ഫോളോ ചെയ്യാം

Sunday, 18 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 212 دروس الحديث - ഉദ്ദേശങ്ങള്‍ക്കനുസരിച്ചാണ് കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുക

 الأربعون النووية-حديث:1 


ഉദ്ദേശങ്ങള്‍ക്കനുസരിച്ചാണ് 

കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുക

عَنْ أَمِيرِ الْمُؤْمِنِينَ أَبِي حَفْصٍ عُمَرَ بْنِ الْخَطَّابِ رضي الله عنه  قَالَ: سَمِعْت رَسُولَ اللَّهِ صلى الله عليه وسلم  يَقُولُ: " إنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إلَى اللَّهِ وَرَسُولِهِ فَهِجْرَتُهُ إلَى اللَّهِ وَرَسُولِهِ، وَمَنْ كَانَتْ هِجْرَتُهُ لِدُنْيَا يُصِيبُهَا أَوْ امْرَأَةٍ يَنْكِحُهَا فَهِجْرَتُهُ إلَى مَا هَاجَرَ إلَيْهِ". -رواه البخاري ومسلم

ഉമറുബ്നുല്‍ ഖത്വാബ് رضي الله عنه പറഞ്ഞു: റസൂല്‍ صلى الله عليه وسلم പറയുന്നതായി ഞാന്‍ കേട്ടു. ഉദ്ദേശങ്ങള്‍ക്കനുസരിച്ച് മാത്രമേ കര്‍മങ്ങള്‍ (സ്വീകരിക്കപ്പെടുകയുള്ളൂ). ഓരോ മനുഷ്യനും അവനവന്‍ ഉദ്ദേശിച്ചത് ലഭിക്കും. ആരുടെയെങ്കിലും ഹിജ്റ (പാലായനം) അല്ലാഹുവിലേക്കും അവന്‍റെ റസൂലിലേക്കും (ലക്ഷ്യം വെച്ചുള്ളത്) ആണെങ്കില്‍ അവന്‍റെ ഹിജ്റ അല്ലാഹുവിലേക്കും അവന്‍റെ റസൂലിലേക്കും ആയിരിക്കുന്നു. ഇനി ആരുടെയെങ്കിലും ഹിജ്റ ദുന്‍യാവ് (ഇഹലോക സുഖം) ലഭിക്കാനോ ഒരു പെണ്ണിനെ കെട്ടാനോ ആണെങ്കില്‍ അപ്പോള്‍ അവന്‍റെ ഹിജ്റ അവന്‍ ഏതൊന്നിനാണോ ഹിജ്റ പോയത് അതിനുള്ളതാണ്.

വിവരണം

ഒരു മനുഷ്യന്‍റെ കര്‍മങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നത് അവന്‍റെ ഉദ്ദേശങ്ങള്‍ നോക്കിയാണ്. നല്ല ഉദ്ദേശങ്ങള്‍ അനുസരിച്ചുള്ളതിന് പ്രതിഫലം നല്‍കപ്പെടുകയും, മോശം ഉദ്ദേശങ്ങള്‍ക്കനുസരിച്ചുള്ളവക്ക് പ്രതിഫലം നല്കപ്പെടാതിരിക്കുകയുംചെയ്യും. ഒരു പക്ഷെ അതിന് ശിക്ഷ ലഭിക്കുകയും ചെയ്യും. 

ഓരോരുത്തര്‍ക്കും അവനവന്‍ ഉദ്ദേശിച്ചത് ലഭിക്കും എന്നുള്ളത് മതത്തിന്‍റെ മഹത്തായ ഒരു നിയമമാണ്.

അഥവാ നീ ഉദ്ദേശിക്കുന്നത് നീ ചെയ്യുക. അല്ലാഹു നിന്‍റെ ഹൃദയത്തെ നിരീക്ഷിക്കുന്നവനാണ്. നിന്‍റെ നിയ്യത്തിനനുസരിച്ച് നിനക്ക് പ്രതിഫലം നല്‍കപ്പെടുകയോ ശിക്ഷ നല്‍കപ്പെടുകയോ  ചെയ്യും. 


