദീകരിക്കുന്നു: “കാരണം സുഗന്ധം വഴി അവൾ പുരുഷന്മാരിലെ വികാരത്തെ ഇളക്കിവിടുകയും അവരിലേക്ക് നോക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഒരാൾ അവളിലേക്ക് (വികാരത്തോടെ) നോക്കിയാൽ അവൻ കണ്ണ് കൊണ്ട് വ്യഭിചാരം ചെയ്തു. അതിനാൽ ആ കണ്ണിന്റെ വ്യഭിചാരത്തിന് അവൾ കാരണക്കാരിയായതുകൊണ്ട് അവൾ പാപിയാകുന്നു. (تحفة الأحوذي بشرح جامع الترمذي (8/ 58).

11.   സ്ത്രീകളുടെ വിഷയത്തിലുള്ള ആത്മാഭിമാനം (ഈര്‍ഷ്യത):

സഈദ് ബിൻ സൈദ് رضي الله عنه നിവേദനം ചെയ്ത ഹദീസിൽ നബി صلى الله عليه وسلم അരുളി: ‘സ്വന്തം സ്വത്ത് സംരക്ഷിക്കുന്നതിനിടയിൽ കൊല്ലപ്പെട്ടവൻ ശഹീദാണ്, സ്വന്തം ജീവൻ സംരക്ഷിക്കുന്നതിനിടയിൽ കൊല്ലപ്പെട്ടവൻ ശഹീദാണ്, സ്വന്തം ദീൻ സംരക്ഷിക്കുന്നതിനിടയിൽ കൊല്ലപ്പെട്ടവൻ ശഹീദാണ്, സ്വന്തം കുടുംബത്തിന്റെ മാനം കാക്കുന്നതിനിടയിൽ കൊല്ലപ്പെട്ടവൻ ശഹീദാണ്. (رواه أبو داود في السنن : 4772).

നബി صلى الله عليه وسلم തന്റെ സമുദായത്തിന്റെ കാര്യത്തിൽ ഏറ്റവും അഭിമാനബോധമുള്ള വ്യക്തിയായിരുന്നു. മുഗീറത്തു ബ്നു ശുഅ്ബ رضي الله عنه നിവേദനം ചെയ്യുന്നു: സഅ്ദ് ബിൻ ഉബാദ رضي الله عنه പറഞ്ഞു: ‘എന്റെ ഭാര്യയോടൊപ്പം വല്ല അന്യപുരുഷനെയും ഞാൻ കണ്ടാൽ വാളിന്റെ വായ്ത്തല കൊണ്ട് ഞാനവനെ വെട്ടും!' ഇതറിഞ്ഞപ്പോൾ അല്ലാഹുവിന്റെ റസൂല്‍ صلى الله عليه وسلم അരുളി: സഅ്ദിന്റെ അഭിമാനബോധത്തെക്കുറിച്ച് നിങ്ങൾ അത്ഭുതപ്പെടുകയാണോ? അല്ലാഹുവാണെ, ഞാൻ അദ്ദേഹത്തേക്കാൾ അഭിമാനബോധമുള്ളവനാണ്, അല്ലാഹു എന്നേക്കാളും അഭിമാനബോധമുള്ളവനാണ്. അല്ലാഹുവിന്റെ ഈ അഭിമാനം കാരണമാണ് പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ നീചവൃത്തികളെയും അവൻ ഹറാമാക്കിയത്. (أخرجه البخاري في صحيحه: 6846)

അബൂഹുറൈറ رضي الله عنه നിവേദനം: നബി صلى الله عليه وسلم അരുളി: “തീർച്ചയായും അല്ലാഹു അഭിമാനബോധമുള്ളവനാണ്, സത്യവിശ്വാസിയും അഭിമാനബോധമുള്ളവനാണ്. അല്ലാഹു ഹറാമാക്കിയ കാര്യങ്ങൾ ഒരു വിശ്വാസി പ്രവർത്തിക്കുമ്പോഴാണ് അല്ലാഹുവിന്റെ അഭിമാനരോഷം പ്രകടമാകുന്നത്. (أخرجه البخاري في صحيحه: 5223)

ഇബ്നു ഉമർ رضي الله عنهما നിവേദനം ചെയ്ത ഹദീസിൽ റസൂല്‍ صلى الله عليه وسلم അരുളി: ‘മൂന്ന് വിഭാഗം ആളുകളിലേക്ക് അന്ത്യനാളിൽ അല്ലാഹു തിരിഞ്ഞുനോക്കുകയില്ല: മാതാപിതാക്കളെ ഉപദ്രവിക്കുന്നവൻ, പുരുഷന്മാരെ അനുകരിക്കുന്ന സ്ത്രീ, കൂടാതെ ദയ്യൂസും. (أخرجه أحمد في المسند (2/ 134 برقم 6180)، والنسائي في سننه: حديث 2562), സ്വന്തം കുടുംബത്തിൽ തിന്മകൾ നടക്കുന്നത് നിസ്സംഗമായി കണ്ടുനിൽക്കുന്നവനാണ് അവൻ. പണ്ഡിതന്മാർ പറഞ്ഞു: സ്വന്തം കുടുംബത്തിന്റെ കാര്യത്തിൽ ലവലേശം അഭിമാനബോധമില്ലാത്തവനാണ് ദയ്യൂസ്.

 

 തയ്യാറാക്കിയത്:നൗഫല്‍ മദീനി

 

 

 


സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...