ഫോളോ ചെയ്യാം

Sunday, 31 August 2025

316 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 56- دروس الحديث - ഇശാഅ് നമസ്കാരം പിന്തിപ്പിക്കലാണ് ഉത്തമം

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

ഇശാഅ് നമസ്കാരം പിന്തിപ്പിക്കലാണ് ഉത്തമം

56 - عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رضي الله عنهما قَالَ: (أَعْتَمَ النَّبِيُّ صلى الله عليه وسلم  بِالْعِشَاءِ. فَخَرَجَ عُمَرُ ، فَقَالَ: الصَّلاةُ ، يَا رَسُولَ اللَّهِ. رَقَدَ النِّسَاءُ وَالصِّبْيَانُ. فَخَرَجَ وَرَأْسُهُ يَقْطُرُ يَقُولُ: لَوْلا أَنْ أَشُقَّ عَلَى أُمَّتِي - أَوْ عَلَى النَّاسِ - لأَمَرْتُهُمْ بِهَذِهِ الصَّلاةِ هَذِهِ السَّاعَةِ)) .

അബ്ദുല്ലാഹി ബ്നു അബ്ബാസ് رضي الله عنهما പറഞ്ഞു: ഒരിക്കല്‍ നബി صلى الله عليه وسلم ഇശാഅ് നമസ്കാരം രാത്രി ഇരുളടഞ്ഞ സമയത്തേക്ക് (അവസാന സമയത്തേക്ക്)  പിന്തിപ്പിച്ചു, അപ്പോള്‍ ഉമര്‍ رضي الله عنه (പള്ളിയിലേക്ക്) പുറപ്പെട്ടു, അദ്ദേഹം പറഞ്ഞു: റസൂലേ... നമസ്കാരം..., സ്ത്രീകളും കുട്ടികളും ഉറങ്ങിപ്പോയി. അപ്പോള്‍ തലയില്‍ നിന്ന് വെള്ളം ഉറ്റിക്കൊണ്ട് റസൂല്‍ صلى الله عليه وسلم നമസ്കാരത്തിന് പുറപ്പെട്ടു,  എന്നിട്ട് പറഞ്ഞു: എന്‍റെ ഉമ്മത്തിന് -അല്ലെങ്കില്‍ ജനങ്ങള്‍ക്ക്- പ്രയാസമാകുമായിരുന്നില്ലെങ്കില്‍ ഈ നമസ്കാരം (ഇശാഅ്) ഈ സമയത്ത് നിര്‍വ്വഹിക്കാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നു. 

أَعتم: دخل في العتَمَةِ وهي ظلمةُ الليلِ، والمقصودُ أَنه أَخرَ صلاةَ العشاءِ بعدَ ذَهابِ الشَّفَقِ.

أَعتم എന്നാല്‍ രാത്രിയുടെ ഇരുട്ടില്‍ പ്രവേശിച്ചു എന്നാണ് അര്‍ഥം. ഇശാഅ് നമസ്കാരം അസ്തമയ ശോഭ പോയതിന് ശേഷമുള്ള സമയത്തേക്ക് പിന്തിപ്പിച്ചു എന്നാണ് ഇതിന്‍റെ ഉദ്ദേശം.


വിവരണം

    അഞ്ചു നേരത്തെ നമസ്കാരങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഓരോ നിര്‍ണ്ണിത സമയങ്ങള്‍ ഉണ്ട്. അവ അതില്‍ തന്നെ നിര്‍വ്വഹിക്കല്‍ മുസ്‌ലീംകള്‍ക്ക് ബാധ്യതയാണ്. ഇശാഅ് നമസ്കാരത്തിന്‍റെ സമയം വിശാലമാണ്. അത് പിന്തിപ്പിച്ച് (ജമാഅത്തായി) നമസ്കരിക്കലാണ്‌ കൂടുതല്‍ ഉത്തമം. ഒരു നാട്ടിലെ ആളുകള്‍ എല്ലാവരും ഇശാഅ് നമസ്കാരത്തിന് അതിന്‍റെ ഒന്നാമത്തെ സമയത്തില്‍ നിന്ന് പിന്തിപ്പിച്ച് ഒരു നിര്‍ണ്ണിത സമയം കണ്ടെത്തി അതില്‍ നമസ്കരിക്കല്‍ ഉത്തമമാണ്. ഓരോരുത്തര്‍ ആയി തനിച്ച് പിന്തിപ്പിച്ച് നമസ്കരിക്കരിക്കലല്ല ഇതിന്‍റെ ഉദ്ദേശം. 

    ഒരിക്കല്‍ നബി صلى الله عليه وسلم ഇശാഅ് നമസ്കാരം പിന്തിപ്പിച്ചു. ജമാഅത്ത് നമസ്കാരത്തിന് സ്ത്രീകളും കുട്ടികളും അടക്കം എല്ലാവരും എത്തിയിരുന്നു. വൈകിയപ്പോള്‍ സ്ത്രീകളും കുട്ടികളും ഉറങ്ങിപ്പോയി. അപ്പോള്‍ ഉമര്‍ رضي الله عنه വന്ന് റസൂല്‍ صلى الله عليه وسلم യോട് നമസ്കാരത്തെ കുറിച്ച് ചോദിച്ചു. സ്ത്രീകളും കുട്ടികളും ഉറങ്ങിപ്പോയതും ഉണര്‍ത്തി. അപ്പോള്‍ തലയില്‍ നിന്ന് കുളിച്ചതിന് ശേഷമുള്ള വെള്ളത്തുള്ളികള്‍ ഉറ്റി വീണു കൊണ്ട് റസൂല്‍ صلى الله عليه وسلم പുറത്തു വന്നു. എന്നിട്ട് പറഞ്ഞു: എന്‍റെ ഉമ്മത്തിന് -അല്ലെങ്കില്‍ ജനങ്ങള്‍ക്ക്- ബുദ്ധിമുട്ടാവുമായിരുന്നില്ലെങ്കില്‍     ഇശാഅ് നമസ്കാരം ഈ സമയത്ത് നിര്‍വ്വഹിക്കാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നു. എന്‍റെ ഉമ്മത്തിന് അല്ലെങ്കില്‍ ജനങ്ങള്‍ക്ക് എന്ന് പറഞ്ഞത് റസൂല്‍ صلى الله عليه وسلم പറഞ്ഞതില്‍ സ്വഹാബിക്കുള്ള സംശയം ആണ്. ഇത്തരത്തില്‍ വ്യക്തമായാണ് അവര്‍ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സംശയമുള്ളവ അതെ പോലെ വ്യക്തമാക്കിയിരുന്നു.  


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- നബി صلى الله عليه وسلم ഒരു കാര്യം കല്‍പിച്ചാല്‍ അത് നിര്‍ബന്ധമല്ല എന്ന് അറിയിക്കുന്ന തെളിവ് ഇല്ലാത്തിടത്തോളം അതിന്‍റെ വിധി നിര്‍ബന്ധമായിരിക്കും. അപ്പോള്‍ നബി صلى الله عليه وسلم ഒരു കാര്യം കല്‍പിച്ചാല്‍ അത് പാലിക്കാന്‍ മുസ്‌ലീംകള്‍ ബാധ്യസ്ഥരാകും. 

2- ഇശാഅ' നമസ്കാരം പിന്തിപ്പിച്ച് നിര്‍വ്വഹിക്കലാണ് ഉത്തമം. അതിന്  പ്രയാസമുണ്ടെങ്കില്‍ സാധിക്കുന്ന സമയത്ത് അത് നിര്‍വ്വഹിക്കാം. 

3- പ്രയാസമുള്ള കാര്യങ്ങള്‍ ഇസ്‌ലാം ആളുകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാറില്ല. 

4- ഇമാം നമസ്കാര സമയത്ത് ഹാജറായില്ലെങ്കില്‍ ഇമാമിനെ വിളിച്ച് ഉണര്‍ത്താവുന്നതാണ്. 


Saturday, 30 August 2025

കാന്തപുരത്തിന്‍റെ മുടിയും സുഊദി പണ്ഡിതസഭയുടെ ഫത്‌വയും



 കാന്തപുരത്തിന്‍റെ മുടിയും

 സുഊദി പണ്ഡിതസഭയുടെ ഫത്‌വയും


തിരു കേശം: 

സൗദി പണ്ഡിതസഭയുടെ ഫത്‌വ

بسم الله الرحمن الرحيم

          المملكة العربية السعودية                                                 الرقم       : .....................................................

الرئاسة العامة للبحوث العلمية والإفتاء                                     التاريخ    : .....................................................

   الأمانة العامة لهيئة كبار العلماء                                             المرفقات  : .....................................................

                      (241)


ഫത്‌വ നമ്പർ: (25397) തിയതി: 23/5/1433 ഹി.


ഫത്‌വ ബോർഡിന്‍റെ പഠനത്തിന് ശേഷമുള്ള മറുപടി: നബി صلى الله عليه وسلم യുടെ ജീവിത ചരിത്രവും നബി صلى الله عليه وسلم യുടെ മുടിയിൽ നിന്ന് അവശേഷിക്കുന്നതും സ്ഥിരീകരിക്കുന്നതിന്; അത് നബി صلى الله عليه وسلم യിലേക്ക് ചേർത്തിപ്പറയുന്നതിനെ അറിയിക്കുന്ന വിധത്തിലുള്ള ശരിയായ തെളിവ് ആവശ്യമാണ്. ആ ചേർത്തിപ്പറയൽ നബി صلى الله عليه وسلم യിൽ നിന്ന് (ഹദീസുകൾ) റിപ്പോർട്ട് ചെയ്യുന്നത് സ്വീകരിക്കുന്നതിന് നിബന്ധന വെക്കുന്നത് പോലെ സ്വീകാര്യമായ, മുത്തസ്വിലായ (നബി صلى الله عليه وسلم വരെ എത്തുന്ന) സനദ് (പരമ്പര) കൊണ്ട് സ്ഥിരീകരിക്കപ്പെടൽ അനിവാര്യവുമാണ്. ഇത് നബി صلى الله عليه وسلم യുടെ തിരുമുടിയിൽ പെട്ടതാണെന്ന വെറും വാദത്താൽ മാത്രം അത് നബി صلى الله عليه وسلم യിലേക്ക് ചേർത്തിപ്പറയലും, അതിന് മേൽ മതനിയമങ്ങൾ ഉണ്ടാക്കലും പാടില്ലാത്തതാണ്. കാരണം നബി صلى الله عليه وسلم യുടെ മുടി കൊണ്ട് ബറകത്ത് (അëഗ്രഹം) എടുക്കൽ നബി صلى الله عليه وسلم യുടെ (മാത്രം) പ്രത്യേകതകളിൽ പെട്ടതാണ്. അതിനാൽ ഈ മുടിയുടെ പേരിലോ ഇതല്ലാത്ത നബി صلى الله عليه وسلم യുടെ മറ്റു ആഥാറുകൾക്ക് (തിരുശേഷിപ്പുകൾക്ക്) മേലോ പള്ളിയുണ്ടാക്കാൻ പാടില്ലാത്തത് പോലെ (അത് സ്ഥിരീകരിക്കപ്പെടാത്തത് കൊണ്ട്) ബറകത്ത് എടുക്കാനും പാടില്ലാത്തതാണ്. കാരണം അത് ശിർക്കിന്‍റെ വസീലകളിൽ പെട്ട (മാർഗങ്ങളിൽ പെട്ട) ഒരു വസീലയാണ്.

അല്ലാഹു തൗഫീഖ് ചെയ്യട്ടെ.

