الأربعون النووية-حديث:11
സംശയമുള്ളതില്‍ ഇടപെടാതിരിക്കുക
عَنْ أَبِي مُحَمَّدٍ الْحَسَنِ بْنِ عَلِيِّ بْنِ أَبِي طَالِبٍ سِبْطِ رَسُولِ اللَّهِ صلى الله عليه وسلم وَرَيْحَانَتِهِ رَضِيَ اللَّهُ عَنْهُمَا، قَالَ: حَفِظْت مِنْ رَسُولِ اللَّهِ صلى الله عليه وسلم "دَعْ مَا يُرِيبُك إلَى مَا لَا يُرِيبُك".
رَوَاهُ
التِّرْمِذِيُّ [رقم:2520]، وَالنَّسَائِيّ [رقم: 5711]، وَقَالَ التِّرْمِذِيُّ: حَدِيثٌ حَسَنٌ
صَحِيحٌ.
റസൂല്‍ صلى الله عليه وسلم യുടെ മകളുടെ മകനും പ്രിയങ്കരനുമായ അബൂ മുഹമ്മദില്‍ ഹസനുബ്നി അലിയ്യുബ്നി അബീത്വാലിബ് رَضِيَ اللَّهُ عَنْهُمَا പറഞ്ഞു: ''നിനക്ക് സംശയമുള്ളത് സംശയമില്ലാത്തതിലേക്ക് നീ വിടുക'' എന്ന് ഞാന്‍ റസൂല്‍ صلى الله عليه وسلم യില്‍ നിന്ന് മനപ്പാഠമാക്കി.
വിവരണം
سِبط എന്നാല്‍ മകളുടെ മകന്‍ എന്നാണ് അര്‍ത്ഥം. ഹസന്‍ ഫാത്വിമ رَضِيَ اللَّهُ عَنْها യുടെ മകന്‍ ആണ്. അഥവാ നബി صلى الله عليه وسلم യുടെ പേരമകന്‍.
ഹസന്‍ رَضِيَ اللَّهُ عَنْه വിന്‍റെ ഏഴാം വയസ്സിലാണ് റസൂല്‍ വഫാതാകുന്നത്. ചെറുപ്പത്തില്‍ തന്നെ റസൂല്‍ صلى الله عليه وسلم യില്‍ നിന്ന് മനപ്പാഠമാക്കിയ കുറഞ്ഞ വാക്കുകളില്‍ വലിയ ആശയം നിറഞ്ഞ വചനമാണ് ഹസന്‍ رَضِيَ اللَّهُ عَنْه നമ്മെ അറിയിക്കുന്നത്. റസൂല്‍ صلى الله عليه وسلم കുഞ്ഞു മക്കള്‍ക്ക് പോലും അവര്‍ക്കാവശ്യമായ കാര്യങ്ങള്‍ പകര്‍ന്ന് നല്‍കിയിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
മുഹമ്മദ് നബി صلى الله عليه وسلم തന്‍റെ ജനതയ്‌ക്ക് എപ്പോഴും ഉപദേശം നൽകുകയും, അവരുടെ ഇഹ-പര ജീവിതം ധന്യമാകാനുള്ള നന്മയുടെ വഴിയിലേക്ക് അവരെ നയിക്കുകയും ചെയ്തിരുന്നു.
സത്യസന്ധരുടെ പാത സ്വീകരിക്കണമെന്ന് റസൂല്‍ صلى الله عليه وسلم നിർദേശിക്കുകയും, ആ വഴിയുടെ ലക്ഷണങ്ങളും അതിലേക്കുള്ള മാർഗങ്ങളും വ്യക്തമായി വിവരിക്കുകയും ചെയ്തിട്ടുണ്ട്.
ആ ഉപദേശങ്ങളിലൊന്നാണ് ഈ ഹദീസ്, ഇതിൽ നബി صلى الله عليه وسلم സംശയമുള്ള കാര്യങ്ങളില്‍ നില്‍ക്കാതെ തികച്ചും സംശയരഹിതമായ വഴി സ്വീകരിക്കണമെന്ന് ഉപദേശിക്കുന്നു.
സംശയമുള്ള കാര്യങ്ങളില്‍ ഇടപെടാതെ അതില്‍ നിന്ന് മാറി നില്‍ക്കല്‍ നമുക്ക് നന്മയാണ്. അങ്ങനെ ചെയ്യുമ്പോള്‍ ഒരാളുടെ മത വിഷയങ്ങള്‍ സുരക്ഷിതമാവുകയും അവന്‍റെ അഭിമാനം സംരക്ഷിക്കപ്പെടുകയും ചെയ്യും.
