ഫോളോ ചെയ്യാം

Saturday, 31 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 225 دروس الحديث - വധശിക്ഷക്ക് കാരണമാകുന്നവ

 

الأربعون النووية-حديث:14

عَنْ ابْنِ مَسْعُودٍ رضي الله عنه  قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم "لَا يَحِلُّ دَمُ امْرِئٍ مُسْلِمٍ [ يشهد أن لا إله إلا الله، وأني رسول الله] إلَّا بِإِحْدَى ثَلَاثٍ: الثَّيِّبُ الزَّانِي، وَالنَّفْسُ بِالنَّفْسِ، وَالتَّارِكُ لِدِينِهِ الْمُفَارِقُ لِلْجَمَاعَةِ".

رَوَاهُ الْبُخَارِيُّ [رقم:6878]، وَمُسْلِمٌ [رقم:1676].  


ഇബ്നു മസ്ഊദ് رضي الله عنه നിവേദനം: റസൂല്‍ صلى الله عليه وسلم പറഞ്ഞു: (അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്നും ഞാന്‍ അല്ലാഹുവിന്‍റെ റസൂല്‍ ആണെന്നും സാക്ഷ്യം വഹിക്കുന്ന) ഒരു മുസ്‌ലിമിന്‍റെ രക്തം മൂന്നിലൊരു കാര്യം കൊണ്ടല്ലാതെ അനുവദനീയമാവില്ല. (അഥവാ അവനെ വധിക്കാന്‍ പറ്റില്ല). അവ: വിവാഹിതനായ വ്യഭിചാരി, ഒരാളെ കൊന്നവനെ വധിക്കല്‍, മുസ്‌ലിം ജമാഅത്തിനെ (മുസ്‌ലിം സംഘത്തെ) വേര്‍പിരിഞ്ഞ് മതം ഉപേക്ഷിച്ച് പോയവന്‍ .

വിവരണം

    ഒരു മനുഷ്യന്‍റെ ജീവിതം അവന് വലിയ അനുഗ്രഹമാണ്. അത് അവന്‍ നല്ല കാര്യങ്ങളില്‍ ഉപയോഗിക്കണം. 
    മനുഷ്യ ജീവന് വലിയ വിലയാണ് ഇസ്‌ലാം നല്‍കുന്നത്. അവന്‍റെ ജീവനും സമ്പത്തും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ഇസ്‌ലാം വ്യക്തമായി അറിയിക്കുന്നുണ്ട്. 
    എന്നാല്‍ മനുഷ്യന്‍റെ തെറ്റായ ജീവിതം അവനെ അപകടത്തിലാക്കും. നാശങ്ങളും നഷ്ടങ്ങളുമായിരിക്കും തിന്മകള്‍ അവന് സമ്മാനിക്കുക. 
    ഒരു മുസ്‌ലിമിനെ അകാരണമായി വധിക്കാന്‍ പാടില്ല എന്ന് ഈ ഹദീസ് അറിയിക്കുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കുകയും മുഹമ്മദ്‌ നബി صلى الله عليه وسلم അല്ലാഹുവിന്‍റെ റസൂല്‍ ആണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നവന്‍റെ രക്തം ചിന്താന്‍ പാടില്ല. അവന്‍റെ രക്തം പവിത്രമാണ്. 
     എന്നാല്‍ മൂന്ന് കാരണങ്ങള്‍ ഉണ്ടെങ്കില്‍ അവന് വധ ശിക്ഷക്ക് അര്‍ഹന്‍ ആണെന്നും റസൂല്‍ صلى الله عليه وسلم അറിയിക്കുന്നു. അവ:
ഒന്ന്: കൊലപാതകം
 അകാരണമായി ഒരാള്‍ ഒരാളെ വധിച്ചാല്‍ വധിച്ചയാള്‍ക്ക് വധശിക്ഷയാണ്.
അകാരണമായ കൊലകള്‍ പാടില്ലെന്ന് അല്ലാഹു വിശുദ്ധ ക്വുര്‍ആനില്‍ അറിയിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: 
''അക്കാരണത്താൽ ഇസ്രായീൽ സന്തതികൾക്ക് നാം ഇപ്രകാരം വിധിനൽകുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയിൽ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാൽ, അത് മനുഷ്യരെ മുഴുവൻ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു''. (മാഇദ:32)

രണ്ട്: വിവാഹിതന്‍ വ്യഭിച്ചരിക്കല്‍
    വിവാഹിതനായ ഒരാള്‍ വ്യഭിചരിക്കുകയും അത് വ്യക്തമാവുകയോ അല്ലെങ്കില്‍ സ്വയം സമ്മതിക്കുകയോ ചെയ്‌താല്‍ അവനെ എറിഞ്ഞ് കൊല്ലണം എന്നതാണ് ശിക്ഷ.
    വ്യഭിചാരം വന്‍ പാപമാകുന്നു. ഒരു വിവാഹിതന്‍ വ്യഭിചരിച്ചാല്‍ അവനുള്ള ശിക്ഷ മരണമാണ്. എന്നാല്‍ ഒരു അവിവാഹിതന്‍ വ്യഭിചരിച്ചാല്‍ അവന് 100 അടി അടിക്കണം. അല്ലാഹു പറയുന്നു: 
''വ്യഭിചരിക്കുന്ന സ്ത്രീ പുരുഷൻമാരിൽ ഓരോരുത്തരെയും നിങ്ങൾ നൂറ് അടി അടിക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കിൽ അല്ലാഹുവിന്‍റെ മതനിയമത്തിൽ (അത് നടപ്പാക്കുന്ന വിഷയത്തിൽ) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ''. (നൂര്‍:2)

മൂന്ന്: മുര്‍ത്തദ്ദ് ആവല്‍ 
    ഒരാള്‍ മതം വിട്ട് മുര്‍ത്തദ്ദ് ആയി പോകുന്നു എങ്കില്‍ ഇസ്‌ലാമിക ഭരണത്തില്‍ അവന് വധ ശിക്ഷയാണ്. 
    ഈ ശിക്ഷകള്‍ ഇസ്‌ലാമിക ഭരണാധികാരിയാണ് നടപ്പിലാക്കേണ്ടത്. ആളുകള്‍ക്ക് തോന്നിയ പോലെ നടപ്പിലാക്കാന്‍ ഇസ്‌ലാം ഒരിക്കലും അനുവാദം നല്‍കുന്നില്ല. 
    ഇസ്‌ലാമിക ഭരണമുള്ള രാജ്യങ്ങളില്‍ താമസിക്കുന്ന മുസ്‌ലിം അല്ലാത്തവരിലെ കപ്പം കൊടുക്കുന്നവരും, ഉടമ്പടിയില്‍ ജീവിക്കുന്നവരും ഈ ഹദീസിന്‍റെ പരിധിയില്‍ പെടുന്നു. അവരുടെയും രക്തം സംരക്ഷിക്കപ്പെടെണ്ടാതാണ്. 
അക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടാകാന്‍ പാടില്ല. അത്തരം കാര്യങ്ങള്‍ക്ക് കഠിനമായ പ്രതിക്രിയ ആണ് നടപ്പിലാക്കപ്പെടുക എന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. ഇത്തരം ശിക്ഷകളിലൂടെ തിന്മകളെ തടുക്കാനും അത് വ്യാപിക്കുന്നതിനെ ചെറുക്കാനും സാധിക്കും. 
    സമൂഹത്തില്‍ നിര്‍ഭയത്വവും സമാധാനവും ഉണ്ടാകണം. അതിന് ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കുന്നു. സമാധാനവും നിര്‍ഭയത്വവും നഷ്ടപ്പെടുത്തുന്ന കാര്യങ്ങളെ ഇല്ലാതാക്കാനുള്ള വഴികള്‍ ഇത് പോലെ ഇസ്‌ലാം പഠിപ്പിക്കുന്നു. 
ഇസ്‌ലാമിലെ പ്രതിക്രിയകള്‍ യുക്തവും നീതിയിലധിഷ്ടിതവുമാണ്. കുറ്റകൃത്യങ്ങളെ നിയന്ത്രിക്കാന്‍ തക്കതായതുമാണ് അവ. അല്ലാഹു പറയുന്നു:
''സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തിൽ തുല്യശിക്ഷ നടപ്പാക്കുക എന്നത്നി ങ്ങൾക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും,
സ്ത്രീക്കു പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്.) ഇനി അവന്ന് (കൊലയാളിക്ക്) തന്‍റെ സഹോദരന്‍റെ പക്ഷത്ത് നിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കിൽ അവൻ മര്യാദ പാലിക്കുകയും, നല്ല നിലയിൽ (നഷ്ടപരിഹാരം) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെരക്ഷിതാവിങ്കൽ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവർത്തിക്കുകയാണെങ്കിൽ അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും''. (അല്‍ബക്വറ:178)
അല്ലാഹു പറയുന്നു:
''ജീവന് ജീവൻ, കണ്ണിന് കണ്ണ്, മൂക്കിന് മൂക്ക്, ചെവിക്ക് ചെവി, പല്ലിന് പല്ല്, മുറിവുകൾക്ക് തത്തുല്യമായ പ്രതിക്രിയ എന്നിങ്ങിനെയാണ് അതിൽ (തൗറാത്തിൽ) നാം അവർക്ക് നിയമമായി വെച്ചിട്ടുള്ളത്''. (അല്‍മാഇദ:45)











Friday, 30 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 224 دروس الحديث - നിനക്ക് ഇഷ്ടമുള്ളത് നിന്‍റെ സഹോദരനും ഇഷ്ടപ്പെടുക

 


الأربعون النووية-حديث:13


നിനക്ക് ഇഷ്ടമുള്ളത് 

നിന്‍റെ സഹോദരനും 

 ഇഷ്ടപ്പെടുക

  

عَنْ أَبِي حَمْزَةَ أَنَسِ بْنِ مَالِكٍ رضي الله عنه خَادِمِ رَسُولِ اللَّهِ صلى الله عليه وسلم عَنْ النَّبِيِّ صلى الله عليه وسلم قَالَ: "لَا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ".

رَوَاهُ الْبُخَارِيُّ [رقم:13]، وَمُسْلِمٌ [رقم:45].  

റസൂല്‍ صلى الله عليه وسلم യുടെ സേവകന്‍ അബൂഹംസ അനസുബ്നു മാലിക് رضي الله عنه നിവേദനം. നബി صلى الله عليه وسلم പറഞ്ഞു: ഒരാള്‍ തനിക്ക് ഇഷ്ടപ്പെടുന്നത് തന്‍റെ സഹോദരനും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളില്‍ ഒരാളും വിശ്വാസിയാവുകയില്ല. 

വിവരണം

അനസ് رضي الله عنه നബി صلى الله عليه وسلم യുടെ സേവകനായി ജോലി ചെയ്തിരുന്നു. 10 വര്‍ഷത്തോളം അദ്ദേഹം റസൂല്‍ صلى الله عليه وسلم യെ സേവിച്ചിരുന്നു എന്ന് അനസ് رضي الله عنه പറഞ്ഞിട്ടുണ്ട്. ഇത്രയും കാലയളവില്‍ റസൂല്‍ صلى الله عليه وسلم യുടെ പെരുമാറ്റം വളരെ നല്ലതായിരുന്നു എന്നും ഛെ എന്ന വാക്ക് പോലും റസൂല്‍ صلى الله عليه وسلم പറഞ്ഞിട്ടില്ല എന്നും അനസ് رضي الله عنه പറഞ്ഞിട്ടുണ്ട്. തന്‍റെ കീഴിലുള്ളവരോട് എങ്ങനെ പെരുമാറണം എന്ന സുപ്രധാന പാഠം ഇതില്‍ നിന്നും നമുക്ക് ലഭിക്കുന്നു. 

വിശ്വാസിയാവുകയില്ല എന്ന് ക്വുര്‍ആനിലും ഹദീസിലും വന്നാല്‍ അതിനര്‍ത്ഥം സന്ദര്‍ഭത്തിന് അനുസരിച്ച് മാറും. ചിലപ്പോള്‍ ഈമാനിന്‍റെ അടിത്തറ തന്നെ ഇല്ലാതാവും എന്നാകാം, ഈ അവസരത്തില്‍ ആ ആള്‍ സത്യ നിഷേധി ആകുന്നു.

ചിലപ്പോള്‍ അതിന്‍റെ ഉദ്ദേശ്യം ഈമാനിന്‍റെ പരിപൂര്‍ണ്ണത ഇല്ലാതിരിക്കും എന്നാണ്. അപ്പോള്‍ അവന്‍റെ ഈമാനില്‍ കുഴപ്പവും ന്യൂനതയും ഉണ്ട് എന്ന് വരുന്നു.ഈ ഹദീസില്‍ പറയപ്പെടുന്നത് ഈ രണ്ടാമത്തെ അര്‍ത്ഥത്തിലാണ്. 

