ഫോളോ ചെയ്യാം

Sunday, 4 May 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 197 دروس الحديث - അല്ലാഹുവിനോട് ആവശ്യങ്ങള്‍ ചോദിക്കുക

 


അല്ലാഹുവിനോട് 

ആവശ്യങ്ങള്‍ ചോദിക്കുക

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ: أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: "يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ يَقُولُ: مَنْ يَدْعُونِي فَأَسْتَجِيبَ لَهُ، مَنْ يَسْأَلُنِي فَأُعْطِيَهُ، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ "- رواه البخاري

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ നിവേദനം. റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: (നമ്മുടെ റബ്ബ് -അവന്‍ അനുഗ്രഹീതനും ഉന്നതനുമായിരിക്കുന്നു-എല്ലാ രാത്രിയിലും, രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന് സമയം അവശേഷിക്കുമ്പോള്‍ ഒന്നാനാകാശത്തിലേക്ക് ഇറങ്ങും. അല്ലാഹു പറയും: എന്നോട് ആര് പ്രാര്‍ത്ഥിക്കുന്നുവോ ഞാന്‍ അവന് ഉത്തരം നല്‍കും, എന്നോട് ആര് (കാര്യങ്ങള്‍) ചോദിക്കുന്നുവോ ഞാന്‍ അവനത് നല്‍കും, ആര് എന്നോട് പാപമോചനം നടത്തുന്നവോ ഞാന്‍ അവന് പൊറുത്ത് കൊടുക്കും).


വിവരണം

ഈ ഹദീസില്‍, രാത്രിയുടെ അവസാന മൂന്നിലൊന്ന് ഭാഗം അവശേഷിക്കുമ്പോള്‍ അല്ലാഹു ഭൂമിയിലേക്ക് ഇറങ്ങും എന്ന് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പഠിപ്പിക്കുന്നു. അല്ലാഹുവിന്‍റെ കര്‍മപരമായ വിശേഷണങ്ങളുമായി (الصفات الفعليةബന്ധപ്പെട്ട ഹദീസ് ആണിത്.

ഇത് റമദ്വാനിലും അല്ലാത്തപ്പോഴും സംഭവിക്കുന്ന കാര്യമാണ്.


ഈ ഇറങ്ങല്‍ അല്ലാഹുവിന് യോജിച്ച രീതിയിലാണ്. അതിനെ കുറിച്ച് ഹദീസുകളിലും മറ്റും വന്നിരിക്കുന്ന കാര്യങ്ങള്‍ യാതൊരു വിധത്തിലുള്ള വ്യാഖ്യാനവും കൂടാതെ വിശ്വസിക്കേണ്ടതുണ്ട്. ينزل ربنا എന്നതിന് അല്ലാഹുവിന്‍റെ റഹ്മത്ത് ഇറങ്ങും എന്ന് വ്യഖ്യാനിക്കുന്നവരുണ്ട്. അത് തെറ്റായതും ഹദീസിന്‍റെ ബാഹ്യാര്‍ത്ഥത്തിനോടും ആശയത്തോടും എതിരാകുന്നതുമായ വ്യാഖ്യാനമാണ്. അല്ലാഹുവിന്‍റെ സ്വിഫത്തുകള്‍ക്ക് രൂപം നല്‍കാന്‍ പാടുള്ളതല്ല. മനുഷ്യര്‍ ഇറങ്ങുന്നത് പോലെ എന്ന് അല്ലാഹുവിന്‍റെ ഇറക്കത്തെ വിശദീകരിക്കാനും പാടില്ല. അല്ലാഹുവിനെ സൃഷ്ടികളുടെ രൂപത്തില്‍ സങ്കല്‍പ്പിക്കുകയോ ഭൗതികമായ രീതിയില്‍ വ്യാഖ്യാനിക്കുകയോ ചെയ്യരുത്.

ഇതില്‍ പറയപ്പെട്ട نُزُول (ഇറക്കം) യഥാര്‍ത്ഥത്തിലുള്ളതാണ്. അത് അല്ലാഹുവിന്‍റെ പ്രതാപത്തിനും മഹത്വത്തിനും യോജിച്ച വിധമായിരിക്കും. അല്ലാഹു അവന്‍ ഉദ്ദേശിക്കുമ്പോള്‍ ഉദ്ദേശിക്കുന്ന വിധം ഇറങ്ങും.

അല്ലാഹുവിന്‍റെ نزول നെ (ഇറക്കത്തെ) അല്ലാഹുവിന്‍റെ കല്‍പന അല്ലെങ്കില്‍ അവന്‍റെ കാരുണ്യം, അവന്‍റെ മലക്കുകളില്‍ പെട്ട ഒരു മലക്ക് എന്നിങ്ങനെ വ്യാഖ്യാനിക്കുന്നത് ശരിയല്ല. കാരണം അത് തെറ്റായ വ്യാഖ്യാനമാണ്. ഹദീസ് അറിയിക്കുന്ന കാര്യത്തില്‍ നിന്ന് തെറ്റിച്ച് കളയുന്ന ദുര്‍വ്യാഖ്യാനമാണത്.

റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ ആണ് അല്ലാഹുവിനെ കുറിച്ച് നമ്മേക്കാള്‍ ഏറ്റവും അറിവുള്ള വ്യക്തിത്വം. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞതിനപ്പുറം പറയാന്‍ നമുക്കാര്‍ക്കും അവകാശമില്ല.


