നബിദിനാഘോഷത്തിന്
തെളിവ് എവിടെ?!
നൗഫല്‍ മദീനി
بِسْمِ اللّهِ الرَّحْمـَنِ الرَّحِيم
സഹോദരാ... السلام عليكم
ഇതൊരു നസ്വീഹത്ത് മാത്രമാണ്,സത്യാന്വേഷിക്ക് ചിന്തിക്കാനും മനസ്സിലാക്കാനുമുള്ള ഒരു ലഘുകുറിപ്പ്.
മാന്യ സഹോദരാ...
നബി صلى الله عليه وسلم യുടെ ഒരു വാക്ക് ശ്രദ്ധിക്കുക: "നിങ്ങൾ നിങ്ങൾക്ക് മുമ്പുള്ളവരുടെ (വേദക്കാരുടെ) ചര്യകൾ ചാണിന് ചാണായും മുഴത്തിനു മുഴമായും പിന്തുടരുക തന്നെ ചെയ്യും. അവർ ഒരു ഉടുമ്പിന്‍റെ മാളത്തിൽ കയറുന്നുവെങ്കിൽ വരെ, നിങ്ങളവരെ പിന്തുടരുക തന്നെ ചെയ്യും''
പ്രിയപ്പെട്ടവരെ,
മതത്തിന്‍റെ പേരിൽ മുസ്ലിം ഭൂരിപക്ഷം ഇന്ന് നടത്തുന്ന അനാചാരങ്ങളിൽ നല്ലൊരു ശതമാനവും ഇതര മതങ്ങളെ മാതൃകയാക്കിക്കൊണ്ടാണ് എന്ന് വിശദീകരിക്കേണ്ടതില്ലല്ലോ.. എന്നാൽ നാം മാതൃകയാക്കേണ്ടത് നമ്മുടെ ശരീരത്തേക്കാളും പിതാവിനേക്കാളും സന്താനങ്ങളേക്കാളും മുഴുവൻ ജനങ്ങളേക്കാളും ഏറ്റവും അധികം സ്നേഹിക്കേണ്ട മുഹമ്മദ് റസൂൽ صلى الله عليه وسلم യെ ആണ്. ഖുർആൻ പറയുന്നു: "തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്‍റെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട്.''
സ്വർഗ്ഗത്തിലേക്ക് അടുപ്പിക്കുന്നതും നരകത്തിൽ നിന്നും അകറ്റുന്നതുമായ മുഴുവൻ കാര്യങ്ങളും പഠിപ്പിച്ച് ദീൻ പൂർത്തിയാക്കി എന്ന് പ്രഖ്യാപിച്ചതിന് ശേഷമാണല്ലോ നബി صلى الله عليه وسلم ഈ ലോകത്ത് നിന്ന് വിട വാങ്ങിയത്. പിന്നെന്തിന് നാം ബിദ്അത്തുകൾ ഉണ്ടാക്കണം? ഇമാം മാലിക് رحمه الله പറയുന്നത് കാണുക: "ആരെങ്കിലും മതത്തിൽ പുതുതായി ഒരു കാര്യം ഉണ്ടാക്കുകയും അത് നല്ലതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്താൽ അവൻ മുഹമ്മദ് നബി صلى الله عليه وسلم ദൗത്യ നിർവ്വഹണത്തിൽ വഞ്ചന കാണിച്ചു എന്ന് വാദിക്കുന്നവനാണ്, കാരണം അല്ലാഹു പറയുന്നു: "നിങ്ങൾക്ക് ഇന്നേ ദിവസം ഞാൻ നിങ്ങളുടെ ദീൻ പൂർത്തിയാക്കിത്തരികയും എന്‍റെ അനുഗ്രഹം നിങ്ങളുടെ മേൽ പൂർണ്ണമാക്കിത്തരികയും നിങ്ങൾക്ക് ഇസ്ലാമിനെ മതമായി തൃപ്തിപ്പെട്ട് തരികയും ചെയ്തിരിക്കുന്നു'' (വി.ഖു:സൂറ:മാഇദ/3) അന്ന് ദീനല്ലാത്തത് എന്തൊക്കെയാണോ അത് ഇന്നും ദീനിലില്ലാത്തതാണ്. (അൽ-ഇഅ്തിസ്വാം)
റബീഉൽ അവ്വൽ മാസത്തിൽ കെങ്കേമമായി ആ ഘോഷിക്കുന്ന നബിദിനത്തിന് തെളിവ് എവിടെ?