ഇമാം നവവി പറഞ്ഞു: ഇതിനര്‍ത്ഥം, അവന്‍ പരിപൂര്‍ണ്ണ വിശ്വാസം സ്വീകരിക്കുന്നില്ല എന്നാണെന്നും  ഇതില്‍ പറഞ്ഞ വിശേഷണം ഇല്ലാത്തവന് ഈമാനിന്‍റെ അടിത്തറ ഉണ്ടാകും എന്നും പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. (ശര്‍ഹു മുസ്‌ലിം:2/16)

ഒരാളുടെ ഇസ്‌ലാം പരിപൂര്‍ണ്ണമാകണമെങ്കില്‍ അവനില്‍ നിന്ന് മറ്റുള്ളവര്‍ സുരക്ഷിതരാവുകയും അവന്‍ അവര്‍ക്ക് നന്‍മ ഉദ്ദേശിക്കുകയും അവരെ ഉപദേശിക്കുകയും ചെയ്യണം. സ്വന്തത്തിനു ഇഷ്ടപ്പെടുന്നത് മറ്റുള്ളവര്‍ക്കും ഇഷ്ടപ്പെടുകയും സ്വന്തത്തില്‍ സംഭവിക്കുന്നത് വേറുക്കുന്നവ മറ്റുള്ളവര്‍ക്ക് സംഭവിക്കുന്നതിലും വെറുപ്പുണ്ടാവുകയും ചെയ്യണം.

ഒരാള്‍ തനിക്ക് ഇഷ്ടമുള്ളത് തന്‍റെ സഹോദരനും ഇഷ്ടപ്പെടുന്നത് ഈമാനിന്‍റെ സുപ്രധാന കാര്യങ്ങളില്‍ പെട്ടതാണ്, അത് ഈമാനിന്‍റെ നിര്‍ബന്ധ കാര്യങ്ങളില്‍ പെട്ടതുമാണ് എന്ന് ഈ ഹദീസ് അറിയിക്കുന്നു. 

വിശ്വാസികള്‍ക്ക് നന്‍മ ഉണ്ടാകണം എന്ന് ഓരോരുത്തരും ഇഷ്ടപ്പെടണം എന്ന പ്രേരണ ഈ ഹദീസിലുണ്ട്.

വിശ്വാസികള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ആവശ്യകത ഹദീസ് ബോധ്യപ്പെടുത്തുന്നു.

ഈമാന്‍ വര്‍ദ്ധിക്കുകയും കുറയുകയും ചെയ്യും. ഈമാന്‍ വര്‍ധിക്കുന്നത് നല്ല കാര്യങ്ങള്‍ ചെയ്യുന്നത് കൊണ്ടും ഈമാന്‍ ദുര്‍ബലമാകുന്നത് തിന്മകള്‍ ചെയ്യുന്നത് കൊണ്ടുമാണ്. 

വിശ്വാസികള്‍ക്ക് വിനയവും പരസ്പര സഹകരണവും ഉണ്ടാകേണ്ടതുണ്ട് എന്നും അവ ഈമാനില്‍ പെട്ടതുമാണ് എന്നും ഹദീസ് പഠിപ്പിക്കുന്നു. 

സ്വാര്‍ത്ഥതയും പിശുക്കും മോശം സ്വഭാവങ്ങളാണ്. അവ വിശ്വാസികളില്‍ ഉണ്ടാവാന്‍ പാടില്ല. അത്തരം സ്വഭാവങ്ങള്‍ അതിന്‍റെ ആളുകള്‍ക്ക് നാശമാണ് പകരം നല്‍കുക. ഈ സ്വഭാവങ്ങള്‍ ഈമാനിന്‍റെ കുറവിനെയാണ് സൂചിപ്പിക്കുന്നത്. 
സ്വന്തം കുടുബത്തിലെ ആളുകള്‍ക്ക് പോലും നന്മകള്‍ ഉണ്ടാകുന്നതില്‍ അസൂയ കാണിക്കുന്ന ആളുകളുള്ള കാലത്താണ് നാം ജീവിക്കുന്നത്. അസൂയ മനുഷ്യന്‍റെ നന്മകളെ ഓരോന്നോരോന്നായി ഇല്ലാതാക്കും. 
മറ്റുള്ളവരുടെ അസൂയ നമ്മില്‍ ഏല്‍ക്കാതിരിക്കാനും നമ്മള്‍ ശ്രദ്ധിക്കണം. അതിന് സഹായിക്കുന്ന കാര്യമാണ് ഈ ഹദീസില്‍ ഉള്ളത്. മറ്റുള്ളവര്‍ക്ക് നന്‍മ ഉദ്ദേശിക്കലാണ് അത്. 
ആളുകള്‍ക്കിടയില്‍ ശത്രുതയും അകല്‍ച്ചകളും ഇല്ലാതിരിക്കാനും ഈ കാര്യം സഹായിക്കും. ഇത് പോലുള്ള ഉത്തമ സ്വഭാവ ഗുണങ്ങള്‍ നാം നമ്മുടെ ജീവിതത്തിന്‍റെ ചര്യയാക്കുക. 


ദുറൂസുല്‍ ഹദീസ് - ഭാഗം 223 دروس الحديث - ആവശ്യമില്ലാത്തതില്‍ ഇടപെടരുത്

 

   الأربعون النووية-حديث:12


ആവശ്യമില്ലാത്തതില്‍ ഇടപെടരുത്

عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم  "مِنْ حُسْنِ إسْلَامِ الْمَرْءِ تَرْكُهُ مَا لَا يَعْنِيهِ".

حَدِيثٌ حَسَنٌ، رَوَاهُ التِّرْمِذِيُّ [رقم: 2318] ، ابن ماجه [رقم:3976].  

അബൂഹുറൈറ رضي الله عنه നിവേദനം, റസൂല്‍ صلى الله عليه وسلم പറഞ്ഞു: ഒരു മുസ്‌ലിമിന്‍റെ നല്ല ഇസ്‌ലാമില്‍ പെട്ടതാണ് അവന് അനുഗുണമല്ലാത്ത കാര്യങ്ങള്‍ അവന്‍ ഉപേക്ഷിക്കുക എന്നത്. 


വിവരണം

ഒരു മുസ്‌ലിമിന്‍റെ ജീവിതം സമാധാന പൂര്‍ണ്ണവും സുരക്ഷിതത്വവും ഉള്ളതായിത്തീരുവാന്‍ സഹായിക്കുന്ന നല്ലൊരു സ്വഭാവ ഗുണത്തെയാണ് ഈ ഹദീസ് അറിയിക്കുന്നത്. 
ഇസ്‌ലാം എന്നാല്‍  മതത്തിന്‍റെ പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ നിയമ സംഹിതകളെയും ഒന്നിച്ച് അറിയിക്കുന്ന നാമമാണ്. 
അതിന് രണ്ട് തലങ്ങളുണ്ട്:
ഒന്ന്: ഇസ്‌ലാം എന്ന സാധാരണ തലം. അഥവാ അഹ്ലുല്‍ ക്വിബ്'ല എന്ന ഗണത്തില്‍ ആണ് ഇതില്‍ ആളുകള്‍ ഉള്‍പ്പെടുക. لا إله إلا الله محمد رسول الله എന്നീ രണ്ട് സാക്ഷ്യവാക്യങ്ങള്‍ പ്രഖ്യാപിക്കുന്നതിലൂടെ  ഇതില്‍ ഉള്‍പെടും.
രണ്ട്: ഇസ്‌ലാമിന്‍റെ പരിപൂര്‍ണ്ണതയും അതിനെ യഥാവിധി സാക്ഷാത്കരിക്കലുമാണ്. അഥവാ: അല്ലാഹുവിന്‍റെ നിരീക്ഷണമുണ്ട് എന്ന വിചാരത്തില്‍ അടിമ മതനിയമങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും യഥാവിധി നടപ്പിലാക്കലാണ് അത്. 
ഈ തലത്തിലാണ് ഇഹ്സാനിന്‍റെ സാക്ഷാത്കാരം നടക്കുന്നത്. 
ഈ ഹദീസില്‍ പറയുന്നത് ഈ ഒരു ഇസ്‌ലാമിനെ കുറിച്ചാണ്. അഥവാ പരിപൂര്‍ണ്ണമായ ഇസ്‌ലാം. ഒരാളുടെ ഇസ്‌ലാം പരിപൂര്‍ണ്ണവും ഉത്തമവും ആവാനുള്ള കാര്യത്തെയാണ് റസൂല്‍ صلى الله عليه وسلم നമുക്ക് അറിയിച്ച് തന്നിരിക്കുന്നത്.
ഒരാള്‍ക്ക് മതപരമോ ഭൗതികമോ ആയി ഒരു ആവശ്യമില്ലാത്ത കാര്യത്തില്‍ ഇടപെടാതിരിക്കല്‍ നല്ല ഇസ്‌ലാമിന്‍റെ ലക്ഷണമാണ്. അയാള്‍ നല്ല മുസ്‌ലിം ആണ് എന്നാണ് അത് അറിയിക്കുന്നത്. 
മനുഷ്യന് ആവശ്യമില്ലാത്ത അല്ലെങ്കില്‍ അനുഗുണമല്ലാത്ത കാര്യങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ അവയൊക്കെയും താഴെ പറയുന്ന നാല് കാര്യങ്ങളില്‍ ഉള്‍ക്കൊള്ളും. അവ:-
ഒന്ന്: നിഷിദ്ധങ്ങള്‍
രണ്ട്: മക്റൂഹ് ആയവ (ചെയ്‌താല്‍ കുറ്റമില്ലെങ്കിലും ചെയ്യുന്നത് വെറുക്കപ്പെട്ട കാര്യവും അത് ഉപേക്ഷിക്കല്‍ അത്യാവശ്യവുമാണ്. ഉദാഹരണം: ഇശാഇന് ശേഷം ഗുണമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കലും, ഇശാഇന് മുമ്പ് ഉറങ്ങലും പോലെയുള്ളവ)
മൂന്ന്: സംശയമുള്ള കാര്യങ്ങള്‍
നാല്: അനുവദനീയമായവയില്‍ തന്നെ അനാവശ്യമായവ. അഥവാ അനുവദനീയമാണെങ്കിലും ഒരാള്‍ക്ക് അത് ചെയ്യല്‍ ആവശ്യമേ ഇല്ല, അങ്ങനെയുള്ള കാര്യങ്ങള്‍.
ഈ നാല് കാര്യങ്ങളിലേക്കാണ് ഒരാള്‍ക്ക് അനുഗുണമല്ലാത്ത കാര്യങ്ങള്‍ മടങ്ങുന്നത്. അത് ചിലപ്പോള്‍ നിഷിദ്ധമായതില്‍ പെടുകയും ശിക്ഷക്ക് അര്‍ഹനാവുകയും ചെയ്തേക്കാം. 
അല്ലാഹു ഒരാളെ അവഗണിച്ചു എന്നതിന്‍റെ ലക്ഷണമാണ് അവന്‍ ആവശ്യമില്ലാത്തത്തില്‍ ഇടപെടുക എന്നത് എന്ന് പൂര്‍വ്വികരായ പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. അവന്‍ ആവശ്യമില്ലാത്തതില്‍ ഇടപെടാതെ ശ്രദ്ധിച്ചാല്‍ അല്ലാഹു അവനെ ശരിയായ കാര്യങ്ങളിലേക്ക് തിരിച്ചു വിട്ടേക്കാം. 
ഇമാം ശാഫിഈ رحمه الله പറഞ്ഞു: 'മനസ്സിനെ നല്ലതില്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ അത് നിന്നെ നിരര്‍ത്ഥകമായതില്‍ ചലിപ്പിക്കും'. 
ആരെങ്കിലും മുസ്‌ലീംകളുടെ അഭിമാനത്തിലും ഏഷണിയിലും പരദൂഷണത്തിലും മുഴുകുന്നു എങ്കില്‍ അവന്‍ അല്ലാഹുവിനെ ഓര്‍ക്കുന്നതില്‍ നിന്നും ക്വുര്‍ആന്‍ പാരായണത്തില്‍ നിന്നും പോലെയുള്ള നല്ല കാര്യങ്ങളില്‍ നിന്ന് അകലുകയും തിന്മകളില്‍ കഴിയുകയും ചെയ്യും. അപ്പോള്‍ അവന്‍റെ ഇസ്‌ലാം ശരിയല്ലാതാവുന്നു. 
അത് കൊണ്ട് തന്നെ മനുഷ്യന്‍ പരമാവധി നല്ല കാര്യങ്ങളില്‍ ഇടപെടാന്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. നബി صلى الله عليه وسلم പറഞ്ഞിട്ടുണ്ട്: 'നിനക്ക് ഉപകാരമുള്ള കാര്യങ്ങളില്‍ നീ അത്യാഗ്രഹം കാണിക്കുകയും അല്ലാഹുവിനോട് സഹായം ചോദിക്കുകയും ചെയ്യുക'. 
ഉപകാരമില്ലാത്തതില്‍ നിന്ന് അകന്ന് നില്‍ക്കുകയും അവ ജീവിതത്തില്‍ വരാതിരിക്കാന്‍ ശ്രമിക്കുകയും വേണം. 
അനാവശ്യമായ ചോദ്യങ്ങള്‍, വാക്കുകള്‍, പ്രവര്‍ത്തനങ്ങള്‍, ഇടപെടലുകള്‍, പെരുമാറ്റങ്ങള്‍, ചിന്തകള്‍ പോലെയുള്ള എല്ലാം ഒഴിവാക്കണം. ഓരോരുത്തര്‍ക്കും അനാവശ്യമായത് എന്ത് എന്ന് അവനവനാണ് ബോധ്യം ഉണ്ടാവുക. ഈ കാര്യത്തില്‍ ഞാന്‍ ഇടപെടുന്നത് ശരിയല്ല എന്ന് സ്വയം തോന്നിയാല്‍ പിന്നെ അതില്‍ ഇടപെടരുത്. അല്ലെങ്കില്‍ ഇന്ന കാര്യം ചെയ്‌താല്‍ എന്‍റെ മതത്തേയോ സ്വഭാവത്തേയോ ജീവിതത്തേയോ ബാധിക്കും എന്ന് മനസ്സിലായാല്‍ അവ ഉപേക്ഷിക്കുക. 