   

  ഫത്‌വ നൽകുന്നതിന്‍റെയും വൈജ്ഞാനിക ഗവേഷണങ്ങളുടെയും സ്ഥിരം സമിതി.

1- അബ്ദുൽ അസീസ് ബ്നു അബ്ദുല്ലാഹി ബ്നി മുഹമ്മദ് ആലുശൈഖ്

2- അബ്ദുല്ലാഹി ബ്നു മുഹമ്മദ് അൽ മുത്വ്'ലഖ്

3- സ്വാലിഹ് ബ്നു  ഫൗസാൻ അൽഫൗസാൻ

4- അബ്ദുൽ കരീം ബ്നു  അബ്ദുല്ലാഹ് അൽ ക്വുദൈർ

5- മുഹമ്മദ് ബ്നു ഹസൻ ആലുശൈഖ്

6- അബ്ദുല്ലാഹി ബ്നു മുഹമ്മദ് ബ്നു ഖുനൈൻ



315 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 55- دروس الحديث - അസ്വര്‍ നമസ്കാരം സമയം തെറ്റിയപ്പോള്‍

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

അസ്വര്‍ നമസ്കാരം 

സമയം തെറ്റിയപ്പോള്‍


55 - وَلَهُ عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ  قَالَ: ((حَبَسَ الْمُشْرِكُونَ رَسُولَ اللَّهِ - صلى الله عليه وسلم - عَنِ الْعَصْرِ ، حَتَّى احْمَرَّتِ الشَّمْسُ أَوْ اصْفَرَّتْ ، فَقَالَ رَسُولُ اللَّهِ  صلى الله عليه وسلم: شَغَلُونَا عَنْ الصَّلاةِ الْوُسْطَى - صَلاةِ الْعَصْرِ - مَلأَ اللَّهُ أَجْوَافَهُمْ وَقُبُورَهُمْ نَاراً ، أَوْ حَشَا اللَّهُ أَجْوَافَهُمْ وَقُبُورَهُمْ نَاراً)) .

അബ്ദുല്ലാഹി ബ്നു മസ്ഊദ് رضي الله عنه പറഞ്ഞു: സൂര്യന്‍ ചുവക്കുന്നത് വരെ അല്ലെങ്കില്‍ മഞ്ഞ നിറം ആകുന്നത് വരെ അസ്വര്‍ നമക്സാരത്തില്‍ നിന്ന് മുശ്'രിക്കുകള്‍ റസൂല്‍ صلى الله عليه وسلم യെ തടഞ്ഞു വെച്ചു, അപ്പോള്‍ റസൂല്‍ صلى الله عليه وسلم പറഞ്ഞു: വുസ്ത്വാ നമസ്കാരത്തില്‍ നിന്ന് അഥവാ അസ്വര്‍ നമസ്കാരത്തില്‍ നിന്ന് അവര്‍ ഞങ്ങളെ വ്യാപൃതരാക്കി, ആയതിനാല്‍ അല്ലാഹു അവരുടെ വയറുകളിലും ക്വബ്'റുകളിലും തീ നിറക്കട്ടെ, (അല്ലെങ്കില്‍ അല്ലാഹു അവരുടെ ഉള്ളുകളിലും ക്വബ്'റുകളിലും തീ ആളിപ്പടര്‍ത്തട്ടെ). 


വിവരണം

    ഇതിന് മുമ്പത്തെ ഹദീസും ഇതേ ആശയത്തിലുള്ളതാണ്. ഖന്ദഖ് യുദ്ധ വേളയില്‍ മദീനയെ പ്രതിരോധിക്കുമ്പോള്‍ ഒരിക്കല്‍ അസ്വര്‍ നമസ്കാരം സമയം തെറ്റി നിര്‍വ്വഹിക്കേണ്ട സാഹചര്യം ഉണ്ടായപ്പോള്‍ നബി صلى الله عليه وسلم മുശ്'രിക്കുകള്‍ക്ക് (ബഹുദൈവാരാധകര്‍ക്ക്) നേരെ നടത്തിയ പ്രാര്‍ഥനയാണ് ഈ ഹദീസിലും ഉള്ളത്. 

    ഹിജ്റ അഞ്ചാം വര്‍ഷമാണ്‌ ഖന്ദഖ് യുദ്ധം നടക്കുന്നത്. അതിനു ആ പേര് വരാന്‍ കാരണം മദീനയെ സംരക്ഷിക്കാന്‍ കിടങ്ങ് കുഴിച്ചതിനാലാണ്. മുഹാജിറുകളും അന്‍സ്വാറുകളും എല്ലാം ഈ കിടങ്ങ് കുഴിക്കുന്നതില്‍ റസൂല്‍ صلى الله عليه وسلم യോടൊപ്പം പങ്കാളികളായിരുന്നു. 

    സ്വഹാബികള്‍ നബി صلى الله عليه وسلم യോടൊപ്പം കിടങ്ങ് കുഴിക്കുന്ന വേളയില്‍ ഒരിക്കല്‍ അസ്വര്‍ നമസ്കാരത്തില്‍ നിന്ന് അവര്‍ വ്യാപൃതരായി. അതിന്‍റെ സമയം തെറ്റി മഗ്'രിബിനും ഇശാഇനും ഇടയില്‍ നമസ്കരിക്കേണ്ട അവസ്ഥയുണ്ടായി. സൂര്യന്‍ മഞ്ഞ നിറം അല്ലെങ്കില്‍ ചുവപ്പ് നിറം ആവുന്നത് വരെ നമസ്കാരത്തില്‍ നിന്ന് ശത്രുക്കള്‍ അവരെ തടഞ്ഞു വെച്ചു. അസ്തമയത്തിന് ശേഷമാണ് അവര്‍ക്കത് നമസ്കരിക്കാനായാത്.  ശത്രുക്കള്‍ കാരണമാണ് അങ്ങനെ സംഭവിച്ചത്. അതിനാലാണ് അവര്‍ക്കെതിരെ നബി صلى الله عليه وسلم ഇങ്ങനെ പ്രാര്‍ഥിച്ചത്. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1-ഖന്ദഖ് എന്നാല്‍ കിടങ്ങ് എന്നാണു അര്‍ത്ഥം. 

2-മദീനയെ പ്രതിരോധിക്കാന്‍ നബി صلى الله عليه وسلم യും സ്വഹാബികളും ചേര്‍ന്നായിരുന്നു വലിയ കിടങ്ങ് കുഴിച്ചിരുന്നത്.

3-നമസ്കാരം ഏത് സന്ദര്‍ഭത്തിലും അതിന്‍റെ സമയത്ത് തന്നെ നിര്‍വ്വഹിക്കണം.

3-നമസ്കാര സമയം ഏതെങ്കിലും കാരണം കൊണ്ട് തെറ്റിപ്പോയാല്‍ ഓര്‍മ വന്ന ഉടന്‍ അത് നമസ്കരിക്കണം. 



Friday, 29 August 2025

314 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 54- دروس الحديث - ഖന്ദക്വ് യുദ്ധവേളയിലെ അസ്വര്‍ നമസ്കാരം

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

ഖന്ദക്വ് യുദ്ധവേളയിലെ 

അസ്വര്‍ നമസ്കാരം


54 - عَنْ عَلِيٍّ رضي الله عنه: أَنَّ النَّبِيَّ صلى الله عليه وسلم قَالَ يَوْمَ الْخَنْدَقِ: ((مَلأَ اللَّهُ قُبُورَهُمْ وَبُيُوتَهُمْ نَارًا ، كَمَا شَغَلُونَا عَنْ الصَّلاةِ الْوُسْطَى حَتَّى غَابَتْ الشَّمْسُ)).  وَفِي لَفْظٍ لِمُسْلِمٍ ((شَغَلُونَا عَنْ الصَّلاةِ الْوُسْطَى - صَلاةِ الْعَصْرِ - ثُمَّ صَلاهَا بَيْنَ الْمَغْرِبِ وَالْعِشَاءِ)) .

അലി رضي الله عنه നിവേദനം. ഖന്ദക്വ് ദിവസത്തില്‍ നബി صلى الله عليه وسلم പറഞ്ഞു:  അസ്വര്‍ നമ്സകാരത്തില്‍ നിന്ന് സൂര്യന്‍ അസ്തമിക്കുന്നത് വരെ അവര്‍ ഞങ്ങളെ വ്യാപൃതരാക്കിയിരിക്കുന്നതിനാല്‍ അല്ലാഹു അവരുടെ ക്വബ്റുകളിലും വീടുകളിലും തീ നിറക്കട്ടെ.

    ഇമാം മുസ്‌ലിമിന്‍റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: 'വുസ്ത്വാ' നമസ്കാരത്തില്‍ നിന്ന് - അസ്വര്‍ നമസ്കാരത്തില്‍ നിന്ന് - അവര്‍ ഞങ്ങളെ വ്യാപൃതരാക്കിയിരിക്കുന്നു. പിന്നെ അത് മഗ്'രിബിനും ഇശാഇനും ഇടയില്‍ നമസ്കരിച്ചു. 

വിവരണം

 ഖന്ദക്വ് യുദ്ധവേളയില്‍ മദീനയെ സംരക്ഷിക്കുന്നത്തിലും ശത്രുക്കളെ നിരീക്ഷിക്കുന്നത്തിലും വ്യാപൃതമായതിനാല്‍ നബി صلى الله عليه وسلم ക്കും സ്വഹാബികള്‍ക്കും അസ്വര്‍ നമസ്കാരം സമയം തെറ്റി. ശത്രുക്കളുടെ കാരണത്താലാണ് അത് സംഭവിച്ചത്. ആയതിനാല്‍ തന്നെ അല്ലാഹു അവരുടെ ക്വബ്റുകളിലും വീടുകളിലും തീ നിറക്കട്ടെ എന്ന് നബി صلى الله عليه وسلم പ്രാര്‍ഥിക്കുകയും ചെയ്തു. അവര്‍ക്ക് സൂര്യന്‍ അസ്തമിച്ചതിന് ശേഷം മാത്രമേ അന്ന് അസ്വര്‍ നമസ്കാരം നിര്‍വ്വഹിക്കാന്‍ സാധിച്ചുള്ളൂ. അസ്വര്‍ നമസ്കാരം ശ്രേഷ്ടമായ നമസ്കാരമാണ്. അതില്‍ നിന്നാണ് ശത്രുക്കള്‍ മുസ്‌ലീംകളുടെ ശ്രദ്ധ തിരിച്ചത്. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- അസ്വര്‍ നമസ്കാരത്തിന്‍റെ യഥാര്‍ത്ഥ സമയം സൂര്യന് മഞ്ഞ നിറം ബാധിക്കുന്നതിന് മുന്നോടിയായി ആണ്. അതിന് മുമ്പ് അത് നിര്‍വ്വഹിക്കപ്പെടണം. 

2- വുസ്ത്വാ നമസ്കാരം എന്നാല്‍ അസ്വര്‍ നമസ്കാരമാണ്. 

3- അക്രമിക്കെതിരെ അവന്‍റെ അക്രമത്തിന്‍റെ തോതനുസരിച്ച് പ്രാര്‍ഥിക്കാവുന്നതാണ്. 

4- അക്രമിക്കെതിരെ പ്രാര്‍ഥിക്കുന്നവന്‍ അതിന്‍റെ കാരണം വ്യക്തമാക്കല്‍ നല്ലതാണ്. 

5- നമസ്കാരത്തിന്‍റെ കാര്യത്തില്‍ നബി صلى الله عليه وسلم യുടെ ശ്രദ്ധയും സൂക്ഷ്മതയും ഈ ഹദീസ് അറിയിക്കുന്നു.