ഒരു നിലക്കും പ്രമാണങ്ങൾ കൊണ്ട് സ്ഥാപിക്കാൻ കഴിയാത്തതും മാതൃകായോഗ്യരായ ആരിൽ നിന്നും ഉദ്ദരിക്കപ്പെടാത്തതുമായ ഒരു അനാചാരമാണ് നബിദിനാഘോഷം. അവരാരും ഇങ്ങിനെ ഒരു ആഘോഷം അറിയുന്നവരോ ആചരിച്ചവരോ അല്ല.
ചില ഉദ്ധരണികൾ കാണുക:
- ഇബ്നുഹജർ ഹൈതമി رحمه الله യോട് നബിദിനത്തെ കുറിച്ച് ചോദിക്കപ്പെട്ടു, അപ്പോൾ അദ്ദേഹം വിശദീകരിച്ചു: "മൗലിദിന്‍റെ അടിത്തറ തന്നെ ബിദ്അത്താണ്. ആദ്യ മൂന്ന് നൂറ്റാണ്ട് വരെയുള്ള നല്ലവരായ മുൻഗാമികളിൽ നിന്ന് അത് ഉദ്ധരിക്കപ്പെടുന്നില്ല'. (അൽ-ഹാവീ, സുയൂത്വി)
- ഈ മൗലിദിന് ഖുർആനിലോ സുന്നത്തിലോ അടിസ്ഥാന രേഖയുള്ളതായി എനിക്കറിയില്ല. മതത്തിൽ മാതൃകയാക്കാവുന്ന സമുദായത്തിലെ പൂർവ്വീക മാർഗ്ഗം അവലംബിക്കുന്ന ഉലമാക്കളിൽ ആരിൽ നിന്നും ഇത് ഉദ്ധരിക്കപ്പെടുന്നില്ല. (അൽ-ഹാവീ)
- അടിസ്ഥാനപരമായി മൗലിദ് ബിദ്അത്താണ്, ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ മഹത്തുക്കളായ മുസ്ലിംകളിൽ നിന്ന് കൈമാറി വന്ന ആചാരമല്ല അത്. (സുന്നി വോയ്സ്,2000 ജൂലൈ-16, പേജ്.26)
- നബി صلى الله عليه وسلم യുടെ കാലത്ത് ഏതെങ്കിലും പ്രവാചകന്‍റെയോ പുണ്യപുരുഷന്‍റെയോ ജന്മദിനം കൊണ്ടാടുന്ന സമ്പ്രദായം നിലവിലില്ല. അതു കൊണ്ടു തന്നെ അതിനെുറിച്ച് തിരുമേനി صلى الله عليه وسلم വ്യക്തമായി ഒന്നും നിർദ്ദേശിച്ചിട്ടുമില്ല. (അൽ-മുഅല്ലിം മാസിക, 2006 ഏപ്രിൽ.പേജ്.7)
- മൗലിദ് കഴിക്കൽ മുമ്പ് പതിവില്ലാത്തതാ…
എന്നും സഖാവി പറഞ്ഞതായ് കാണുന്നതാ,
അത് ഹലബി ഒന്നാം വാള്യമിൽ നോക്കേ-ണ്ടതാ… (അൽ മവാഹി ബുൽ ജലിയ്യ)
- അടിസ്ഥാനരഹിതമായി പലതും കെട്ടിച്ചമച്ചുണ്ടാക്കുന്ന (ചില) ആളുകളുടെ നിർമ്മിതവും ഏതോ തീറ്റക്കൊതിയന്മാരുടെ ഇഛക്കൊത്ത് കെട്ടിയുണ്ടാക്കിയ ബിദ്അത്തുമാകുന്നു ഇത്. (അൽ-ഹാവി 1:91)
- വർഷം തോറും നബി صلى الله عليه وسلم യുടെ മൗലിദിനോടനുബന്ധിച്ച് നടന്നു വരുന്ന ദാനധർമ്മങ്ങളും സൽകർമ്മങ്ങളും സന്തോഷ പ്രകടനങ്ങളും അലങ്കാരങ്ങളുമെല്ലാം നമ്മുടെ കാലത്തുണ്ടായ ഏറ്റവും നല്ല പുത്തനാചാരങ്ങളാണ്. (അൽ-ബാഇസ് വൽ ഹ വാദിസ്)
- ജനങ്ങളെ സംഘടിപ്പിച്ച് റസൂലിന്‍റെ മദ്ഹുകൾ പറഞ്ഞും അന്ന പാനീയങ്ങൾ വിതരണം ചെയ്തു കൊണ്ടുമുള്ള മൗലിദാഘോഷം മൂന്നാം നൂറ്റാണ്ടിനു ശേഷം അർബലയിലെ അബൂ സഈദെന്ന പേരിലറിയപ്പെടുന്ന മുളഫർ രാജാവാണ് തുടങ്ങി വെച്ചത്. (മൗലിദും മീലാദാഘോഷവും, പേജ്.13 ഹസൻ ബാഖവി മട്ടന്നൂർ)
