ഈ അഞ്ച് കാര്യങ്ങള്‍ ചെയ്തവന്‍
സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും
عَنْ
أَبِى الدَّرْدَاءِ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم «خَمْسٌ مَنْ جَاءَ
بِهِنَّ مَعَ إِيمَانٍ دَخَلَ الْجَنَّةَ، مَنْ حَافَظَ عَلَى الصَّلَوَاتِ
الْخَمْسِ عَلَى وُضُوئِهِنَّ وَرُكُوعِهِنَّ وَسُجُودِهِنَّ وَمَوَاقِيتِهِنَّ وَصَامَ
رَمَضَانَ وَحَجَّ الْبَيْتَ إِنِ اسْتَطَاعَ إِلَيْهِ سَبِيلاً وَأَعْطَى الزَّكَاةَ
طَيِّبَةً بِهَا نَفْسُهُ وَأَدَّى الأَمَانَةَ»- رواه أبو داود - حسن
അബുദ്ദര്‍ദാഅ് رضي الله عنه നിവേദനം. നബി صلى الله عليه وسلم പറഞ്ഞു: ഈമാനോട് കൂടി അഞ്ച് കാര്യങ്ങള്‍ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. അവ: ആരെങ്കിലും വുദൂഅ്, റുകൂഅ്, സുജൂദ്, സമയനിഷ്ഠ എന്നിവയോടെ അഞ്ച് നേരത്തെ നിസ്കാരം നിര്‍വ്വഹിക്കല്‍, റമദാന്‍ മാസം നോമ്പ് നോല്‍ക്കല്‍, ഹജ്ജ് ചെയ്യാന്‍ സാധിക്കുമെങ്കില്‍ വിശുദ്ധ ഭവനത്തില്‍ (പോയി) ഹജ്ജ് ചെയ്യല്‍, നല്ല മനസ്സോടെ സകാത്ത് നല്‍കല്‍, അമാനത്ത് നിറവേറ്റല്‍. എന്നിവയാണവ.
വിവരണം
ഒരു വിശ്വാസി തന്‍റെ ജീവിതത്തില്‍ സൂക്ഷിക്കേണ്ട അഞ്ച് കാര്യങ്ങളെക്കുറിച്ചാണ് ഈ ഹദീസില്‍ വിശദീകരിക്കുന്നത്.
കൃത്യമായ വിശ്വാസത്തോടെ ആയിരിക്കണം ഈ കാര്യങ്ങള്‍ നടപ്പിലാക്കേണ്ടത്. ഏത് കാര്യവും സ്വീകരിക്കപ്പെടാനും അത് ഭംഗിയാകാനും വിശ്വാസം പരമ പ്രധാനമാണ്. വിശ്വാസം ശരിയാവാതെ എത്ര നല്ല കര്‍മങ്ങള്‍ ചെയ്തത് കൊണ്ടും പ്രയോജനമില്ല.
ഒന്ന്: നമസ്കാരം
ഇസ്ലാമിലെ പ്രധാനപ്പെട്ട ആരാധനയാണ് നമസ്കാരം. നമസ്കാരത്തിന്‍റെ വിഷയത്തില്‍ കണിശത പുലര്‍ത്തല്‍ നമുക്ക് നിര്‍ബന്ധമാണ്.
നബി صلى الله عليه وسلم യുടെ ജീവിതത്തില്‍ നമസ്കാരത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു എന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്.
നമസ്കാരം കൃത്യസമയത്ത് ശരിയാംവിധം നിര്‍വ്വഹിക്കണം. അത് നമ്മുടെ ജീവിതത്തില്‍ വെളിച്ചവും ഉള്‍ക്കാഴ്ചയും ധാരാളം നന്‍മകളും സമ്മാനിക്കും.
നമസ്കാരത്തിന്‍റെ കാര്യം പറഞ്ഞപ്പോള്‍ അതുമായി ബന്ധപ്പെട്ട നാല് കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാന്‍ നബി صلى الله عليه وسلم അറിയിച്ചിരിക്കുന്നു. അവ:
1. വുദൂഅ്
2. റുകൂഅ്
3. സുജൂദ്
4. സമയനിഷ്ഠ
എന്നിവയാണ്. ഇവ കൃത്യവും പരിപൂര്‍ണ്ണവും ആക്കിയാലേ നമസ്കാരം യഥാര്‍ത്ഥ രൂപത്തിലാകൂ എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.
