ഫോളോ ചെയ്യാം

Friday, 15 August 2025

300 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 40- دروس الحديث - കുളിക്ക് പകരം തയമ്മും ചെയ്യാമോ?

 

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

കുളിക്ക് പകരം തയമ്മും ചെയ്യാമോ?

بابُ التَّيَمُّمِ

തയമ്മും

40 - عَنْ عِمْرَانَ بْنِ حُصَيْنٍ رضي الله عنه: (أَنَّ رَسُولَ اللهِ صلى الله عليه وسلم رَأَى رَجُلاً مُعْتَزلاً ، لَمْ يُصَلِّ فِي الْقَوْمِ؟ فَقَالَ: يَا فُلانُ ، مَا مَنَعَكَ أَنْ تُصَلِّيَ فِي الْقَوْمِ؟ فَقَالَ: يَا رَسُولَ اللَّهِ أَصَابَتْنِي جَنَابَةٌ ، وَلا مَاءَ ، فَقَالَ: عَلَيْك بِالصَّعِيدِ ، فَإِنَّهُ يَكْفِيَكَ) .

ഇംറാനു ബ്നുല്‍ ഹുസ്വൈന്‍ رضي الله عنه നിവേദനം. നിശ്ചയം  ജനങ്ങളുടെ കൂടെ നമസ്കരിക്കാതെ മാറി നില്‍ക്കുന്നതായ ഒരാളെ  റസൂല്‍ صلى الله عليه وسلم കണ്ടു. അപ്പോള്‍ റസൂല്‍ صلى الله عليه وسلم ചോദിച്ചു: ഏ മനുഷ്യാ... ജനങ്ങളോടൊപ്പം നമസ്കരിക്കുന്നതില്‍ നിന്ന് നിന്നെ തടഞ്ഞതെന്താണ്? അപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ... എനിക്ക് ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചു, (എന്‍റെ അടുത്ത്) വെള്ളം ഇല്ലായിരുന്നു. അപ്പോള്‍ റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിനക്ക് ഈ ശുദ്ധമായ മണ്ണ് (പ്രതലം) സ്വീകരിക്കാം, നിശ്ചയം അത് നിനക്ക് മതിയായതാണ്. 

വാക്കര്‍ത്ഥം

التيممُ لغةً: القصدُ

തയമ്മും എന്നതിന്‍റെ ഭാഷാര്‍ത്ഥം ഉദ്ദേശം എന്നാണ്. 

التيممُ شَرْعاً: هو القصدُ إلى الصعيدِ لمسحِ الوجهِ واليدينِ بِنِيَّةِ استباحةِ الصلاةِ وغيرِها

മതപരമായി തയമ്മും എന്നതിന്‍റെ അര്‍ത്ഥം: നമസ്കാരവും മറ്റും അനുവദനീയമാകാന്‍  മുഖവും രണ്ട് കൈപടങ്ങളും തടവാന്‍ വേണ്ടി ശുദ്ധമായ ഒരു പ്രതലത്തില്‍ അടിക്കലാണ് അത്. 

الصعيدُ: الترابُ.

الصعيدُ എന്നാല്‍ മണ്ണ് എന്നാണ് അര്‍ത്ഥം. 

يَكفيكَ: يُجزِئُكَ 

يَكفيكَ എന്നാല്‍ നിനക്ക് മതിയായതാണ് എന്നാണര്‍ത്ഥം.