Thursday, 29 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 222 دروس الحديث - സംശയമുള്ളതില്‍ ഇടപെടാതിരിക്കുക


   الأربعون النووية-حديث:11


സംശയമുള്ളതില്‍ ഇടപെടാതിരിക്കുക

عَنْ أَبِي مُحَمَّدٍ الْحَسَنِ بْنِ عَلِيِّ بْنِ أَبِي طَالِبٍ سِبْطِ رَسُولِ اللَّهِ صلى الله عليه وسلم وَرَيْحَانَتِهِ رَضِيَ اللَّهُ عَنْهُمَا، قَالَ: حَفِظْت مِنْ رَسُولِ اللَّهِ صلى الله عليه وسلم "دَعْ مَا يُرِيبُك إلَى مَا لَا يُرِيبُك".

رَوَاهُ التِّرْمِذِيُّ [رقم:2520]، وَالنَّسَائِيّ [رقم: 5711]، وَقَالَ التِّرْمِذِيُّ: حَدِيثٌ حَسَنٌ صَحِيحٌ. 

റസൂല്‍ صلى الله عليه وسلم യുടെ മകളുടെ മകനും  പ്രിയങ്കരനുമായ അബൂ മുഹമ്മദില്‍ ഹസനുബ്നി അലിയ്യുബ്നി അബീത്വാലിബ്‌ رَضِيَ اللَّهُ عَنْهُمَا പറഞ്ഞു: ''നിനക്ക് സംശയമുള്ളത് സംശയമില്ലാത്തതിലേക്ക് നീ വിടുക'' എന്ന് ഞാന്‍ റസൂല്‍ صلى الله عليه وسلم യില്‍ നിന്ന് മനപ്പാഠമാക്കി.

വിവരണം

سِبط എന്നാല്‍ മകളുടെ മകന്‍ എന്നാണ് അര്‍ത്ഥം. ഹസന്‍ ഫാത്വിമ رَضِيَ اللَّهُ عَنْها  യുടെ മകന്‍ ആണ്. അഥവാ നബി صلى الله عليه وسلم യുടെ പേരമകന്‍. 

ഹസന്‍ رَضِيَ اللَّهُ عَنْه വിന്‍റെ ഏഴാം വയസ്സിലാണ് റസൂല്‍ വഫാതാകുന്നത്. ചെറുപ്പത്തില്‍ തന്നെ റസൂല്‍ صلى الله عليه وسلم യില്‍ നിന്ന് മനപ്പാഠമാക്കിയ കുറഞ്ഞ വാക്കുകളില്‍ വലിയ ആശയം നിറഞ്ഞ വചനമാണ് ഹസന്‍ رَضِيَ اللَّهُ عَنْه നമ്മെ അറിയിക്കുന്നത്. റസൂല്‍ صلى الله عليه وسلم കുഞ്ഞു മക്കള്‍ക്ക് പോലും അവര്‍ക്കാവശ്യമായ കാര്യങ്ങള്‍ പകര്‍ന്ന് നല്‍കിയിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. 

മുഹമ്മദ് നബി صلى الله عليه وسلم തന്‍റെ ജനതയ്‌ക്ക് എപ്പോഴും ഉപദേശം നൽകുകയും, അവരുടെ ഇഹ-പര ജീവിതം ധന്യമാകാനുള്ള നന്മയുടെ വഴിയിലേക്ക് അവരെ നയിക്കുകയും ചെയ്തിരുന്നു.

സത്യസന്ധരുടെ പാത സ്വീകരിക്കണമെന്ന് റസൂല്‍ صلى الله عليه وسلم നിർദേശിക്കുകയും, ആ വഴിയുടെ ലക്ഷണങ്ങളും അതിലേക്കുള്ള മാർഗങ്ങളും വ്യക്തമായി വിവരിക്കുകയും ചെയ്തിട്ടുണ്ട്.

ആ ഉപദേശങ്ങളിലൊന്നാണ് ഈ ഹദീസ്, ഇതിൽ നബി صلى الله عليه وسلم സംശയമുള്ള കാര്യങ്ങളില്‍ നില്‍ക്കാതെ തികച്ചും സംശയരഹിതമായ  വഴി സ്വീകരിക്കണമെന്ന് ഉപദേശിക്കുന്നു.

സംശയമുള്ള കാര്യങ്ങളില്‍ ഇടപെടാതെ അതില്‍ നിന്ന് മാറി നില്‍ക്കല്‍ നമുക്ക് നന്മയാണ്. അങ്ങനെ ചെയ്യുമ്പോള്‍ ഒരാളുടെ മത വിഷയങ്ങള്‍ സുരക്ഷിതമാവുകയും അവന്‍റെ അഭിമാനം സംരക്ഷിക്കപ്പെടുകയും ചെയ്യും. 

സംശയമുള്ള കാര്യങ്ങളില്‍ ഇടപെടരുത്. സംശയം നീക്കാന്‍ സാധിക്കുമെങ്കില്‍ അത് ചെയ്യാം. അതിന് സാധിക്കുന്നില്ലെങ്കില്‍ ആ കാര്യം ഒഴിവാക്കുകയാണ് വേണ്ടത്. ഇത് വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തില്‍ അത്യാവശ്യമായ കാര്യമാണ്. 

ഇത്തരം കാര്യങ്ങളില്‍ പൂര്‍വ്വികരായ നമ്മുടെ ഇമാമീംകള്‍ വലിയ ശ്രദ്ധ കാണിച്ചിരുന്നു. 

മനസ്സിന് തൃപ്തിയില്ലാത്ത വിധത്തില്‍ ഒരു കാര്യത്തിലും ഇടപെടരുത്. ഇത് ശരിയാണോ അതോ ശരിയല്ലേ എന്ന മനസ്സിന്‍റെ സംശയം ഇല്ലാതിരിക്കാന്‍ ഏത് കാര്യത്തിലും നാം സൂക്ഷ്മത പാലിക്കണം. ഈ സ്വഭാവ ഗുണം നമുക്ക് തക്വ്'വയും സൂക്ഷ്മതാബോധവും ഉണ്ടാക്കും. ശരിയാണെന്ന് ഉറപ്പുള്ള കാര്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ അത് മനസ്സമാധാനം പകരം നല്‍കും. 

ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു:

"ഈ ഹദീസ് ജവാമിഉൽ കലിമില്‍ (കുറഞ്ഞ വാക്കുകളില്‍ വലിയ ആശയം നിറഞ്ഞ വചനത്തില്‍) പെട്ടതാണ്. ഒരു അടിമ ഈ പറഞ്ഞത് പ്രകാരം സഞ്ചരിക്കുന്നു എങ്കില്‍ അത് എത്ര നല്ലതും ഫലപ്രദവുമാണ്. അടിമക്ക് പലകാര്യങ്ങളിലും സംശയം വരാറുണ്ട്. അതിനാൽ നാം പറയുന്നു: സംശയം ഉളവാകുന്നതിൽ നിന്നു സംശയമില്ലാത്തതിലേക്കു നീ നീങ്ങുക, അങ്ങനെ നിന്നെ ആശ്വാസത്തിലും സുരക്ഷയിലുമാക്കുക.

അതായത്, നിനക്കു സംശയവും ശരിയോ തെറ്റോ എന്ന ആശങ്കയും ഉണ്ടെങ്കില്‍, അതെല്ലാം ഉപേക്ഷിച്ച് നിനക്കു സംശയമില്ലാത്ത കാര്യത്തിലേക്ക് നീ തിരിയുക. എന്നാൽ അതു വസ്'വാസിന്‍റെ  പരിധിയിലെത്തിയാല്‍ അതിലേക്കു നീ തിരിഞ്ഞു നോക്കുക പോലും അരുത്. 

ഇത് ആരാധനകളിലും, ഇടപാടുകളിലും, വിവാഹത്തിലും തുടങ്ങിയുള്ള അറിവിന്‍റെ എല്ലാ  അധ്യായങ്ങളിലും ബാധകമാണ്.

ഇബാദത്തുകളില്‍ ഇതിന് ഉദാഹരണം:  ഒരാളുടെ വുദ്വൂഅ' നഷ്ടപ്പെടുകയു അതിനുശേഷം അയാള്‍ നമസ്കരിക്കുകയും ചെയ്തു. വുദ്വൂഅ' മുറിഞ്ഞതിന് ശേഷം ഞാൻ വീണ്ടും വുദ്വൂഅ' ചെയ്തോ ഇല്ലയോ? എന്ന് പിന്നീട് അവന് സംശയം ഉണ്ടായി.

വുദ്വൂഅ' ചെയ്തിട്ടുണ്ടെങ്കിൽ, നമസ്‌കാരം ശരിയാണ്, ഇല്ലെങ്കില്‍ നമസ്കാരം പാഴാകും എന്ന സംശയം അയാളിലുണ്ടായി.

അത് കൊണ്ട് നാം പറയുന്നു: "دع ما يريبك إلى ما لا يريبك" നീ സംശയമുണ്ടാവുന്നതു വിട്ട് സംശയമില്ലാത്തതിലേക്ക് നീങ്ങുക"

ഇവിടെ സംശയമുള്ളത് നമസ്ക്കാരത്തിന്‍റെ സ്വീകാര്യതയാണ്. സംശയമില്ലാത്തത് വുദ്വൂഅ' വീണ്ടും ചെയ്താൽ നമസ്ക്കാരം ശരിയാകും എന്നതുമാണ്‌. (ശർഹുല്‍ അർബഈനന്നവവിയ്യ :155)

ശരിയായതും അനുവദനീയവുമായ കാര്യങ്ങളില്‍ നമുക്ക് സംശയമുണ്ടാകാനിടയില്ല. അതില്‍ ന്യൂനതകളോ കുഴപ്പങ്ങളോ ഉണ്ടാകുമ്പോഴാണ് ഈ സംശയം ഉടലെടുക്കുന്നത്. മറവിയും അതിന് കാരണമാകാറുണ്ട്. 
ഹാഫിദ് ഇബ്നു റജബ് رحمه الله പറഞ്ഞു: സംശയാസ്പദമായ കാര്യങ്ങള്‍ നിർത്തുകയും അവയെ നന്നാക്കുകയും ചെയ്യുക എന്നതിലേക്ക് മടങ്ങണം എന്നാണ് ഈ ഹദീസിന്‍റെ അര്‍ത്ഥം. കാരണം, തികച്ചും ഹലാൽ ആയതിലൂടെ ഒരു വിശ്വാസിയുടെ ഹൃദയത്തിൽ സംശയം ഉണ്ടാവുകയില്ല. -ഇവിടെ ‘റൈബ്’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മനസ്സിനുണ്ടാകുന്ന ശങ്കയും സംശയവുമാണ്- അതൊന്നും ഇല്ലാതെ, (ഹലാൽ ആയ കാര്യത്തിൽ) മനസ്സ് ശാന്തിയിലും സമാധാനത്തിലുമാകുന്നു. എന്നാൽ സംശയകരമായ കാര്യങ്ങൾ ഹൃദയത്തിൽ ആശങ്കയും  അനിശ്ചിതത്വവും ഉളവാക്കും. (ജാമിഉല്‍ഉലൂം വല്‍ഹികം: 1/280)
സംശയങ്ങളും വസ്'വാസുകളും ഒഴിവാക്കി കാര്യങ്ങള്‍ ഭംഗിയായി ചെയ്യാന്‍ ശ്രമിക്കുക. സംശയത്തോടെ ചെയ്ത് കര്‍മങ്ങള്‍ ന്യൂനതയുള്ളതോ പാഴായതോ ആവാതെ സൂക്ഷിക്കുക. 

Tuesday, 27 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 221 دروس الحديث - ഹറാമുകള്‍ വലിയ നാശങ്ങളുണ്ടാക്കും

  الأربعون النووية-حديث:10 


ഹറാമുകള്‍ വലിയ നാശങ്ങളുണ്ടാക്കും

عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم "إنَّ اللَّهَ طَيِّبٌ لَا يَقْبَلُ إلَّا طَيِّبًا، وَإِنَّ اللَّهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ فَقَالَ تَعَالَى: "يَا أَيُّهَا الرُّسُلُ كُلُوا مِنْ الطَّيِّبَاتِ وَاعْمَلُوا صَالِحًا"، وَقَالَ تَعَالَى: "يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ" ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إلَى السَّمَاءِ: يَا رَبِّ! يَا رَبِّ! وَمَطْعَمُهُ حَرَامٌ، وَمَشْرَبُهُ حَرَامٌ، وَمَلْبَسُهُ حَرَامٌ، وَغُذِّيَ بِالْحَرَامِ، فَأَنَّى يُسْتَجَابُ لَهُ؟".