6- ഒരാള്‍ നമസ്കാരം നിര്‍വ്വഹിക്കുന്നതില്‍ നിന്ന് അശ്രദ്ധനായാല്‍ അവനു ഓര്‍മ വരുന്ന സന്ദര്‍ഭത്തില്‍ അത് നിര്‍വ്വഹിക്കണം.

7- നഷ്ടപ്പെട്ട നമസ്കാരം ജമാഅത്തായി ക്വദാഅ' ചെയ്യാവുന്നതാണ്. 

313 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 53- دروس الحديث - അഞ്ചു നേരത്തെ നമസ്കാര സമയങ്ങള്‍

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

അഞ്ചു നേരത്തെ 

നമസ്കാര സമയങ്ങള്‍

53 - عَنْ أَبِي الْمِنْهَالِ سَيَّارِ بْنِ سَلامَةَ قَالَ: (دَخَلْتُ أَنَا وَأَبِي عَلَى أَبِي بَرْزَةَ الأَسْلَمِيِّ ، فَقَالَ لَهُ أَبِي: كَيْفَ كَانَ النَّبِيُّ صلى الله عليه وسلم يُصَلِّي الْمَكْتُوبَةَ؟ فَقَالَ: كَانَ يُصَلِّي الْهَجِيرَ الَّتِي تَدْعُونَهَا  الأُولَى حِينَ تَدْحَضُ الشَّمْسُ، وَيُصَلِّي الْعَصْرَ، ثُمَّ يَرْجِعُ أَحَدُنَا إلَى رَحْلِهِ فِي أَقْصَى الْمَدِينَةِ وَالشَّمْسُ حَيَّةٌ. وَنَسِيتُ مَا قَالَ فِي الْمَغْرِبِ. وَكَانَ يُسْتَحَبُّ أَنْ يُؤَخِّرَ مِنْ الْعِشَاءِ الَّتِي تَدْعُونَهَا الْعَتَمَةَ. وَكَانَ يَكْرَهُ النَّوْمَ قَبْلَهَا ، وَالْحَدِيثُ بَعْدَهَا. وَكَانَ يَنْفَتِلُ مِنْ صَلاةِ الْغَدَاةِ حِينَ يَعْرِفُ الرَّجُلَ جَلِيسَهُ. وَكَانَ يَقْرَأُ بِالسِّتِّينَ إلَى الْمِائَةِ) .

അബുല്‍ മിന്‍ഹാല്‍ സയ്യാറുബ്നു സലാമ رحمه الله  പറഞ്ഞു: ഞാനും എന്‍റെ പിതാവും അബൂ ബര്‍സ അല്‍ അസ്'ലമി رضي الله عنه വിന്‍റെ അടുക്കലേക്ക് വന്നു. അപ്പോള്‍ അദ്ദേഹത്തോട് എന്‍റെ പിതാവ് പറഞ്ഞു: നബി صلى الله عليه وسلم എങ്ങനെയായിരുന്നു നിര്‍ബന്ധ നമസ്കാരം നിര്‍വ്വഹിച്ചിരുന്നത്? അപ്പോള്‍ അബൂ ബര്‍സ رضي الله عنه പറഞ്ഞു:  സൂര്യന്‍ മധ്യത്തില്‍ നിന്ന് നീങ്ങുന്ന സന്ദര്‍ഭത്തില്‍ നിങ്ങള്‍ അല്‍ഊലാ (ഒന്നാമത്തെ നമസ്കാരം) എന്ന് വിളിക്കുന്നതായ അത്, ഹജീര്‍ (ചൂട് കഠിനമായ) സമയത്ത് നബി صلى الله عليه وسلم അത് നിര്‍വ്വഹിക്കുമായിരുന്നു. പിന്നെ അസ്വര്‍ നമസ്കാരം നിര്‍വ്വഹിക്കുമായിരുന്നു. പിന്നെ ഞങ്ങളില്‍ ഒരാള്‍ മദീനയുടെ അങ്ങേയറ്റത്തുള്ള അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് മടങ്ങും, അപ്പോള്‍ സൂര്യന്‍ ജീവസുറ്റ (തെളിഞ്ഞതും ചൂടുള്ളതുമായ) അവസ്ഥയില്‍ ആയിരിക്കും. സയ്യാറു ബ്നു സലാമ رحمه الله പറഞ്ഞു: മഗ്'രിബ് നമസ്കാരത്തിന്‍റെ വിഷയത്തില്‍ പറഞ്ഞതിനെ കുറിച്ച് ഞാന്‍ മറന്നു പോയി. നിങ്ങള്‍ العَتمَة എന്ന് വിളിക്കുന്നതായ ഇശാഅ' നമസ്കാരം പിന്തിപ്പിക്കല്‍ സുന്നത്താക്കപ്പെട്ടിരുന്നു. ഇശാഇന് മുമ്പ് ഉറങ്ങലും അതിനു ശേഷം സംസാരവും നബി صلى الله عليه وسلم വെറുത്തിരുന്നു. ഒരാള്‍ തന്‍റെ ഒപ്പമിരിക്കുന്ന ആളെ തിരിച്ചറിയുന്ന സന്ദര്‍ഭത്തില്‍ ഫജ്ര്‍ നമസ്കാരത്തില്‍ നിന്ന് നബി صلى الله عليه وسلم പിരിയുമായിരുന്നു. നബി صلى الله عليه وسلم (അതില്‍) അറുപത് മുതല്‍ നൂറ് വരെ (ആയത്തുകള്‍) പാരായണം ചെയ്യുമായിരുന്നു.

المكتوبة: المفروضةُ، وهي الصلواتُ الخمسُ.

നിര്‍ബന്ധമാക്കപ്പെട്ട (അഞ്ച് നേരത്തെ നമസ്കാരങ്ങള്‍)

الأُولى: هي الظهرُ، لأَنها أَولُ صلاةٍ صلاها جبريلُ بالنبي - صلى الله عليه وسلم -.

ആദ്യത്തെ നമസ്കാരം - ദുഹ്ര്‍ (ഇതാണ് ജിബ്‌രീല്‍ عليه السلام നബി صلى الله عليه وسلم യുമായി ഇമാം നിന്ന് നമസ്കരിച്ച ആദ്യ നമസ്കാരം)

تدحضُ الشمسُ: تَميلُ عنْ وَسَطِ السَّماءِ إِلى ناحيةِ الغروبِ.

ആകാശത്തിന്‍റെ മധ്യ ഭാഗത്ത് നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങല്‍. 

العَتَمَة: ظُلمةُ الليلِ، والمقصودُ بها صلاةُ العشاءِ.

രാത്രിയുടെ ഇരുട്ട്, അതിന്‍റെ ഉദ്ദേശം ഇശാഅ' നമസ്കാരമാണ്.

ينفتلُ منْ صَلاةِ الغَداةِ: ينصرفُ منْ صلاةِ الصبحِ.

ഫജ്ര്‍ നമസ്കാരത്തില്‍ നിന്നും പിരിയുന്നു


വിവരണം

നബി صلى الله عليه وسلم ചെയ്തിരുന്നതായ കാര്യങ്ങള്‍ പഠിക്കാനും അത് ജീവിതത്തില്‍ പകര്‍ത്താനും താബിഉകള്‍ വളരെയേറെ താല്‍പര്യം കാണിച്ചിരുന്നു. സയ്യാറു ബ്നു സലാമ رحمه الله താബിഈ ആയിരുന്നു. അദ്ദേഹവും അദ്ദേഹത്തിന്‍റെ പിതാവും ഒരിക്കല്‍ സ്വഹാബിവര്യനായ അബൂ ബര്‍സതുല്‍ അസ്'ലമി رضي الله عنه വിന്‍റെ അടുക്കലെത്തി, സലാമ നിര്‍ബന്ധ നമസ്കാരത്തിന്‍റെ സമയത്തെ കുറിച്ച് ചോദിച്ചു. അതിനുള്ള മറുപടിയാണ് ഈ ഹദീസില്‍ ഉള്ളത്. ഓരോ നമസ്കാരത്തിന്‍റെയും ആദ്യ സമയങ്ങളാണ് ഇതില്‍ അറിയിക്കപ്പെട്ടത്. 

നബി صلى الله عليه وسلم ദുഹ്ര്‍ നമസ്കാരം നിര്‍വ്വഹിച്ചിരുന്നത് ചൂട് കഠിനമാകുന്ന വേളയിലായിരുന്നു. ദുഹ്ര്‍ സമയത്ത് അത് നിര്‍വ്വഹിക്കുന്നത് കൊണ്ടാണ് അതിന് ദുഹ്ര്‍ നമസ്കാരം എന്ന പേര് വന്നത്. ഇതിന് ഒന്നാമത്തെ നമസ്കാരം എന്ന് പേര് വിളിക്കപ്പെട്ടിരുന്നു. അതിനു കാരണം ദുഹ്ര്‍ നമസ്കാരമാണ് ജിബ്‌രീല്‍ عليه السلام ഇമാമായി നബി صلى الله عليه وسلم ക്ക് നിര്‍വ്വഹിക്കപ്പെട്ട നമസ്കാരം. ദുഹ്ര്‍ നമസ്കാരം സൂര്യന്‍ ആകാശ മധ്യത്തില്‍ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് തെറ്റുമ്പോഴാണ് നിര്‍വ്വഹിക്കപ്പെടുന്നത്. ദുഹ്ര്‍ നമസ്കാരം അതിന്‍റെ ഒന്നാമത്തെ സമയത്ത് തന്നെയായിരുന്നു നബി صلى الله عليه وسلم നിര്‍വ്വഹിച്ചിരുന്നത് എന്നാണു ഇതില്‍ നിന്ന് മനസ്സില്ലാക്കാന്‍ സാധിക്കുന്നത്. 

    അതിനു ശേഷം  നബി صلى الله عليه وسلم അസ്വര്‍ നമസ്കാരം നിര്‍വ്വഹിക്കുമായിരുന്നു. അത് നിര്‍വ്വഹിച്ച ശേഷം ഒരാള്‍ മദീനയുടെ അറ്റത്തുള്ള അദ്ദേഹത്തിന്‍റെ വീട്ടിലെത്തും, അപ്പോള്‍ സൂര്യന്‍ തെളിഞ്ഞതും ചൂടുള്ളതുമായി നിലനില്‍ക്കും. അസ്വര്‍ നമസ്കാരം കഴിഞ്ഞു ദൂരെയുള്ള വീട്ടിലെത്തുമ്പോഴും സൂര്യന്‍ ചൂടോടെ നില്‍ക്കും എന്ന് പറയുമ്പോള്‍ അസ്വര്‍ നമസ്കാരത്തിന്‍റെ സമയം എപ്പോഴാണെന്ന് നമുക്ക് മനസ്സിലാക്കാം. 

    മഗ്രിബ് നമസ്കാരത്തിന്‍റെ സമയവുമായി ബന്ധപ്പെട്ട് അബൂ ബര്‍സ رضي الله عنه പറഞ്ഞു കൊടുത്ത കാര്യം ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത ആള്‍ മറന്നു പോയിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇത് ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ സൂക്ഷ്മതയെ ആണ് സൂചിപ്പിക്കുന്നത്. അവര്‍ കൃത്യവും വ്യക്തവുമായ കാര്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംശയമുള്ളതും മറന്നു പോയതുമായ കാര്യങ്ങള്‍ അവര്‍ വ്യക്തമാക്കിയിരുന്നു. 

