الأربعون النووية-حديث:8
രണ്ട് സാക്ഷ്യവാക്യങ്ങളും നമസ്കാരവും സകാത്തും
عَنْ ابْنِ عُمَرَ رَضِيَ اللَّهُ
عَنْهُمَا، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: "أُمِرْت أَنْ أُقَاتِلَ
النَّاسَ حَتَّى يَشْهَدُوا أَنْ لَا إلَهَ إلَّا اللَّهُ وَأَنَّ مُحَمَّدًا
رَسُولُ اللَّهِ، وَيُقِيمُوا الصَّلَاةَ، وَيُؤْتُوا الزَّكَاةَ؛ فَإِذَا
فَعَلُوا ذَلِكَ عَصَمُوا مِنِّي دِمَاءَهُمْ وَأَمْوَالَهُمْ إلَّا بِحَقِّ
الْإِسْلَامِ، وَحِسَابُهُمْ عَلَى اللَّهِ تَعَالَى" .
رَوَاهُ
الْبُخَارِيُّ [رقم:25]،
وَمُسْلِمٌ [رقم:22].
ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُمَا നിവേദനം: റസൂല്‍ صلى الله عليه وسلم പറഞ്ഞു: ജനങ്ങള്‍ لَا إلَهَ إلَّا اللَّهُ، مُحَمَّد رَسُولُ اللَّهِ (അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹന്‍ മറ്റാരുമില്ലെന്നും മുഹമ്മദ് നബി صلى الله عليه وسلم അല്ലാഹുവിന്‍റെ റസൂല്‍ ആണെന്നും) സാക്ഷ്യം വഹിക്കുകയും അവര്‍ നമസ്കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ചെയ്യുന്നത് വരെ അവരോട് പൊരുതാന്‍ ഞാന്‍ കല്പിക്കപ്പെട്ടു. അവര്‍ അത് ചെയ്‌താല്‍ അവരുടെ രക്തങ്ങളും സമ്പാദ്യങ്ങളും ഇസ്‌ലാമിന്‍റെ കടമകള്‍ ഒഴിച്ച് എന്നില്‍ നിന്ന് സുരക്ഷിതമാകും. അവരുടെ വിചാരണ അല്ലാഹുവിന്‍റെ അടുക്കലാകുന്നു.
വിവരണം
ഈ ഹദീസ് ഇസ്‌ലാമിന്‍റെ അടിസ്ഥാന കാര്യങ്ങളില്‍ പെട്ടതാണ്. ഇസ്‌ലാമിന്‍റെ പ്രധാന സ്തംഭങ്ങളുടെ പ്രാധാന്യവും മഹത്വവും ആണ് ഈ ഹദീസ് അറിയിയിക്കുന്നത്.
ഈ ഹദീസില്‍ പറഞ്ഞ أُمِرْتُ (ഞാന്‍ കല്‍പിക്കപ്പെട്ടു) എന്നതില്‍ നിന്ന് നബി صلى الله عليه وسلم സ്വന്തം ആഗ്രഹപ്രകാരമല്ല ഈ കാര്യങ്ങള്‍ നടപ്പിലാക്കുന്നത് എന്ന് മനസ്സിലാക്കാം, മറിച്ച് അല്ലാഹുവിന്‍റെ കല്‍പന പ്രകാരമാണത് എന്ന് വ്യക്തമാണ്.
لا إله إلا الله എന്നത് ഇസ്‌ലാമിന്‍റെ രണ്ട് സാക്ഷ്യവാക്യങ്ങളില്‍ ഒന്നാമത്തേതാണ്. അഥവാ അല്ലാഹു മാത്രം ആണ് ആരാധ്യന്‍ എന്ന സാക്ഷ്യപ്പെടുത്തലും പ്രഖ്യാപനവും ആണ് അത്. ഈ ലോകത്തെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹുവിനെ മാത്രമേ സൃഷ്ടികള്‍ ആരാധിക്കാന്‍ പാടുള്ളൂ എന്ന ഏറ്റവും പരമപ്രധാനമായ സത്യമാണു ഈ വചനം കൊണ്ട് അറിയിക്കപ്പെടുന്നത്.
ഈ ലോകത്ത് മനുഷ്യര്‍ സൃഷ്ടിക്കപ്പെടാന്‍ തന്നെ കാരണം ആ ഒരു കാര്യം നടപ്പിലാക്കാന്‍ വേണ്ടിയാണ്. എന്നാല്‍ മനുഷ്യര്‍ അതില്‍ നിന്ന് മാറി സൃഷ്ടികളെ ആരാധിക്കുന്ന അവസ്ഥയിലേക്ക് എത്തിയത് കാണാം. അത് അത്യന്തം ഗുരുതരമായ തിന്മയാണെന്നാണ് വിശുദ്ധ ക്വുര്‍ആന്‍ അറിയിക്കുന്നത്.
മുഴുവന്‍ പ്രവാചകന്‍മാരും ലോകത്ത് വന്ന് തങ്ങളുടെ ജനതയെ ആദ്യം പഠിപ്പിച്ച സത്യം لا إله إلا الله എന്നതായിരുന്നു.
محمد رسول الله എന്നാല്‍ മുഹമ്മദ് നബി صلى الله عليه وسلم അല്ലാഹുവിന്‍റെ റസൂല്‍ ആണ് എന്ന് സക്ഷ്യപ്പെടുത്തലാണ്.
അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ ജനങ്ങള്‍ക്ക് എത്തിച്ച് കൊടുക്കാന്‍ വേണ്ടി അല്ലാഹു തെരെഞ്ഞെടുത്തയക്കുന്നവരാണ് നബിമാര്‍, അവര്‍ മാതൃകായോഗ്യരും തിന്മകള്‍ സംഭവിക്കാത്തവരുമായിരിക്കും.
മുഹമ്മദ് നബി صلى الله عليه وسلم അന്തിമ പ്രവാചകനാണ്.
അന്ത്യദിനം വരെയുള്ള ആളുകളിലേക്ക് ഇസ്‌ലാമിനെ എത്തിക്കുക എന്ന ദൗത്യം നബി صلى الله عليه وسلم പരിപൂര്‍ണ്ണമാക്കിയാണ് വിടവാങ്ങിയിട്ടുള്ളത്.
محمد رسول الله പ്രഖ്യാപിക്കുന്നവന്‍ റസൂല്‍ صلى الله عليه وسلم യെ കൃത്യമായി പിന്‍പറ്റണം. റസൂല്‍ صلى الله عليه وسلم പറയുന്നത് അനുസരിക്കുകയും വിരോധിച്ച്ചതില്‍ നിന്ന് വിട്ടുനില്‍ക്കുകയും വേണം. അത് പോലെ റസൂല്‍ صلى الله عليه وسلم പഠിപ്പിച്ച കാര്യങ്ങള്‍ അത് പോലെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നവനാവുകയും വേണം.
റസൂല്‍ صلى الله عليه وسلم എല്ലാ നന്‍മകളും നമുക്ക് പഠിപ്പിച്ചു തന്നതിനാല്‍ മതത്തിലേക്ക് നമ്മുടെ വകയായി ഒന്നും കടത്തിക്കൂട്ടാന്‍ നമുക്ക് പാടുള്ളതല്ല.
രണ്ട് സാക്ഷ്യവാക്യങ്ങള്‍ കഴിഞ്ഞാല്‍ ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ കര്‍മ്മമാണ് നമസ്കാരം. അത് എല്ലാവര്‍ക്കും നിര്‍ബന്ധ ബാധ്യതയാണ്. മതം അനുശാസിക്കുന്ന പോലെ അത് നടപ്പിലാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.
നമസ്കാരം ഉപേക്ഷിക്കുന്നവന്‍ സത്യനിഷേധി ആയിരിക്കുന്നു എന്ന് റസൂല്‍ صلى الله عليه وسلم അറിയിച്ചിട്ടുണ്ട്. ഒരാള്‍ ഇസ്‌ലാമിലേക്ക് കടന്ന് വരുന്നതോടു കൂടി അദ്ദേഹത്തിന് നമസ്കാരം നിര്‍ബന്ധമാണ്. നമസ്കാരം എന്ന ആരാധനാ കര്‍മം കൊണ്ട് ഇഹത്തിലും പരത്തിലും ധാരാളം നേട്ടങ്ങള്‍ കൈവരിക്കാനാകും.
നമസ്കാരത്തിന് ശേഷം ഉള്ള പ്രധാന ആരാധനയാണ് സകാത്ത്. അത് ധനികന്‍റെ ഔദാര്യമല്ല, മറിച്ച് അത് പാവപ്പെട്ടവന്‍റെ അവകാശമാണ്. അത് നല്‍കുന്നതില്‍ അമാന്തം കാണിച്ചാല്‍ അവനോട് യുദ്ധം വരെ ചെയ്യാം എന്നാണ് ഈ ഹദീസ് അറിയിക്കുന്നത്.
സമ്പത്തിന്‍റെ സകാത്ത് നല്‍കുമ്പോള്‍ അത് മുഖേന സമ്പത്തില്‍ വളര്‍ച്ചയും അത് നല്‍കിയ ആളുടെ ഹൃദയത്തില്‍ ശുദ്ധതയും ഉണ്ടാകും. സകാത്ത് നല്‍കാത്ത സമ്പത്തില്‍ ബറകത്ത് ഉണ്ടാവുകയില്ല. മാത്രമല്ല അത് അതിന്‍റെ ആള്‍ക്ക് നാശമായി ഭവിക്കുകയും ചെയ്യും.
ഈ കാര്യങ്ങള്‍ അംഗീകരിച്ച ആളുകളോട് പിന്നെ യുദ്ധം ചെയ്യാന്‍ പാടില്ല. അത് പ്രഖ്യാപിച്ചാല്‍ തന്നെ അവരുടെ രക്തങ്ങളും സമ്പത്തുക്കളും സുരക്ഷിതമാകും.
ഒരാള്‍ യുദ്ധ വേളയില്‍ 'രണ്ട് സാക്ഷ്യവാക്യങ്ങള്‍' പ്രഖ്യാപിക്കുകയും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കുകയും ചെയ്‌താല്‍ അയാളോട് യുദ്ധം ചെയ്യാന്‍ പാടുള്ളതല്ല.
അയാള്‍ പറഞ്ഞത് രക്ഷപ്പെടാന്‍ വേണ്ടിയാണ് എന്ന് വിധിപറയാനും പാടില്ല. കാരണം അവരുടെ വിചാരണ അല്ലാഹുവിന്‍റെ പക്കലാണ്. അവരുടെ മനസുകളിലുള്ളത് ചികഞ്ഞ് അന്വേഷിക്കേണ്ട കാര്യം ആര്‍ക്കും ഇല്ല.
ഇസലാമിന്‍റെ വിധികള്‍ പ്രത്യക്ഷമായ തെളിവുകള്‍ നോക്കിയാണ് എന്ന് ഈ ഹദീസ് അറിയിക്കുന്നു.

No comments:
Post a Comment