ഫോളോ ചെയ്യാം

Sunday, 11 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 206 دروس الحديث - നാല് കാര്യങ്ങളില്‍ നിന്ന് രക്ഷ തേടുക

 


നാല് കാര്യങ്ങളില്‍ നിന്ന് 

രക്ഷ തേടുക

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «تَعَوَّذُوا بِاللَّهِ مِنْ جَهْدِ البَلاَءِ، وَدَرَكِ الشَّقَاءِ، وَسُوءِ القَضَاءِ، وَشَمَاتَةِ الأَعْدَاءِ»- متفق عليه

അബൂഹുറൈറ رضي اللهُ عنه നിവേദനം, നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: കടുത്ത  പരീക്ഷണത്തില്‍ നിന്നും, ദൗര്‍ഭാഗ്യം വരുന്നതില്‍ നിന്നും, മോശം വിധിയില്‍ നിന്നും, (തങ്ങള്‍ക്ക് വരുന്ന പരീക്ഷണത്തില്‍) ശത്രുക്കള്‍ സന്തോഷിക്കുന്നതില്‍ നിന്നും നിങ്ങള്‍ അഭയം തേടുക.


വിവരണം

 ഹദീസില്‍ പറയപ്പെട്ട കാര്യങ്ങളില്‍ നിന്ന് രക്ഷ ചോദിക്കാനുള്ള കല്‍പനയാണ് ഇതില്‍ നിന്നും മനസ്സിലാക്കാനുള്ളത്.


 നാം പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ ഹദീസുകളില്‍ സ്ഥിരപ്പെട്ട പ്രാര്‍ത്ഥനകള്‍ കൊണ്ട് പ്രാര്‍ത്ഥിക്കലാണ് ഏറ്റവും ഉത്തമം.


 അവയല്ലാത്തവ കൊണ്ടും പ്രാര്‍ത്ഥിക്കാം. നമ്മുടെ മനസ്സിന്‍റെ പ്രയാസങ്ങള്‍ ഏതും നമുക്ക് കഴിയും വിധം അല്ലാഹുവിനോട് പറയാം.


(നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം) (ഗാഫിര്‍:60) എന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. നാം നന്നായി പ്രാര്‍ത്ഥിക്കുന്നവരാകണം. 


 ഈ ഹദീസില്‍ നാല് കാര്യങ്ങളെ തൊട്ട് രക്ഷ ചോദിക്കാനാണ് പറഞ്ഞിരിക്കുന്നത്. ഇത് പ്രാര്‍ത്ഥിക്കേണ്ട രൂപം: 

(اللهمّ إِنِّي أَعُوذُ بِكَ مِنْ جَهْدِ البَلاَءِ، وَدَرَكِ الشَّقَاءِ، وَسُوءِ القَضَاءِ، وَشَمَاتَةِ الأَعْدَاءِ)

(കടുത്ത  പരീക്ഷണത്തില്‍ നിന്നും, ദൗര്‍ഭാഗ്യം വരുന്നതില്‍ നിന്നും, മോശം വിധിയില്‍ നിന്നും, (തങ്ങള്‍ക്ക് വരുന്ന പരീക്ഷണത്തില്‍) ശത്രുക്കള്‍ സന്തോഷിക്കുന്നതില്‍ നിന്നും അല്ലാഹുവേ ഞാന്‍ നിന്നോട് രക്ഷ ചോദിക്കുന്നു).


 സഹിക്കാന്‍ പറ്റാവുന്നതിലും അപ്പുറമുള്ള കടുത്ത പരീക്ഷണങ്ങള്‍ ഒരു പക്ഷേ നേരിടേണ്ട സാഹചര്യം നമുക്കുണ്ടാകാം, അത്തരം പ്രയാസങ്ങളില്‍ നിന്ന് രക്ഷ ചോദിക്കാനാണ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ നമ്മെ പഠിപ്പിക്കുന്നത്. ഇത് നാം നമ്മുടെ ജീവിതത്തില്‍ പതിവാക്കണം.


 ദൗര്‍ഭാഗ്യകരമായ പ്രയാസങ്ങള്‍ നിറഞ്ഞ കാര്യങ്ങളെ തൊട്ടും രക്ഷ ചോദിക്കണം. തിന്‍മകളില്‍ പെട്ടുപോകല്‍ പോലെയുള്ള കാര്യങ്ങള്‍ സംഭവിക്കാതിരിക്കാനാണ് ഇങ്ങനെ രക്ഷ ചോദിക്കുന്നത്. സൗഭാഗ്യമുള്ള സന്തുഷ്ട ജീവിതമാണ് നമുക്ക് വേണ്ടത്, അതിന് വിരുദ്ധമായ എല്ലാ കാര്യങ്ങളെ തൊട്ടും രക്ഷ ചോദിക്കണം. അതാണ് രണ്ടാമത്തെ കാര്യത്തില്‍ അറിയിക്കുന്നത്.


 മോശം വിധിയെ തൊട്ടുള്ള രക്ഷ ചോദിക്കലാണ് മൂന്നാമത്തേത്. ഒരു വിശ്വാസിക്ക് തന്‍റെ സ്വന്തത്തിലും സമ്പത്തിലും, കുടുംബത്തിലും, മക്കളിലും, അവന്‍റെ ജീവിതത്തിലും, മരണത്തിലുമെല്ലാം സംഭവിക്കാവുന്ന എല്ലാ മോശം വിധിയെ തൊട്ടും രക്ഷ ചോദിക്കാന്‍ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിക്കുന്നു.


 മുസ്ലിംകള്‍ക്ക് വല്ല പ്രയാസങ്ങളും സംഭവിക്കുകയാണെങ്കില്‍ അതില്‍ അവിശ്വാസികള്‍ സന്തോഷിക്കുന്ന അവസ്ഥ ഇല്ലാതിരിക്കാനുള്ള തേട്ടമാണ് ഈ പ്രാര്‍ത്ഥനയിലെ നാലാമത്തേത്.


 നബി صَلَّى اللهُ عَلَيْهِ وَسَلَّمَ ഈ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. എല്ലാം ഉള്‍ക്കൊള്ളുന്ന പ്രാര്‍ത്ഥനയാണ് ഇത്. മനഃപ്പാഠമാക്കി നാം ധാരാളമായി ഇത് പ്രാര്‍ത്ഥിക്കുക.


 പ്രാര്‍ത്ഥനയിലും, ഖുത്വ്'ബയിലുമെല്ലാം കഷ്ടപ്പെട്ട്  പ്രാസമൊപ്പിച്ച് പദങ്ങള്‍ ഉപയോഗിക്കാവതല്ല. എന്നാല്‍ ക്വുര്‍ആനിലും ഹദീസിലും അത് പോലെ വന്ന പ്രാര്‍ത്ഥനകള്‍ നമുക്ക് പ്രാര്‍ത്ഥിക്കാവുന്നതാണ്. പ്രയാസമില്ലാതെയും അര്‍ത്ഥമാറ്റങ്ങളില്ലാതെയും സ്വമേധയാ ഉണ്ടാകുന്ന പ്രാസം ഉപയോഗിക്കുന്നത് കൊണ്ട് തെറ്റില്ല. 


No comments:

Post a Comment

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...