    ഇശാഅ' നമസ്കാരം പിന്തിപ്പിക്കല്‍ സുന്നത്താക്കപ്പെട്ടിരുന്നു. അത് പിന്തിപ്പിച്ച് നമസ്കരിക്കല്‍ ശ്രേഷ്ടതയുള്ള കാര്യമാണ് എന്ന് നബി صلى الله عليه وسلم പറഞ്ഞതായി ഇമാം അബൂ ദാവൂദ് رحمه الله റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇശാഅ' നമസ്കാരത്തിന് العَتَمَة എന്നും പേര്‍ വിളിക്കപ്പെട്ടിരുന്നു. സൂര്യാസ്തമയ ശോഭക്ക് ശേഷമുള്ള ഇരുട്ടിനാണ് الْعَتَمَة എന്ന് പറയുന്നത്. ഇശാഅ' നമസ്കാരം എന്നതാണ് ഈ നമസ്റെകാരത്തിന്‍റെ ശരിയായ പേര് എന്ന് അബൂ ബര്‍സ رضي الله عنه വ്യക്തമാക്കിയിരിക്കുന്നു. ഇശാഇന് മുമ്പ് ഉറക്കവും അതിനു ശേഷം സംസാരവും അഥവാ ഉറങ്ങാതിരിക്കലും നബി صلى الله عليه وسلم വെറുത്തിരുന്നു. ഇശാഇന് മുമ്പ് ഉറങ്ങുന്നതിലൂടെ ഒരു പക്ഷേ അതിന്‍റെ സമയത്ത് അത് നമസ്കരിക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നേക്കാം എന്നതിനാലാണ് അതിന് മുമ്പ് ഉറങ്ങുന്നതിനെ വെറുത്തത്. ഇശാഅ' നമസ്കാരത്തിന് ശേഷം വേഗം ഉറങ്ങലാണ് സുന്നത്ത്. അതിന് ശേഷം ഭൗതിക കാര്യങ്ങള്‍ സംസാരിച്ചിരുന്നാല്‍ രാത്രി നമസ്കാരവും ഫജ്ര്‍ നമസ്കാരവും നഷ്ടപ്പെടാന്‍ കാരണമായേക്കാം എന്നതിനാലാണ് അത് റസൂല്‍ صلى الله عليه وسلم വെറുത്തത്. 

    ഫജ്ര്‍ നമസ്കാരത്തിന്‍റെ സമയമാണ് അടുത്തതായി അറിയിക്കുന്നത്. കൂടെ നമസ്കരിക്കുന്ന ആളെ തിരിച്ചറിയുന്ന വേളയില്‍ നബി صلى الله عليه وسلم ഫജ്ര്‍ നമസ്കാരത്തില്‍ നിന്ന് പിരിയുമായിരുന്നു. പ്രഭാതത്തിന്‍റെ വെളിച്ചം പരന്നു തുടങ്ങുന്ന സമയമാണിത്. അതോടൊപ്പം നബി صلى الله عليه وسلم ഫജ്ര്‍ നമസ്കാരം നീട്ടി നിര്‍വ്വഹിക്കുമായിരുന്നു എന്നും ഈ ഹദീസില്‍ പറയുന്നു. അറുപത് മുതല്‍ നൂറ് വരെ എണ്ണം ആയത്തുകള്‍ ഫജ്ര്‍ നമസ്കാരത്തില്‍ നബി صلى الله عليه وسلم പാരായണം ചെയ്യാറുണ്ടായിരുന്നു. അങ്ങനെ നമസ്കരിച്ച ശേഷം കൂടെയുള്ള ആളെ തിരിച്ചറിയുന്ന സമയമാകുമ്പോഴേക്കും നമസ്കാരം കഴിയുമായിരുന്നു. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- സുന്നത്ത് പഠിക്കാന്‍ പൂര്‍വ്വികരായ ആളുകള്‍ക്ക് ഉണ്ടായിരുന്ന താല്‍പര്യത്തെ ഈ ഹദീസ് അറിയിക്കുന്നു.

2- അഞ്ച് നേരത്തെ നമസ്കാര സമയങ്ങളെ കുറിച്ചുള്ള വിവരണം. ഒരു നമസ്കാരത്തിന്‍റെ സമയം കഴിഞ്ഞാല്‍ അടുത്ത നമസ്കാര സമയം ആരംഭിക്കുന്നു. 

3- ഇശാഅ' നമസ്കാരമൊഴികെ ബാക്കി എല്ലാ നമസ്കാരങ്ങളും അതിന്‍റെ ആദ്യ സമയത്ത് തന്നെ നബി صلى الله عليه وسلم നിര്‍വ്വഹിച്ചിരുന്നു. 

4- ഇശാഅ' നമസ്കാരം പിന്തിപ്പിക്കല്‍ സുന്നത്താണ്. 

5- ഇശാഇന് മുമ്പ് ഉറങ്ങലും അതിനു ശേഷം സംസാരിക്കലും കറാഹത്താണ്. 

6-ഫജ്ര്‍ നമസ്കാരം ദീര്‍ഘിപ്പിക്കല്‍ ശ്രേഷ്ടമായ കാര്യമാണ്. എന്നാല്‍ അതില്‍ അതിരു കവിയാനും പാടില്ല. ഒപ്പമുള്ള ആളുകള്‍ക്ക് പ്രയാസമാകുന്ന വിധം അത് ദീര്‍ഘിപ്പിക്കാന്‍ പാടില്ല. 

7- നബി صلى الله عليه وسلم ഫജ്ര്‍ നമസ്കാരത്തില്‍ അറുപത് മുതല്‍ നൂറ് വരെ ആയത്തുകള്‍ പാരായണം ചെയ്യുമായിരുന്നു. 

8- ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ അതില്‍ സൂക്ഷ്മത കാണിച്ചിരുന്നു. അവര്‍ മറന്നതോ അവര്‍ക്ക് സംശയമുള്ളതോ ആയ കാര്യങ്ങള്‍ അവര്‍ വ്യക്തമാക്കിയിരുന്നു. 


Thursday, 28 August 2025

312 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 52- دروس الحديث - നമസ്കാര സമയങ്ങള്‍

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

നമസ്കാര സമയങ്ങള്‍

52 - عَنْ جَابِرِ بْنِ عَبْدِ اللَّهِ رضي الله عنهما قَالَ: ((كَانَ - صلى الله عليه وسلم - يُصَلِّي الظُّهْرَ بِالْهَاجِرَةِ ، وَالْعَصْرَ وَالشَّمْسُ نَقِيَّةٌ وَالْمَغْرِبَ إذَا وَجَبَتْ ، وَالْعِشَاءَ أَحْيَاناً وَأَحْيَاناً إذَا رَآهُمْ اجْتَمَعُوا عَجَّلَ. وَإِذَا رَآهُمْ أَبْطَئُوا أَخَّرَ ، وَالصُّبْحُ كَانَ النَّبِيُّ - صلى الله عليه وسلم - يُصَلِّيهَا بِغَلَسٍ)) .

ജാബിറു ബ്നു അബ്ദില്ല رضي الله عنهما പറഞ്ഞു:  നബി صلى الله عليه وسلم ദുഹ്ര്‍ നമസ്കാരം കടുത്ത ചൂട് ഉള്ള സമയത്ത് നിർവഹിക്കാറുണ്ടായിരുന്നു. അസ്വ'ര്‍ നമസ്കാരം സൂര്യൻ തെളിഞ്ഞുനിൽക്കുന്ന സമയത്തും, മഗ്‌രിബ് നമസ്കാരം സൂര്യൻ അസ്തമിച്ച ഉടനെയും നിർവഹിച്ചിരുന്നു. ഇശാഅ് നമസ്കാരം ചിലപ്പോൾ ആളുകള്‍ വേഗം എത്തിയാല്‍ നേരത്തെയും ആളുകള്‍ സാവകാശം വന്നാല്‍ വൈകിച്ചും നിര്‍വ്വഹിക്കുമായിരുന്നു. ഫജ്റ് (പ്രഭാത) നമസ്കാരം നബി  صلى الله عليه وسلم ഇരുളും വെളിച്ചവും കൂടിക്കലരുന്ന ആദ്യ സമയത്ത്  നിർവഹിച്ചിരുന്നു.

الهاجرةُ: شدةُ الحرِّ بعدَ الزوالِ.

 الهاجرةُ എന്നാല്‍ സൂര്യന്‍ മധ്യത്തില്‍ നിന്ന് തെറ്റിയതിന് ശേഷമുള്ള കടുത്ത ചൂടുള്ള സമയമാണ്

نقيةٌ: صافيةٌ.

نقيةٌ എന്നാല്‍ ശുദ്ധമായ/ തെളിഞ്ഞ എന്നൊക്കെയാണ് അര്‍ഥം. 

وجَبَتْ: غَابَتْ.

അസ്തമിച്ചു 


വിവരണം

    അഞ്ച് നേരത്തെ നമസ്കാരങ്ങളുടെ സമയങ്ങളെ കുറിച്ചാണ് ഈ ഹദീസ് അറിയിക്കുന്നത്. ഓരോ നമസ്കാരത്തിനും നിര്‍ണ്ണിത സമയങ്ങളുണ്ട്. അവ അതില്‍ തന്നെ നിര്‍വ്വഹിക്കണം. 

    ദുഹ്ര്‍ നമസ്കാര സമയം സൂര്യന്‍ മധ്യത്തില്‍ നിന്ന് തെറ്റിയതിന് ശേഷമാണ്. ഈ സമയമാണ് ഇതിന്‍റെ ശ്രേഷ്ടമായ സമയം. ചൂട് അതി കഠിനമായാല്‍ ദുഹ്ര്‍ നമസ്കാരം പിന്തിപ്പിക്കാവുന്നതുമാണ്.

    അസ്വ'ര്‍ നമസ്കാരത്തിന്‍റെ സമയം സൂര്യന്‍ വെളുത്ത് ശുദ്ധമായി നില്‍ക്കുന്ന സമയത്താണ് നിര്‍വ്വഹിക്കേണ്ടത്. അസ്തമയത്തിന്‍റെ നിറപ്പകിട്ടുകള്‍ അതിനെ ബാധിക്കാത്ത സമയമാണ് ഇത്. ഓരോ വസ്തുവിന്‍റെയും നിഴല്‍ അതിന്‍റെ അത്ര വലിപ്പം ഉണ്ടാകുന്ന സന്ദര്‍ഭമായിരിക്കും ഇത്. 

    മഗ്‌രിബ് നമസ്കാരം സൂര്യന്‍ അസ്തമിച്ച സമയത്ത് നിര്‍വ്വഹിക്കേണ്ടതാണ്. ഈ നമസ്കാരത്തിന് കുറഞ്ഞ സമയമേ ഉണ്ടാവൂ. 

    ഇശാഅ് നമസ്കാരം സൂര്യാസ്തമയത്തിന് ശേഷം പടിഞ്ഞാറന്‍ ചക്രവാളത്തിലുണ്ടാകുന്ന ചുവന്ന പ്രകാശം നിങ്ങിയത് മുതലാണ്‌ തുടങ്ങുക. ഇതാണ് അതിന്‍റെ ആദ്യത്തെ സമയം. ഈ സമയത്ത് ആളുകള്‍ വേഗത്തില്‍ എത്തിയാല്‍ നമസ്കാരം നിര്‍വ്വഹിക്കും. ഇനി അവര്‍ വരാന്‍ വൈകിയാല്‍ ഈ നമസ്കാരം രാത്രിയുടെ ഒന്നാം പകുതി വരെ പിന്തിപ്പിക്കുകയും ചെയ്യും. 

