ഫോളോ ചെയ്യാം

Monday, 19 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 213 دروس الحديث - ഹദീസു ജിബ്‌രീല്‍

الأربعون النووية-حديث:2 




ഹദീസു ജിബ്‌രീല്‍

عَنْ عُمَرَ رضي الله عنه أَيْضًا قَالَ: " بَيْنَمَا نَحْنُ جُلُوسٌ عِنْدَ رَسُولِ اللَّهِ صلى الله عليه وسلم ذَاتَ يَوْمٍ، إذْ طَلَعَ عَلَيْنَا رَجُلٌ شَدِيدُ بَيَاضِ الثِّيَابِ، شَدِيدُ سَوَادِ الشَّعْرِ، لَا يُرَى عَلَيْهِ أَثَرُ السَّفَرِ، وَلَا يَعْرِفُهُ مِنَّا أَحَدٌ. حَتَّى جَلَسَ إلَى النَّبِيِّ صلى الله عليه وسلم . فَأَسْنَدَ رُكْبَتَيْهِ إلَى رُكْبَتَيْهِ، وَوَضَعَ كَفَّيْهِ عَلَى فَخْذَيْهِ، وَقَالَ: يَا مُحَمَّدُ أَخْبِرْنِي عَنْ الْإِسْلَامِ. فَقَالَ رَسُولُ اللَّهِ صلى الله عليه وسلم الْإِسْلَامُ أَنْ تَشْهَدَ أَنْ لَا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَتُقِيمَ الصَّلَاةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ الْبَيْتَ إنْ اسْتَطَعْت إلَيْهِ سَبِيلًا. قَالَ: صَدَقْت . فَعَجِبْنَا لَهُ يَسْأَلُهُ وَيُصَدِّقُهُ! قَالَ: فَأَخْبِرْنِي عَنْ الْإِيمَانِ. قَالَ: أَنْ تُؤْمِنَ بِاَللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ. قَالَ: صَدَقْت. قَالَ: فَأَخْبِرْنِي عَنْ الْإِحْسَانِ. قَالَ: أَنْ تَعْبُدَ اللَّهَ كَأَنَّك تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاك. قَالَ: فَأَخْبِرْنِي عَنْ السَّاعَةِ. قَالَ: مَا الْمَسْئُولُ عَنْهَا بِأَعْلَمَ مِنْ السَّائِلِ. قَالَ: فَأَخْبِرْنِي عَنْ أَمَارَاتِهَا؟ قَالَ: أَنْ تَلِدَ الْأَمَةُ رَبَّتَهَا، وَأَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ رِعَاءَ الشَّاءِ يَتَطَاوَلُونَ فِي الْبُنْيَانِ. ثُمَّ انْطَلَقَ، فَلَبِثْنَا مَلِيًّا، ثُمَّ قَالَ: يَا عُمَرُ أَتَدْرِي مَنْ السَّائِلُ؟. قلتُ: اللَّهُ وَرَسُولُهُ أَعْلَمُ. قَالَ: فَإِنَّهُ جِبْرِيلُ أَتَاكُمْ يُعَلِّمُكُمْ دِينَكُمْ ". رَوَاهُ مُسْلِمٌ [رقم:8]  .

ഉമർ رضي الله عنه പറഞ്ഞു: 
"ഒരു ദിവസം ഞങ്ങള്‍ അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم യുടെ സമീപത്ത് ഇരിക്കുകയായിരുന്നു. അപ്പോൾ  തൂവെള്ള വസ്ത്രവും നന്നായി കറുത്ത തലമുടിയും ഉള്ള ഒരാൾ അവിടെ വന്നു. അദ്ദേഹത്തില്‍ യാത്രയുടെ ഒരു അടയാളവും കാണാനില്ലായിരുന്നു, ഞങ്ങളിൽ ആരും തന്നെ അദ്ദേഹത്തെ അറിയുകയുമില്ല.  അദ്ദേഹം നബി صلى الله عليه وسلم യുടെ അടുത്തേക്ക് വന്നു, തന്‍റെ കാല്‍മുട്ടുകള്‍ നബി صلى الله عليه وسلم യുടെ കാല്‍മുട്ടുകളോട് ചേർത്ത് ഇരുന്നു. കൈകൾ തൻ്റെ കാല്‍തുടകളില്‍ വെക്കുകയും ചെയ്തു.