വിവരണം

    ഒരിക്കല്‍ സ്വഹാബിമാരില്‍ ചിലര്‍  നബി صلى الله عليه وسلم യോടൊപ്പം ഒരു യാത്രയില്‍ ആയിരുന്നു. അവർ രാത്രി മുഴുവൻ യാത്ര ചെയ്തു. പുലർച്ചെയാകാനായപ്പോള്‍ അവര്‍ വിശ്രമിക്കാനായി ഇറങ്ങി. അവരെ ഉറക്കം പിടികൂടി, സൂര്യന്‍ ഉയരുന്നതുവരെ അവർ ഉറങ്ങിക്കിടന്നു. ഏറ്റവും ആദ്യം ഉണർന്നത് അബൂബകര്‍ رضي الله عنه ആയിരുന്നു. നബി صلى الله عليه وسلم സ്വയം ഉണരുന്നത് വരെ ആരും അവരെ ഉണര്‍ത്താറില്ലായിരുന്നു. പിന്നെ ഉമര്‍ رضي الله عنه ഉണര്‍ന്നു. അബൂബകര്‍ رضي الله عنه നബിصلى الله عليه وسلم  യുടെ തലയുടെ അടുത്ത് ഇരുന്നു ഉറക്കെ തക്ബീര്‍ ചൊല്ലി. അങ്ങനെ നബി صلى الله عليه وسلم ഉണര്‍ന്നു. പിന്നെ ഇറങ്ങി അവര്‍ ഒന്നിച്ച് ഫജ്ര്‍ നമസ്കാരം നിര്‍വഹിച്ചു. പക്ഷേ, ഒരാള്‍ അവരോടൊപ്പം നമസ്കാരം നിര്‍വ്വഹിക്കാതെ മാറി നില്‍ക്കുന്നത് നബി صلى الله عليه وسلم കണ്ടു. നബി صلى الله عليه وسلم അദ്ദേഹത്തോട് ചോദിച്ചു: "ഏ മനുഷ്യാ, എന്തുകൊണ്ട് നീ ജനങ്ങളോടൊപ്പം നമസ്കരിച്ചില്ല?" അദ്ദേഹം പറഞ്ഞു: "എനിക്ക് ജനാബത്ത് ആയിരുന്നു. അദ്ദേഹത്തിന്‍റെ അടുക്കല്‍ വെള്ളമില്ലാത്തതിനാല്‍ കുളിക്കാന്‍ സാധിച്ചില്ല എന്നതാണ് മാറി നില്‍ക്കാന്‍ കാരണം. ഇത്തരം അവസരത്തില്‍ എന്ത് ചെയ്യണം എന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. അപ്പോള്‍ റസൂല്‍ صلى الله عليه وسلم അദ്ദേഹത്തിനോട് തയമ്മും ചെയ്യാന്‍ നിര്‍ദേശിക്കുകയുണ്ടായി. കുളിക്കും വുദൂഇനും പകരമായി തയമ്മും ചെയ്‌താല്‍ മതിയാവുമെന്ന് റസൂല്‍ صلى الله عليه وسلم അദ്ദേഹത്തെ പഠിപ്പിച്ചു. അങ്ങനെ അദ്ദേഹം നമസ്കരിക്കുകയും ചെയ്തു. 

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- നബി صلى الله عليه وسلم യുടെ നല്ല പെരുമാറ്റം ഈ ഹദീസില്‍ നിന്ന് വ്യക്തമാകുന്നു. നമസ്കരിക്കാതെ മാറി നിന്ന ആളെ ആക്ഷേപിക്കുന്നതിന് പകരം അതിനുള്ള കാരണം എന്താണെന്ന് റസൂല്‍ صلى الله عليه وسلم ചോദിക്കുകയാണ് ഉണ്ടായത്. 

2- എല്ലാവരും നമസ്കരിക്കുമ്പോള്‍ കാരണമില്ലാതെ ആരെങ്കിലും മാറി നില്‍ക്കുന്നു എങ്കില്‍ അത് ആക്ഷേപാര്‍ഹാമായ കാര്യമാണ്. 

3- ഒരാള്‍ക്ക് മനസ്സിലാകുന്ന വിധം കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കല്‍ അത്യാവശ്യമാണ്. കാര്യം മനസ്സിലായാല്‍ പിന്നെ കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യമില്ല. 

4- വെള്ളമില്ലാത്ത അവസ്ഥയിലോ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലോ തയമ്മും കുളിക്ക് പകരമാകും.

5- തയമ്മും നിയമമാകുന്ന അവസ്ഥ രണ്ടെണ്ണമാണ്: 1- വെള്ളം ഇല്ലാത്ത അവസ്ഥ, 2- വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥ. 

6- ഇസ്‌ലാമിക മത നിയമങ്ങള്‍ എളുപ്പമുള്ളതാണ്. വെള്ളം ഇല്ലാത്ത സാഹചര്യത്തില്‍ ശുദ്ധീകരണത്തിനും നമസ്കാരം പോലെയുള്ള ആരാധനകള്‍ നിര്‍വഹിക്കാനും തയമ്മും അനുവദിച്ചത് ഇതില്‍ പെട്ടതാണ്.

7- നബി صلى الله عليه وسلم സ്വഹാബിമാരുടെ കാര്യങ്ങള്‍ കൃത്യമായി ശ്രദ്ധിക്കുകയും അവരെ പരിഗണിക്കുകയും അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.  




No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...