    ഫജ്ര്‍ നമസ്കാര സമയം വെളിച്ചം ഇരുട്ടുമായി പരക്കുന്ന ആദ്യ സമയത്താണ് നിര്‍വ്വഹിക്കുക. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- അഞ്ച് നേരത്തെ നമസ്കാരങ്ങളുടെ സമയങ്ങള്‍ ഈ ഹദീസില്‍ വ്യക്തമാക്കുന്നു

2- എല്ലാ നമസ്കാരങ്ങളും അതാതിന്‍റെ ആദ്യ സമയത്ത് തന്നെ നിര്‍വ്വഹിക്കലാണ് ഉത്തമം. ഇശാഅ' നമസ്കാരം ജനങ്ങള്‍ പള്ളിയില്‍ ഹാജറാകുന്നതിന് അനുസരിച്ച് മുന്തിക്കുകയും  പിന്തിക്കുകയും ചെയ്യാം. 

3- പള്ളികളില്‍  ആളുകള്‍ക്ക് വരാന്‍ സാധിക്കുന്ന സമയമനുസരിച്ച് ജമാഅത്ത് നമസ്കാരത്തിന് സമയം നിര്‍ണ്ണയിക്കാവുന്നതാണ്. 

Tuesday, 26 August 2025

311 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 51- دروس الحديث - ഫജ്ര്‍ നമസ്കാരത്തിന്‍റെ സമയം

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

ഫജ്ര്‍ നമസ്കാരത്തിന്‍റെ സമയം

51 - عَنْ عَائِشَةَ رضي الله عنها قَالَتْ: (لَقَدْ كَانَ رَسُولُ اللَّهِ صلى الله عليه وسلم  يُصَلِّي الْفَجْرَ ، فَيَشْهَدُ مَعَهُ نِسَاءٌ مِنْ الْمُؤْمِنَاتِ ، مُتَلَفِّعَاتٍ بِمُرُوطِهِنَّ ثُمَّ يَرْجِعْنَ إلَى بُيُوتِهِنَّ مَا يَعْرِفُهُنَّ أَحَدٌ ، مِنْ الْغَلَسِ).

ആഇശ رضي الله عنها പറഞ്ഞു: റസൂല്‍ صلى الله عليه وسلم ഫജ്ര്‍ നമസ്കാരം നിര്‍വ്വഹിക്കുമായിരുന്നു, അപ്പോള്‍ വിശ്വാസികളില്‍ പെട്ട വനിതകള്‍ അവരുടെ വസ്ത്രങ്ങള്‍ കൊണ്ട് അവരുടെ തലയും ശരീരവും മൂടിക്കൊണ്ട്  റസൂല്‍ صلى الله عليه وسلم യോടൊപ്പം (ഫജ്ര്‍ നമസ്കാരത്തിന്) സാക്ഷികളാകുമായിരുന്നു. പിന്നെ അവര്‍ അവരുടെ വീടുകളിലേക്ക് പുറപ്പെടും, മങ്ങിയ ഇരുട്ട് കാരണം അവരെ ഒരാളും തിരിച്ചറിയുമായിരുന്നില്ല. 

المُرُوُطُ: أَكْسِيَةٌ مُعَلَّمَةٌ تَكُونُ منْ خَزٍّ، وتَكُونُ منْ صُوفٍ. أهـ

പട്ടു കൊണ്ടോ രോമം കൊണ്ടോ ഉള്ള വസ്ത്രങ്ങള്‍

مُتَلَفِّعاتٍ: مُتَلَحِّفاتٍ.

ചുറ്റിയവരായി

والغَلَسُ: اخْتِلاطُ ضِياءِ الصُبْحِ بِظُلْمَةِ اللَّيلِ.

രാത്രിയുടെ ഇരുട്ടും പ്രഭാതത്തിന്‍റെ വെളിച്ചവും കൂടിക്കലര്‍ന്നത് (മങ്ങിയ ഇരുട്ട്).

വിവരണം
    ഫജ്ര്‍ നമസ്കാരത്തിന്‍റെ സമയത്തെ കുറിച്ചാണ് പ്രധാനമായും ഈ ഹദീസ് അറിയിക്കുന്നത്. ഫജ്ര്‍ നമസ്കാരം നിര്‍വ്വഹിച്ച് കഴിഞ്ഞ് മടങ്ങുമ്പോള്‍ ആളെ തിരിച്ചറിയാന്‍ പറ്റാത്ത വിധം മങ്ങിയ ഇരുട്ട് ഉണ്ടായിരുന്നു എന്നാണ് ഈ ഹദീസിലുള്ളത്. ഫജ്ര്‍ നമസ്കാരത്തിന്‍റെ ഒന്നാമത്തെ സമയമാണ് ഇത്. റസൂല്‍ صلى الله عليه وسلم യുടെ കാലത്ത് സ്ത്രീകള്‍ പള്ളിയില്‍ വരികയും ജമാഅത്തില്‍ പങ്കെടുക്കുകയും ചെയ്യുമായിരുന്നു എന്നതിന് ഈ ഹദീസ് തെളിവാണ്. ഫജ്ര്‍ നമസ്കാരത്തിന് വരെ അവര്‍ പള്ളികളില്‍ ഹാജറായിരുന്നു എന്നാണ് ആഇശ رضي الله عنها അറിയിക്കുന്നത്. സ്ത്രീകളെ പള്ളിയില്‍ നിന്ന് വിലക്കാന്‍ ആര്‍ക്കും പാടില്ല എന്ന കാര്യം കൂടി ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം.
    സ്ത്രീകള്‍ പള്ളിയിലേക്ക് വരുമ്പോള്‍ മാന്യമായ വസ്ത്രം ധരിക്കണം. ശരീരം മുഴുവന്‍ മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് സ്വഹാബി വനിതകള്‍ പള്ളികളിലേക്ക് വന്നിരുന്നത്. ഭംഗിയും അലങ്കാരങ്ങളും ഒഴിവാക്കിയുള്ള വസ്ത്രങ്ങളാണ് പള്ളിയിലേക്ക് വരുമ്പോള്‍ അവര്‍ ധരിച്ചിരുന്നത്.  


ഹദീസില്‍ നിന്നുള്ള പാഠം
1- ഫജ്ര്‍ നമസ്കാരത്തിന്‍റെ സമയത്തെ കുറിച്ച് ഈ ഹദീസ് അറിയിക്കുന്നു. പ്രഭാതോദയത്തിന് ശേഷമാണ് അതിന്‍റെ സമയം.
2- ഓരോ നമസ്കാരവും അതിന്‍റെ ആദ്യ സമയത്ത് തന്നെ നിര്‍വ്വഹിക്കലാണ് കൂടുതല്‍ ഉത്തമം. 
3- സ്ത്രീകള്‍ക്ക് പള്ളിയില്‍ പോയി ജുമുഅ -ജമാഅത്തുകളില്‍ പങ്കെടുക്കാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ട്. 
4- സ്വഹാബി വനിതകള്‍ ഫജ്ര്‍ നമസ്കാരത്തിന് വരെ പള്ളിയില്‍ പോയിരുന്നു. 
5- സ്വഹാബി വനിതകള്‍ ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചായിരുന്നു പള്ളിയിലേക്ക് പോയിരുന്നത്. 


Monday, 25 August 2025

310 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 50- دروس الحديث - നമസ്കാരം കൃത്യ സമയത്ത് നിര്‍വ്വഹിക്കല്‍

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

നമസ്കാരം കൃത്യ സമയത്ത് നിര്‍വ്വഹിക്കല്‍



നമസ്കാരം

كتابُ الصلاةِ

الصلاةُ لغةً: الدعاءُ.

നമസ്കാരം എന്നാല്‍ ഭാഷയില്‍ പ്രാര്‍ത്ഥന എന്നാണ് അര്‍ത്ഥം.

وشرعاً: أَقوالٌ وأَفعالٌ مخصوصةٌ مفتَتَحَةٌ بالتكبير ومُخْتتمةٌ بالتسليمِ.

മതപരമായി അതിന്‍റെ അര്‍ത്ഥം: തക്ബീര്‍ കൊണ്ട് തുടങ്ങി സലാം കൊണ്ട് അവസാനിക്കുന്നതായ പ്രത്യേകമായ വാക്കുകളും പ്രവര്‍ത്തനങ്ങളുമാണ് നമസ്കാരം.


നമസ്കാര സമയങ്ങള്‍

بابُ المواقيتِ

المواقيتُ: جمعُ «ميقاتٍ» ، وهي المواقيتُ الزمانيةُ، التي هي القَدْرُ المحدودُ لفعلِ الصلواتِ المفروضاتِ وغيرِها.

«മീഖാത്» എന്ന വാക്കിന്‍റെ ബഹുവചനമാണ് മവാഖീത്. ഇവ സമയ സംബന്ധിയായതാണ്. നിർബന്ധ നമസ്കാരങ്ങളും മറ്റും ചെയ്യുന്നതിനുള്ള നിർദ്ദിഷ്ടമായ സമയപരിധിയാണിത്‌.


50- عَنْ أَبِي عَمْرٍو الشَّيْبَانِيِّ وَاسْمُهُ سَعْدُ بْنُ إيَاسٍ - قَالَ: حَدَّثَنِي صَاحِبُ هَذِهِ الدَّارِ - وَأَشَارَ بِيَدِهِ إلَى دَارِ عَبْدِ اللَّهِ بْنِ مَسْعُودٍ - رضي الله عنه - قَالَ: ((سَأَلْتُ النَّبِيَّ - صلى الله عليه وسلم -: أَيُّ الْعَمَلِ أَحَبُّ إلَى اللَّهِ؟ قَالَ: الصَّلاةُ عَلَى وَقْتِهَا. قُلْتُ: ثُمَّ أَيُّ؟ قَالَ: بِرُّ الْوَالِدَيْنِ ، قُلْتُ: ثُمَّ أَيُّ؟ قَالَ: الْجِهَادُ فِي سَبِيلِ اللَّهِ ، قَالَ: حَدَّثَنِي بِهِنَّ رَسُولُ اللَّهِ - صلى الله عليه وسلم - وَلَوْ اسْتَزَدْتُهُ لَزَادَنِي)) .

അബൂ അംറുശ്ശൈബാനി -അദ്ദേഹത്തിന്‍റെ പേര്: സഅ'ദു ബ്നു ഇയാസ്- പറഞ്ഞു: അബ്ദുല്ലാഹി ബ്നു മസ്ഊദ് رضي الله عنه വിന്‍റെ വീട് ചൂണ്ടിക്കാണിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: ഈ വീടിന്‍റെ ആള്‍ എന്നോട് പറഞ്ഞു: അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടമുള്ള കര്‍മം ഏതാണെന്ന് ഞാന്‍ നബി صلى الله عليه وسلم യോട് ചോദിച്ചു. നബി صلى الله عليه وسلم പറഞ്ഞു: നമസ്കാരം അതിന്‍റെ കൃത്യ സമയത്ത് നിര്‍വ്വഹിക്കലാണ് അത്. ഞാന്‍ ചോദിച്ചു: പിന്നെ ഏതാണ്? നബി صلى الله عليه وسلم പറഞ്ഞു: മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യല്‍. ഞാന്‍ ചോദിച്ചു: പിന്നെ ഏതാണ്? നബി صلى الله عليه وسلم പറഞ്ഞു: അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യല്‍. അദ്ദേഹം പറഞ്ഞു: ഈ കാര്യങ്ങള്‍ നബി صلى الله عليه وسلم എന്നോട് പറഞ്ഞു, ഞാന്‍ കൂടുതല്‍ ചോദിച്ചിരുന്നെങ്കില്‍ നബി صلى الله عليه وسلم എനിക്ക് കൂടുതല്‍ (വിവരങ്ങള്‍) നല്കുമായിരുന്നു. 