അദ്ദേഹം ചോദിച്ചു: “മുഹമ്മദേ, ഇസ്‌ലാം എന്താണ് എന്ന് എനിക്ക് പറഞ്ഞ് തരൂ. 
നബി صلى الله عليه وسلم പറഞ്ഞു: “ഇസ്‌ലാം എന്നത്:  ‘അല്ലാഹുവല്ലാതെ ആരാധനക്ക് അർഹൻ മറ്റാരുമില്ല എന്നും, മുഹമ്മദ്‌ നബി  അല്ലാഹുവിന്‍റെ ദൂതനാണെന്നും’ (لَا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ) താങ്കള്‍ സാക്ഷ്യപ്പെടുത്തലും, നമസ്കാരം നിര്‍വ്വഹിക്കലും, സകാത്ത് നൽകലും, റമളാനിലെ നോമ്പ് നോല്‍ക്കലും  കഴിവുണ്ടെങ്കിൽ ഹജ്ജ് ചെയ്യലും” ആണ്.

അദ്ദേഹം പറഞ്ഞു: “താങ്കള്‍ പറഞ്ഞത് സത്യമാണ്.”
അദ്ദേഹം ചോദിക്കുകയും പിന്നെ ശരിയാണെന്ന് സമ്മതിക്കലും ചെയ്യുന്നത് ഞങ്ങള്‍ക്ക് അത്ഭുതമുണ്ടാക്കി. 
അദ്ദേഹം ചോദിച്ചു: “ഇമാൻ എന്താണ് എന്ന് എനിക്ക് പറഞ്ഞു തരൂ?”
നബി صلى الله عليه وسلم പറഞ്ഞു: “ഇമാൻ എന്നത്: നീ  അല്ലാഹുവിലും, അവന്‍റെ മലക്കുകളിലും, വിശുദ്ധ ഗ്രന്ഥങ്ങളിലും, ദൂതന്മാരിലും, അന്ത്യ ദിനത്തിലും, വിധിയിലും–അതിലെ നന്മയിലും തിന്മയിലും-വിശ്വസിക്കലാണ്.”
അദ്ദേഹം പറഞ്ഞു: “താങ്കള്‍ പറഞ്ഞത് സത്യമാണ്.”

അദ്ദേഹം ചോദിച്ചു: “ഇഹ്‌സാൻ എന്താണ് എന്ന് എനിക്ക് പറഞ്ഞു തരൂ?”
നബി صلى الله عليه وسلم പറഞ്ഞു: “ഇഹ്‌സാൻ എന്നത്: നീ അല്ലാഹുവിനെ കാണുന്നത് പോലെ അവനെ ആരാധിക്കുക. നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്. (എന്ന ബോധത്തില്‍ ആരാധന ചെയ്യുക).”

അദ്ദേഹം ചോദിച്ചു: “അന്ത്യദിനം എപ്പോഴാണ് എന്ന് എനിക്ക് പറഞ്ഞു തരൂ?”
നബി صلى الله عليه وسلم പറഞ്ഞു: “അതിനെക്കുറിച്ച് ചോദിക്കപ്പെട്ടവന്‍  ചോദിച്ചവനേക്കാള്‍  കൂടുതൽ അറിവുള്ളവനല്ല.”
അദ്ദേഹം ചോദിച്ചു: “അവയുടെ അടയാളങ്ങൾ എന്തൊക്കെയാണ് എന്ന് എനിക്ക് പറഞ്ഞു തരൂ?” 
നബി صلى الله عليه وسلم പറഞ്ഞു: “ഒരു അടിമസ്ത്രീ തന്‍റെ യജമാനനെ പ്രസവിക്കുന്നതും, നഗ്ന പാദരും, വിവസ്ത്രരും, ദരിദ്രരുമായ ആട്ടിടയന്മാര്‍  വലിയ കെട്ടിടങ്ങൾ പണിയുന്നതില്‍ മത്സരിക്കുന്നതായി താങ്കള്‍ കാണല്‍.” എന്നിവയാണ്.