നന്മകള്‍ ചെയ്യുമ്പോള്‍ നമുക്ക് നല്ല ഉദ്ദേശങ്ങള്‍ ആയിരിക്കാം. പക്ഷെ പിശാച് നമ്മെ വഴിതെറ്റിക്കാനിടയുണ്ട്. നമ്മുടെ ഉദ്ദേശങ്ങള്‍ തെറ്റിക്കാന്‍ പിശാച് ശ്രമിക്കും എന്ന് നാം തിരിച്ചറിയണം. 

ഇസ്‌ലാമിലെ സുപ്രധാന കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വരെ നമ്മുടെ ഉദ്ദേശങ്ങള്‍ മാറിപ്പോകാന്‍ സാധ്യതയുണ്ട്. 

എല്ലാ കര്‍മങ്ങളും അല്ലാഹുവിന്‍റെ പ്രതിഫലം കാംക്ഷിച്ച് മാത്രം ചെയ്യണം. അത്  ചെറിയവയാണെങ്കിലും വലിയവയാണെങ്കിലും ശരി. 


ഒരാള്‍ ഹിജ്റ പോകുന്നത് മതപരമായ കാര്യങ്ങള്‍ മാത്രം ഉദ്ദേശിച്ചാണെങ്കില്‍ അവന്‍റെ പാലായനം ശരിയായിരിക്കുന്നു. അതില്‍ അവന്‍ ഉദ്ദേശിക്കുന്നത് അല്ലാഹുവിനെയും അവന്‍റെ റസൂലിനേയും മാത്രമാണ്. ആ ഹിജ്റയാണ് യഥാര്‍ത്ഥ ഹിജ്റ. 

എന്നാല്‍ ഒരാള്‍ ഹിജ്റ പോകുന്നു, പക്ഷെ അവന്‍ പോകുന്നത് ഭൗതിക സുഖങ്ങള്‍ക്കോ വിവാഹം കഴിക്കാനോ മറ്റോ ആണ്. എങ്കില്‍ അവന്‍റെ ആ ഹിജ്റ അവന്‍ ഉദ്ദേശിച്ച കാര്യത്തിന് മാത്രമുള്ളതാണ്. 

ഇസ്‌ലാമില്‍ അനുവദനീയമായ കാര്യങ്ങള്‍ ഉദ്ദേശിച്ച് യാത്ര പോകാം. അത്തരം കാര്യങ്ങള്‍ക്ക് അതിനനുസരിച്ചുള്ള പ്രതിഫലം ലഭിച്ചേക്കാം. എന്നാല്‍ യഥാര്‍ത്ഥ ഹിജ്റ മതം സംരക്ഷിക്കാന്‍ വേണ്ടി സ്വന്തം നാടും വീടും എല്ലാം ഉപേക്ഷിച്ച് പാലായനം ചെയ്യലാണ്. അതില്‍ ഹിജ്റ പോകുന്നവന്‍ ഉദ്ദേശിക്കുന്നത് മതത്തിന്‍റെ കാര്യങ്ങളാണ്. 

നിയ്യത്ത് എന്നാല്‍ ഹൃദയത്തിന്‍റെ ഉദ്ദേശമാണ്. അല്ലാഹുവിലേക്ക് അടുപ്പം ഉണ്ടാകാനുള്ള ഉദ്ദേശമാണത്. 

നിയ്യത്തിന്‍റെ സ്ഥാനം ഹൃദയമാണ്. അത് ഉറക്കെപറയേണ്ടതില്ല. 

ഇവിടെ ഹിജ്റയെ ഉപമിക്കാന്‍ കാരണം അറബികള്‍ സ്വന്തം നാടും ഭൂമിയും ഇഷ്ടമുള്ളവരായിരുന്നു. അവര്‍ അത് വിട്ട് പോകുമായിരുന്നില്ല. പോയാല്‍ തന്നെ അവര്‍ അവിടേക്ക് തന്നെ തിരിച്ചെത്തുമായിരുന്നു. മതം അനുസരിച്ച് ജീവിക്കാന്‍ സാധിക്കാത്ത നാടുകളില്‍ നിന്ന് ഹിജ്റ പോകാന്‍ ഇസ്‌ലാം ആണ് കല്‍പിച്ചത്. 


