الأربعون النووية-حديث:7
മതം എല്ലാവര്‍ക്കുമുള്ള ഗുണകാംക്ഷയാണ്
عَنْ أَبِي رُقَيَّةَ تَمِيمِ بْنِ
أَوْسٍ الدَّارِيِّ رضي الله عنه أَنَّ النَّبِيَّ صلى الله عليه وسلم قَالَ: "الدِّينُ النَّصِيحَةُ. قُلْنَا: لِمَنْ؟ قَالَ لِلَّهِ،
وَلِكِتَابِهِ، وَلِرَسُولِهِ، وَلِأَئِمَّةِ الْمُسْلِمِينَ وَعَامَّتِهِمْ"
.
رَوَاهُ
مُسْلِمٌ [رقم:
55].
അബൂറുക്വയ്യ തമീമു ബ്നുഔസുദ്ദാരി رضي الله عنه പറഞ്ഞു: നബി صلى الله عليه وسلم പറഞ്ഞു: മതം ഗുണകാംക്ഷയാണ്. ഞങ്ങള്‍ ചോദിച്ചു: ആരോടൊക്കെ? നബി صلى الله عليه وسلم പറഞ്ഞു: അല്ലാഹുവിനോടും അവന്‍റെ വിശുദ്ധ ഗ്രന്ഥത്തിനോടും അവന്‍റെ റസൂലിനോടും മുസ്‌ലിം നേതാക്കളോടും മുസ്‌ലിം പൊതുജനങ്ങളോടും.
വിവരണം
നസീഹ (ഗുണകാംക്ഷ) വിശാലമായ അര്‍ത്ഥങ്ങളുള്ള ഒരു പദമാണ്; ഇതിന്‍റെ ആശയം; മറ്റൊരാളിനായി നല്ലത് ആഗ്രഹിക്കുന്നതും അതിലേക്കുള്ള പ്രവൃത്തിയുമാണ്.
മതം ഗുണകാംക്ഷയാണ് എന്നാല്‍ മതത്തിന്‍റെ പ്രധാനപ്പെട്ട വിഷയമാണ് ഗുണകാംക്ഷ എന്നാണ്. ഇസ്ലാമിന്‍റെ അടിസ്ഥാന കാര്യങ്ങളില്‍ പെട്ടതാണ് ഇത്.
പരസ്പരം ഗുണകാംക്ഷയുണ്ടാകല്‍ ഈ മതത്തിന്‍റെ അടയാളങ്ങളില്‍ പെട്ടതുമാണ്. റസൂല്‍ صلى الله عليه وسلم ഈ കാര്യം ജീവിതത്തിലൂടെ നമുക്ക് ശരിക്കും കാണിച്ച് തന്നിട്ടുണ്ട്.
ജനങ്ങള്‍ക്കിടയിലെ നല്ല ഇടപെടലുകളില്‍ പെട്ടതാണ് അവര്‍ക്കിടയില്‍ നല്ല നിലക്ക് പരസ്പരം ഉപദേശങ്ങളും ഗുണകാംക്ഷകളും ഉണ്ടാവുക എന്നത്.
ആര്‍ ആരോടൊക്കെ എങ്ങിനെയെല്ലാം ഗുണകാംക്ഷ കാണിക്കണം എന്ന് ഈ ഹദീസ് അറിയിക്കുന്നു. സ്വഹാബിമാര്‍ നബി صلى الله عليه وسلم യോട് അത് വിശദമായി ചോദിച്ച് മനസ്സിലാക്കിയിട്ടുണ്ട്. .
നസീഹയുടെ ഇനങ്ങള്‍
- അല്ലാഹുവിനോടുള്ള നസീഹ:
- അവന്‍റെ ഗ്രന്ഥത്തോടുള്ള നസീഹ:
- അവന്‍റെ പ്രവാചകനോടുള്ള നസീഹ:
- മുസ്‌ലിം നേതാക്കളോടുള്ള നസീഹ:
- മുസ്കലിംളോടുള്ള നസീഹ:
അല്ലാഹുവിനോടുള്ള നസീഹ:
അല്ലാഹുവിനോടുള്ള നസ്വീഹത്ത് എന്നാല്‍ അല്ലാഹുവിനെ ഏകാനാക്കുന്നതില്‍ വിശ്വാസം കുറ്റമറ്റതാക്കലാണത്. അത് പോലെ അല്ലാഹുവിനെ ആരാധിക്കുന്നതില്‍ നിയ്യത്ത് (ഉദ്ദേശം) നേരെയാക്കലും അതില്‍ പെടുന്നു.