رَوَاهُ مُسْلِمٌ [رقم:1015].  

അബൂ ഹുറൈറ رضي الله عنه നിവേദനം, റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിശ്ചയം അല്ലാഹു നല്ലവനാണ്, അവന് നല്ലതല്ലാതെ സ്വീകരിക്കില്ല. ദൂതന്മാരോട് കല്‍പിച്ചതായ  കാര്യം നിശ്ചയം അല്ലാഹു വിശ്വാസികളോടും കല്‍പിച്ചിരിക്കുന്നു: അല്ലാഹു പറഞ്ഞു: 

(അല്ലയോ ദൂതന്‍മാരേ ... നിങ്ങള്‍ നല്ലതില്‍ നിന്ന് ഭക്ഷിക്കുകയും  നല്ലത് പ്രവര്‍ത്തിക്കുകയും ചെയ്യുക). മുഅ'മിനൂന്‍:51

അല്ലാഹു പറഞ്ഞു: 

(അല്ലയോ സത്യ വിശ്വാസികളേ ... നിങ്ങള്‍ക്ക് നാം വിഭവമായി നല്‍കിയതില്‍ നല്ലതായതില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക). അല്‍ബക്വറ: 172

പിന്നെ ദീര്‍ഘദൂരം യാത്ര ചെയ്യുന്ന ഒരാളെ കുറിച്ച് റസൂല്‍ صلى الله عليه وسلم പറഞ്ഞു, അയാള്‍ പൊടി  പിടിച്ച് ജട കുത്തിയ അവസ്ഥയിലാണ്. അയാള്‍ തന്‍റെ ഇരു കൈകളും ആകാശത്തേക്ക് നീട്ടി ... എന്‍റെ റബ്ബേ.. എന്‍റെ റബ്ബേ.. എന്ന് പറയുന്നു. (പക്ഷെ) അയാളുടെ ഭക്ഷണം ഹറാമാണ്, അയാളുടെ പാനീയം ഹറാമാണ്, അയാളുടെ വസ്ത്രവും ഹറാമാണ്. അയാള്‍ ആകെ ഹറാമില്‍ മൂടപ്പെട്ടിരിക്കുന്നു. അപ്പോള്‍ അയാള്‍ക്കെങ്ങനെ ഉത്തരം നല്‍കപ്പെടും?


വിവരണം

അല്ലാഹു നല്ലവനാണ്. അഥവാ എല്ലാ ന്യൂനതകളില്‍ നിന്നും മോശമായ കാര്യങ്ങളില്‍ നിന്നും അല്ലാഹു  പരിശുദ്ധനും പവിത്രതയുള്ളവനുമാണ്. 
സൃഷ്ടികളില്‍ നിന്ന് നല്ലത് മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. മനുഷ്യരുടെ നല്ല വാക്കുകളും പ്രവര്‍ത്തനങ്ങളുമാണ് അല്ലാഹു സ്വീകരിക്കൂ. നിഷിദ്ധമായ ഒന്നും അല്ലാഹു സ്വീകരിക്കില്ല. അത് എത്ര വലിയ കര്‍മ്മമാണെങ്കിലും ശരി. 
ഒരാള്‍ ഹറാമില്‍ നിന്ന് സമ്പാദിച്ച വലിയ തുക ദാനം ചെയ്യുന്നു, അത് അല്ലാഹു സ്വീകരിക്കില്ല. കാരണം അത് ഹറാം ആയ ധനമാണ്. ഈ വിധത്തില്‍ നമ്മുടെ ഒരു കര്‍മത്തിലും ഹറാം കലരാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. 
അല്ലാഹു നല്ലതേ സ്വീകരിക്കൂ എന്ന് പറഞ്ഞതില്‍ നല്ലതായ വാക്കുകളും, പ്രവര്‍ത്തനങ്ങളും, വിശ്വാസ കാര്യങ്ങളും എല്ലാം ഉള്‍പ്പെടും. 
ഒരു കാര്യം طَيِّب (നല്ലത്) എന്ന് പറയാന്‍ അതില്‍ രണ്ട് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. 
1- ഇഖ്ലാസ്വ്
2- റസൂല്‍ صلى الله عليه وسلم യെ പിന്തുടരല്‍
ഈ നിലക്ക് ആണ് ഇസ്‌ലാമില്‍ നല്ലതിനെ വേര്‍തിരിക്കുന്നത്. ആത്മാര്‍ഥവും റസൂല്‍ صلى الله عليه وسلم യെ പിന്തുടര്‍ന്ന് കൊണ്ടുമുള്ള കര്‍മങ്ങളാണ് ത്വയ്യിബ് ആയിട്ടുള്ളത്. 
ദൂതന്മാരോട് കല്‍പിച്ച കാര്യം തന്നെ അല്ലാഹു വിശ്വാസികളോടും കല്‍പിച്ചിരിക്കുന്നു എന്ന് റസൂല്‍ صلى الله عليه وسلم അറിയിക്കുകയുണ്ടായി. കല്‍പിക്കുന്ന കാര്യത്തിന്‍റെ പ്രാധാന്യവും വിശ്വാസികളുടെ മഹത്വവും അതില്‍ നിന്ന് മനസ്സിലാക്കാം. അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്ത ദൂതന്മാരോടും വിശ്വാസികളോടും ഈ കാര്യം ഒരുപോലെ കല്‍പിക്കുകയാണ്. അഥവാ അല്ലാഹു നല്‍കിയതില്‍ നിന്ന് നല്ലത് മാത്രം ഭക്ഷിക്കണം എന്ന കാര്യമാണ് ആ കല്‍പന. അത് കണിശമായി ജീവിതത്തില്‍ നടപ്പിലാക്കണമെന്ന പ്രേരണ ഈ കല്‍പനയുടെ ശൈലിയില്‍ ഉണ്ട്.
നല്ലത് ഭക്ഷിക്കുകയും നല്ലത് ഉപയോഗിക്കുകയും ചെയ്യല്‍ നന്‍മയും അനുഗ്രഹവും നമ്മുടെ കൂടെ എന്നുമുണ്ടാകാന്‍ അത്യാവശ്യമാണ്. നമ്മുടെ പ്രാര്‍ഥനകള്‍ അല്ലാഹു സ്വീകരിക്കാനും അത് അത്യാവശ്യമാണ് എന്നാണ് ഈ ഹദീസ് വ്യക്തമാക്കുന്നത്.
ഈ ആയത്തുകളില്‍ പറയപ്പെട്ട രണ്ട് കാര്യങ്ങള്‍ ഇവയാണ്:
1- നല്ലത് ഭക്ഷിക്കല്‍
2- സല്‍കര്‍മങ്ങള്‍ ചെയ്യല്‍
ഇവ രണ്ടും മനുഷ്യ ജീവിതത്തില്‍ വളരെ പ്രധാനാപ്പെട്ടതാണ്. ജീവിതം മുഴുക്കെ നന്മകളില്‍ ആവാന്‍ ഈ രണ്ട് കാര്യങ്ങളും പാലിക്കല്‍ അത്യാവശ്യമാണ്.
ഇനി ഇതൊന്നും ശ്രദ്ധിക്കാതെ ഹറാമുകളില്‍ കഴിയുന്ന ആളുടെ അവസ്ഥ എന്താണെന്ന് റസൂല്‍ صلى الله عليه وسلم അറിയിക്കുന്നു. ഇവിടെ നബി صلى الله عليه وسلم ഒരാളെ കുറിച്ച് പറഞ്ഞു തരികയാണ്. അയാള്‍ ധാരാളം യാത്ര ചെയ്യുന്ന ആളാണ്‌. ശരീരത്തില്‍ പൊടിപിടിക്കുകയും മുടിയാകെ ജടപിടിക്കുകയും ചെയ്ത അവസ്ഥയിലൊക്കെയാണ് അയാള്‍. 
അയാള്‍ യാ റബ്ബ് എന്ന് വിളിച്ച് ധാരാളം പ്രാര്‍ഥിക്കുന്നുണ്ട്. 
അയാള്‍ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കപ്പെടാന്‍ നാല് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അവയാണ്: 
1- ദീര്‍ഘമായ യാത്ര
2- ആകാശത്തേക്ക് കരങ്ങള്‍ ഉയര്‍ത്തല്‍
3- അല്ലാഹുവിന്‍റെ നാമങ്ങള്‍ കൊണ്ട് തവസ്സുല്‍ ചെയ്യല്‍
4- അല്ലാഹുവിനോട് ആവര്‍ത്തിച്ച് ചോദിക്കല്‍
യാത്രയിലെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കും. 
ഇതില്‍ പറയപ്പെട്ടത് ദീര്‍ഘമായി യാത്ര ചെയ്യുന്ന കാര്യമാണ്. അത് ഉത്തരം ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണ് എന്ന നിലക്കാണ്. 
പ്രാര്‍ഥനയില്‍ കൈ ഉയര്‍ത്തുന്നത് സുന്നത്തും പ്രാര്‍ഥനയുടെ മര്യാദയില്‍ പെട്ടതുമാണ്. 
പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കപ്പെടുന്നത് തടയുന്ന കാര്യങ്ങളുണ്ട്. അതില്‍ പെട്ട നാലെണ്ണം ഈ ഹദീസില്‍ പറയപ്പെട്ടിട്ടുണ്ട്. അവ: 
1- ഹറാമായ ഭക്ഷണം
2- ഹറാമായ പാനീയം
3- ഹറാമായ വസ്ത്രം
4- ജീവിതം ഹറാമില്‍ മൂടല്‍
അനര്‍ഹമായ ഭക്ഷണ വിഭവങ്ങളും വസ്ത്രങ്ങളും നിഷിദ്ധങ്ങളില്‍ പെടും. മറ്റുള്ളവരുടെ വസ്തുക്കള്‍ വഞ്ചനയിലൂടെയോ മോഷ്ടിച്ചോ ഒരാള്‍ കൈവശപ്പെടുത്തിയാല്‍ അത് ഹറാം ആണ്. ഇവയില്‍ സ്വമേധയാ ഹറാം ആയവയും ഉണ്ട്. ഉദാഹരണത്തിന്: പന്നി മാംസം, മദ്യം, പോലെയുള്ളതും പുരുഷന് പട്ടുവസ്ത്രം പോലുള്ളതും. 
ഹറാമായ കര്‍മങ്ങള്‍ നിരവധിയാണ്. ഈ നിഷിദ്ധങ്ങളെല്ലാം ഒരാളില്‍ ഉണ്ടായാല്‍ അവന്‍റെ ജീവിതം ഹറാമില്‍ മൂടപ്പെടും. പിന്നെ അവന് പ്രാര്‍ഥിച്ചിട്ട് കാര്യമില്ല. അവന് ഉത്തരം നല്കപ്പെടില്ല. 
غُذِيَ / تغْذِيَة എന്നാല്‍ ഹറാമില്‍ ഊട്ടപ്പെട്ടത് എന്നാണ് ഇവിടെ അര്‍ത്ഥം. അഥവാ അവന്‍റെ ശരീരവും ജീവിതവും ഹറാമില്‍ മുഴുകിയതാണ്. ഭക്ഷണവും വെള്ളവും അവന്‍റെ ശരീരത്തിന് പോഷണം നല്‍കുന്നതും അതിന്‍റെ വളര്‍ച്ചക്ക് ആവശ്യവുമാണ്. അത് പോലെ ഉറക്കം, മരുന്ന് എന്നിവയും ശരീരത്തിന് ആവശ്യമാണ്. ഭക്ഷണ പാനീയത്തിനു പുറമേ ശരീരത്തിനു അത്യാവശ്യമായ എല്ലാ കാര്യങ്ങളും غُذِيَ എന്നതില്‍ പെടും. അവയെല്ലാം നിഷിദ്ധങ്ങള്‍ ആയാലാണ് അപകടം.
 എന്ന് റസൂല്‍ صلى الله عليه وسلم പറഞ്ഞതിന്‍റെ അര്‍ത്ഥം "അയാള്‍ക്കെങ്ങനെ ഉത്തരം നല്‍കപ്പെടും'' എന്നാണ്. അയാള്‍ക്ക് ഉത്തരം നല്‍കപ്പെടാന്‍ സാധ്യത വളരെ കുറവാണ് എന്നാണ് അതിന്‍റെ അര്‍ത്ഥം. പൊതുവേ ഉത്തരം നല്‍കപ്പെടാന്‍ തടസ്സമാണെങ്കിലും ഒരു പക്ഷേ ചില കാര്യങ്ങള്‍ക്ക് ഉത്തരം നല്‍കപ്പെടാനും സാധ്യതയുണ്ട് എന്നും ഇതില്‍ നിന്ന് മനസ്സിലാക്കാം. കാരണം അവിശ്വാസികള്‍ക്കും അല്ലാഹു ഉത്തരം നല്‍കാറുണ്ട്.