- ബഹു. സഖാവി അവർകൾ പറയുന്നു: "മൂന്നാം നൂറ്റാണ്ട് മുതൽ ആരംഭിച്ചിട്ടുണ്ട-് മൗലിദ് കൊണ്ടാടൽ'' (സുന്നി 2/51 മമ്പീതി മുഹമ്മദ് കുട്ടി മുസ്ലിയാർ)
- "....അന്നദാനാതി കർമ്മങ്ങൾ നടത്തുക ഇതെല്ലാം ഒത്തു ചേർന്നു കൊണ്ടുള്ള മൗലിദ് കഴിക്കൽ തി രുമേനി صلى الله عليه وسلم യുടെ കാലത്ത് പതിവില്ലാത്ത ഒരു കർമ്മം തന്നെയാണ്. (റബീഅ് നബിദിന സപ്ലിമെന്‍റ്. പേജ്.10)
- ഇന്ന് നാം നടത്തി വരുന്ന അതേ രീതിയിൽ നബിദിന പരിപാടികൾ പ്രവാചകൻ صلى الله عليه وسلم നടത്തിയിട്ടില്ലെന്നത് ശരിയാണ്. (അബ്ദുൽ ഹമീദ് ഫൈസി അമ്പ ലക്കടവ്. ചന്ദ്രിക-2004 മെയ് 12 പേജ് 4)
- ഈ പ്രത്യേക രീതിയിലുള്ള മൗലിദ് പരിപാടി ആ ദ്യമായി നടപ്പിൽ വരുത്തിയത് ഹിജ്റ 7-ാം നൂറ്റാ ണ്ടിൽ ഇർബുൽ ഭരിച്ചിരുന്ന മുളഫിറുദ്ദീൻ എന്ന രാജാവാണ്. (മുസ്തഫൽ ഫൈസി. മൗലിദ് ആ ഘോഷം പേജ്.36)
- ആധുനിക രീതിയിൽ ഇന്ന് നടത്തപ്പെടുന്ന ആ ഘോഷ പരിപാടികളുടെ സ്ഥാപകൻ ആരായിരു ന്നു? നമ്മുടെ കഥാ പുരുഷനായ മുളഫർ രാജാവ്. (രിസാല മാസിക. 1988 നവംബർ. പേജ്.11)
മറ്റൊരു തുടക്കം കാണുക!!..
- നബിദിനാഘോഷത്തിന് നബി صلى الله عليه وسلم യുടെ ജന്മദിനത്തിന്‍റെ അത്ര തന്നെ പഴക്കമുണ്ട-്. അബ്ദുല്ലയുടെ വിധവ ആമിന ഒരു ആൺ കുഞ്ഞിനെ പ്രസവിച്ചു എന്ന വാർത്ത അബൂലഹബിനെ അറിയിച്ചു. സുവൈബത്തുൽ അസ്ലമി എന്ന അടിമയെ മോചി പ്പിച്ച് കൊണ്ട് തൽസമയം തന്നെ നബി صلى الله عليه وسلم യുടെ പിതൃവ്യൻ ഇതിനു തുടക്കം കുറിച്ചു. (സുന്നത്ത് മാസിക 1985 ഡിസം. പേജ്.9)
നബിദിനാഘോഷം അബൂലഹബ് തുടങ്ങി എന്നാണ് പുത്തനാചാരക്കാര്‍ എഴുതി വിട്ടത്. മുശ്'രികായ അബൂലഹബാണോ മുസ്ലിംകൾക്ക് ദീനിൽ മാതൃക? ചിന്തിക്കുക!! നബിദിനാഘോഷത്തിന് ശരിയായ ഒരു രേഖയുമില്ല എന്ന് ചുരുക്കം. ഇത് വ്യക്തമായ ബിദ്അത്താണ്. "മതത്തിൽ പുതുതായുണ്ട-ാക്കപ്പെടുന്നതെല്ലാം ബിദ്അത്താണ്. എല്ലാ ബിദ്അത്തും വഴികേടാണ്. എല്ലാ വഴികേടും നരകത്തിലാണ്''. (ഹദീസ്)
നബിദിനാഘോഷത്തിൽ നടത്തപ്പെടുന്ന ദഫ് മുട്ട്, ഘോഷയാത്ര, അന്നദാനം, ബലി, മൗലിദ് പാരായണം എന്നിവക്കൊക്കെ ഇത് ആചരിക്കുന്നവർക്ക് എവിടെ നിന്നാണ് തെളിവ് ലഭ്യമായത്? ആരാണവർക്കതിന് അനുവാദം നൽകിയത്? ഇവർ തെളിവ് പിടിക്കുന്ന അഖീഖ, ഖദീജ رضي الله عنها മരിച്ചതിനു ശേഷം അവരുടെ കൂട്ടുകാരികൾക്ക് ഭക്ഷണം നൽകിയത്, കഅബ് رضي