അല്ലാഹുവിന്‍റെ വിശേഷണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നാം പാലിക്കേണ്ട മര്യാദ എന്താണെന്ന് സലഫുകള്‍ നമുക്ക് അറിയിച്ച് തന്നിട്ടുണ്ട്. അല്ലാഹു അര്‍ശില്‍ ഉപവിഷ്ടനായിരിക്കുന്നു എന്ന വചനം പഠിപ്പിക്കുമ്പോള്‍ ഒരാള്‍ ഇമാം മാലിക്ക് ൃ യോട് എങ്ങനെയാണ് അല്ലാഹു ഉപവിഷ്ടനായത് എന്ന് ചോദിച്ചു. അപ്പോള്‍ ഇമാം മാലിക് رحمه اللهُ  മറുപടി നല്‍കിയത്: 'ഇസ്തിവാഅ് (ഉപവിഷ്ടനാകല്‍) എന്നത് അറിയപ്പെട്ടതാണ്. എന്നാല്‍ അതിന്‍റെ രൂപം അറിയപ്പെട്ടതല്ല. അതില്‍ വിശ്വസിക്കല്‍ നിര്‍ബന്ധവും അതിനെ കുറിച്ചുള്ള ചോദ്യം ബിദ്അത്തുമാകുന്നു'. എന്നാണ്. അഥവാ ഇസ്തിവാഇന്‍റെ രൂപത്തെ കുറിച്ചുള്ള ചോദ്യം ബിദ്അത്താകുന്നു.  

ശൈഖ് ഇബ്നു ബാസ് رحمه اللهُ പറയുന്നു: 'ഓരോ രാജ്യത്തും അല്ലാഹുവിന്‍റെ نُزُول അവിടുത്തെ സമയക്രമം അനുസരിച്ചിരിക്കും. കാരണം, അല്ലാഹുവിന്‍റെ نُزُول അവന്‍റെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുകയില്ല. രാത്രിയുടെ അവസാന മൂന്നിലൊന്ന് സമയത്ത് ലോകത്തിന്‍റെ എല്ലാ ഭാഗത്തും അവന്‍റെ മഹത്വത്തിനും പ്രതാപത്തിനും നിരക്കുന്ന വിധം ഇറങ്ങും എന്നത് അല്ലാഹു വിശേഷിപ്പിക്കപ്പെടുന്ന കാര്യമാണ്. അതിന്‍റെ രൂപം അവനല്ലാതെ അറിയുകയില്ല. അവന്‍റെ ദാത്തിനെ (അസ്തിത്വത്തെ) കുറിച്ച് അല്ലാഹുവിനല്ലാതെ അറിയുകയില്ല എന്നത് പോലെയാണിത്. (അവനെ പോലെ ഒന്നും തന്നെയില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു). അല്ലാഹു പറയുന്നു: (ആകയാല്‍ അല്ലാഹുവിനു നിങ്ങള്‍ ഉപമകള്‍ പറയരുത്. തീര്‍ച്ചയായും അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല). (മജ്മൂഉ ഫതാവാ ഇബ്നി ബാസ് 4/42)


രാത്രിയുടെ അവസാന മൂന്നിലൊന്ന് ഭാഗം ഏറ്റവും ശ്രേഷ്ഠമായ സമയമാണ്. കാരണം: ഈ സമയത്ത് മനസ്സ് തെളിഞ്ഞതാവുകയും ആരാധനകള്‍ കൂടുതല്‍ ആത്മാര്‍ത്ഥമാവുകയും ചെയ്യും. ഈ സന്ദര്‍ഭം പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടാന്‍ കൂടുതല്‍ സാധ്യതയുള്ളതാണ്.


ഈ സന്ദര്‍ഭത്തില്‍ ചെയ്യാവുന്ന കര്‍മങ്ങള്‍

1- തഹജ്ജുദ് നമസ്കാരം

2- ക്വുര്‍ആന്‍ പാരായണം

3- പ്രാര്‍ത്ഥന

4- ദിക്റുകള്‍

5- ഇസ്തിഗ്ഫാര്‍


തന്‍റെ അടിമകള്‍ക്ക് ആവശ്യമായിട്ടുള്ള മൂന്ന് കാര്യങ്ങള്‍ നല്‍കാം എന്നാണ് അല്ലാഹു പറയുന്നത്. 

ഒന്ന്: പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കല്‍, 

രണ്ട്: ചോദിക്കുന്നവ  നല്‍കല്‍, 

മൂന്ന്: പാപമോചനം നല്‍കല്‍.


ഒരാള്‍ക്ക് ഭൗതികമായും ആത്മീയമായും പാരത്രികമായും ആവശ്യമായിട്ടുള്ള ഏത് കാര്യങ്ങള്‍ വേണമെങ്കിലും അല്ലാഹുവിനോട് ചോദിക്കാം.


അല്ലാഹുവിനോട് ചോദിക്കുന്നത് അല്ലാഹുവിന് ഇഷ്ടമാണെന്നും അതിന് മറുപടി നല്‍കല്‍ അല്ലാഹു ഉറപ്പ് നല്‍കിയ കാര്യമാണെന്നും ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം.


അല്ലാഹുവിനോട് ഏത് സന്ദര്‍ഭത്തിലും നമുക്ക് ചോദിക്കാം. രാത്രിയുടെ അവസാന ഭാഗം പോലുള്ള സമയങ്ങളില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അതിന് കൂടുതല്‍ പ്രാധാന്യം ഉണ്ട്. പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടാന്‍ കൂടുതല്‍ സാധ്യതയുള്ള സന്ദര്‍ഭങ്ങളെ നാം പരമാവധി ഉപയോഗപ്പെടുത്തണം.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...