സംശയമുള്ള കാര്യങ്ങളില്‍ ഇടപെടരുത്. സംശയം നീക്കാന്‍ സാധിക്കുമെങ്കില്‍ അത് ചെയ്യാം. അതിന് സാധിക്കുന്നില്ലെങ്കില്‍ ആ കാര്യം ഒഴിവാക്കുകയാണ് വേണ്ടത്. ഇത് വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തില്‍ അത്യാവശ്യമായ കാര്യമാണ്.
ഇത്തരം കാര്യങ്ങളില്‍ പൂര്‍വ്വികരായ നമ്മുടെ ഇമാമീംകള്‍ വലിയ ശ്രദ്ധ കാണിച്ചിരുന്നു.
മനസ്സിന് തൃപ്തിയില്ലാത്ത വിധത്തില്‍ ഒരു കാര്യത്തിലും ഇടപെടരുത്. ഇത് ശരിയാണോ അതോ ശരിയല്ലേ എന്ന മനസ്സിന്‍റെ സംശയം ഇല്ലാതിരിക്കാന്‍ ഏത് കാര്യത്തിലും നാം സൂക്ഷ്മത പാലിക്കണം. ഈ സ്വഭാവ ഗുണം നമുക്ക് തക്വ്'വയും സൂക്ഷ്മതാബോധവും ഉണ്ടാക്കും. ശരിയാണെന്ന് ഉറപ്പുള്ള കാര്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ അത് മനസ്സമാധാനം പകരം നല്‍കും.
ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു:
"ഈ ഹദീസ് ജവാമിഉൽ കലിമില്‍ (കുറഞ്ഞ വാക്കുകളില്‍ വലിയ ആശയം നിറഞ്ഞ വചനത്തില്‍) പെട്ടതാണ്. ഒരു അടിമ ഈ പറഞ്ഞത് പ്രകാരം സഞ്ചരിക്കുന്നു എങ്കില്‍ അത് എത്ര നല്ലതും ഫലപ്രദവുമാണ്. അടിമക്ക് പലകാര്യങ്ങളിലും സംശയം വരാറുണ്ട്. അതിനാൽ നാം പറയുന്നു: സംശയം ഉളവാകുന്നതിൽ നിന്നു സംശയമില്ലാത്തതിലേക്കു നീ നീങ്ങുക, അങ്ങനെ നിന്നെ ആശ്വാസത്തിലും സുരക്ഷയിലുമാക്കുക.
അതായത്, നിനക്കു സംശയവും ശരിയോ തെറ്റോ എന്ന ആശങ്കയും ഉണ്ടെങ്കില്‍, അതെല്ലാം ഉപേക്ഷിച്ച് നിനക്കു സംശയമില്ലാത്ത കാര്യത്തിലേക്ക് നീ തിരിയുക. എന്നാൽ അതു വസ്'വാസിന്‍റെ പരിധിയിലെത്തിയാല്‍ അതിലേക്കു നീ തിരിഞ്ഞു നോക്കുക പോലും അരുത്.
ഇത് ആരാധനകളിലും, ഇടപാടുകളിലും, വിവാഹത്തിലും തുടങ്ങിയുള്ള അറിവിന്‍റെ എല്ലാ അധ്യായങ്ങളിലും ബാധകമാണ്.
ഇബാദത്തുകളില്‍ ഇതിന് ഉദാഹരണം: ഒരാളുടെ വുദ്വൂഅ' നഷ്ടപ്പെടുകയു അതിനുശേഷം അയാള്‍ നമസ്കരിക്കുകയും ചെയ്തു. വുദ്വൂഅ' മുറിഞ്ഞതിന് ശേഷം ഞാൻ വീണ്ടും വുദ്വൂഅ' ചെയ്തോ ഇല്ലയോ? എന്ന് പിന്നീട് അവന് സംശയം ഉണ്ടായി.
വുദ്വൂഅ' ചെയ്തിട്ടുണ്ടെങ്കിൽ, നമസ്‌കാരം ശരിയാണ്, ഇല്ലെങ്കില്‍ നമസ്കാരം പാഴാകും എന്ന സംശയം അയാളിലുണ്ടായി.
അത് കൊണ്ട് നാം പറയുന്നു: "دع ما يريبك إلى ما لا يريبك" നീ സംശയമുണ്ടാവുന്നതു വിട്ട് സംശയമില്ലാത്തതിലേക്ക് നീങ്ങുക"
ഇവിടെ സംശയമുള്ളത് നമസ്ക്കാരത്തിന്‍റെ സ്വീകാര്യതയാണ്. സംശയമില്ലാത്തത് വുദ്വൂഅ' വീണ്ടും ചെയ്താൽ നമസ്ക്കാരം ശരിയാകും എന്നതുമാണ്. (ശർഹുല്‍ അർബഈനന്നവവിയ്യ :155)
No comments:
Post a Comment