ഇമാം നവവി رحمه الله പറയുന്നു: 'അല്ലാഹുവിലുള്ള നസ്വീഹത്ത് എന്നാല്‍ അവനിലുള്ള വിശ്വാസത്തിലേക്ക് പൂര്‍ണ്ണമായി തിരിയലും അല്ലാഹുവില്‍ പങ്ക് ചെര്‍ക്കാതിരിക്കലും, അല്ലാഹുവിന്‍റെ വിശേഷണങ്ങളില്‍ നിരീശ്വരത്വം ഒഴിവാക്കലും, അല്ലാഹുവിനെ പരിപൂര്‍ണ്ണവും മഹത്വമേറിയതുമായ വിശേഷണങ്ങള്‍ കൊണ്ട് വിശേഷിപ്പിക്കലും എല്ലാ കുറവുകളില്‍ നിന്നും അല്ലാഹുവിനെ പരിശുദ്ധമാക്കലും അല്ലാഹുവിന്‍റെ കല്‍പനകള്‍ അനുസരിക്കുകയും അവനെ ധിക്കരിക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കലും അല്ലാഹുവിന്‍റെ വിഷയത്തില്‍ സ്നേഹിക്കലും വെറുക്കലും അല്ലാഹുവിനെ അനുസരിക്കുന്നവരോട് ആത്മ ബന്ധമുണ്ടാക്കലും അവനോട് അനുസരണക്കേട് കാണിക്കുന്നവരോട് വെറുപ്പ് ഉണ്ടാവുകയും ചെയ്യലും അവനില്‍ അവിശ്വസിക്കുന്നവരോട് ധര്‍മ സമരത്തിലേര്‍പ്പെടലും അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെ തിരിച്ചറിയലും അവക്ക് നന്ദിയര്‍പ്പിക്കലും എല്ലാ കാര്യങ്ങളിലും ആത്മാര്‍ഥതയുണ്ടാവലും മുകളിൽ പറയപ്പെട്ട എല്ലാ ഗുണങ്ങളിലേക്കും ആളുകളെ ക്ഷണിക്കലും അതിലേക്ക് പ്രേരിപ്പിക്കലും, ഈ ഗുണങ്ങൾ ആളുകളിൽ പ്രചരിപ്പിക്കാൻ സ്നേഹത്തോടുകൂടിയ ശ്രമം നടത്തലും ആണ്. (ശര്‍ഹുന്നവവി 2/38)
അല്ലാഹുവിന്‍റെ ഗ്രന്ഥത്തോടുള്ള നസീഹ:
"അല്ലാഹുവിന്‍റെ ഗ്രന്ഥത്തോടുള്ള നസീഹത്ത് എന്നതിന്‍റെ അർത്ഥം: അത് അല്ലാഹുവിന്‍റെ കലാം (വാക്ക്) ആണ് എന്നും അവന്‍ ഇറക്കിയതാണ് എന്നും വിശ്വസിക്കുക; അതില്‍ സൃഷ്ടികളുടെ വാക്കുകളോട് യാതൊരു സാമ്യവുമില്ലെന്നും, സൃഷ്ടികളിൽ ആര്‍ക്കും അതിന് തുല്യമായത് കൊണ്ടുവരാൻ കഴിയില്ലെന്നും അംഗീകരിക്കുക. അതിനെ മഹത്വപ്പെടുത്തലും അതിനെ ശരിയായ നിലയില്‍ പാരായണം ചെയ്യുകയും, പാരായണം ചെയ്യുമ്പോള്‍ ശബ്ദം നന്നാക്കലും ഭയഭക്തിയോടെ പാരായണം ചെയ്യലും, പാരായണം ചെയ്യുമ്പോൾ അതിന്‍റെ അക്ഷരങ്ങൾ ശരിയായി ഉച്ചരിക്കലും, ദുര്‍വ്യാഖ്യാനക്കാരുടെ ദുര്‍വ്യാഖ്യാനത്തില്‍നിന്നും ആക്ഷേപകരില്‍ നിന്നും അതിനെ സംരക്ഷിക്കലും.