Monday, 26 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 220 دروس الحديث - മതം പറഞ്ഞിടത്ത് നില്‍ക്കുക.. അനാവശ്യ ചോദ്യങ്ങള്‍ അപകടം

 

 الأربعون النووية-حديث:9 



മതം പറഞ്ഞിടത്ത് നില്‍ക്കുക.. 

അനാവശ്യ ചോദ്യങ്ങള്‍ അപകടം

عَنْ أَبِي هُرَيْرَةَ عَبْدِ الرَّحْمَنِ بْنِ صَخْرٍ رضي الله عنه  قَالَ: سَمِعْت رَسُولَ اللَّهِ صلى الله عليه وسلم  يَقُولُ: "مَا نَهَيْتُكُمْ عَنْهُ فَاجْتَنِبُوهُ، وَمَا أَمَرْتُكُمْ بِهِ فَأْتُوا مِنْهُ مَا اسْتَطَعْتُمْ، فَإِنَّمَا أَهْلَكَ الَّذِينَ مِنْ قَبْلِكُمْ كَثْرَةُ مَسَائِلِهِمْ وَاخْتِلَافُهُمْ عَلَى أَنْبِيَائِهِمْ ".

رَوَاهُ الْبُخَارِيُّ [رقم:7288]، وَمُسْلِمٌ [رقم:1337].  

അബൂഹുറൈറ رضي الله عنه അബ്ദുറഹ്മാന് ബ്നു സ്വഖ്റുദ്ദൌസി  പറഞ്ഞു: റസൂല്‍ صلى الله عليه وسلم പറയുന്നതായി ഞാന്‍ കേട്ടു: ഞാന്‍ ഇതൊരു കാര്യം നിങ്ങള്‍ക്ക് വിരോധിച്ചുവോ അതില്‍ നിന്ന് നിങ്ങള്‍ വിട്ട് നില്‍ക്കുക, ഞാന്‍ എതൊരു കാര്യം നിങ്ങളോട് കല്‍പിച്ചുവോ അത് നിങ്ങളുടെ കഴിവിന്‍റെ പരമാവധി നിങ്ങള്‍ ചെയ്യുക. നിങ്ങള്‍ക്ക് മുമ്പുള്ള ആളുകളെ നശിപ്പിച്ചത് അവരുടെ അധികരിച്ച (അനാവശ്യ)  ചോദ്യങ്ങളും അവരുടെ നബിമാരോടുള്ള അവരുടെ ഭിന്നതയും ആയിരുന്നു. 


വിവരണം

ഈ ഹദീസ് വളരെ പ്രധാന പാഠങ്ങള്‍ നല്‍കുന്നവയാണ്. 

നബി صلى الله عليه وسلم ഇങ്ങനെ പറയാന്‍ കാരണമായ പശ്ചാത്തലം ഇമാം മുസ്‌ലിം رحمه الله  റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ നിന്നും വ്യക്തമാണ്. ഒരിക്കല്‍ നബി صلى الله عليه وسلم പറഞ്ഞു: ജനങ്ങളേ... നിശ്ചയം അല്ലാഹു നിങ്ങള്‍ക്ക് ഹജ്ജ് നിര്‍ബന്ധമാക്കിയിരിക്കുന്നു. ആയതിനാല്‍ നിങ്ങള്‍ ഹജ്ജ് ചെയ്യുക. അപ്പോള്‍ ഒരാള്‍ ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ... എല്ലാ വര്‍ഷവും ഹജ്ജ് ചെയ്യണോ? റസൂല്‍ صلى الله عليه وسلم അപ്പോള്‍ മിണ്ടാതിരുന്നു, അയാള്‍ മൂന്ന് തവണ ചോദിക്കുന്നത് വരെ. പിന്നെ റസൂല്‍ صلى الله عليه وسلم പറഞ്ഞു: ഞാന്‍ അതെ എന്ന് പറഞ്ഞിരുന്നെങ്കില്‍ അത് നിര്‍ബന്ധമാകുമായിരുന്നു, നിങ്ങള്‍ക്കത് സാധിക്കുകയുമില്ല. എന്നിട്ട് പറഞ്ഞു: 'ഞാന്‍ നിങ്ങള്‍ക്ക് ഉപേക്ഷിച്ച കാര്യങ്ങളെ നിങ്ങള്‍ ഒഴിവാക്കുക, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ നശിച്ചത് അവരുടെ ചോദ്യങ്ങള്‍ വര്‍ധിച്ചത് കൊണ്ടും അവരുടെ നബിമാരോടുള്ള അവരുടെ ഭിന്നതയും കൊണ്ടായിരുന്നു. ഞാന്‍ ഒരു കാര്യം കല്‍പിച്ചാല്‍ നിങ്ങളത് കഴിവിന്‍റെ പരമാവധി നടപ്പിലാക്കുക, ഞാന്‍ ഒരു കാര്യം നിങ്ങള്‍ക്ക് വിരോധിച്ചാല്‍ നിങ്ങള്‍ അത് ഒഴിവാക്കുകയും ചെയ്യുക'. 

നബി صلى الله عليه وسلم യോട് ചോദ്യം ചോദിച്ച വ്യക്തി അക്വ്'റഉ ബ്നു ഹാബിസ് ആയിരുന്നു. 


അല്ലാഹുവും അവന്‍റെ റസൂലും അറിയിക്കുകയും കല്പിക്കുകയും ചെയ്യുന്ന കാര്യങ്ങളില്‍ ഒതുങ്ങി നില്‍ക്കലും മതം നിരോധിച്ച കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കലും എല്ലാവര്‍ക്കും ബാധ്യതയാണ്. അത് മതത്തില്‍ നിര്‍ബന്ധമായിട്ടുള്ള കാര്യമാകുന്നു. 

കല്‍പിക്കപെട്ട കാര്യങ്ങള്‍ കഴിവിന്‍റെ പരമാവധി ചെയ്യാന്‍ നാം ശ്രദ്ധിക്കണം. ഓരോരുത്തര്‍ക്കും കര്‍മങ്ങള്‍ ചെയ്യാനുള്ള കഴിവും സാഹചര്യവും വിഭിന്നമായിരിക്കും. ഓരോരുത്തരും അവനവന്‍റെ കഴിവ് അനുസരിച്ച് കര്‍മങ്ങള്‍ പരമാവധി ചെയ്യണം. 

ചെയ്യാന്‍ സാധിക്കാത്തത് ഒരാളോടും ഇസ്‌ലാം അടിച്ചേല്‍പിച്ചിട്ടില്ല. ഈ മതം എളുപ്പവും വളരെ ലളിതവുമാണ്. 

റസൂല്‍ صلى الله عليه وسلم യെ നാം പിന്തുടരണം. കല്‍പിക്കപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതോടൊപ്പം വിരോധിക്കപ്പെട്ട കാര്യങ്ങള്‍ ഒഴിവാക്കുക കൂടി ചെയ്യുമ്പോഴാണ് യഥാര്‍ത്ഥത്തിലുള്ള പിന്തുടരല്‍ സംഭവിക്കുന്നത്. 

കല്‍പിക്കപ്പെട്ട കാര്യം ചെയ്യാന്‍ ആര്‍ക്കെങ്കിലും പ്രയാസം അനുഭവപ്പെട്ടാല്‍ അവനത് അവന് കഴിയുമ്പോലെ ചെയ്‌താല്‍ മതി. അഥവാ നിന്ന്‌ നമസ്കരിക്കാന്‍ സാധിക്കാത്തവന് ഇരുന്നും അതിനും കഴിയാത്തവന് കിടന്നും നമസ്കരിക്കാം. ചെയ്യുന്ന ആളുടെ അവസ്ഥക്ക് അനുസരിച്ച് ഈ കാര്യങ്ങള്‍ ചെയ്യാം. 

കാര്യങ്ങള്‍ പഠിക്കാന്‍ ചോദ്യങ്ങളാവാം, പക്ഷെ അനാവശ്യ ചോദ്യങ്ങള്‍ ഇസ്‌ലാം വിലക്കിയിട്ടുണ്ട്. കാര്യങ്ങള്‍ ചെയ്യാതിരിക്കാനോ അല്ലെങ്കില്‍ വെറുതെയോ ചോദിക്കുന്ന ചോദ്യങ്ങള്‍ ആണ് അവ. ഉപകാരമുള്ള ചോദ്യങ്ങള്‍ ചോദിക്കാം എന്നാണ് മറ്റു ഹദീസുകളില്‍ നിന്ന് നമുക്ക് മനസ്സിലാകുന്നത്. 

അനാവശ്യ ചോദ്യങ്ങളും മതത്തിലുള്ള ഭിന്ന സ്വരങ്ങളും അനുസരണക്കേടും നാശത്തിന് ഹേതുവാകുന്ന കാര്യമാണ്. 

റസൂല്‍ صلى الله عليه وسلم യെ അനുസരിക്കുന്നതിന്‍റെയും റസൂല്‍ صلى الله عليه وسلم യുടെ സുന്നത്തിനെ മുറുകെപ്പിടിക്കുന്നതിന്‍റെയും ആവശ്യകത ഈ ഹദീസ് അറിയിക്കുന്നു. 

മതത്തിന്‍റെ പ്രമാണങ്ങളില്‍ രണ്ടാമത്തേതാണ് ഹദീസുകള്‍ എന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. റസൂല്‍ صلى الله عليه وسلم പറഞ്ഞത്: ഞാന്‍ കല്‍പിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യണം എന്നും, ഞാന്‍ വിരോധിച്ച കാര്യങ്ങളില്‍ നിന്ന് നിങ്ങള്‍ വിട്ട് നില്‍ക്കണം എന്നുമാണ്. അതിനര്‍ത്ഥം റസൂല്‍ صلى الله عليه وسلم യുടെ ചര്യകള്‍ മതത്തില്‍ അടിസ്ഥാന പ്രമാണമാകുന്നു എന്നാണ്. 

മതത്തില്‍ ഒരു കാര്യം നിര്‍ബന്ധമാകുന്നത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ്. ഒരു കാര്യം ചെയ്യാനോ ചെയ്യാതിരിക്കാനോ മതത്തില്‍ വിധിയുണ്ടായാല്‍ ആ കാര്യങ്ങള്‍ അത് പോലെ പരിഗണിക്കണം. ഓരോ കാര്യങ്ങളുടെയും അടിസ്ഥാനം 'നിര്‍ബന്ധമല്ല' എന്നതാണ്. ക്വുര്‍ആനിലും ഹദീസിലും തെളിവുകള്‍ വരുമ്പോഴാണ് കാര്യങ്ങള്‍ നിര്‍ബന്ധമാകുന്നതും മത വിധി നടപ്പിലാവുകയും ചെയ്യുന്നത്. 


ദുറൂസുല്‍ ഹദീസ് - ഭാഗം 219 دروس الحديث - രണ്ട് സാക്ഷ്യവാക്യങ്ങളും നമസ്കാരവും സകാത്തും

  الأربعون النووية-حديث:8



രണ്ട് സാക്ഷ്യവാക്യങ്ങളും നമസ്കാരവും സകാത്തും

عَنْ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: "أُمِرْت أَنْ أُقَاتِلَ النَّاسَ حَتَّى يَشْهَدُوا أَنْ لَا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَيُقِيمُوا الصَّلَاةَ، وَيُؤْتُوا الزَّكَاةَ؛ فَإِذَا فَعَلُوا ذَلِكَ عَصَمُوا مِنِّي دِمَاءَهُمْ وَأَمْوَالَهُمْ إلَّا بِحَقِّ الْإِسْلَامِ، وَحِسَابُهُمْ عَلَى اللَّهِ تَعَالَى" .

رَوَاهُ الْبُخَارِيُّ [رقم:25]، وَمُسْلِمٌ [رقم:22].  

ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُمَا നിവേദനം: റസൂല്‍ صلى الله عليه وسلم പറഞ്ഞു: ജനങ്ങള്‍ لَا إلَهَ إلَّا اللَّهُ، مُحَمَّد رَسُولُ اللَّهِ (അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹന്‍ മറ്റാരുമില്ലെന്നും മുഹമ്മദ്‌ നബി صلى الله عليه وسلم അല്ലാഹുവിന്‍റെ റസൂല്‍ ആണെന്നും) സാക്ഷ്യം വഹിക്കുകയും അവര്‍ നമസ്കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ചെയ്യുന്നത് വരെ അവരോട് പൊരുതാന്‍ ഞാന്‍ കല്പിക്കപ്പെട്ടു. അവര്‍ അത് ചെയ്‌താല്‍ അവരുടെ രക്തങ്ങളും സമ്പാദ്യങ്ങളും ഇസ്‌ലാമിന്‍റെ കടമകള്‍ ഒഴിച്ച് എന്നില്‍ നിന്ന് സുരക്ഷിതമാകും. അവരുടെ വിചാരണ അല്ലാഹുവിന്‍റെ അടുക്കലാകുന്നു. 

വിവരണം

ഈ ഹദീസ് ഇസ്‌ലാമിന്‍റെ അടിസ്ഥാന കാര്യങ്ങളില്‍ പെട്ടതാണ്. ഇസ്‌ലാമിന്‍റെ പ്രധാന സ്തംഭങ്ങളുടെ പ്രാധാന്യവും മഹത്വവും ആണ് ഈ ഹദീസ് അറിയിയിക്കുന്നത്. 