الله عنه വിന് പുതപ്പ് നൽകിയത് തുടങ്ങിയവയൊക്കെ നബിദിനത്തിന് തെളിവായി മുൻകാല പണ്ഡിതർ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഈ ആഘോഷം രണ്ട് പെരുന്നാളിനേക്കാളും, ലൈലത്തുൽ ഖദ്റിനേക്കാളും ഉത്തമമാണെന്നൊക്കെ എഴുതി വിടുന്നവർ എന്ത് ആധാരമാക്കിയാണ് ഈ വാദം പ്രചരിപ്പിക്കുന്നത്? ഇത് നല്ലൊരു കാര്യമായിരുന്നെങ്കിൽ നബി صلى الله عليه وسلم ക്ക് ശേഷം അബൂബക്കർ رضي الله عنه, ഉമർ رضي الله عنه, ഉസ്മാൻ رضي الله عنه, അലി رضي الله عنه എന്നിവർ ഇത് ആദ്യം തുടങ്ങുമായിരുന്നു. പക്ഷെ, ദീനിലില്ലാത്തവ അവരുടെ ജീവിതത്തിൽ വന്നില്ല. അതിനാൽ അവരെയൊക്കെ മാതൃകയായി സ്വീകരിച്ച് ഖുർആനിലേക്കും സുന്നത്തിലേക്കും മടങ്ങാൻ സമൂഹത്തിന് സമയം അതിക്രമിച്ചിരിക്കുന്നു.
മൗലിദിന്‍റെ പേരിൽ നബി صلى الله عليه وسلم യോട് പ്രാർത്ഥിക്കുകയും തൗബ തേടുകയും തുടങ്ങിയ ഇസ്ലാമിക വിരുദ്ധങ്ങളായ കാര്യങ്ങളാണ് ഇന്ന് ചെയ്ത് കൊണ്ടിരിക്കുന്നത്. മങ്കൂസ്, ശറഫുൽ അനാം, ബുർദ മൗലിദുകൾ തുടങ്ങിയവയിൽ വളരെ അപകടം നിറഞ്ഞ ശിർക്കൻ വരികൾ നിറഞ്ഞവയാണ്. ഖുർആനും സുന്നത്തും പഠിച്ച് അല്ലാഹുവിന്‍റെയും റസൂലിന്‍റെയും ഇഷ്ടം നേടിയെടുക്കുക. ചൂഷണങ്ങളെ തിരിച്ചറിയുക...
ഇനി ചിന്തിക്കൂ...
നബി صلى الله عليه وسلم പഠിപ്പിക്കാത്ത, നാലു ഖലീഫമാർക്കോ, മറ്റു സ്വഹാബികൾക്കോ, മദ്ഹബിന്‍റെ ഇമാമുമാർക്കോ പരിചയമില്ലാത്ത ഈ നബിദിനാഘോഷം നമുക്ക് വേണോ?
റബീഉൽ അവ്വൽ മാസത്തിൽ പ്രത്യേകമായി ഇ വരാരെങ്കിലും ഒരു സ്വലാത്തെങ്കിലും വർദ്ധിപ്പിക്കുകയോ അന്ന് പ്രതേ്യകമായി അന്നദാനം നടത്തുകയോ ചെയ്തിട്ടില്ല.. നാം നടത്തിക്കൊണ്ടിരിക്കുന്ന മൗലിദുകൾ അവർക്ക് പരിചയം പോലുമില്ല.. അതു കൊണ്ട് ദീ നിലില്ലാത്ത ഈ പുത്തനാചാരങ്ങളെല്ലാം കൈവെടിയുക. നബി صلى الله عليه وسلم പഠിപ്പിച്ച സുന്നത്തുകൾ ജീവിതത്തിൽ പകർത്തുക. റബീഉൽ അവ്വൽ മാസത്തിൽ പ്രതേ്യകമാക്കാതെ എപ്പോഴും സ്വലാത്ത് വർദ്ധിപ്പിക്കുക.. ഒരു സ്വ ലാത്തിന് പത്ത് പ്രതിഫലമാണെന്നാണ് റസൂൽ صلى الله عليه وسلم പഠിപ്പിച്ചിട്ടുള്ളത്. സത്യം സത്യമായി മനസ്സിലാക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ...
وصلى الله وسلم على خير خلقه نبينا محمد وآله وصحبه أجمعين
والحمد لله ربّ العالمين
***********
നൗഫല്‍ മദീനി

No comments:
Post a Comment