ഫോളോ ചെയ്യാം

Friday, 16 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 210 دروس الحديث - അക്രമികളും വസ്ത്രം നേരെ ധരിക്കാത്ത സ്ത്രീകളും


 


അക്രമികളും 

വസ്ത്രം നേരെ ധരിക്കാത്ത സ്ത്രീകളും

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا، قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ، وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلاَتٌ مَائِلاَتٌ، رُؤُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ، لاَ يَدْخُلْنَ الْجَنَّةَ، وَلاَ يَجِدْنَ رِيحَهَا، وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ كَذَا وَكَذَا- رواه مسلم

അബൂഹുറൈറ رضي اللَّهُ عنه നിവേദനം. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ  പറഞ്ഞു: നരകത്തിലെ രണ്ട് വിഭാഗങ്ങള്‍! ഞാന്‍ അവരെ കണ്ടിട്ടില്ല.  ഒരു വിഭാഗം, അവരുടെ കയ്യില്‍ പശുക്കളുടെ വാലുകള്‍ പോലെയുള്ള ചാട്ടവാറുകള്‍ ഉണ്ട്. അവര്‍ അവ കൊണ്ട് ജനങ്ങളെ അടിക്കുന്നവരാണ്. (വേറൊരു വിഭാഗം) വസ്ത്രം ധരിച്ചിട്ടും നഗ്നരായിരിക്കുന്ന, സ്വയം വഴിതെറ്റിയവരും മറ്റുള്ളവരെ വഴിതെറ്റിക്കുന്നവരുമായ സ്ത്രീകളാണ്. അവര്‍ ഒരിക്കലും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല, അതിന്‍റെ സുഗന്ധം പോലും അനുഭവിക്കുകയില്ല. എന്നാല്‍, ഈ സുഗന്ധം ഇത്രയധികം (വളരെയേറെ) ദൂരെ നിന്ന് പോലും അനുഭവപ്പെടും.


വിവരണം


നരകക്കാരായ രണ്ട് വിഭാഗങ്ങളെ കുറിച്ചാണ് ഈ ഹദീസ് അറിയിക്കുന്നത്. അവ:

1-     ജനങ്ങളെ ദ്രോഹിക്കുന്ന ഒരു വിഭാഗം

2- വഴി തെറ്റുകയും മറ്റുള്ളവരെ വഴി തെറ്റിക്കുകയും ചെയ്യുന്ന ഒരു വിഭാഗം സ്ത്രീകള്‍ എന്നിവരാണ്.


ഈ രണ്ട് വിഭാഗങ്ങളെയും നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ കണ്ടിട്ടില്ല. അഥവാ ആ കാലത്ത് ഈ രണ്ട് വിഭാഗങ്ങള്‍ ഉടലെടുത്തിട്ടില്ല.


ഇതില്‍ ഒന്നാമത്തെ വിഭാഗം ജനങ്ങളെ ദ്രോഹിക്കുന്നവരാണ്. 

ഭരണാധികാരികളോ, മറ്റുള്ളവരോ ആരായാലും അന്യായമായി ജനങ്ങളെ ദ്രോഹിക്കുന്നവര്‍ എല്ലാം ഈ ഗണത്തില്‍ പെടും.


ജനങ്ങളെ അന്യായമായി ദ്രോഹിക്കാന്‍ ആര്‍ക്കും പാടില്ല. അത് നരകം ലഭിക്കാനുള്ള മാര്‍ഗ്ഗമായിത്തീരും. 


അക്രമം പാടില്ലെന്നും അത് അല്ലാഹു സ്വന്തത്തിന് തന്നെ നിഷിദ്ധമാക്കിയിട്ടുണ്ടെന്നും ആരും പരസ്പരം അക്രമം ചെയ്യരുതെന്നും അല്ലാഹു പറഞ്ഞിട്ടുണ്ടെന്ന് റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ നമ്മെ അറിയിച്ചിട്ടുണ്ട്. 


രണ്ടാമത്തെ വിഭാഗം: ഒരുകൂട്ടം സ്ത്രീകളാണ്. അവരുടെ പ്രത്യേകത അവര്‍ വസ്ത്രം ധരിച്ചിട്ടും നഗ്നത പ്രദര്‍ശിപ്പിക്കുന്നവരാണ് എന്നാണ്.

ഈ കാലത്ത് ഇത് വ്യാപകമായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നതാണ്. ശരീരത്തിന്‍റെ മറക്കേണ്ട ഭാഗങ്ങള്‍ വെളിവാക്കുന്ന രൂപത്തില്‍ വസ്ത്രം ധരിക്കുകയാണ് ഇന്ന്. ശരീര ഭാഗങ്ങള്‍ കാണുന്ന വിധം നേര്‍ത്തതോ, ഇടുങ്ങിയതോ, വലിപ്പമില്ലാത്തതോ  ആയ വസ്ത്രങ്ങള്‍ ധരിക്കുന്നവരാണ് അവര്‍.


كاسيات عاريات എന്നാല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ ധാരാളം ലഭിച്ചവരും എന്നാല്‍ അതിനുള്ള നന്ദി നല്‍കുന്നതില്‍ കുറവ് വരുത്തുന്നവരും ആണ് എന്നും പണ്ഡിതന്‍മാര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.


വസ്ത്രം ഒരു അനുഗ്രഹമാണ്. അത് അല്ലാഹു നല്‍കിയതാണ്. എന്നാല്‍ നഗ്നത മറക്കണം എന്ന് കല്പിച്ചതിനെ അവര്‍ ധിക്കരിക്കുന്നു. അത് അല്ലാഹുവിനോടുള്ള വലിയ നന്ദികേടാകുന്നു.


ഇത്തരത്തില്‍ വസ്ത്രം ധരിക്കുന്നവര്‍ വഴിതെറ്റിയവരും മറ്റുള്ളവരെ വഴി തെറ്റിക്കുന്നവരുമാണ്. അവര്‍ അവരുടെ സൗന്ദര്യം പ്രകടിപ്പിച്ച് ചാഞ്ഞും ചെരിഞ്ഞും നടക്കുന്നവരായിരിക്കും. അവരുടെ ജീവിതത്തില്‍ ഒരു സൂക്ഷ്മതയുമുണ്ടാവില്ല.


ഇങ്ങനെയുള്ള സ്ത്രീകള്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കുകയില്ല എന്ന് മാത്രമല്ല, സ്വര്‍ഗ്ഗത്തിന്‍റെ പരിമളം പോലും അവര്‍ക്ക് ലഭിക്കില്ല എന്നാണ് റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുള്ളത്. 


സ്വര്‍ഗ്ഗത്തിന്‍റെ പരിമളം എഴുപത് വര്‍ഷത്തെ വഴിദൂരം വരെ എത്തുന്നതായിരിക്കും. അത്രയും വലിയ അനുഗ്രഹങ്ങള്‍ അവരുടെ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ  നിഷിദ്ധമാകും.




No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...