വിവരണം

    ഈ ഗ്രന്ഥത്തിലെ നമസ്കാരവുമായി ബന്ധപ്പെട്ട അധ്യായങ്ങളില്‍ ഒന്നമാത്തേതാണ് നമസ്കാര സമയങ്ങള്‍. നിര്‍ബന്ധ നമസ്കാരങ്ങള്‍ സമയബന്ധിതമായി നിര്‍വ്വഹിക്കപ്പെടേണ്ടവയാണ്. അങ്ങനെയാണ് നമസ്കാരങ്ങള്‍ നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നത്. 

    ഏറ്റവും ശ്രേഷ്ടതയുള്ള കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാന്‍ സ്വഹാബിമാര്‍ നബി صلى الله عليه وسلم യോട് സംശയങ്ങള്‍ ചോദിച്ചിരുന്നു. മതത്തിനോടും അറിവിനോടുമുള്ള അവരുടെ താല്‍പര്യത്തെ ഈ കാര്യം സൂചിപ്പിക്കുന്നു. 

     "ഏതു പ്രവർത്തിയാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്?"  എന്ന് അബ്ദുല്ലാഹിബ്നു മസ്ഊദ് رضي الله عنه നബി صلى الله عليه وسلم യോട് ചോദിച്ചു. "നിർബന്ധ നിസ്കാരങ്ങൾ അതിന്‍റെ കൃത്യ സമയത്ത് തന്നെ നിർവ്വഹിക്കലാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള കര്‍മം എന്ന് നബി صلى الله عليه وسلم മറുപടി പറഞ്ഞു. ശേഷം മാതാപിതാക്കളോട് നന്മയിൽ വർത്തിക്കലും, അവർക്ക് നന്മ ചെയ്യലും, അവരോടുള്ള ബാധ്യതകൾ നിറവേറ്റലും, അവരെ ധിക്കരിക്കുന്നതും ഉപദ്രവിക്കുന്നതും ഉപേക്ഷിക്കലുമാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്. പിന്നെ അല്ലാഹുവിൻ്റെ വചനം ഉന്നതമാകുന്നതിനും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിരോധിക്കുന്നതും, ദീനിൻ്റെ അടയാളങ്ങൾ പ്രകടമാക്കുന്നതിനും വേണ്ടി സമ്പത്തും ശരീരവും കൊണ്ട് ധര്‍മ്മസമരം  ചെയ്യലാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ പ്രവർത്തി.

    ഇബ്നു മസ്ഊദ് رضي الله عنه പറയുന്നു: നബി صلى الله عليه وسلم ഇവയെല്ലാം എനിക്ക് പറഞ്ഞു തന്നു. 'ഇനി ഏതാണ് അല്ലാഹുവിന് കൂടുതൽ പ്രിയങ്കരം' എന്ന് ഞാൻ വീണ്ടും ചോദിച്ചിരുന്നെങ്കിൽ നബി صلى الله عليه وسلم എനിക്ക് ഇനിയും പറഞ്ഞു തരുമായിരുന്നു.


ഹദീസില്‍ നിന്നുള്ള പാഠം

1- അല്ലാഹുവിന് ഓരോ പ്രവർത്തനത്തോടുമുള്ള ഇഷ്ടമനുസരിച്ചാണ് പ്രവർത്തനങ്ങളുടെ ശ്രേഷ്ഠതയിൽ വ്യത്യാസമുണ്ടാകുന്നത്.
2- ഏറ്റവും ശ്രേഷ്ഠയുള്ള പ്രവർത്തനങ്ങൾക്ക് ഏറ്റവും മുൻഗണന നൽകാനും, അവ ക്രമത്തിൽ പ്രാവർത്തികമാക്കാനുമുള്ള പ്രോത്സാഹനവും പ്രേരണയും ഈ ഹദീഥിലുണ്ട്.
3- ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനം ഏതാണ് എന്ന ചോദ്യത്തിന് നബി صلى الله عليه وسلم വ്യത്യസ്തമായ മറുപടികൾ നൽകിയത് കാണാം. ചോദിക്കുന്ന വ്യക്തികളെയും അവരുടെ സാഹചര്യങ്ങളെയും ഓരോരുത്തർക്കും ഏറ്റവും പ്രയോജനകരമായത് ഏതാണ് എന്നതിനെയും പരിഗണിച്ചത് കൊണ്ടാണ് വ്യത്യസ്ഥ ഉത്തരങ്ങൾ അവിടുന്ന് നൽകിയത്.
4- നമസ്കാരം ഏറ്റവും ശ്രേഷ്ടമായആരാധനയാണ്. അത് അതിന്‍റെ കൃത്യസമയത്ത് നിര്‍വഹിക്കപ്പെടുമ്പോള്‍ ആ കാര്യം അല്ലാഹുവിലേക്ക് കൂടുതല്‍ ഇഷ്ടമുള്ളതാകുന്നു. 
5- നമസ്കാരം അതിന്‍റെ കൃത്യ സമയത്ത് തന്നെ നിര്‍വഹിക്കപ്പെടണം. മനപൂര്‍വ്വം സമയം തെറ്റിച്ച് നമസ്കരിച്ചാല്‍ അത് ആയിരം പ്രാവശ്യം നിര്വ്വഹിച്ചാലും അത് സ്വീകരിക്കപ്പെടില്ല. 
6- നമസ്കാരം അതിന്‍റെ ആദ്യത്തെ സമയത്ത് തന്നെ നിര്‍വഹിക്കലാണ് വേണ്ടത്, ബാങ്ക് കഴിഞ്ഞ ഉടനെയാണ് അതിന്‍റെ ആദ്യത്തെ സമയം. അങ്ങനെ നിര്‍വ്വഹിക്കലാണ് അതിന്‍റെ പരിപൂര്‍ണ്ണത. യാത്ര പോലുള്ള അത്യാവശ്യ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ മാറ്റം വരുന്നതില്‍ കുറ്റമില്ല. 
7- ഒരു മുസ്‌ലിം അല്ലാഹുവിന് നല്‍കേണ്ട കടമയെ കുറിച്ച് ബോധമുള്ളവനാകണം. ആ കടമ നിര്‍വ്വഹിക്കാന്‍ അവന്‍ ധൃതി കാണിക്കുകയും വേണം. 
8- കപട വിശ്വാസികള്‍ ഈ കാര്യങ്ങളില്‍ അലസരും അശ്രദ്ധരുമാണ്. അവര്‍ വളരെ അലസമായിട്ടാണ് ഈ കാര്യങ്ങളെ സമീപിക്കുന്നത്. അത്തരക്കാര്‍ക്ക് നാശം എന്നാണ് വിശുദ്ധ ക്വുര്‍ആന്‍ അറിയിച്ചിരിക്കുന്നത്.  

Sunday, 24 August 2025

309 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 49- دروس الحديث - ആര്‍ത്തവകാരി നമസ്കാരം ഖദാഅ് വീട്ടേണ്ടതില്ല. നോമ്പ് നോറ്റ് വീട്ടണം.

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

ആര്‍ത്തവകാരി 

നമസ്കാരം ഖദാഅ് വീട്ടേണ്ടതില്ല. നോമ്പ് നോറ്റ് വീട്ടണം.

49 - عَنْ مُعَاذَةَ قَالَتْ: ((سَأَلْتُ عَائِشَةَ رضي الله عنها فَقُلتُ: مَا بَالُ الْحَائِضِ تَقْضِي الصَّوْمَ ، وَلا تَقْضِي الصَّلاةَ؟ فَقَالَتْ: أَحَرُورِيَّةٌ أَنْتِ؟ فَقُلْتُ: لَسْتُ بِحَرُورِيَّةٍ ، وَلَكِنِّي أَسْأَلُ. فَقَالَتْ: كَانَ يُصِيبُنَا ذَلِكَ ، فَنُؤَمَّرُ بِقَضَاءِ الصَّوْمِ ، وَلا نُؤَمَّرُ بِقَضَاءِ الصَّلاةِ)) . 

മുആദ رحمها الله പറഞ്ഞു: ഞാന്‍ ആഇശ رضي الله عنها യോട് ചോദിച്ചു: എന്താണ് ആര്‍ത്തവകാരിയുടെ അവസ്ഥ? അവള്‍ നോമ്പ് ഖദാഅ് വീട്ടുന്നു, എന്നാല്‍ നമസ്കാരം ഖദാഅ് വീട്ടുന്നില്ല. അപ്പോള്‍ ആഇശ പറഞ്ഞു: നീ ഹറൂരിയ്യക്കാരി ആണോ? അപ്പോള്‍ ഞാന്‍ പറഞ്ഞു: ഞാന്‍ ഹറൂറിയ്യക്കാരി അല്ല, എന്നാല്‍ ഞാന്‍ ചോദിച്ചതാണ്. അപ്പോള്‍ ആഇശ رضي الله عنها പറഞ്ഞു: ഞങ്ങള്‍ക്ക് അത് (ആര്‍ത്തവം) ബാധിക്കുമായിരുന്നു, അപ്പോള്‍ നോമ്പ് നോറ്റ് വീട്ടാന്‍ ഞങ്ങള്‍ കല്പിക്കപ്പെടുകയും നമസ്കാരം ഖദാഅ് വീട്ടാന്‍ ഞങ്ങള്‍ കല്‍പിക്കപ്പെടാതിരിക്കുകയും ചെയ്യുമായിരുന്നു.  


വിവരണം

ഇതില്‍ മുആദ അല്‍ അദവിയ്യ رحمها الله  യുടെ ഒരു സംശയമാണ് വന്നിട്ടുള്ളത്. ആഇശ رضي الله عنها യോട് ആണ് അവര്‍ സംശയം ചോദിച്ചത്. ആര്‍ത്തവകാരി നോമ്പ് നോട്ട് വീട്ടുകയും നമസ്കാരം ഖദാഅ് വീട്ടാതിരിക്കുകയും ചെയ്യുന്നല്ലോ? എന്താണ് ഇതിന്‍റെ യുക്തി എന്നാണ് അവരുടെ ചോദ്യം. ഈ ചോദ്യം കേട്ടപ്പോള്‍ ആഇശ رضي الله عنها അവരോട് ചോദിച്ചത്: നീ 'ഹറൂരിയ്യ' ആണോ എന്നാണ്. അഥവാ ഖവാരിജുകളില്‍ പെട്ട പെണ്ണാണോ എന്നാണ് ഇതിനര്‍ത്ഥം. അവര്‍ അതിര് കവിഞ്ഞ് ഇത് പോലത്തെ ചോദ്യങ്ങള്‍ അധികരിപ്പിക്കാറുണ്ട് എന്നതിനാലാണ് ആഇശ رضي الله عنها അവരോട് അങ്ങനെ ചോദിച്ചത്. കൂഫക്ക് അടുത്തുള്ള ഹറൂറാഅ' എന്ന നാട്ടിലേക്ക് ചേര്‍ത്തിപ്പറയുന്ന പേരാണ് ഹറൂരി. അവിടെ നിന്നാണ് ഖവാരിജുകളുടെ സംഘം ഉടലെടുത്തത്. മതത്തില്‍ അതിര് വിടലും സുന്നത്തിന് എതിരാകലും മുസ്‌ലീംകള്‍ക്ക് എതിരെ പോരാടുന്നത്തിലും അവര്‍ മുന്‍പന്തിയില്‍ ആയിരുന്നു. ആയതിനാലാണ് ഹറൂരി എന്ന് അവരെ പ്രത്യേകം വിളിക്കപ്പെടാനുണ്ടായ കാരണം. 

