ഫോളോ ചെയ്യാം

Thursday, 22 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 216 دروس الحديث - ബിദ്അത്തുകള്‍ സ്വീകരിക്കപ്പെടില്ല, തള്ളപ്പെടുന്നതാണ്

 

  الأربعون النووية-حديث:5 



ബിദ്അത്തുകള്‍ സ്വീകരിക്കപ്പെടില്ല.. 

തള്ളപ്പെടുന്നതാണ്

عَنْ أُمِّ الْمُؤْمِنِينَ أُمِّ عَبْدِ اللَّهِ عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: قَالَ: رَسُولُ اللَّهِ صلى الله عليه وسلم: "مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ".  رَوَاهُ الْبُخَارِيُّ [رقم:2697]، وَمُسْلِمٌ [رقم:1718].

وَفِي رِوَايَةٍ لِمُسْلِمٍ:"مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ" . 

ഉമ്മുല്‍ മുഅ'മിനീന്‍, ഉമ്മു അബ്ദില്ലാഹ് ആഇശ رَضِيَ اللَّهُ عَنْهَا പറഞ്ഞു: റസൂല്‍ صلى الله عليه وسلم പറഞ്ഞു: നമ്മുടെ ഈ കാര്യത്തില്‍ (മതത്തില്‍) ഇല്ലാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടുന്നതാണ്. 

ഇമാം മുസ്‌ലിം رحمه الله യുടെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: നമ്മുടെ കല്‍പനയില്ലാത്ത ഒരു പ്രവര്‍ത്തനം ആരെങ്കിലും ചെയ്‌താല്‍ അത് തള്ളപ്പെടുന്നതാണ്. 

വിവരണം
ഇസ്‌ലാമിന്‍റെ അടിസ്ഥാന നിയമങ്ങളില്‍ ഒന്നാണ് ഈ ഹദീസിലുള്ളത്. 
അല്ലാഹു ഇസ്‌ലാമിനെ പരിപൂര്‍ണ്ണമാക്കിയിട്ടുണ്ട്. ഇസ്‌ലാമിന്‍റെ പരിപൂര്‍ണ്ണതക്ക് ശേഷമാണ് റസൂല്‍ صلى الله عليه وسلم ഇഹലോകത്ത് നിന്ന് വിടവാങ്ങിയത്. ഇത് വിശുദ്ധ ക്വുര്‍ആനും സുന്നത്തും അറിയിക്കുന്ന കാര്യമാണ്. 
ഒരു വിശ്വാസി അവന്‍റെ ജീവിതത്തില്‍ റസൂല്‍ صلى الله عليه وسلم യെ പരിപൂര്‍ണ്ണമായി ഇത്തിബാഅ' (പിന്തുടരല്‍) ചെയ്യണം. അതില്ലെങ്കില്‍ അവന്‍റെ വിശ്വാസം ശരിയാവുകയില്ല. 
മതത്തില്‍ പുതുതായി ഒന്നും ഉണ്ടാക്കാന്‍ ആര്‍ക്കും അവകാശമില്ല. ആരെങ്കിലും മതത്തിലേക്ക് വല്ലതും കടത്തിക്കൂട്ടാന്‍ ശ്രമിക്കുകയോ അവ ചെയ്യുകയോ ചെയ്‌താല്‍ അത് വലിയ കുറ്റമാകുന്നു. ബിദ്അത്തുകള്‍ ചെയ്‌താല്‍ അത് അല്ലാഹു ഒരിക്കലും സ്വീകരിക്കില്ല. മാത്രമല്ല ആ ബിദ്അത്തിന്‍റെ പേരില്‍ അത് ചെയ്തവന്‍ ശിക്ഷിക്കപ്പെടുകയാണ് ഉണ്ടാവുക. 
ഭൗതിക കാര്യങ്ങള്‍ നമുക്ക് വേണ്ട പോലെ ചെയ്യാം. എന്നാല്‍ മത കാര്യങ്ങളില്‍ ക്വുര്‍ആനും ഹദീസും പഠിപ്പിക്കാത്തത് ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്‌താല്‍  അവ പാഴ് പ്രവര്‍ത്തനങ്ങളായി മാറും.