ഈ ഹദീസില്‍ പറഞ്ഞ أُمِرْتُ (ഞാന്‍ കല്‍പിക്കപ്പെട്ടു) എന്നതില്‍ നിന്ന് നബി صلى الله عليه وسلم സ്വന്തം ആഗ്രഹപ്രകാരമല്ല  ഈ കാര്യങ്ങള്‍ നടപ്പിലാക്കുന്നത് എന്ന് മനസ്സിലാക്കാം, മറിച്ച് അല്ലാഹുവിന്‍റെ കല്‍പന പ്രകാരമാണത് എന്ന് വ്യക്തമാണ്. 
لا إله إلا الله എന്നത് ഇസ്‌ലാമിന്‍റെ രണ്ട് സാക്ഷ്യവാക്യങ്ങളില്‍ ഒന്നാമത്തേതാണ്. അഥവാ അല്ലാഹു മാത്രം ആണ് ആരാധ്യന്‍ എന്ന സാക്ഷ്യപ്പെടുത്തലും പ്രഖ്യാപനവും ആണ് അത്. ഈ ലോകത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിനെ മാത്രമേ സൃഷ്ടികള്‍ ആരാധിക്കാന്‍ പാടുള്ളൂ എന്ന ഏറ്റവും പരമപ്രധാനമായ സത്യമാണു ഈ വചനം കൊണ്ട് അറിയിക്കപ്പെടുന്നത്. 
ഈ ലോകത്ത് മനുഷ്യര്‍ സൃഷ്ടിക്കപ്പെടാന്‍ തന്നെ കാരണം ആ ഒരു കാര്യം നടപ്പിലാക്കാന്‍ വേണ്ടിയാണ്. എന്നാല്‍ മനുഷ്യര്‍ അതില്‍ നിന്ന് മാറി സൃഷ്ടികളെ ആരാധിക്കുന്ന അവസ്ഥയിലേക്ക് എത്തിയത് കാണാം. അത് അത്യന്തം ഗുരുതരമായ തിന്മയാണെന്നാണ് വിശുദ്ധ ക്വുര്‍ആന്‍ അറിയിക്കുന്നത്. 
മുഴുവന്‍ പ്രവാചകന്‍മാരും ലോകത്ത് വന്ന് തങ്ങളുടെ ജനതയെ ആദ്യം പഠിപ്പിച്ച സത്യം لا إله إلا الله എന്നതായിരുന്നു. 
محمد رسول الله എന്നാല്‍ മുഹമ്മദ്‌ നബി صلى الله عليه وسلم അല്ലാഹുവിന്‍റെ റസൂല്‍ ആണ് എന്ന് സക്ഷ്യപ്പെടുത്തലാണ്. 
അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ ജനങ്ങള്‍ക്ക് എത്തിച്ച് കൊടുക്കാന്‍ വേണ്ടി അല്ലാഹു തെരെഞ്ഞെടുത്തയക്കുന്നവരാണ് നബിമാര്‍, അവര്‍ മാതൃകായോഗ്യരും തിന്മകള്‍ സംഭവിക്കാത്തവരുമായിരിക്കും. 
മുഹമ്മദ്‌ നബി صلى الله عليه وسلم അന്തിമ പ്രവാചകനാണ്‌. 
അന്ത്യദിനം വരെയുള്ള ആളുകളിലേക്ക് ഇസ്‌ലാമിനെ എത്തിക്കുക എന്ന ദൗത്യം നബി صلى الله عليه وسلم പരിപൂര്‍ണ്ണമാക്കിയാണ് വിടവാങ്ങിയിട്ടുള്ളത്. 
محمد رسول الله പ്രഖ്യാപിക്കുന്നവന്‍ റസൂല്‍ صلى الله عليه وسلم യെ കൃത്യമായി പിന്‍പറ്റണം. റസൂല്‍ صلى الله عليه وسلم പറയുന്നത് അനുസരിക്കുകയും വിരോധിച്ച്ചതില്‍ നിന്ന് വിട്ടുനില്‍ക്കുകയും വേണം. അത് പോലെ റസൂല്‍ صلى الله عليه وسلم പഠിപ്പിച്ച കാര്യങ്ങള്‍ അത് പോലെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നവനാവുകയും വേണം. 
റസൂല്‍ صلى الله عليه وسلم എല്ലാ നന്‍മകളും നമുക്ക് പഠിപ്പിച്ചു തന്നതിനാല്‍ മതത്തിലേക്ക് നമ്മുടെ വകയായി ഒന്നും കടത്തിക്കൂട്ടാന്‍ നമുക്ക് പാടുള്ളതല്ല. 

രണ്ട് സാക്ഷ്യവാക്യങ്ങള്‍ കഴിഞ്ഞാല്‍ ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ കര്‍മ്മമാണ് നമസ്കാരം. അത് എല്ലാവര്‍ക്കും നിര്‍ബന്ധ ബാധ്യതയാണ്. മതം അനുശാസിക്കുന്ന പോലെ അത് നടപ്പിലാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. 
നമസ്കാരം ഉപേക്ഷിക്കുന്നവന്‍ സത്യനിഷേധി ആയിരിക്കുന്നു എന്ന് റസൂല്‍ صلى الله عليه وسلم അറിയിച്ചിട്ടുണ്ട്. ഒരാള്‍ ഇസ്‌ലാമിലേക്ക് കടന്ന് വരുന്നതോടു കൂടി അദ്ദേഹത്തിന് നമസ്കാരം നിര്‍ബന്ധമാണ്‌. നമസ്കാരം എന്ന ആരാധനാ കര്‍മം കൊണ്ട് ഇഹത്തിലും പരത്തിലും ധാരാളം നേട്ടങ്ങള്‍ കൈവരിക്കാനാകും. 
നമസ്കാരത്തിന് ശേഷം ഉള്ള പ്രധാന ആരാധനയാണ് സകാത്ത്. അത് ധനികന്‍റെ ഔദാര്യമല്ല, മറിച്ച് അത് പാവപ്പെട്ടവന്‍റെ അവകാശമാണ്. അത് നല്‍കുന്നതില്‍ അമാന്തം കാണിച്ചാല്‍ അവനോട് യുദ്ധം വരെ ചെയ്യാം എന്നാണ് ഈ ഹദീസ് അറിയിക്കുന്നത്. 
സമ്പത്തിന്‍റെ സകാത്ത് നല്‍കുമ്പോള്‍ അത് മുഖേന സമ്പത്തില്‍ വളര്‍ച്ചയും അത് നല്‍കിയ ആളുടെ ഹൃദയത്തില്‍ ശുദ്ധതയും ഉണ്ടാകും. സകാത്ത് നല്‍കാത്ത സമ്പത്തില്‍ ബറകത്ത് ഉണ്ടാവുകയില്ല. മാത്രമല്ല അത് അതിന്‍റെ ആള്‍ക്ക് നാശമായി ഭവിക്കുകയും ചെയ്യും. 

ഈ കാര്യങ്ങള്‍ അംഗീകരിച്ച ആളുകളോട് പിന്നെ യുദ്ധം ചെയ്യാന്‍ പാടില്ല. അത് പ്രഖ്യാപിച്ചാല്‍ തന്നെ അവരുടെ രക്തങ്ങളും സമ്പത്തുക്കളും സുരക്ഷിതമാകും. 
ഒരാള്‍ യുദ്ധ വേളയില്‍ 'രണ്ട് സാക്ഷ്യവാക്യങ്ങള്‍' പ്രഖ്യാപിക്കുകയും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കുകയും ചെയ്‌താല്‍ അയാളോട് യുദ്ധം ചെയ്യാന്‍ പാടുള്ളതല്ല. 
അയാള്‍ പറഞ്ഞത് രക്ഷപ്പെടാന്‍ വേണ്ടിയാണ് എന്ന് വിധിപറയാനും പാടില്ല. കാരണം അവരുടെ വിചാരണ അല്ലാഹുവിന്‍റെ പക്കലാണ്. അവരുടെ മനസുകളിലുള്ളത് ചികഞ്ഞ് അന്വേഷിക്കേണ്ട കാര്യം ആര്‍ക്കും ഇല്ല. 
ഇസലാമിന്‍റെ വിധികള്‍ പ്രത്യക്ഷമായ തെളിവുകള്‍ നോക്കിയാണ് എന്ന് ഈ ഹദീസ് അറിയിക്കുന്നു. 

Sunday, 25 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 218 دروس الحديث - മതം എല്ലാവര്‍ക്കുമുള്ള ഗുണകാംക്ഷയാണ്


 الأربعون النووية-حديث:7 



മതം എല്ലാവര്‍ക്കുമുള്ള ഗുണകാംക്ഷയാണ്

عَنْ أَبِي رُقَيَّةَ تَمِيمِ بْنِ أَوْسٍ الدَّارِيِّ رضي الله عنه  أَنَّ النَّبِيَّ صلى الله عليه وسلم قَالَ: "الدِّينُ النَّصِيحَةُ. قُلْنَا: لِمَنْ؟ قَالَ لِلَّهِ، وَلِكِتَابِهِ، وَلِرَسُولِهِ، وَلِأَئِمَّةِ الْمُسْلِمِينَ وَعَامَّتِهِمْ" .

رَوَاهُ مُسْلِمٌ [رقم: 55]. 

അബൂറുക്വയ്യ തമീമു ബ്നുഔസുദ്ദാരി  رضي الله عنه പറഞ്ഞു: നബി صلى الله عليه وسلم പറഞ്ഞു: മതം ഗുണകാംക്ഷയാണ്. ഞങ്ങള്‍ ചോദിച്ചു: ആരോടൊക്കെ? നബി صلى الله عليه وسلم പറഞ്ഞു: അല്ലാഹുവിനോടും അവന്‍റെ വിശുദ്ധ ഗ്രന്ഥത്തിനോടും അവന്‍റെ റസൂലിനോടും മുസ്‌ലിം നേതാക്കളോടും മുസ്‌ലിം പൊതുജനങ്ങളോടും. 

വിവരണം

നസീഹ (ഗുണകാംക്ഷ) വിശാലമായ അര്‍ത്ഥങ്ങളുള്ള ഒരു പദമാണ്; ഇതിന്‍റെ ആശയം; മറ്റൊരാളിനായി നല്ലത് ആഗ്രഹിക്കുന്നതും അതിലേക്കുള്ള പ്രവൃത്തിയുമാണ്.
മതം ഗുണകാംക്ഷയാണ് എന്നാല്‍ മതത്തിന്‍റെ പ്രധാനപ്പെട്ട വിഷയമാണ് ഗുണകാംക്ഷ എന്നാണ്. ഇസ്ലാമിന്‍റെ അടിസ്ഥാന കാര്യങ്ങളില്‍ പെട്ടതാണ് ഇത്. 
പരസ്പരം ഗുണകാംക്ഷയുണ്ടാകല്‍ ഈ മതത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതുമാണ്. റസൂല്‍ صلى الله عليه وسلم ഈ കാര്യം ജീവിതത്തിലൂടെ നമുക്ക് ശരിക്കും കാണിച്ച് തന്നിട്ടുണ്ട്. 
ജനങ്ങള്‍ക്കിടയിലെ നല്ല ഇടപെടലുകളില്‍ പെട്ടതാണ് അവര്‍ക്കിടയില്‍ നല്ല നിലക്ക് പരസ്പരം ഉപദേശങ്ങളും ഗുണകാംക്ഷകളും ഉണ്ടാവുക എന്നത്.
ആര്‍ ആരോടൊക്കെ എങ്ങിനെയെല്ലാം ഗുണകാംക്ഷ കാണിക്കണം എന്ന് ഈ ഹദീസ് അറിയിക്കുന്നു.  സ്വഹാബിമാര്‍ നബി صلى الله عليه وسلم യോട് അത് വിശദമായി ചോദിച്ച് മനസ്സിലാക്കിയിട്ടുണ്ട്. .