മുആദ رحمها الله പറഞ്ഞത് ഞാന്‍ ഹറൂരിയല്ല, സംശയം ചോദിച്ചതാണ് എന്നാണ്. അപ്പോള്‍ ആഇശ رضي الله عنها പറഞ്ഞു: ഞങ്ങള്‍ കല്‍പിക്കപ്പെട്ടതാണ് ഞങ്ങള്‍ ചെയ്തത്. അഥവാ നോമ്പ് നോറ്റ് വീട്ടാന്‍ ഞങ്ങള്‍ കല്‍പിക്കപ്പെട്ടിരുന്നു, എന്നാല്‍ നമസ്കാരം ഖദാഅ് വീട്ടാന്‍ ഞങ്ങള്‍ കല്‍പ്പിക്കപ്പെട്ടിരുന്നില്ല എന്ന്. ഇസ്‌ലാം കല്‍പിച്ചതും പഠിപ്പിച്ചതും അതെ പോലെ ചെയ്യുക എന്നതാണ് വിശ്വാസികള്‍ ചെയ്യേണ്ടത് എന്നാണ് ആഇശ رضي الله عنها പറഞ്ഞതിന്‍റെ രത്നച്ചുരുക്കം. 


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- മതത്തില്‍ അതിരു വിടാനും തര്‍ക്കിക്കാനും വേണ്ടിയുള്ള ചോദ്യങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണ്. 

2- ഹറൂരി എന്നാല്‍ കൂഫക്കടുത്തുള്ള ഹാറൂറാഅ' എന്ന ദേശത്തിലേക്കുള്ള ചേര്‍ത്തിപ്പറയല്‍ ആണ്. അവിടെ നിന്നാണ് ഖവാരിജുകള്‍ ഉടലെടുത്തത്. 

3- ചോദ്യം ചോദിച്ച ആള്‍ക്ക് അറിവുള്ളവര്‍ കാര്യം വ്യക്തമാക്കി കൊടുക്കല്‍ 

4- അല്ലാഹുവിന്‍റെയും റസൂല്‍ صلى الله عليه وسلم യുടേയും വിധികളെ മാനിക്കലും അവ കൃത്യമായി നടപ്പിലാക്കലും നമുക്ക് ബാധ്യതയാണ്.

5- കല്‍പിക്കപ്പെട്ടവ കൃത്യമായി ചെയ്യണം. അതിന്‍റെ യുക്തി മനസ്സിലായാലും ഇല്ലെങ്കിലും.  അനാവശ്യവും അമിതവുമായ ചോദ്യങ്ങള്‍ വെറുക്കപ്പെട്ടതാണ്. 

6- ഹറൂരികള്‍ അവരുടെ സ്ത്രീകള്‍ക്ക് ആര്‍ത്തവമുണ്ടായാല്‍ അവര്‍ക്ക് നമസ്കാരം ഖദാഅ് വീട്ടല്‍ അവര്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇത് മുസ്‌ലിംകളുടെ ഇജ്മാഇന് വിരുദ്ധമാണ്. ഇത് മനസ്സിലായിട്ടാണ് മുആദ ചോദ്യം ചോദിച്ചപ്പോള്‍ നീ ഹറൂരി ആണോ എന്ന് ആഇശ رضي الله عنها ചോദിച്ചത്. 

7- ആര്‍ത്തവകാരികള്‍ നോമ്പ് നോറ്റ് വീട്ടണം. എന്നാല്‍ ഈ സമയത്ത് നഷ്ടപ്പെട്ട നമസ്കാരം പിന്നീട് നിര്‍വ്വഹിക്കേണ്ടതില്ല. കാരണം നമസ്കാരം ദിനേന ആവര്‍ത്തിച്ച് വരുന്ന ആരാധനയാണ്. എന്നാല്‍ നോമ്പ് അങ്ങനെയല്ല. 

8- ഈ ഹദീസിലെ വിധി സ്ത്രീകള്‍ക്ക് മതം എളുപ്പമാക്കിയതാണ്. അതിരുവിടലും തീവ്രചിന്തകളും ഇസ്‌ലാം വിമര്‍ശിക്കുന്നകാര്യങ്ങളാണ്.  


Saturday, 23 August 2025

നബിദിനാഘോഷത്തിന് തെളിവ് എവിടെ?! - നൗഫല്‍ മദീനി

 



നബിദിനാഘോഷത്തിന് 

തെളിവ് എവിടെ?!  

നൗഫല്‍ മദീനി

بِسْمِ اللّهِ الرَّحْمـَنِ الرَّحِيم

സഹോദരാ... السلام عليكم

 

ഇതൊരു നസ്വീഹത്ത് മാത്രമാണ്,സത്യാന്വേഷിക്ക് ചിന്തിക്കാനും മനസ്സിലാക്കാനുമുള്ള ഒരു ലഘുകുറിപ്പ്.

 

മാന്യ സഹോദരാ...

നബി صلى الله عليه وسلم യുടെ ഒരു വാക്ക് ശ്രദ്ധിക്കുക: "നിങ്ങൾ നിങ്ങൾക്ക് മുമ്പുള്ളവരുടെ (വേദക്കാരുടെ) ചര്യകൾ ചാണിന് ചാണായും മുഴത്തിനു മുഴമായും പിന്തുടരുക തന്നെ ചെയ്യും. അവർ ഒരു ഉടുമ്പിന്‍റെ മാളത്തിൽ കയറുന്നുവെങ്കിൽ വരെ, നിങ്ങളവരെ പിന്തുടരുക തന്നെ ചെയ്യും''

പ്രിയപ്പെട്ടവരെ,

മതത്തിന്‍റെ പേരിൽ മുസ്ലിം ഭൂരിപക്ഷം ഇന്ന് നടത്തുന്ന അനാചാരങ്ങളിൽ നല്ലൊരു ശതമാനവും ഇതര മതങ്ങളെ മാതൃകയാക്കിക്കൊണ്ടാണ് എന്ന് വിശദീകരിക്കേണ്ടതില്ലല്ലോ.. എന്നാൽ നാം മാതൃകയാക്കേണ്ടത് നമ്മുടെ ശരീരത്തേക്കാളും പിതാവിനേക്കാളും സന്താനങ്ങളേക്കാളും മുഴുവൻ ജനങ്ങളേക്കാളും ഏറ്റവും അധികം സ്നേഹിക്കേണ്ട മുഹമ്മദ് റസൂൽ صلى الله عليه وسلم യെ ആണ്. ഖുർആൻ പറയുന്നു: "തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്‍റെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട്.''

    സ്വർഗ്ഗത്തിലേക്ക് അടുപ്പിക്കുന്നതും നരകത്തിൽ നിന്നും അകറ്റുന്നതുമായ മുഴുവൻ കാര്യങ്ങളും പഠിപ്പിച്ച് ദീൻ പൂർത്തിയാക്കി എന്ന് പ്രഖ്യാപിച്ചതിന് ശേഷമാണല്ലോ നബി صلى الله عليه وسلم ഈ ലോകത്ത് നിന്ന് വിട വാങ്ങിയത്. പിന്നെന്തിന് നാം ബിദ്അത്തുകൾ ഉണ്ടാക്കണം? ഇമാം മാലിക് رحمه الله  പറയുന്നത് കാണുക: "ആരെങ്കിലും മതത്തിൽ പുതുതായി ഒരു കാര്യം ഉണ്ടാക്കുകയും അത്  നല്ലതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്താൽ അവൻ മുഹമ്മദ് നബി صلى الله عليه وسلم ദൗത്യ നിർവ്വഹണത്തിൽ വഞ്ചന കാണിച്ചു എന്ന് വാദിക്കുന്നവനാണ്, കാരണം അല്ലാഹു പറയുന്നു: "നിങ്ങൾക്ക് ഇന്നേ ദിവസം ഞാൻ നിങ്ങളുടെ ദീൻ പൂർത്തിയാക്കിത്തരികയും എന്‍റെ അനുഗ്രഹം നിങ്ങളുടെ മേൽ പൂർണ്ണമാക്കിത്തരികയും നിങ്ങൾക്ക് ഇസ്ലാമിനെ മതമായി തൃപ്തിപ്പെട്ട് തരികയും ചെയ്തിരിക്കുന്നു'' (വി.ഖു:സൂറ:മാഇദ/3) അന്ന് ദീനല്ലാത്തത്  എന്തൊക്കെയാണോ അത് ഇന്നും ദീനിലില്ലാത്തതാണ്. (അൽ-ഇഅ്തിസ്വാം)


    റബീഉൽ അവ്വൽ മാസത്തിൽ കെങ്കേമമായി ആ ഘോഷിക്കുന്ന നബിദിനത്തിന് തെളിവ് എവിടെ?

    ഒരു നിലക്കും പ്രമാണങ്ങൾ കൊണ്ട് സ്ഥാപിക്കാൻ കഴിയാത്തതും മാതൃകായോഗ്യരായ ആരിൽ നിന്നും ഉദ്ദരിക്കപ്പെടാത്തതുമായ   ഒരു അനാചാരമാണ് നബിദിനാഘോഷം. അവരാരും ഇങ്ങിനെ ഒരു ആഘോഷം അറിയുന്നവരോ ആചരിച്ചവരോ അല്ല.

