ഫോളോ ചെയ്യാം

Monday, 12 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 207 دروس الحديث - ഈ തിന്‍മകളെ പ്രത്യേകം സൂക്ഷിക്കുക

 


ഈ തിന്‍മകളെ 

പ്രത്യേകം സൂക്ഷിക്കുക

عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: أَكْبَرُ الكَبَائِرِ: الإِشْرَاكُ بِاللَّهِ، وَقَتْلُ النَّفْسِ، وَعُقُوقُ الوَالِدَيْنِ، وَقَوْلُ الزُّورِ،-أَوْ قَالَ: وَشَهَادَةُ الزُّورِ- رواه البخاري ومسلم

അനസുബ്നു മാലിക് رضي اللهُ عنه നിവേദനം, നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: വന്‍ പാപങ്ങളില്‍ ഏറ്റവും വലുത്: അല്ലാഹുവില്‍ പങ്കു ചേര്‍ക്കലും, മനുഷ്യനെ വധിക്കലും, മാതാപിതാക്കളെ വ്യസനിപ്പിക്കലും, കള്ളവാക്ക് പറയലും അല്ലെങ്കില്‍ കള്ള സാക്ഷ്യം പറയലുമാണ്.


വിവരണം


 വന്‍പാപങ്ങളിലെ ഏറ്റവും ഗുരുതര പാപങ്ങള്‍ ഏതൊക്കെയാണ് എന്ന് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ നമ്മെ പഠിപ്പിക്കുന്നു.


 ഇത് പറയുമ്പോള്‍ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ചാരി ഇരിക്കുകയായിരുന്നു, അപ്പോള്‍ നേരെ ഇരുന്ന് ഇത് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ഒന്ന് മിണ്ടാതിരുന്നെങ്കില്‍ എന്ന് സ്വഹാബികള്‍ പറയുന്നത് വരെ ഇതുണ്ടായി എന്ന് ഹദീസിലുണ്ട്. 


അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍:

ശിര്‍ക്ക് അല്ലാഹു ഒരിക്കലും പൊറുക്കാത്ത പാപമാണ്. അല്ലാഹുവിന് മാത്രം പ്രത്യേകമായ കാര്യങ്ങളില്‍ സൃഷ്ടികളെ പങ്കാളികളാക്കലാണ് ശിര്‍ക്ക്. പ്രാര്‍ത്ഥന, നേര്‍ച്ച, ബലി പോലെയുള്ള ആരാധനകള്‍ അല്ലാഹുവിന് മാത്രം സമര്‍പ്പിക്കേണ്ടവയാണ്. അത് അല്ലാഹു അല്ലാത്തവര്‍ക്ക് നല്‍കിയാല്‍ അത് വലിയ കുറ്റമാണ്. ശിര്‍ക്ക് ചെയ്യുന്നവന് നരകം ഉറപ്പും, സ്വര്‍ഗ്ഗം നിഷിദ്ധവുമാണ്. 


കൊലപാതകം

ഒരു ആത്മാവിനെ അന്യായമായി വധിക്കുക എന്നത് വലിയ തിന്‍മയാണ്. ഏറ്റവും വലിയ തിന്‍മയായ ശിര്‍ക്കിന് ശേഷം അറിയിക്കപ്പെട്ട വന്‍പാപമാണത്. അല്ലാഹു ഹറാം ആക്കിയ കാര്യമാണത് എന്ന് വിശുദ്ധ ക്വുര്‍ആനില്‍ നമുക്ക് കാണാം.     


ഒരാളും മറ്റൊരാളെയും, അല്ലെങ്കില്‍ സ്വന്തത്തേയും വധിക്കാന്‍ പാടില്ല. ആത്മഹത്യയും ഈ ഹദീസില്‍ പറഞ്ഞ കൊലയുടെ പരിധിയില്‍ പെടും.


 ശത്രുക്കളെ നേരിടാന്‍  എന്ന പേരില്‍ ചാവേറായി മരിക്കലും ആത്മഹത്യയുടെ ഇനത്തില്‍ പെടുന്നതാണ്.


 അന്യായമായി ഒരു ആത്മാവിനെ ആരെങ്കിലും വധിച്ചാല്‍ അത് മുഴുവന്‍ മനുഷ്യരെയും വധിച്ചത് പോലെയാണെന്ന് വിശുദ്ധ ക്വുര്‍ആനിലുണ്ട് (മാഇദ:32)


മാതാപിതാക്കളെ പ്രയാസപ്പെടുത്തല്‍:

മാതാപിതാക്കളെ പ്രയാസപ്പെടുത്താനോ അവരെ നിന്ദിക്കാനോ ഒരിക്കലും പാടില്ല. അല്ലാഹുവിനെ ആരാധിക്കുന്നതിനെ അറിയിച്ച ശേഷം മാതാപിതാക്കള്‍ക്ക് നന്‍മ ചെയ്യാന്‍ അറിയിച്ച വചനം (ഇസ്റാഅ്:23) വിശുദ്ധ ക്വുര്‍ആനില്‍ നമുക്ക് കാണാന്‍ കഴിയും. അത്രക്ക് പ്രാധാന്യമുള്ളതാണ് അവര്‍ക്ക് നന്‍മ ചെയ്യല്‍.


മാതാപിതാക്കളെ പ്രയാസപ്പെടുത്തുന്നതിന്‍റെ

ചില പ്രകട രൂപങ്ങള്‍ താഴെ കൊടുക്കുന്നു.


  • അവരെ ദുഖിപ്പിക്കലും കരയിപ്പിക്കലും.
  • അവരോട് കയര്‍ത്ത് സംസാരിക്കലും അമിത ശബ്ദത്തില്‍ അവരോട് സംസാരിക്കലും.
  • അവര്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കാതിരിക്കലും അവരോട് 'ഛെ' എന്ന രൂപത്തിലുള്ള പദപ്രയോഗങ്ങള്‍ നടത്തലും (ഇസ്റാഅ്:23).
  • അവരോട് മുഖം ചുളിക്കലും നല്ല മുഖത്തോടെ അവരെ അഭിസംബോധന ചെയ്യാതിരിക്കലും.
  • അവര്‍ ചെയ്ത കാര്യങ്ങളെ കുറ്റപ്പെടുത്തല്‍. (അവരുണ്ടാക്കിയ ഭക്ഷണത്തെ കുറ്റപ്പെടുത്തുന്നത് പോലെ).
  • അവരുടെ ജോലികളില്‍ അവരെ സഹായിക്കാതിരിക്കല്‍.
  • മറ്റുള്ളവരുടെ മുമ്പില്‍ സ്വന്തം മാതാപിതാക്കളെ കുറ്റപ്പെടുത്തി സംസാരിക്കല്‍.
  • മാതാപിതാക്കള്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടല്‍.


കള്ളവാക്ക് പറയല്‍, കള്ള സാക്ഷ്യം പറയല്‍

കള്ളവാക്കും കള്ള സാക്ഷ്യവും വാന്‍പാപങ്ങളില്‍ പെട്ടതാണ്. സാക്ഷി പറയേണ്ടി വന്നാല്‍ ഉള്ളത് പോലെ പറയണം. ഇല്ലാത്തത് പറയലും ഉള്ളത് മറച്ച് വെക്കലും കള്ള സാക്ഷ്യത്തില്‍ പെടും. 

 


No comments:

Post a Comment

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...