പിന്നെ അദ്ദേഹം പോയി. ഞങ്ങള്‍ കുറച്ച് അധികം സമയം കഴിച്ചു കൂട്ടി. 
പിന്നീട് നബി صلى الله عليه وسلم ചോദിച്ചു: “ഉമര്‍.., ആ ചോദിച്ച ആള്‍ ആരായിരുന്നെന്ന് താങ്കള്‍ക്കറിയുമോ?”
ഞാൻ പറഞ്ഞു: “അല്ലാഹുവും അവന്‍റെ റസൂലും ആണ് കൂടുതല്‍ അറിയുന്നത്.”
നബി صلى الله عليه وسلم പറഞ്ഞു: “അത് ജിബ്‌രീൽ ആയിരുന്നു. നിങ്ങളെ നിങ്ങളുടെ മതം പഠിപ്പിക്കാനായിരുന്നു അദ്ദേഹം വന്നത്.”


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

  • ഇസ്‌ലാമിന്‍റെ അഞ്ച് സ്തംഭങ്ങളെ കുറിച്ചുള്ള വിവരണം ഈ ഹദീസിലുണ്ട്
  • ഈമാന്‍ കാര്യങ്ങളായ ആറു കാര്യങ്ങളെ കുറിച്ചുള്ള വിവരണവും ഇതിലുണ്ട്.
  • എന്താണ് ഇഹ്സാന്‍ എന്ന് ഹദീസ് അറിയിക്കുന്നു.
  • അന്ത്യ ദിനത്തിന്‍റെ വിവരം അല്ലാഹുവിന് മാത്രമേ അറിയൂ. മറ്റാര്‍ക്കും അതറിയില്ല എന്ന് ഹദീസില്‍ നിന്ന് മനസ്സിലാക്കാം.
  • മത വിജ്ഞാനം നേടുമ്പോള്‍ പാലിക്കേണ്ട മര്യാദകളും അതില്‍ വിനയം കാണിക്കുന്നതിന്‍റെയും പാഠങ്ങള്‍ ഈ ഹദീസിലുണ്ട്.
  • അറിവ് അന്വേഷിക്കുന്നതിന്‍റെ ശൈലിയും രീതിയും ഈ ഹദീസ് വ്യക്തമാക്കുന്നു. ചോദിക്കുകയും മറുപടി പറയുകയും ചെയ്യുന്ന രീതി വേഗത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. 
  • സ്വഹാബികള്‍ നബി صلى الله عليه وسلم യുടെ അടുക്കല്‍ നല്ല മര്യാദയുള്ളവരായിരുന്നു എന്ന് ഹദീസില്‍ നിന്ന് മനസ്സിലാക്കാം. 
  • നബി صلى الله عليه وسلم യുടെ അടുക്കല്‍ ജിബ്‌രീല്‍ വിവിധ രൂപത്തില്‍ വരാറുണ്ടായിരുന്നു. ഈ കാര്യവും ഹദീസില്‍ നിന്ന് വ്യക്തമാണ്. 
  • നല്ല വസ്ത്രവും നല്ല രൂപവും വൃത്തിയും അത്യാവശ്യമാണെന്നും, അറിവ് നേടുമ്പോഴും അത് പകര്‍ന്ന് നല്‍കുമ്പോഴും അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ഹദീസ് പഠിപ്പിക്കുന്നു.
  • أَنْ تَلِدَ الْأَمَةُ رَبَّتَهَا എന്നാല്‍ മാതാക്കളെ നിന്ദിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥ സംജാതമാകുന്നതിനെ കുറിച്ചാണെന്ന് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. അത് പോലെ അടിമ സ്ത്രീകളില്‍ ഭരണാധികാരികളും നേതാക്കളും ജനിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകും എന്നാണെന്നും അഭിപ്രായമുണ്ട്.
  • ഇസ്‌ലാം, ഈമാന്‍, ഇഹ്സാന്‍ എന്നീ മൂന്ന് പ്രധാന കാര്യങ്ങളില്‍ ഇസ്‌ലാം മതം ഉള്‍ക്കൊള്ളുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. 
  • അല്ലാഹുവിനെ ഭൂമിയില്‍ വെച്ച് നമുക്ക് കാണാന്‍ സാധ്യമല്ല. എന്നാല്‍ അല്ലാഹുവിനെ കാണുന്നത് പോലെ നമ്മള്‍ അവനെ ആരാധിക്കണം. നമ്മള്‍ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അല്ലാഹു നമ്മെ കാണുന്നു എന്ന ബോധം എല്ലായ്പോഴും നമ്മിലുണ്ടാവണം.






No comments:

Post a Comment

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...