ഇസ്‌ലാം മനുഷ്യര്‍ക്ക് വേണ്ട ഒരു നന്മയേയും പഠിപ്പിക്കാതെ വിട്ടുപോയിട്ടില്ല. സമ്പൂര്‍ണ്ണവും സമഗ്രവുമായി എല്ലാ കാര്യങ്ങളും മതം അറിയിക്കുന്നുണ്ട്. തിന്മകളേയും ഇസ്‌ലാം അറിയിക്കുന്നുണ്ട്. എല്ലാ തിന്മകളില്‍ നിന്നും വിട്ടുനില്‍ക്കണം എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. 
ഇസ്‌ലാമിന്‍റെ പരിപൂര്‍ണ്ണത ക്വുര്‍ആന്‍ പ്രഖ്യാപിച്ചത് നമുക്ക് കാണാം. അല്ലാഹു പറയുന്നു:  
(ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.)- മാഇദ: 3
 
ഈ മതം പരിപൂര്‍ണ്ണമായ അവസ്ഥയില്‍, അതിൽ  ഏതെങ്കിലും വർദ്ധനവ് ചെയ്യുന്നതിനോ അതിന്‍റെ നിയമങ്ങളിൽ എന്തെങ്കിലും പുതുതായി ഉൾപ്പെടുത്തുന്നതിനോ ഇനി ഇടമില്ല. കാരണം, അല്ലാഹുവും റസൂല്‍ صلى الله عليه وسلم യും മതത്തിന്‍റെ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിരിക്കുന്നു. ആരാധനകൾ നിർവഹിക്കാനുള്ള രീതികൾ ശാരീഅത്ത് നിർദ്ദിഷ്ടമാക്കിയിട്ടുണ്ട്. അവയുടെ രൂപവും എണ്ണവും, സമയവും സ്ഥാനവും എല്ലാം നിര്‍ണ്ണയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. 
പ്രസ്തുത കാര്യങ്ങളെ അത് പോലെ പിന്തുടരാനാണ് ഇസ്‌ലാം കല്‍പിക്കുന്നത്. അതില്‍ കൈക്കടത്താനല്ല. 

മതത്തില്‍ അതിവാദത്തിനോ പുതു നിയമങ്ങളുണ്ടാക്കാനോ അല്ലാഹുവിന്‍റെ ഖുര്‍ആനും പ്രവാചകന്‍റെ  സുന്നത്തും ഇടം നല്‍കുന്നില്ല. ഇവക്കുപുറമേ മറ്റ് മാർഗം അന്വേഷിക്കുന്നവനും, തന്‍റെ അഭിപ്രായങ്ങള്‍ ഇരുവഹ്'യുകളുടെ മാർഗ്ഗദർശനത്തേക്കാള്‍ ഉത്തമമെന്നു അവകാശപ്പെടുന്നവനും ഇസ്‌ലാമില്‍ കുറ്റക്കാരാണ്. അവരും അവര്‍ കൊണ്ടു വന്നതും തള്ളപ്പെടേ ണ്ടതാണ്. 

"مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ" എന്ന് റസൂല്‍ صلى الله عليه وسلم പറഞ്ഞതില്‍ മതത്തില്‍ പുതുതായി ഉണ്ടാക്കപ്പെടുന്ന ഏത് കാര്യത്തെയും നിരോധിക്കുന്നു, പ്രത്യേകിച്ച് ആരാധനാ സംബന്ധമായ കാര്യങ്ങളില്‍ എന്തെങ്കിലും പുതിയതായി ചേര്‍ക്കുന്നത് ഖണ്ഡിതമായി വിലക്കിയിരിക്കുന്നു. ഇവിടെ പറയുന്ന "أمرنا" എന്നത് അല്ലാഹുവിന്‍റെ വഹ്'യും ശരീഅത്തുമാണ്. 

