ഫോളോ ചെയ്യാം

Wednesday, 21 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 215 دروس الحديث - ഈ നാല് കാര്യങ്ങള്‍ ഗര്‍ഭാശയത്തില്‍ വെച്ച് നിര്‍ണ്ണയിക്കപ്പെടുന്നു

  الأربعون النووية-حديث:4 



 ഈ നാല് കാര്യങ്ങള്‍ ഗര്‍ഭാശയത്തില്‍ വെച്ച് നിര്‍ണ്ണയിക്കപ്പെടുന്നു

عَنْ أَبِي عَبْدِ الرَّحْمَنِ عَبْدِ اللَّهِ بْنِ مَسْعُودٍ رضي الله عنه قَالَ: حَدَّثَنَا رَسُولُ اللَّهِ صلى الله عليه وسلم -وَهُوَ الصَّادِقُ الْمَصْدُوقُ-: "إنَّ أَحَدَكُمْ يُجْمَعُ خَلْقُهُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا نُطْفَةً، ثُمَّ يَكُونُ عَلَقَةً مِثْلَ ذَلِكَ، ثُمَّ يَكُونُ مُضْغَةً مِثْلَ ذَلِكَ، ثُمَّ يُرْسَلُ إلَيْهِ الْمَلَكُ فَيَنْفُخُ فِيهِ الرُّوحَ، وَيُؤْمَرُ بِأَرْبَعِ كَلِمَاتٍ: بِكَتْبِ رِزْقِهِ، وَأَجَلِهِ، وَعَمَلِهِ، وَشَقِيٍّ أَمْ سَعِيدٍ؛ فَوَاَللَّهِ الَّذِي لَا إلَهَ غَيْرُهُ إنَّ أَحَدَكُمْ لَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إلَّا ذِرَاعٌ فَيَسْبِقُ عَلَيْهِ الْكِتَابُ فَيَعْمَلُ بِعَمَلِ أَهْلِ النَّارِ فَيَدْخُلُهَا. وَإِنَّ أَحَدَكُمْ لَيَعْمَلُ بِعَمَلِ أَهْلِ النَّارِ حَتَّى مَا يَكُونُ بَيْنَهُ وَبَيْنَهَا إلَّا ذِرَاعٌ فَيَسْبِقُ عَلَيْهِ الْكِتَابُ فَيَعْمَلُ بِعَمَلِ أَهْلِ الْجَنَّةِ فَيَدْخُلُهَا".رَوَاهُ الْبُخَارِيُّ [رقم:3208]، وَمُسْلِمٌ [رقم:2643].  

അബ്ദുല്ലാഹിബ്നു മസ്ഊദ്  رضي الله عنه പറഞ്ഞു: സത്യസന്ധനും സത്യപ്പെടുത്തപ്പെടുന്നവരുമായ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم  ഞങ്ങളോട് പറഞ്ഞിരിക്കുന്നു. ‘നിങ്ങളില്‍ ഓരോരുത്തരുടെയും സൃഷ്ടിപ്പ് നാല്പത് ദിവസം തന്‍റെ മാതാവിന്‍റെ വയറ്റില്‍ ബീജകണമായി സംയോജിക്കപ്പെടുന്നു. പിന്നെ നാല്‍പത് ദിവസക്കാലം രക്തക്കട്ടയായും പിന്നെ അത്രതന്നെ കാലം മാംസപിണ്ഡമായും കഴിയും. പിന്നീട് അതിലേക്ക് ഒരു മലക്ക് അയക്കപ്പെടും. അത് അതില്‍ ആത്മാവിനെ (روح) ഊതുകയും നാല് വചനങ്ങള്‍ കല്‍പ്പിക്കപ്പെടുകയും ചെയ്യും. അത് അതിന്‍റെ ജീവിതോപാധി, ആയുസ്, കര്‍മം, ഭാഗ്യവാനോ നി൪ഭാഗ്യവാനോ തുടങ്ങിയവ രേഖപ്പെടുത്തിയാണ്. അല്ലാഹുവാണ് സത്യം, അവനല്ലാതെ ഒരു ആരാധ്യനില്ല. ഒരാളുടെയും സ്വര്‍ഗ്ഗത്തിന്‍റെയും ഇടക്ക് ഒരു മുഴം അകലമുള്ളൂവെന്ന അവസ്ഥ വരുന്നത് വരെ നിങ്ങളില്‍ ഒരാള്‍ സ്വ൪ഗ്ഗക്കാരുടെ കര്‍മം ചെയ്യും. അപ്പോള്‍ അവന്‍റെ വിധി അവനെ മുന്‍ കടക്കുകയും അനന്തരം അവന്‍ നരകക്കാരുടെ കര്‍മം ചെയ്യുകയും തുടര്‍ന്ന് അവന്‍ നരകത്തില്‍ പ്രവേശിക്കുകയും ചെയ്യും. (അത് പോലെ) ഒരാളുടെയും നരകത്തിന്‍റെയും  ഇടക്കുള്ള ദൂരം ഒരു മുഴം അകലമുള്ളൂവെന്ന അവസ്ഥ വരുന്നത് വരെ നിങ്ങളില്‍ ഒരാള്‍ നരകാവകാശിയുടെ കര്‍മം ചെയ്യും. അപ്പോള്‍ വിധി അവനെ മുന്‍കടക്കുകയും അനന്തരം അവന്‍ സ്വ൪ഗ്ഗാവകാശിയുടെ കര്‍മം ചെയ്യുകയും അങ്ങനെ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും ചെയ്യും. (ബുഖാരി, മുസ്‌ലിം).