ഹദീസില്‍ നിന്നുള്ളപാഠങ്ങള്‍
  • കര്‍മങ്ങള്‍ സ്വീകരിക്കപ്പെടാനുള്ള നിബന്ധനയാണ് നിയ്യത്ത് ശരിയാവുക എന്നത്. 
  • പതിവ് കാര്യങ്ങളേയും ആരാധനാ കാര്യങ്ങളെയും വേര്‍തിരിക്കുന്നത് നിയ്യത്ത് ആണ്. അഥവാ ഭക്ഷണം കഴിക്കുന്നത് നല്ല ഉദ്ദേശത്തില്‍ അതിന്‍റെ കൃത്യമായ രൂപത്തിലാണെങ്കില്‍ അതിന് പ്രതിഫലമുണ്ട്. ഇല്ലെങ്കില്‍ അത് ഒരു പതിവ് മാത്രം ആകുന്നു. 
  • ആരാധനാ കാര്യങ്ങളില്‍ തന്നെ ചിലത് ചിലതിനെ വേര്‍തിരിക്കുന്നത് നിയ്യത്താണ്. അഥവാ നിര്‍ബന്ധ കാര്യങ്ങളും സുന്നത്തായ കാര്യങ്ങളും പോലെയുള്ളത്. 
  • നിയ്യത്ത് അനുസരിച്ച് കര്‍മങ്ങള്‍ നന്നാവുകയും പ്രതിഫലം വര്‍ദ്ധിക്കുകയും ചെയ്യും. 
  • ഒരേ കാര്യത്തില്‍ തന്നെ നിയ്യത്ത് കൊണ്ട് പ്രതിഫലങ്ങള്‍ വര്‍ധിക്കും. ഒരാള്‍ അംഗശുദ്ധി വരുത്തുമ്പോള്‍ അതിന്‍റെ നിയ്യത്ത് മനസ്സില്‍ കരുതുന്നു. അതോടൊപ്പം ശുദ്ധിയാവാനും, റസൂല്‍ صلى الله عليه وسلم യെ പിന്തുടരാനും പാപമോചനത്തിനും നിയ്യത്ത് വെക്കുമ്പോള്‍ അതിനൊക്കെയും പ്രതിഫലം ലഭിക്കുന്നു. 
  • നല്ലത് ഉദ്ദേശിച്ചാല്‍ അത് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും പൂര്‍ണ്ണമായ നന്മയായി അത് രേഖപ്പെടുത്തപ്പെടും. 
  • മോശം നിയ്യത്ത് കര്‍മങ്ങളെ കുഴപ്പത്തിലാക്കും. 
  • ഈ ഹദീസ് ഇഖലാസിന്‍റെ അടിത്തറയാണ്. 
  • നിയ്യത്ത് നല്ല പതിവിനെ പ്രതിഫലം ലഭിക്കുന്ന കാര്യമാക്കി മാറ്റും. ഒരാള്‍ രാത്രി നമസ്കാരം നല്ല നിലക്ക് നിര്‍വഹിക്കാന്‍ വേണ്ടി കിട്ടിയ സമയം ഉറങ്ങുന്നു. ആ ഉറക്കം പ്രതിഫലാര്‍ഹമാണ്. 
  • ഓരോരുത്തരും അവനവന്‍റെ കര്‍മങ്ങളെ കുറിച്ച് ആത്മ വിചാരണ നടത്തണം എന്ന പാഠം ഈ ഹദീസ് നല്‍കുന്നു. 
  • ഓരോരുത്തരുടെയും കര്‍ങ്ങളുടെ പ്രകടനതയല്ല നോക്കുന്നത്, മറിച്ച് അവന് മനസ്സില്‍ എന്ത് ഉദ്ദേശിച്ചാണോ നന്മകള്‍ ചെയ്യുന്നത് എന്നാണ്.  കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ മനസ്സിന്‍റെ ഉദ്ദേശം നന്നാകണം എന്ന് സാരം.

No comments:

Post a Comment

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...