നസീഹയുടെ ഇനങ്ങള്‍

  • അല്ലാഹുവിനോടുള്ള നസീഹ:
  • അവന്‍റെ ഗ്രന്ഥത്തോടുള്ള നസീഹ:
  • അവന്‍റെ പ്രവാചകനോടുള്ള നസീഹ:
  • മുസ്‌ലിം നേതാക്കളോടുള്ള നസീഹ:
  • മുസ്ക‌ലിംളോടുള്ള നസീഹ:

അല്ലാഹുവിനോടുള്ള നസീഹ:


അല്ലാഹുവിനോടുള്ള നസ്വീഹത്ത് എന്നാല്‍ അല്ലാഹുവിനെ ഏകാനാക്കുന്നതില്‍ വിശ്വാസം കുറ്റമറ്റതാക്കലാണത്. അത് പോലെ അല്ലാഹുവിനെ ആരാധിക്കുന്നതില്‍ നിയ്യത്ത് (ഉദ്ദേശം) നേരെയാക്കലും അതില്‍ പെടുന്നു. 
ഇമാം നവവി رحمه الله പറയുന്നു: 'അല്ലാഹുവിലുള്ള നസ്വീഹത്ത് എന്നാല്‍ അവനിലുള്ള വിശ്വാസത്തിലേക്ക് പൂര്‍ണ്ണമായി തിരിയലും അല്ലാഹുവില്‍ പങ്ക് ചെര്‍ക്കാതിരിക്കലും, അല്ലാഹുവിന്‍റെ വിശേഷണങ്ങളില്‍ നിരീശ്വരത്വം ഒഴിവാക്കലും, അല്ലാഹുവിനെ പരിപൂര്‍ണ്ണവും മഹത്വമേറിയതുമായ വിശേഷണങ്ങള്‍ കൊണ്ട് വിശേഷിപ്പിക്കലും എല്ലാ കുറവുകളില്‍ നിന്നും അല്ലാഹുവിനെ പരിശുദ്ധമാക്കലും അല്ലാഹുവിന്‍റെ കല്‍പനകള്‍ അനുസരിക്കുകയും അവനെ ധിക്കരിക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കലും അല്ലാഹുവിന്‍റെ വിഷയത്തില്‍ സ്നേഹിക്കലും വെറുക്കലും അല്ലാഹുവിനെ അനുസരിക്കുന്നവരോട് ആത്മ ബന്ധമുണ്ടാക്കലും അവനോട് അനുസരണക്കേട്‌  കാണിക്കുന്നവരോട് വെറുപ്പ് ഉണ്ടാവുകയും ചെയ്യലും അവനില്‍ അവിശ്വസിക്കുന്നവരോട് ധര്‍മ സമരത്തിലേര്‍പ്പെടലും അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെ തിരിച്ചറിയലും അവക്ക് നന്ദിയര്‍പ്പിക്കലും എല്ലാ കാര്യങ്ങളിലും ആത്മാര്‍ഥതയുണ്ടാവലും മുകളിൽ പറയപ്പെട്ട എല്ലാ ഗുണങ്ങളിലേക്കും ആളുകളെ ക്ഷണിക്കലും അതിലേക്ക് പ്രേരിപ്പിക്കലും, ഈ ഗുണങ്ങൾ ആളുകളിൽ പ്രചരിപ്പിക്കാൻ സ്നേഹത്തോടുകൂടിയ ശ്രമം നടത്തലും ആണ്. (ശര്‍ഹുന്നവവി 2/38)

അല്ലാഹുവിന്‍റെ ഗ്രന്ഥത്തോടുള്ള നസീഹ:

"അല്ലാഹുവിന്‍റെ ഗ്രന്ഥത്തോടുള്ള നസീഹത്ത് എന്നതിന്‍റെ അർത്ഥം: അത് അല്ലാഹുവിന്‍റെ കലാം (വാക്ക്) ആണ് എന്നും അവന്‍ ഇറക്കിയതാണ് എന്നും വിശ്വസിക്കുക; അതില്‍ സൃഷ്ടികളുടെ വാക്കുകളോട് യാതൊരു സാമ്യവുമില്ലെന്നും, സൃഷ്ടികളിൽ ആര്‍ക്കും അതിന് തുല്യമായത് കൊണ്ടുവരാൻ കഴിയില്ലെന്നും അംഗീകരിക്കുക. അതിനെ മഹത്വപ്പെടുത്തലും അതിനെ ശരിയായ നിലയില്‍ പാരായണം ചെയ്യുകയും, പാരായണം ചെയ്യുമ്പോള്‍ ശബ്ദം നന്നാക്കലും  ഭയഭക്തിയോടെ പാരായണം ചെയ്യലും, പാരായണം ചെയ്യുമ്പോൾ അതിന്‍റെ അക്ഷരങ്ങൾ ശരിയായി ഉച്ചരിക്കലും, ദുര്‍വ്യാഖ്യാനക്കാരുടെ ദുര്‍വ്യാഖ്യാനത്തില്‍നിന്നും ആക്ഷേപകരില്‍ നിന്നും അതിനെ സംരക്ഷിക്കലും.
അതിലുള്ള കാര്യങ്ങളെ സത്യപ്പെടുത്തലും അംഗീകരിക്കലും  അതിലെ  നിയമങ്ങൾക്കനുസരിച്ച് ജീവിക്കലും, അതിലെ വിജ്ഞാനങ്ങളെയും ഉപമകളേയും മനസ്സിലാക്കലും, അതിലെ ഉപദേശങ്ങളില്‍ നിന്ന്  പാഠം ഉള്‍ക്കൊള്ളലും, അതിലെ അദ്ഭുതങ്ങളിൽ ചിന്തിക്കലും, അതിലെ വ്യക്തമായ നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കലും, അതിലെ മുതശാബിഹുകളില്‍ (സംശയമുള്ള) ഭാഗങ്ങളിൽ നിന്നു മാറിനില്‍ക്കലും, അതിലെ പൊതുവായ കാര്യങ്ങളും പ്രത്യേകമായ കാര്യങ്ങളും, നാസിഖും മൻസുഖും (നിയമം റദ്ദായതും അതിനെ റദ്ദാക്കിയതിനെയും)  കുറിച്ച് പഠിക്കലും, അത് സംബന്ധിച്ച അറിവുകള്‍ പ്രചരിപ്പിക്കലും, മറ്റുള്ളവരെ അതിലേക്കും മേൽ പറഞ്ഞ അതിന്‍റെ നസീഹത്തുകളിലേക്കും ആളുകളെ ക്ഷണിക്കലുമാണ്(ശര്‍ഹുന്നവവി 2/38).

അവന്‍റെ പ്രവാചകനോടുള്ള നസീഹ:

ഇബ്നു റജബ് رحمه الله പറഞ്ഞു: റസൂല്‍ صلى الله عليه وسلم യിലും  അദ്ദേഹം കൊണ്ടുവന്നതിലും വിശ്വസിക്കുകയും, അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും, അദ്ദേഹത്തെ പൂർണമായും അനുസരിക്കുകയും അദ്ദേഹത്തിന്‍റെ ചര്യകളെ ജീവിപ്പിക്കലും, അതിന്‍റെ ജ്ഞാനങ്ങളെ പ്രചരിപ്പിക്കലും, പ്രവാചകനോടും അദ്ദേഹത്തിന്‍റെ സുന്നത്തിനോടും ശത്രുത കാണിക്കുന്നവരോട് ശത്രുതാഭാവം പുലർത്തലും, അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ സുന്നത്തിനേയും പിന്തുടരുന്നവരോട് സ്നേഹ ബന്ധത്തില്‍ വര്‍ത്തിക്കലും അദ്ദേഹത്തിന്‍റെ സ്വഭാവങ്ങള്‍ കൊണ്ട് സ്വഭാവം കാണിക്കലും അദ്ദേഹത്തിന്‍റെ കുടുംബത്തോടും സ്വഹാബികളോടും സ്നേഹമുണ്ടാകലുമാണ് റസൂല്‍ صلى الله عليه وسلم യോടുള്ള  നസീഹത്തിന്‍റെ ഭാഗങ്ങൾ. "ജാമിഉല്‍ ഉലൂം വൽഹികം" (1/233).

മുസ്‌ലിം നേതാക്കളോടുള്ള നസീഹ:

ഇമാം നവവി رحمه الله പറഞ്ഞു: "അവരെ സത്യം പാലിക്കാൻ സഹായിക്കല്‍, അതിലുള്ള കാര്യങ്ങളിലും അതനുസരിച്ചുള്ള അവരുടെ കല്‍പനകളിലും അവരെ അനുസരിക്കല്‍, അവരെ നല്ല നിലയില്‍ ഉണര്‍ത്തുകയും ഓര്‍മപ്പെടുത്തുകയും ചെയ്യല്‍, മുസ്‌ലിംകളുടെ അവകാശങ്ങളില്‍ പെട്ട അവര്‍ അശ്രദ്ധയിലായിട്ടുള്ളതോ അവര്‍ക്ക് എത്തിയിട്ടില്ലാത്തതോ ആയ കാര്യങ്ങള്‍ അവരെ അറിയിക്കല്‍, അവര്‍ക്കെതിരെ ഇറങ്ങി പുറപ്പെടാതിരിക്കല്‍, അവരെ അനുസരിക്കുന്നതില്‍ ജനമനസ്സുകളെ ഇണക്കലും അവരോടുള്ള നസ്വീഹത്തില്‍ പെട്ടതാണ്".

ഇമാം ഖത്വാബി رحمه الله പറഞ്ഞു: ‘അവർക്കുള്ള നസീഹത്തിൽ ഉൾപ്പെടുന്നത്: അവരുടെ പിന്നിൽ നമസ്കരിക്കലും, അവരോടൊപ്പം ജിഹാദ് നടത്തലും,
അവരിലേക്ക് സകാത്ത് നൽകലും, അവരിൽ നീതികേടോ ദുർവ്യവഹാരമോ കണ്ടാല്‍ അവര്‍ക്കെതിരെ ആയുധമെടുത്ത് ഇറങ്ങാതിരിക്കലും കള്ള പ്രശംസ കൊണ്ട് അവരെ വഞ്ചിക്കാതിരിക്കലും, അവര്‍ക്ക് നന്മക്കായി പ്രാര്‍ഥിക്കലും അവരോടുള്ള നസ്വീഹത്തില്‍ പെട്ടതാണ്. (ശര്‍ഹുന്നവവി 2/38).


സാമാന്യ മുസ്ലിംകളോടുള്ള നസീഹ:

ഇബ്നു റജബ് رحمه الله പറഞ്ഞു: "പൊതു മുസ്‌ലിംകൾക്കുള്ള നസീഹത് എന്നു പറയുന്നത്: സ്വന്തത്തിന് ഇഷ്ടപ്പെടുന്നത്  മറ്റുള്ളവർക്കും  ആഗ്രഹിക്കുക, സ്വന്തത്തിന് വെറുപ്പുള്ളത് അവര്‍ക്ക് സംഭവിക്കുന്നതിനെയും വെറുക്കുക, അവരുടെ മേല്‍ സഹാനുഭൂതി കാണിക്കുക, അവരിലെ ചെറിയവരോട് കാരുണ്യം കാണിക്കുകയും വലിയവരെ ബഹുമാനിക്കുകയും ചെയ്യുക, അവരുടെ ദുഃഖത്തില്‍ ദുഃഖിക്കുക, അവരുടെ സന്തോഷത്തില്‍ സന്തോഷിക്കുക, അത് അങ്ങനെ ചെയ്യുന്നവന്‍റെ ജീവിതത്തില്‍ ചില പ്രയാസങ്ങള്‍ ഉണ്ടാക്കിയാലും. ഉദാഹരണത്തിന്: ഒരാള്‍ (കച്ചവടത്തില്‍) അവര്‍ക്ക് വില കുറച്ച് നല്‍കുന്നു. കച്ചവടത്തില്‍ അത് കുറച്ച് ലാഭം ഇല്ലാതാക്കുമെങ്കിലും (അവരുടെ സന്തോഷത്തില്‍ സന്തോഷം കാണാന്‍ കഴിയണം). 
അത് പോലെ അവര്‍ക്ക് പൊതുവായി ദോഷം ഉണ്ടാക്കുന്ന കാര്യങ്ങളില്‍ (ദുഃഖമുണ്ടാകലും), അവരുടെ നന്മയിലും ഇണക്കത്തിലും അവരില്‍ അനുഗ്രഹങ്ങള്‍ തുടരുന്നതിലും  ഇഷ്ടപ്പെടമുണ്ടാകലും, അവരുടെ ശത്രുവിനെതിരെ അവരെ സഹായിക്കലും, അവര്‍ക്ക് മേലുള്ള എല്ലാ ഉപദ്രവങ്ങളെയും വെറുക്കപ്പെട്ട കാര്യങ്ങളെയും പ്രതിരോധിക്കലും തുടങ്ങിയവയാണ്. (ജാമിഉൽ ഉലൂം വൽഹികം: 80).

നസീഹ എന്നത് ഇസ്‌ലാമിന്‍റെ അടിത്തറയിൽ ഒന്നാണ്. അത് ഹൃദയത്തിന്‍റെ ശുദ്ധതയേയും ഉദ്ദേശ്യത്തിന്‍റെ ഇഖ്ലാസ്വിനേയും പ്രതിനിധീകരിക്കുന്നു. അല്ലാഹുവിനോടും അവന്‍റെ ഗ്രന്ഥത്തോടും പ്രവാചകനോടും നേതാക്കളോടും ഒപ്പം ജനങ്ങളോടും നിഷ്കളങ്കമായ ഉദ്ദേശത്തോടെയുള്ള നല്ല സമീപനം നസീഹയുടെ രൂപങ്ങളില്‍ പെട്ടതാണ്. 