വിവരണം
ഓരോരുത്തരുടേയും വിധികള്‍ അല്ലാഹു ലൌഹുല്‍ മഹ്ഫൂദില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. 
അത് അല്ലാഹു ഉദ്ദേശിക്കുന്നതിനനുസരിച്ച് സംഭവിക്കും. 
ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ ആ വിധി സമര്‍പ്പിക്കുന്ന സന്ദര്‍ഭത്തെ ഈ ഹദീസ് അറിയിക്കുന്നു. 
ഒരു ഗര്‍ഭസ്ഥ ശിശുവിന് ഗര്‍ഭാവസ്ഥയുടെ തുടക്കത്തില്‍ നാല് ഘട്ടങ്ങളുണ്ട്. ഓരോന്നും നാല്‍പത് ദിവസമാണ്. അവ:
ഒന്ന്: അണ്ഡവും ബീജവും ഒന്നിച്ച് ചേര്‍ന്ന അവസ്ഥ.
രണ്ട്: രണ്ടാമത്തെ ഘട്ടത്തില്‍ അവന് വെറുമൊരു രക്തപിണ്ഡമാണ്.
മൂന്ന്: ശേഷം അവന് മാംസ പിണ്ഡമാകുന്നു. ഒരാള്‍ക്ക് വായില്‍ ഇട്ട് ചവക്കാവുന്നത്ര ചെറിയ മാംസക്കട്ടയാണ് അത്. 
നാല്: ഈ ഘട്ടത്തില്‍ അവന് രൂപവും ആകൃതിയും കൈവരികയും നാല് മാസം പൂര്‍ത്തിയാവുകയും ചെയ്യും.
അല്ലാഹു പറയുന്നു:  (പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നാം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു.) മുഅ'മിനൂന്‍:14

ശേഷം ആത്മാവ് നല്‍കാന്‍ ചുമതലയുള്ള മലക്ക് വരികയും ആത്മാവ് നല്‍കുകയും ചെയ്യും. അതോടൊപ്പം നാല് കാര്യങ്ങള്‍ കല്‍പ്പിക്കപ്പെടുകയും രേഖപ്പെടുത്തപ്പെടുകയും ചെയ്യും.
ഒന്ന്: അവനുള്ള ഭൗതിക വിഭവങ്ങള്‍ (رزق)
രണ്ട്: അവന്‍റെ ആയുസ്സ് (أجل)
മൂന്ന്: അവന്‍റെ കര്‍മങ്ങള്‍ (عمل)
നാല്: അവന് ദൗര്‍ഭാഗ്യവാനാണോ സൗഭാഗ്യവാനാണോ എന്നീ കാര്യങ്ങള്‍.

ഒരു മനുഷ്യന് ജീവിക്കാന്‍ ആവശ്യമായ ഭൗതിക വിഭവങ്ങള്‍ അല്ലാഹു അവന് നിര്‍ണ്ണയിച്ചിട്ടുണ്ട്. അത് അവന് ലഭിക്കുകതന്നെ ചെയ്യും. ആ നിര്‍ണ്ണയമനുസരിച്ച് മാത്രമേ അവ അവന് ലഭിക്കുകയുള്ളൂ. വിഭവങ്ങളില്‍ ധൂര്‍ത്തും പാഴാക്കലും അവന്‍റെ ജീവിതത്തെ ബാധിക്കും. 
ഒരാള്‍ ഭൂമിയില്‍ എത്ര കാലം ജീവിക്കും എന്നും രേഖപ്പെടുത്തപ്പെട്ടതാണ്. ആ അവധി അനുസരിച്ച് അവന്‍റെ ജീവതം കഴിയും. അതില്‍ മുന്തിക്കാലോ പിന്തിക്കലോ നടക്കില്ല. ഓരോ നിമിഷങ്ങള്‍ കഴിയുമ്പോഴും നമ്മുടെ അവധി തീരുകയാണ് എന്നും ആയുസ് കുറയുകയാണ് എന്നും നാം അറിയണം.
ഓരോരുത്തരും എന്താണ് പ്രവര്‍ത്തിക്കുക എന്നും രേഖപ്പെടുത്തപ്പെട്ടതാണ്. ഓരോ കാര്യങ്ങളും സംഭവിക്കുന്നതിന് മുമ്പേ തന്നെ അവയെക്കുറിച്ചുള്ള അല്ലാഹുവിന്‍റെ അറിവിന്‍റെ അടിസ്ഥാനത്തിലാണ് ഇത് രേഖപ്പെടുത്തിയത്. അല്ലാതെ അല്ലാഹു ചിലരോട് അനീതിയും ചിലരോട് നീതിയും ചെയ്തു എന്ന് വിവരമില്ലാത്തവര്‍ പറയുന്നത് പോലെയല്ല. 
ഒരാള്‍ക്ക് ജീവിതത്തില്‍ കര്‍മങ്ങള്‍ എങ്ങനെ ആക്കണമെന്ന സ്വാതന്ത്ര്യം അല്ലാഹു നല്‍കിയിട്ടുണ്ട്. നല്ലത് തെരെഞ്ഞെടുക്കാം അല്ലെങ്കില്‍ ചീത്ത തെരെഞ്ഞെടുക്കാം. നന്ദിയുള്ളവനാകാം അല്ലെങ്കില്‍ നന്ദി കേട്ടവനാകാം. നല്ലത് ചെയ്‌താല്‍ നല്ല പ്രതിഫലവും ചീത്ത ചെയ്‌താല്‍ ശിക്ഷയും ലഭിക്കും. ഇത് വിശുദ്ധ ക്വുര്‍ആന്‍ അറിയിക്കുന്ന കാര്യമാണ്. 
 
