ഫോളോ ചെയ്യാം

Saturday, 10 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 205 دروس الحديث - മൂല്യവത്തായ സുകൃതങ്ങള്‍

 


മൂല്യവത്തായ സുകൃതങ്ങള്‍

عَنْ عَلِيٍّ قَالَ: قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: إِنَّ فِي الجَنَّةِ غُرَفًا تُرَى ظُهُورُهَا مِنْ بُطُونِهَا وَبُطُونُهَا مِنْ ظُهُورِهَا، فَقَامَ أَعْرَابِيٌّ فَقَالَ: لِمَنْ هِيَ يَا رَسُولَ اللهِ؟ قَالَ: لِمَنْ أَطَابَ الكَلاَمَ، وَأَطْعَمَ الطَّعَامَ، وَأَدَامَ الصِّيَامَ، وَصَلَّى بِاللَّيْلِ وَالنَّاسُ نِيَامٌ.-رواه الترمذي - حسن

അലി رضي اللَّهُ عنه നിവേദനം, നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ ചില റൂമുകളുണ്ട് (ഭവനങ്ങളുണ്ട്), അതിന്‍റെ പുറം ഭാഗം ഉള്ളില്‍ നിന്നും അതിന്‍റെ ഉള്‍ഭാഗം പുറമേ നിന്നും കാണപ്പെടും. അപ്പോള്‍ ഒരു ഗ്രാമീണന്‍ എഴുന്നേറ്റു ചോദിച്ചു: അത് ആര്‍ക്കുള്ളതാണ് റസൂലേ...? റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: സംസാരം നന്നാക്കുന്നവനും, ഭക്ഷണം നല്‍കുന്നവനും, നോമ്പ് പതിവാക്കുന്നവനും, ജനങ്ങള്‍ ഉറങ്ങുമ്പോള്‍ രാത്രിയില്‍ നമസ്കരിക്കുന്നവനുമാണത്.


വിവരണം


 ചില സല്‍ക്കര്‍മങ്ങള്‍ക്ക് വലിയ പ്രതിഫലമാണ് ലഭിക്കുക എന്ന്  മതം നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. സ്വര്‍ഗ്ഗത്തിലെ വിവിധ അനുഭൂതികള്‍ ചില പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകമാക്കിയതായി ഹദീസുകളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും.


 അതില്‍ പെട്ടതാണ് നല്ല വാക്ക് പറയുന്നവര്‍ക്കും, പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ക്കും, നോമ്പ് പതിവാക്കുന്നവര്‍ക്കും, രാത്രി നമസ്കാരം നിര്‍വ്വഹിക്കുന്നവര്‍ക്കും ഉള്ള സമ്മാനം. സ്വര്‍ഗ്ഗത്തിലെ പ്രത്യേക തരം ഭവനങ്ങളാണത്. അതിന്‍റെ ഉള്‍ഭാഗം പുറത്ത് നിന്നും, പുറംഭാഗം ഉള്ളില്‍ നിന്നും കാണാവുന്ന തരത്തിലാണതെന്ന് ഹദീസിലുണ്ട്. അതിന്‍റെ യഥാര്‍ത്ഥ രൂപം നമുക്കറിയില്ല.


നല്ല വാക്ക് പറയല്‍


 ഇത് വളരെ പുണ്യമുള്ളതും നമ്മില്‍ പലരും അശ്രദ്ധരാകുന്നതുമായ കാര്യമാണ്. വേണ്ടതും വേണ്ടാത്തതുമൊക്കെ സംസാരിക്കുന്ന പ്രകൃതമാണ് നമ്മില്‍ പലര്‍ക്കും. അത് സൂക്ഷിക്കണം. പറയുകയാണെങ്കില്‍ നല്ലത് പറയണം അല്ലെങ്കില്‍ മിണ്ടാതിരിക്കണമെന്നാണ് റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പഠിപ്പിച്ചിട്ടുള്ളത്.


 കേള്‍ക്കന്നതൊക്കെ പറയുന്ന ശീലം നല്ലതല്ല. അത് വേണ്ടാത്തത് പറയുന്നതിലേക്ക് നമ്മെ എത്തിക്കും. നല്ലതാണെന്ന് ഉറപ്പുള്ളത് മാത്രം പറയാന്‍ നമുക്ക് കഴിയണം.


ഭക്ഷണം നല്‍കല്‍


 സാധുക്കള്‍ക്ക് ഭക്ഷണം നല്‍കല്‍ പുണ്യമുള്ള കാര്യമാണ്. വലിയ പ്രതിഫലമാണ് അതിനുള്ളത്. ദീനിലെ പല കാര്യങ്ങള്‍ക്കും പ്രായശ്ചിത്തം ചെയ്യുമ്പോള്‍ സാധുക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഉള്ള നിര്‍ദേശം അതില്‍ നമുക്ക് കാണാന്‍ സാധിക്കും. അതിന്‍റെ പ്രാധാന്യത്തെയാണത് സൂചിപ്പിക്കുന്നത്. പുണ്യവാന്‍മാരുടെ വിശേഷണങ്ങളില്‍ പെട്ടതാണ് അശരണരെ ഭക്ഷിപ്പിക്കല്‍ (സൂറത്തുല്‍ ഇന്‍സാന്‍:8), സമാധാനത്തോടെ സ്വര്‍ഗ്ഗത്തിലേക്ക് കടക്കാന്‍ സാധിക്കുന്ന വിധം മഹത്വമുള്ള കാര്യമാണിതെന്ന് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യും പഠിപ്പിച്ചിട്ടുണ്ട്. ഒരു കാരക്കയുടെ കഷ്ണം ദാനം ചെയ്തിട്ടെങ്കിലും നരകത്തെ സൂക്ഷിക്കണം എന്ന് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്.