അതിലുള്ള കാര്യങ്ങളെ സത്യപ്പെടുത്തലും അംഗീകരിക്കലും അതിലെ നിയമങ്ങൾക്കനുസരിച്ച് ജീവിക്കലും, അതിലെ വിജ്ഞാനങ്ങളെയും ഉപമകളേയും മനസ്സിലാക്കലും, അതിലെ ഉപദേശങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളലും, അതിലെ അദ്ഭുതങ്ങളിൽ ചിന്തിക്കലും, അതിലെ വ്യക്തമായ നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കലും, അതിലെ മുതശാബിഹുകളില്‍ (സംശയമുള്ള) ഭാഗങ്ങളിൽ നിന്നു മാറിനില്‍ക്കലും, അതിലെ പൊതുവായ കാര്യങ്ങളും പ്രത്യേകമായ കാര്യങ്ങളും, നാസിഖും മൻസുഖും (നിയമം റദ്ദായതും അതിനെ റദ്ദാക്കിയതിനെയും) കുറിച്ച് പഠിക്കലും, അത് സംബന്ധിച്ച അറിവുകള്‍ പ്രചരിപ്പിക്കലും, മറ്റുള്ളവരെ അതിലേക്കും മേൽ പറഞ്ഞ അതിന്‍റെ നസീഹത്തുകളിലേക്കും ആളുകളെ ക്ഷണിക്കലുമാണ്. (ശര്‍ഹുന്നവവി 2/38).
അവന്‍റെ പ്രവാചകനോടുള്ള നസീഹ:
ഇബ്നു റജബ് رحمه الله പറഞ്ഞു: റസൂല്‍ صلى الله عليه وسلم യിലും അദ്ദേഹം കൊണ്ടുവന്നതിലും വിശ്വസിക്കുകയും, അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും, അദ്ദേഹത്തെ പൂർണമായും അനുസരിക്കുകയും അദ്ദേഹത്തിന്‍റെ ചര്യകളെ ജീവിപ്പിക്കലും, അതിന്‍റെ ജ്ഞാനങ്ങളെ പ്രചരിപ്പിക്കലും, പ്രവാചകനോടും അദ്ദേഹത്തിന്‍റെ സുന്നത്തിനോടും ശത്രുത കാണിക്കുന്നവരോട് ശത്രുതാഭാവം പുലർത്തലും, അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ സുന്നത്തിനേയും പിന്തുടരുന്നവരോട് സ്നേഹ ബന്ധത്തില്‍ വര്‍ത്തിക്കലും അദ്ദേഹത്തിന്‍റെ സ്വഭാവങ്ങള്‍ കൊണ്ട് സ്വഭാവം കാണിക്കലും അദ്ദേഹത്തിന്‍റെ കുടുംബത്തോടും സ്വഹാബികളോടും സ്നേഹമുണ്ടാകലുമാണ് റസൂല്‍ صلى الله عليه وسلم യോടുള്ള നസീഹത്തിന്‍റെ ഭാഗങ്ങൾ. "ജാമിഉല്‍ ഉലൂം വൽഹികം" (1/233).
മുസ്‌ലിം നേതാക്കളോടുള്ള നസീഹ:
ഇമാം നവവി رحمه الله പറഞ്ഞു: "അവരെ സത്യം പാലിക്കാൻ സഹായിക്കല്‍, അതിലുള്ള കാര്യങ്ങളിലും അതനുസരിച്ചുള്ള അവരുടെ കല്‍പനകളിലും അവരെ അനുസരിക്കല്‍, അവരെ നല്ല നിലയില്‍ ഉണര്‍ത്തുകയും ഓര്‍മപ്പെടുത്തുകയും ചെയ്യല്‍, മുസ്‌ലിംകളുടെ അവകാശങ്ങളില്‍ പെട്ട അവര്‍ അശ്രദ്ധയിലായിട്ടുള്ളതോ അവര്‍ക്ക് എത്തിയിട്ടില്ലാത്തതോ ആയ കാര്യങ്ങള്‍ അവരെ അറിയിക്കല്‍, അവര്‍ക്കെതിരെ ഇറങ്ങി പുറപ്പെടാതിരിക്കല്‍, അവരെ അനുസരിക്കുന്നതില്‍ ജനമനസ്സുകളെ ഇണക്കലും അവരോടുള്ള നസ്വീഹത്തില്‍ പെട്ടതാണ്".