മനുഷ്യന്‍റെ ജീവിതം മൊത്തത്തില്‍ രണ്ട് വിധമാണ്. 
ഒന്ന്: സൗഭാഗ്യമുള്ള ജീവിതം.
രണ്ട്: ദൗര്‍ഭാഗ്യം നിറഞ്ഞ ജീവിതം. 

ജീവിതത്തില്‍ ഭാഗ്യ-ദൗര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞു വരുന്നതാണ്. സൗഭാഗ്യങ്ങളില്‍ അഹങ്കരിക്കുകയും ദൗര്‍ഭാഗ്യങ്ങളില്‍ നിരാശരാവുകയും ചെയ്യാന്‍ പാടില്ല. 
ഒരു ജീവിത കാലം മുഴുവന്‍ നന്‍മ ചെയ്ത് സ്വര്‍ഗ്ഗത്തിലേക്ക് ഒരു മുഴം ദൂരം മാത്രം ഉള്ളപ്പോള്‍ അവന്‍റെ അവസ്ഥ മാറാനിടയുണ്ടെന്ന് റസൂല്‍ صلى الله عليه وسلم ആണ് അറിയിച്ചത്. സ്വര്‍ഗ്ഗത്തോട് അടുത്തെത്തിയപ്പോള്‍ ആണ് അവന്‍റെ വിധി മാറുന്നത്. അങ്ങനെ അവന് നരകക്കാരുടെ കര്‍മങ്ങളില്‍ ഏര്‍പ്പെടുകയും നരകാവകാശി ആവുകയും ചെയ്യും. 
ചെയ്ത നന്മകളില്‍ അഹങ്കരിക്കാതെ ഹിദായത്ത് നിലനിര്‍ത്താനും സന്മാര്‍ഗ്ഗത്തില്‍ ഉറച്ച്നില്‍ക്കാനും വേണ്ട കാര്യങ്ങള്‍ ചെയ്യാനാണ് ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്. 
ധാരാളം തിന്മകള്‍ ചെയ്യുന്നവര്‍ക്കും വിധിയില്‍ മാറ്റം ഉണ്ടായേക്കാം. അത്തരക്കാര്‍ നിരാശരാവുകയോ മറ്റുള്ളവര്‍ അവരെ പരിഹസിക്കുകയോ ചെയ്യേണ്ടതില്ല. അവര്‍ക്ക് നസ്വീഹത്തും അവരെ ഗുണദോഷിക്കലുമാണ് വേണ്ടത്. 
തിന്മകള്‍ ചെയ്ത് നരകത്തോട് അടുത്തെത്തിയ ആള്‍, ഒരു മുഴം അഥവാ ഇനി ഒരടി വെച്ചാല്‍ നരകത്തിലെന്ന പോലെയുള്ള ആളുടെ വിധിയും മാറും എന്ന്‍  റസൂല്‍ صلى الله عليه وسلم അറിയിച്ചിരിക്കുന്നു. അയാള്‍ നല്ല കാര്യങ്ങള്‍ ചെയ്യുകയും അല്ലാഹു അവന് പൊറുത്ത് കൊടുക്കുകയും അനന്തരം അവന് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയും ചെയ്യും. 
ഒരാളുടെ ജീവിതത്തിന്‍റെ അവസാനം എങ്ങനെയാണ് എന്നാണ് പരിഗണിക്കപ്പെടുന്നത്. നല്ല പര്യവസാനമാണെങ്കില്‍ അവന് സ്വര്‍ഗ്ഗാവകാശിയാകുന്നു. മോശം പര്യവസാനമാണെങ്കില്‍ അവന് നരകാവകാശിയും ആകുന്നു. ആയതിനാല്‍ നല്ല പര്യവസാനത്തിനായി പരിശ്രമിക്കുക. 

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...