അതിന്‍റെ അടിസ്ഥാനത്തിൽ, ഓരോ ആരാധനയും ശരീഅത്ത് വിധിച്ചതും, അല്ലാഹുവിന്‍റെ കല്‍പനക്ക് വിധേയമായിട്ടുള്ളതുമായിരിക്കണം. അതല്ലാത്തതെല്ലാം, അതിന്‍റെ ആളിലേക്ക് തന്നെ മടക്കപ്പെടുന്നതായിരിക്കും. അത് അവന്‍റെ കാഴ്ചപ്പാടിൽ നല്ലതായിരുന്നാലും ശരി.

അല്ലാഹുവിന്‍റെ അടുക്കല്‍ ഒരു കാര്യം അംഗീകരിക്കപ്പെടുന്നതിന്‍റെ മാനദണ്ഡം അത് നന്നാവലും, അവന്‍റെ കല്‍പനയോട് യോജിച്ചതാവലുമാണ്. ഫുദൈലുബ്നുഇയാദ് رحمه الله പറഞ്ഞു:

"إن الله تعالى لا يقبل من العمل إلا ما كان خالصا، ولا يقبله إذا كان خالصا له إلا على السنة"

നിശ്ചയം ഇഖ്ലാസ്വോട് കൂടിയല്ലാതെയുള്ള ഒരു കര്‍മത്തെയും അല്ലാഹു സ്വീകരിക്കില്ല. ഇനി ഇഖ്‌ലാസ്വോട് കൂടിയുള്ളതാണെങ്കിലും  സുന്നത്തനുസരിച്ചുള്ളതല്ലെങ്കില്‍ അല്ലാഹു സ്വീകരിക്കില്ല.  

അത് കൊണ്ട് തന്നെ, ആരാധനകൾ ശരീഅത്തിലും സുന്നത്തിലും സ്ഥിരപ്പെട്ടതായിരിക്കണം.

മതത്തില്‍ ബിദ്അത്തുണ്ടാക്കുകയും റസൂല്‍ صلى الله عليه وسلم യോട് എതിരാവുകയും ചെയ്യുന്നത് വലിയ കുറ്റമായാണ് ഇസ്‌ലാം കാണുന്നത്. അത്തരക്കാര്‍ക്ക് വലിയ ശിക്ഷകള്‍ ഉണ്ടാവുകയും ചെയ്യും. ബിദ്അത്തുകള്‍ ഉണ്ടാക്കുന്നവര്‍ വലിയ പാപങ്ങള്‍ ചെയ്യുന്നവരെക്കാള്‍ വലിയ കുറ്റക്കാരാണ് എന്ന് പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുണ്ട്.
സുന്ദരമായ ഈ മതത്തെ പുത്തനാചാരങ്ങള്‍ കൊണ്ട് വികൃതമായി അവതരിപ്പിക്കുന്നതിന് ധാരാളം ഉദാഹരങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. നബി صلى الله عليه وسلم ജാഗ്രത കൈക്കൊള്ളണമെന്ന് അറിയിച്ച കാര്യങ്ങളില്‍ തന്നെ ഈ ഉമ്മത്തിലെ ആളുകള്‍ പ്രവേശിക്കുന്നത് അത്യന്തം ഗൗരവമുള്ള കാര്യമാണ്. 
ആരാധനാ കാര്യങ്ങള്‍ മതം പഠിപ്പിച്ച രൂപത്തില്‍ മാത്രം ചെയ്തെങ്കിലേ സ്വീകരിക്കപ്പെടുകയുള്ളൂ. റസൂല്‍ صلى الله عليه وسلم പഠിപ്പിച്ച രൂപത്തില്‍ മാത്രം ആരാധനകള്‍ ചെയ്യപ്പെടണം. ഇല്ലെങ്കില്‍ കര്‍മങ്ങള്‍ വൃതാവിലാകും എന്ന് നാം മനസ്സിലാക്കണം.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...