നിത്യവും അഞ്ച് നേരം ഓരോ നമസ്കാരവും അതാതിന്‍റെ സമയത്ത് നിര്‍വ്വഹിക്കാന്‍ നാം ഓരോരുത്തരും പരിശ്രമിക്കണം.
രണ്ട്: നോമ്പ്
നോമ്പിനെ കുറിച്ച് നാം മുമ്പ് പറയുകയുണ്ടായി. ജീവിതത്തില്‍ ശീലമാക്കേണ്ട വലിയ നന്മയാണ് നോമ്പ്. നിര്‍ബന്ധ നോമ്പുകള്‍ക്ക് പുറമേ ധാരാളം സുന്നത്ത് നോമ്പുകള്‍ നമ്മുടെ ജീവിതത്തിലുണ്ടാവട്ടെ.
മൂന്ന്: ഹജ്ജ്
ജീവിതത്തിലൊരിക്കല്‍ ഹജ്ജ് ചെയ്യല്‍ അതിന് സാധിക്കുന്നവര്‍ക്ക് നിര്‍ബന്ധമാണ്. ഹജ്ജിന് സ്വര്‍ഗ്ഗമല്ലാതെ പ്രതിഫലമില്ല എന്ന് നബി صلى الله عليه وسلم അറിയിച്ചിട്ടുണ്ട്.
ഹജ്ജിന് പോകാന്‍ കഴിവുള്ളവര്‍ ഹജ്ജ് ചെയ്യുന്ന കാര്യത്തില്‍ വളരെയേറെ താല്‍പര്യം കാണിക്കണം. അത് പിന്നേക്ക് നീട്ടിവെക്കരുത്.
നാല്: സകാത്ത്
നമ്മുടെ സ്വത്തില്‍ അല്ലാഹു നിശ്ചയിച്ച നിര്‍ബന്ധ ദാനമാണ് സകാത്ത്.
സകാത്ത് നല്‍കാനുള്ള നിസ്വാബ് (തോത്) എത്തിയാല്‍ അത് കൊടുത്ത് വീട്ടല്‍ ഓരോരുത്തര്‍ക്കും ബാധ്യതയാണ്.
സകാത്ത് നല്‍കാതെ സമ്പത്ത് സൂക്ഷിച്ച് വെച്ചാല്‍ അത് വലിയ തിന്മയാണ്. ഇഹലോകത്തും പരലോകത്തും അതിന്‍റെ ശിക്ഷ അവന് അനുഭവിക്കേണ്ടി വരും.
സകാത്ത് നല്‍കല്‍ നിര്‍ബന്ധമായ സമ്പത്തുകള്‍ ഇവയാണ്:
1- നാണയങ്ങള്‍
2- സ്വര്‍ണ്ണം, വെള്ളി
3- കൃഷിയുല്‍പ്പന്നങ്ങള്‍
4- കച്ചവട സാധനങ്ങള്‍
5- നാല്‍ക്കാലികള്‍ (ആട്, പശു, ഒട്ടകം വര്‍ഗ്ഗങ്ങള്‍)
ഇതില്‍ ഒരോന്നിന്‍റെയും നിസ്വാബും സകാത്തിന്‍റെ കണക്കും ഓരോരുത്തരും അറിഞ്ഞിരിക്കണം.
ഓരോന്നിനും സകാത്ത് നല്‍കേണ്ടത് വര്‍ഷം തികയുമ്പോഴാണ്.
അഞ്ച്: അമാനത്ത് നിറവേറ്റല്‍
അമാനത്ത് നിറവേറ്റല്‍ വിശ്വാസികളുടെ വിശേഷണമാണ്.
അത് ഭൗതികവും ആത്മീയവുമായ വിജയങ്ങള്‍ നേടിത്തരും.
അത് ജനങ്ങള്‍ക്ക് നമ്മളിലുള്ള വിശ്വാസം ശക്തിപ്പെടുത്തും.
അമാനത്ത് വിവിധ ഇനങ്ങളുണ്ട്. അവ:
- സാമ്പത്തികമായ അമാനത്തുകള്‍
- വാക്കിലും പ്രവര്‍ത്തനത്തിലും ഉള്ള അമാനത്തുകള്‍
- രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതിലെ അമാനത്തുകള്‍
യഥാര്‍ത്ഥ വിശ്വാസികള്‍ അമാനത്തുകളും കരാറുകളും പാലിക്കുന്നവരാണ് എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. (23/8)

No comments:
Post a Comment