Friday, 23 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 217 دروس الحديث - നിഷിദ്ധങ്ങളും അനുവദനീയ കാര്യങ്ങളും വ്യക്തമാണ്

 الأربعون النووية-حديث:6 



നിഷിദ്ധങ്ങളും അനുവദനീയ കാര്യങ്ങളും വ്യക്തമാണ്

عَنْ أَبِي عَبْدِ اللَّهِ النُّعْمَانِ بْنِ بَشِيرٍ رَضِيَ اللَّهُ عَنْهُمَا، قَالَ: سَمِعْت رَسُولَ اللَّهِ صلى الله عليه وسلم  يَقُولُ: "إنَّ الْحَلَالَ بَيِّنٌ، وَإِنَّ الْحَرَامَ بَيِّنٌ، وَبَيْنَهُمَا أُمُورٌ مُشْتَبِهَاتٌ لَا يَعْلَمُهُنَّ كَثِيرٌ مِنْ النَّاسِ، فَمَنْ اتَّقَى الشُّبُهَاتِ فَقْد اسْتَبْرَأَ لِدِينِهِ وَعِرْضِهِ، وَمَنْ وَقَعَ فِي الشُّبُهَاتِ وَقَعَ فِي الْحَرَامِ، كَالرَّاعِي يَرْعَى حَوْلَ الْحِمَى يُوشِكُ أَنْ يَرْتَعَ فِيهِ، أَلَا وَإِنَّ لِكُلِّ مَلِكٍ حِمًى، أَلَّا وَإِنَّ حِمَى اللَّهِ مَحَارِمُهُ، أَلَّا وَإِنَّ فِي الْجَسَدِ مُضْغَةً إذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ، أَلَا وَهِيَ الْقَلْبُ".

رَوَاهُ الْبُخَارِيُّ [رقم:52]، وَمُسْلِمٌ [رقم:1599].  

അബൂഅബ്ദില്ലാ നുഅ'മാനു ബ്നു ബഷീര്‍ رَضِيَ اللَّهُ عَنْهُمَا പറഞ്ഞു: അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم പറയുന്നതായി ഞാന്‍ കേട്ടു. നിശ്ചയം ഹലാല്‍ (അനുവദനീയ കാര്യങ്ങള്‍) വ്യക്തമാണ്, നിശ്ചയം ഹറാമും (നിഷിദ്ധ കാര്യങ്ങള്‍) വ്യക്തമാണ്. അവ രണ്ടിനുമിടയില്‍ സംശയമുള്ള (വ്യക്തമല്ലാത്ത) കാര്യങ്ങളുണ്ട്, ഭൂരിഭാഗം ആളുകള്‍ക്കും അവയെ അറിയില്ല. അതിനാൽ സംശയാസ്പദമായ കാര്യങ്ങളിൽ നിന്നു ആര് വിട്ട് നില്‍ക്കുന്നുവോ അവന്‍ തന്‍റെ മതത്തെയും അഭിമാനത്തെയും സംരക്ഷിക്കുന്നു; ആര്  സംശയാസ്പദങ്ങളിൽ വീഴുന്നുവോ അവൻ ഹറാമിൽ (നിഷിദ്ധത്തിൽ) പതിക്കാറാകുന്നു. ഒരു ആട്ടിടയന്‍ ഒരു സംരക്ഷിത വലയത്തിന് ചുറ്റും ആടിനെ മേയ്ക്കുന്നത് പോലെയാണിത്, ആടുകള്‍ അതില്‍ (സംരക്ഷിത സ്ഥലത്ത്) മേയാന്‍ സാധ്യതയേറുന്നു. അറിയുക.. നിശ്ചയം എല്ലാ രാജാവിനും സംരക്ഷണ വലയമുണ്ട്. അറിയുക നിശ്ചയം അല്ലാഹുവിന്‍റെ സംരക്ഷണ വലയം അവന്‍റെ നിഷിദ്ധങ്ങളാണ്. അറിയുക.. നിശ്ചയം ശരീരത്തില്‍ ഒരു മാംസക്കഷ്ണമുണ്ട്, അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത് കേടായാല്‍ ശരീരം മുഴുവനും കേടാവും. അറിയുക.. അതാണ്‌ ഹൃദയം.

വിവരണം

ഈ ഹദീസ് മതത്തിന്‍റെ അടിത്തറകളില്‍ പെട്ടതാണ്. അത് ഹലാലും ഹറാമും വ്യക്തമാണ് എന്നത് അറിയിക്കുന്നതാണ്. 
ഹലാലും ഹറാമും വ്യക്തമാക്കിയത് അല്ലാഹുവിന്‍റെ ഔദാര്യമാണ്‌.
എന്നാല്‍ അവക്കിടയില്‍ സംശയാസ്പദമായ കാര്യങ്ങളുണ്ട്. അവയില്‍ നിന്ന് വിട്ട് നില്‍ക്കണം.
കാര്യങ്ങള്‍ മൂന്ന് വിധമാണ്:
ഒന്ന്: ഹലാല്‍ ആണെന്ന് വ്യക്തമായ കാര്യങ്ങള്‍.
രണ്ട്: ഹറാം ആണെന്ന് വ്യക്തമായ കാര്യങ്ങള്‍
മൂന്ന്: ഹലാലോ ഹറാമോ എന്നതില്‍ സംശയമുള്ള കാര്യങ്ങള്‍.
സംശയമുള്ള കാര്യങ്ങളെ കുറിച്ച് ഭൂരിഭാഗം ആളുകള്‍ക്കും അത് ഹലാലില്‍ പെടുമോ ഹറാമില്‍ പെടുമോ എന്നും അവ ചെയ്താലുള്ള വിധിയെന്താണ് എന്നും അറിയില്ല, ആയതിനാല്‍ തന്നെ അതില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് വേണ്ടത്.
എന്നാല്‍ വിവരമുള്ളവര്‍ക്ക് അതില്‍ നിന്ന് രക്ഷപ്പെടാനാകും. ജനങ്ങളില്‍ കൂടുതല്‍ ആളുകള്‍ ഈ കാര്യങ്ങളെ പരസ്പരം ഇടകലര്‍ത്തിയാണ് ചെയ്യുന്നത്. അറിവുള്ളവനേ അവയെ വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സാധിക്കൂ. ഇത്തരം കാര്യങ്ങളില്‍ സംശയമുള്ളവര്‍ ഹറാമില്‍ പെടാതിരിക്കാന്‍ അതിനെ കുറിച്ച് ചോദിച്ചു മനസ്സിലാക്കണം. 
സംശയാസ്പദമായ കാര്യങ്ങള്‍ ചെയ്യാതെ അതില്‍ നിന്നു വിട്ട് നില്‍ക്കുന്നവര്‍ തന്‍റെ മതത്തെയും അഭിമാനത്തേയുമാണ് കാത്തുസൂക്ഷിക്കുന്നത്. മതത്തെയും അഭിമാനത്തെയും സംരക്ഷിക്കല്‍ അതിപ്രധാനമായ കാര്യമാണ്. 
ഇന്ന കാര്യം ഹലാലാണോ ഹറാമാണോ എന്ന് സംശയമുള്ളത് ചെയ്യാതിരിക്കുകയും അതില്‍ നിന്നു വിട്ട് നില്‍ക്കുകയുമാണ്‌ വേണ്ടത്. അപ്പോള്‍ അവന്‍ അതില്‍ പെട്ടുപോകാതിരിക്കുന്നു. 
ആരെങ്കിലും സംശയാസ്പദ കാര്യങ്ങളില്‍ ഇടപെട്ടാല്‍ അവന്‍ ഹറാമില്‍ പെട്ടുപോകുന്നതാണ്. അവയോടടുത്ത് പോകരുതെന്നാണ് റസൂല്‍ صلى الله عليه وسلم പഠിപ്പിക്കുന്നത്. അവയോട് അടുത്ത് പോയാല്‍ ഹറാമിലേക്കാണ് ചെന്ന് പെടുക എന്നതിനാലാണത്. 
ചില പൂര്‍വ്വികര്‍ പറഞ്ഞത് നോക്കൂ: 'ആരെങ്കിലും സ്വന്തത്തെ സംശയാസ്പദമായവായില്‍ ഇടപെടുത്തിയാല്‍, അത് മുഖേന അയാളെ കുറിച്ച് മോശം ചിന്ത വെക്കുന്നവരെ അവന്‍ ആക്ഷേപിക്കുകയേ അരുത്'. 
ഇവിടെ റസൂല്‍ صلى الله عليه وسلم ഒരു ഉപമ അറിയിക്കുന്നു. ഒരു സംരക്ഷിത സ്ഥലത്തിന് ചുറ്റും ഒരാള്‍ ആടിനെ മേക്കുകയാണ്. ആടുകള്‍ സംരക്ഷിത സ്ഥലത്തേക്ക് പോകാനിടയുണ്ട്. ആട്ടിടയന്‍ ചെയ്യേണ്ടത് അവയെ ആ സംരക്ഷണ വലയത്തിന് അകലേക്ക് മേയാന്‍ കൊണ്ട് പോകലാണ്. അതാണ്‌ സൂക്ഷ്മത. ആ ആട്ടിടയനെ പോലെ നമ്മള്‍ ആവരുത്. സംശയമുള്ള കാര്യങ്ങളില്‍ നിന്ന് അകലം പാലിച്ച് കൊണ്ട് നാം സൂക്ഷമതയുള്ളവരാകണം. അതാണ്‌ നമ്മുടെ മതത്തിനും അഭിമാനത്തിനും നല്ലത്. 
മനുഷ്യ ഹൃദയങ്ങളും ആടുകളെ പോലെയാണ്, അഥവാ സംശയങ്ങളില്‍ അതിനെ മേയാന്‍ വിട്ടാല്‍ അത് ഫിത്നകളില്‍ ചെന്ന് ചാടിയേക്കാം. അതിനാല്‍ തന്നെ അത്തരം കാര്യങ്ങളില്‍ നിന്ന് ഹൃദയത്തെ അകറ്റി നിര്‍ത്തണം. 
എല്ലാ രാജക്കാന്മാരും അവരുടെതായ സംരക്ഷണ സ്ഥലങ്ങളും വേലികളും സ്ഥാപിക്കും. എന്നാല്‍ അല്ലാഹുവിന്‍റെ സംരക്ഷണ വലയം എന്നത് നിഷിദ്ധങ്ങളാണ്. ആ സംരക്ഷണ വലയത്തിലേക്ക് നാം അടുത്ത് പോകരുത്. അത് കൊണ്ട് തന്നെയാണ് സംശയമുള്ള കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം എന്ന് പറയുന്നതും. സൂക്ഷ്മത ഇല്ലാത്തവരുടെ  ഹൃദയങ്ങള്‍  നിഷിദ്ധങ്ങളിലേക്ക് ആകൃഷ്ടമാകാന്‍ സാധ്യത ഏറെയാണ്‌. 
പ്രത്യക്ഷമായ കര്‍മങ്ങള്‍ നന്നാക്കുന്നതിന്‍റെ ലക്ഷ്യം ഹൃദയത്തിന്‍റെ നന്നാവലാണ്. ഹൃദയം നന്നായാല്‍ നമ്മുടെ എല്ലാ കര്‍മങ്ങളും നന്നാവുകയും ചെയ്യും. 
ഹൃദയം നന്നായാല്‍ ശരീരവും നന്നാവുകയും ആരോഗ്യമുള്ളതുമാകും. അത് കേടായാല്‍ ശരീരത്തില്‍ മുഴുവന്‍ അതിന്‍റെ പ്രതിഫലനം ഉണ്ടാകും. നന്മകളില്‍ മുഴുകുമ്പോള്‍ ഹൃദയവും ശരീരവും ശോഭയുള്ളതാവുകയും തിനമകളില്‍ ഇടപെടുമ്പോള്‍ ഹൃദയത്തില്‍ നിന്നും ശരീരത്തില്‍ നിന്നും ആ ശോഭ നഷ്ടപ്പെടുകയും തളര്‍ച്ചയും പ്രയാസങ്ങളും ഉണ്ടാവുകയും ചെയ്യും.

ഒമ്പത് കാര്യങ്ങള്‍ കൊണ്ട് ഹൃദയം നന്നാകുമെന്ന് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. അവ: 
1- ചിന്തിച്ച് കൊണ്ടുള്ള ക്വുര്‍ആന്‍ പാരായണം, 
2- ഭക്ഷണം കുറക്കല്‍, 
3- രാത്രി നമസ്കാരം, 
4- രാത്രിയുടെ അന്ത്യയാമങ്ങളില്‍ അല്ലാഹുവിനോട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കല്‍, 
5- നല്ലവരോടൊപ്പം സഹാവസിക്കല്‍, 
6- ഉപകാരമില്ലാത്ത കാര്യങ്ങളില്‍ മൗനം പാലിക്കല്‍, 
7- വിവരക്കേട് ഉള്ളവരെ വിട്ടൊഴിയല്‍, 
8- ജനങ്ങളുടെ കാര്യത്തില്‍ അനാവശ്യ ഇടപെടലുകള്‍ (വാകുകളും പ്രവൃത്തികളും) ഒഴിവാക്കല്‍, 
9- ഹലാല്‍ മാത്രം  ഭക്ഷിക്കലും ഉപയോഗിക്കലും.

ഹറാമുകളും അതിലേക്കെത്തിക്കുന്ന കാര്യങ്ങളും ഒഴിവാക്കണമെന്നും അവയെ സൂക്ഷിക്കണമെന്നും ഈ ഹദീസ് അറിയിക്കുന്നു. ഹറാമുകളിലേക്ക് എത്തിക്കുന്ന വഴികള്‍ അടക്കണമെന്നും ഈ ഹദീസിന്‍റെ പാഠങ്ങളില്‍ പെട്ടതാണ്. 


623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...