ഇമാം ഖത്വാബി رحمه الله പറഞ്ഞു: ‘അവർക്കുള്ള നസീഹത്തിൽ ഉൾപ്പെടുന്നത്: അവരുടെ പിന്നിൽ നമസ്കരിക്കലും, അവരോടൊപ്പം ജിഹാദ് നടത്തലും,
അവരിലേക്ക് സകാത്ത് നൽകലും, അവരിൽ നീതികേടോ ദുർവ്യവഹാരമോ കണ്ടാല്‍ അവര്‍ക്കെതിരെ ആയുധമെടുത്ത് ഇറങ്ങാതിരിക്കലും കള്ള പ്രശംസ കൊണ്ട് അവരെ വഞ്ചിക്കാതിരിക്കലും, അവര്‍ക്ക് നന്മക്കായി പ്രാര്‍ഥിക്കലും അവരോടുള്ള നസ്വീഹത്തില്‍ പെട്ടതാണ്. (ശര്‍ഹുന്നവവി 2/38).
സാമാന്യ മുസ്ലിംകളോടുള്ള നസീഹ:
ഇബ്നു റജബ് رحمه الله പറഞ്ഞു: "പൊതു മുസ്‌ലിംകൾക്കുള്ള നസീഹത് എന്നു പറയുന്നത്: സ്വന്തത്തിന് ഇഷ്ടപ്പെടുന്നത് മറ്റുള്ളവർക്കും ആഗ്രഹിക്കുക, സ്വന്തത്തിന് വെറുപ്പുള്ളത് അവര്‍ക്ക് സംഭവിക്കുന്നതിനെയും വെറുക്കുക, അവരുടെ മേല്‍ സഹാനുഭൂതി കാണിക്കുക, അവരിലെ ചെറിയവരോട് കാരുണ്യം കാണിക്കുകയും വലിയവരെ ബഹുമാനിക്കുകയും ചെയ്യുക, അവരുടെ ദുഃഖത്തില്‍ ദുഃഖിക്കുക, അവരുടെ സന്തോഷത്തില്‍ സന്തോഷിക്കുക, അത് അങ്ങനെ ചെയ്യുന്നവന്‍റെ ജീവിതത്തില്‍ ചില പ്രയാസങ്ങള്‍ ഉണ്ടാക്കിയാലും. ഉദാഹരണത്തിന്: ഒരാള്‍ (കച്ചവടത്തില്‍) അവര്‍ക്ക് വില കുറച്ച് നല്‍കുന്നു. കച്ചവടത്തില്‍ അത് കുറച്ച് ലാഭം ഇല്ലാതാക്കുമെങ്കിലും (അവരുടെ സന്തോഷത്തില്‍ സന്തോഷം കാണാന്‍ കഴിയണം).
അത് പോലെ അവര്‍ക്ക് പൊതുവായി ദോഷം ഉണ്ടാക്കുന്ന കാര്യങ്ങളില്‍ (ദുഃഖമുണ്ടാകലും), അവരുടെ നന്മയിലും ഇണക്കത്തിലും അവരില്‍ അനുഗ്രഹങ്ങള്‍ തുടരുന്നതിലും ഇഷ്ടപ്പെടമുണ്ടാകലും, അവരുടെ ശത്രുവിനെതിരെ അവരെ സഹായിക്കലും, അവര്‍ക്ക് മേലുള്ള എല്ലാ ഉപദ്രവങ്ങളെയും വെറുക്കപ്പെട്ട കാര്യങ്ങളെയും പ്രതിരോധിക്കലും തുടങ്ങിയവയാണ്. (ജാമിഉൽ ഉലൂം വൽഹികം: 80).
നസീഹ എന്നത് ഇസ്‌ലാമിന്‍റെ അടിത്തറയിൽ ഒന്നാണ്. അത് ഹൃദയത്തിന്‍റെ ശുദ്ധതയേയും ഉദ്ദേശ്യത്തിന്‍റെ ഇഖ്ലാസ്വിനേയും പ്രതിനിധീകരിക്കുന്നു. അല്ലാഹുവിനോടും അവന്‍റെ ഗ്രന്ഥത്തോടും പ്രവാചകനോടും നേതാക്കളോടും ഒപ്പം ജനങ്ങളോടും നിഷ്കളങ്കമായ ഉദ്ദേശത്തോടെയുള്ള നല്ല സമീപനം നസീഹയുടെ രൂപങ്ങളില്‍ പെട്ടതാണ്.

No comments:
Post a Comment