 നമുക്ക് ചുറ്റും ഭക്ഷണം കിട്ടാതെ പ്രയാസപ്പെടുന്നവരുണ്ടോ എന്ന് ശ്രദ്ധിക്കാന്‍ നമുക്ക് കഴിയണം. ഇതില്‍ ജാതി-മത വേര്‍തിരിവുകളില്ല എന്ന് നാം അറിയണം.


നോമ്പ് പതിവാക്കല്‍


 നോമ്പിന്‍റെ പ്രതിഫലം നാം ധാരാളം മനസ്സിലാക്കിയതാണ്, റമദ്വാനില്‍ മാത്രമല്ല, അല്ലാത്തപ്പോഴും പഠിപ്പിക്കപ്പെട്ട നോമ്പുകള്‍ എടുക്കാന്‍ നമുക്ക് കഴിയണം.


 റമദ്വാനിന് പുറമെ ഐച്ഛികമായി നിര്‍വ്വഹിക്കാന്‍ നിശ്ചയിക്കപ്പെട്ട നോമ്പുകളുടെ ചുരുക്ക വിവരം താഴെ കൊടുക്കുന്നു:


1- ശവ്വാലിലെ ആറ് നോമ്പുകള്‍

2- ദുല്‍ഹിജ്ജ മാസം ഒമ്പതിലെ അറഫാ നോമ്പ്.

3- മുഹറം ഒമ്പത്, പത്ത് ദിനങ്ങളിലെ താസൂആഉം ആശൂറാഉം.

4-ശഅ്ബാനിലെ നോമ്പ്. ഈ മാസത്തില്‍ റമദാനിന്‍റെ തൊട്ട് മുമ്പ് ഒന്ന് രണ്ട് ദിവസങ്ങള്‍ ഒഴികെ ബാക്കി എല്ലാ ദിനങ്ങളിലും നോമ്പ് സുന്നത്താണ്. എന്നാല്‍ ശഅ്ബാന്‍ പകുതി ആയതിന് ശേഷം പ്രത്യേകമായി ഈ നോമ്പുകള്‍ അനുഷ്ടിച്ച് തുടങ്ങാവതല്ല.

5- അയ്യാമുല്‍ബീദ്വ്, അഥവാ എല്ലാ അറബി മാസത്തിലേയും 13,14,15 ദിനങ്ങളിലെ നോമ്പ്. ദുല്‍ഹിജ്ജ പതിമൂന്നിന് ഈ ഗണത്തിലെ നോമ്പ് നോല്‍ക്കാന്‍ പാടില്ല.

6- എല്ലാ തിങ്കളാഴ്ചയും വ്യാഴായ്ചയും നോമ്പെടുക്കല്‍.

7- ഒന്നിടവിട്ട ദിനങ്ങളില്‍ നോമ്പനുഷ്ടിക്കല്‍.

8-ഈ ഹദീസില്‍ വന്നത് പോലെ എല്ലാ മാസവും മൂന്ന് നോമ്പ് അനുഷ്ടിക്കല്‍. ഇത് അയ്യാമുല്‍ബീദ്വ് കണക്കാക്കിയോ അല്ലാതെയോ ആകാം എന്ന് ഫുക്വഹാക്കള്‍ അറിയിച്ചിട്ടുണ്ട്.


ഒരു വര്‍ഷം മുഴുവന്‍ നോമ്പെടുത്ത പ്രതിഫലം ലഭിക്കുന്ന രണ്ട് സാഹചര്യങ്ങള്‍:

1- റമദ്വാനിലെ മുഴുവന്‍ നോമ്പുകളും ശവ്വാലിലെ ആറു നോമ്പുകളും നോല്‍ക്കുന്നതിലൂടെ.

2- ഓരോ മാസത്തിലും മൂന്ന് നോമ്പുകള്‍ അനുഷ്ടിക്കുന്നതിലൂടെ. ഒരു നോമ്പിന് പത്ത് നോമ്പിന്‍റെ പ്രതിഫലം ആണ് നല്‍കപ്പെടുന്നത് എന്നതാണ് ഇതിന് കാരണം.


രാത്രി നമസ്കാരം


 രാത്രി നമസ്കാരം ഒരു വിശ്വാസിയുടെ നല്ല ആയുധമാണ്. അവന് രണ്ട് ലോകത്തും വിജയം നേടാന്‍ അത് മുഖേന സാധിക്കും. രാത്രിയുടെ അന്ത്യയാമങ്ങളില്‍ നമസ്കരിക്കുന്നതാണ് കൂടുതല്‍ ഉത്തമം. എല്ലാവരും ഉറങ്ങുമ്പോള്‍ അല്ലാഹുവിനോട് പറയാനുള്ളത് പറയുമ്പോള്‍ അതിന് വലിയ പ്രാധാന്യം തന്നെയാണ്.


ഈ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കാണ് സ്വര്‍ഗ്ഗത്തില്‍ ഒരുക്കി വെച്ചിട്ടുള്ള പ്രത്യേക ഭവനങ്ങള്‍ ലഭിക്കുന്നത്. 

No comments:

Post a Comment

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...