 
ചില ഉദ്ധരണികൾ കാണുക:
  • ഇബ്നുഹജർ ഹൈതമി رحمه الله യോട് നബിദിനത്തെ കുറിച്ച് ചോദിക്കപ്പെട്ടു, അപ്പോൾ അദ്ദേഹം വിശദീകരിച്ചു: "മൗലിദിന്‍റെ അടിത്തറ തന്നെ ബിദ്അത്താണ്. ആദ്യ മൂന്ന് നൂറ്റാണ്ട് വരെയുള്ള നല്ലവരായ മുൻഗാമികളിൽ നിന്ന് അത് ഉദ്ധരിക്കപ്പെടുന്നില്ല'. (അൽ-ഹാവീ, സുയൂത്വി)
  • ഈ മൗലിദിന് ഖുർആനിലോ സുന്നത്തിലോ അടിസ്ഥാന രേഖയുള്ളതായി എനിക്കറിയില്ല. മതത്തിൽ മാതൃകയാക്കാവുന്ന സമുദായത്തിലെ പൂർവ്വീക മാർഗ്ഗം അവലംബിക്കുന്ന ഉലമാക്കളിൽ ആരിൽ നിന്നും ഇത് ഉദ്ധരിക്കപ്പെടുന്നില്ല. (അൽ-ഹാവീ)
  • അടിസ്ഥാനപരമായി മൗലിദ് ബിദ്അത്താണ്, ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ മഹത്തുക്കളായ മുസ്ലിംകളിൽ നിന്ന് കൈമാറി വന്ന ആചാരമല്ല അത്. (സുന്നി വോയ്സ്,2000 ജൂലൈ-16, പേജ്.26)
  • നബി صلى الله عليه وسلم യുടെ കാലത്ത് ഏതെങ്കിലും പ്രവാചകന്‍റെയോ പുണ്യപുരുഷന്‍റെയോ ജന്മദിനം കൊണ്ടാടുന്ന സമ്പ്രദായം നിലവിലില്ല. അതു കൊണ്ടു തന്നെ അതിനെുറിച്ച് തിരുമേനി صلى الله عليه وسلم വ്യക്തമായി ഒന്നും നിർദ്ദേശിച്ചിട്ടുമില്ല. (അൽ-മുഅല്ലിം മാസിക, 2006 ഏപ്രിൽ.പേജ്.7)
  • മൗലിദ് കഴിക്കൽ മുമ്പ് പതിവില്ലാത്തതാ… 
    അത് ഹിജ്റ മുന്നൂറിന്ന് ശേഷം വന്നതാ, 
    എന്നും സഖാവി പറഞ്ഞതായ് കാണുന്നതാ, 
    അത് ഹലബി ഒന്നാം വാള്യമിൽ നോക്കേ-ണ്ടതാ…        (അൽ മവാഹി ബുൽ ജലിയ്യ)
  •  അടിസ്ഥാനരഹിതമായി പലതും കെട്ടിച്ചമച്ചുണ്ടാക്കുന്ന (ചില) ആളുകളുടെ നിർമ്മിതവും ഏതോ തീറ്റക്കൊതിയന്മാരുടെ ഇഛക്കൊത്ത് കെട്ടിയുണ്ടാക്കിയ ബിദ്അത്തുമാകുന്നു ഇത്. (അൽ-ഹാവി 1:91)
  • വർഷം തോറും നബി صلى الله عليه وسلم യുടെ മൗലിദിനോടനുബന്ധിച്ച് നടന്നു വരുന്ന ദാനധർമ്മങ്ങളും സൽകർമ്മങ്ങളും സന്തോഷ പ്രകടനങ്ങളും അലങ്കാരങ്ങളുമെല്ലാം നമ്മുടെ കാലത്തുണ്ടായ ഏറ്റവും നല്ല പുത്തനാചാരങ്ങളാണ്. (അൽ-ബാഇസ് വൽ ഹ വാദിസ്)
  • ജനങ്ങളെ സംഘടിപ്പിച്ച് റസൂലിന്‍റെ മദ്ഹുകൾ പറഞ്ഞും അന്ന പാനീയങ്ങൾ വിതരണം ചെയ്തു കൊണ്ടുമുള്ള മൗലിദാഘോഷം മൂന്നാം നൂറ്റാണ്ടിനു ശേഷം അർബലയിലെ അബൂ സഈദെന്ന പേരിലറിയപ്പെടുന്ന മുളഫർ രാജാവാണ് തുടങ്ങി വെച്ചത്. (മൗലിദും മീലാദാഘോഷവും, പേജ്.13 ഹസൻ ബാഖവി മട്ടന്നൂർ)
  • ബഹു. സഖാവി അവർകൾ പറയുന്നു: "മൂന്നാം നൂറ്റാണ്ട് മുതൽ ആരംഭിച്ചിട്ടുണ്ട-് മൗലിദ് കൊണ്ടാടൽ'' (സുന്നി 2/51 മമ്പീതി മുഹമ്മദ് കുട്ടി മുസ്ലിയാർ)
  • "....അന്നദാനാതി കർമ്മങ്ങൾ നടത്തുക ഇതെല്ലാം ഒത്തു ചേർന്നു കൊണ്ടുള്ള മൗലിദ് കഴിക്കൽ തി രുമേനി صلى الله عليه وسلم യുടെ കാലത്ത് പതിവില്ലാത്ത ഒരു കർമ്മം തന്നെയാണ്. (റബീഅ് നബിദിന സപ്ലിമെന്‍റ്. പേജ്.10)
  • ഇന്ന് നാം നടത്തി വരുന്ന അതേ രീതിയിൽ നബിദിന പരിപാടികൾ പ്രവാചകൻ صلى الله عليه وسلم നടത്തിയിട്ടില്ലെന്നത് ശരിയാണ്. (അബ്ദുൽ ഹമീദ് ഫൈസി അമ്പ ലക്കടവ്. ചന്ദ്രിക-2004 മെയ് 12 പേജ് 4)
  • ഈ പ്രത്യേക രീതിയിലുള്ള മൗലിദ് പരിപാടി ആ ദ്യമായി നടപ്പിൽ വരുത്തിയത് ഹിജ്റ 7-ാം നൂറ്റാ ണ്ടിൽ ഇർബുൽ ഭരിച്ചിരുന്ന മുളഫിറുദ്ദീൻ എന്ന രാജാവാണ്. (മുസ്തഫൽ ഫൈസി. മൗലിദ് ആ ഘോഷം പേജ്.36)
  • ആധുനിക രീതിയിൽ ഇന്ന് നടത്തപ്പെടുന്ന ആ ഘോഷ പരിപാടികളുടെ സ്ഥാപകൻ ആരായിരു ന്നു? നമ്മുടെ കഥാ പുരുഷനായ മുളഫർ രാജാവ്. (രിസാല മാസിക. 1988 നവംബർ. പേജ്.11)
ഇതാ, ഇത് ബിദ്അത്താണെന്ന് ഇത് ആചരിക്കുന്നവർ തന്നെ സമ്മതിച്ചിരിക്കുന്നു.


മറ്റൊരു തുടക്കം കാണുക!!.. 

  •  നബിദിനാഘോഷത്തിന് നബി صلى الله عليه وسلم യുടെ ജന്മദിനത്തിന്‍റെ അത്ര തന്നെ പഴക്കമുണ്ട-്. അബ്ദുല്ലയുടെ വിധവ ആമിന ഒരു ആൺ കുഞ്ഞിനെ പ്രസവിച്ചു എന്ന വാർത്ത അബൂലഹബിനെ അറിയിച്ചു. സുവൈബത്തുൽ അസ്ലമി എന്ന അടിമയെ മോചി പ്പിച്ച് കൊണ്ട് തൽസമയം തന്നെ നബി صلى الله عليه وسلم യുടെ പിതൃവ്യൻ ഇതിനു തുടക്കം കുറിച്ചു. (സുന്നത്ത് മാസിക 1985 ഡിസം. പേജ്.9)
    നബിദിനാഘോഷം അബൂലഹബ് തുടങ്ങി എന്നാണ് പുത്തനാചാരക്കാര്‍ എഴുതി വിട്ടത്. മുശ്'രികായ അബൂലഹബാണോ മുസ്ലിംകൾക്ക് ദീനിൽ മാതൃക? ചിന്തിക്കുക!! നബിദിനാഘോഷത്തിന് ശരിയായ ഒരു രേഖയുമില്ല എന്ന് ചുരുക്കം. ഇത് വ്യക്തമായ ബിദ്അത്താണ്. "മതത്തിൽ പുതുതായുണ്ട-ാക്കപ്പെടുന്നതെല്ലാം ബിദ്അത്താണ്. എല്ലാ ബിദ്അത്തും വഴികേടാണ്. എല്ലാ വഴികേടും നരകത്തിലാണ്''. (ഹദീസ്) 

    നബിദിനാഘോഷത്തിൽ നടത്തപ്പെടുന്ന ദഫ് മുട്ട്, ഘോഷയാത്ര, അന്നദാനം, ബലി, മൗലിദ് പാരായണം എന്നിവക്കൊക്കെ ഇത് ആചരിക്കുന്നവർക്ക്  എവിടെ നിന്നാണ് തെളിവ് ലഭ്യമായത്? ആരാണവർക്കതിന് അനുവാദം നൽകിയത്? ഇവർ തെളിവ് പിടിക്കുന്ന അഖീഖ, ഖദീജ رضي الله عنها മരിച്ചതിനു ശേഷം അവരുടെ കൂട്ടുകാരികൾക്ക് ഭക്ഷണം നൽകിയത്, കഅബ് رضي الله عنه വിന് പുതപ്പ് നൽകിയത് തുടങ്ങിയവയൊക്കെ നബിദിനത്തിന് തെളിവായി മുൻകാല പണ്ഡിതർ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഈ ആഘോഷം രണ്ട് പെരുന്നാളിനേക്കാളും, ലൈലത്തുൽ ഖദ്റിനേക്കാളും ഉത്തമമാണെന്നൊക്കെ എഴുതി വിടുന്നവർ എന്ത് ആധാരമാക്കിയാണ് ഈ വാദം പ്രചരിപ്പിക്കുന്നത്? ഇത് നല്ലൊരു കാര്യമായിരുന്നെങ്കിൽ നബി صلى الله عليه وسلم ക്ക് ശേഷം അബൂബക്കർ رضي الله عنه, ഉമർ رضي الله عنه, ഉസ്മാൻ رضي الله عنه, അലി رضي الله عنه എന്നിവർ ഇത് ആദ്യം തുടങ്ങുമായിരുന്നു. പക്ഷെ, ദീനിലില്ലാത്തവ അവരുടെ ജീവിതത്തിൽ വന്നില്ല. അതിനാൽ അവരെയൊക്കെ മാതൃകയായി സ്വീകരിച്ച് ഖുർആനിലേക്കും സുന്നത്തിലേക്കും മടങ്ങാൻ സമൂഹത്തിന് സമയം അതിക്രമിച്ചിരിക്കുന്നു.

മൗലിദിന്‍റെ പേരിൽ നബി صلى الله عليه وسلم യോട് പ്രാർത്ഥിക്കുകയും തൗബ തേടുകയും തുടങ്ങിയ ഇസ്ലാമിക വിരുദ്ധങ്ങളായ കാര്യങ്ങളാണ് ഇന്ന് ചെയ്ത് കൊണ്ടിരിക്കുന്നത്. മങ്കൂസ്, ശറഫുൽ അനാം, ബുർദ മൗലിദുകൾ തുടങ്ങിയവയിൽ വളരെ അപകടം നിറഞ്ഞ ശിർക്കൻ വരികൾ നിറഞ്ഞവയാണ്. ഖുർആനും സുന്നത്തും പഠിച്ച് അല്ലാഹുവിന്‍റെയും റസൂലിന്‍റെയും ഇഷ്ടം നേടിയെടുക്കുക. ചൂഷണങ്ങളെ തിരിച്ചറിയുക...


ഇനി ചിന്തിക്കൂ...

    നബി صلى الله عليه وسلم പഠിപ്പിക്കാത്ത, നാലു ഖലീഫമാർക്കോ, മറ്റു സ്വഹാബികൾക്കോ, മദ്ഹബിന്‍റെ ഇമാമുമാർക്കോ പരിചയമില്ലാത്ത ഈ നബിദിനാഘോഷം നമുക്ക് വേണോ? 
റബീഉൽ അവ്വൽ മാസത്തിൽ പ്രത്യേകമായി ഇ വരാരെങ്കിലും ഒരു സ്വലാത്തെങ്കിലും വർദ്ധിപ്പിക്കുകയോ അന്ന് പ്രതേ്യകമായി അന്നദാനം നടത്തുകയോ ചെയ്തിട്ടില്ല.. നാം നടത്തിക്കൊണ്ടിരിക്കുന്ന മൗലിദുകൾ അവർക്ക്  പരിചയം പോലുമില്ല.. അതു കൊണ്ട് ദീ നിലില്ലാത്ത ഈ പുത്തനാചാരങ്ങളെല്ലാം കൈവെടിയുക. നബി صلى الله عليه وسلم പഠിപ്പിച്ച സുന്നത്തുകൾ ജീവിതത്തിൽ പകർത്തുക. റബീഉൽ അവ്വൽ മാസത്തിൽ പ്രതേ്യകമാക്കാതെ എപ്പോഴും സ്വലാത്ത് വർദ്ധിപ്പിക്കുക.. ഒരു സ്വ ലാത്തിന് പത്ത് പ്രതിഫലമാണെന്നാണ് റസൂൽ صلى الله عليه وسلم പഠിപ്പിച്ചിട്ടുള്ളത്. സത്യം സത്യമായി മനസ്സിലാക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ...


وصلى الله وسلم على خير خلقه نبينا محمد وآله وصحبه أجمعين

والحمد لله ربّ العالمين

***********


നൗഫല്‍ മദീനി

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...