عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
രക്തസ്രാവം രോഗമാണ്
44 - عَنْ عَائِشَةَ رضي الله عنها ((أَنَّ
أُمَّ حَبِيبَةَ اُسْتُحِيضَتْ سَبْعَ سِنِينَ ، فَسَأَلَتْ رَسُولَ اللَّهِ - صلى
الله عليه وسلم - عَنْ ذَلِكَ، فَأَمَرَهَا أَنْ تَغْتَسِلَ ، قَالَتْ: فَكَانَتْ
تَغْتَسِلُ لِكُلِّ صَلاةٍ)) .
ആഇശ رضي الله عنها പറഞ്ഞു: നിശ്ചയം ഉമ്മു ഹബീബ رضي الله عنها ക്ക് ഏഴ് വര്‍ഷം രക്ത സ്രാവമുണ്ടായി. അപ്പോള്‍ അവര്‍ അതിനെ കുറിച്ച് റസൂല്‍ صلى الله عليه وسلم യോട് ചോദിച്ചു. അപ്പോള്‍ റസൂല്‍ صلى الله عليه وسلم അവരോട് കുളിക്കാന്‍ കല്‍പിച്ചു. അങ്ങനെ അവര്‍ ഓരോ നമസ്കാരത്തിനും കുളിക്കുമായിരുന്നു.
വിവരണം
സ്വഹാബീ വനിതകളിൽ പെട്ട ഒരു മഹതി (ഉമ്മു ഹബീബ ബിന്‍ത് ജഹ്ശ്, അബ്ദുറഹ്മാന്‍ ബ്നു ഔഫിന്‍റെ ഭാര്യ) തനിക്ക് ബാധിച്ച നിലക്കാത്ത രക്തസ്രാവത്തെകുറിച്ച് നബി صلى الله عليه وسلم യോട് ആവലാതി പറഞ്ഞു. രക്തസ്രാവം എന്ന ഈ പ്രശ്നം ആരംഭിക്കുന്നതിന് മുൻപ് ആർത്തവം ഉണ്ടായാൽ എത്ര ദിവസമായിരുന്നോ അവർ ആര്‍ത്തവം മുഖേന നമസ്കാരം ഉപേക്ഷിക്കാറുണ്ടായിരുന്നത്, അത്രയും ദിവസം നമസ്കാരം ഒഴിവാക്കാനും, ശേഷം കുളിക്കുകയും നിസ്കാരം ആരംഭിക്കുകയും ചെയ്യാനും അവിടുന്ന് അവരോട് കൽപ്പിച്ചു. (ആർത്തവമുറയുടെ കാലം കഴിഞ്ഞ് നമസ്കാരം ആരംഭിക്കുമ്പോൾ ഒരു തവണ കുളിക്കാനാണ് നബി صلى الله عليه وسلم കൽപ്പിച്ചത് എങ്കിലും) അവർ ഓരോ നിസ്കാരത്തിന് വേണ്ടിയും -ഐഛികമെന്നോണം- കുളിക്കാറുണ്ടായിരുന്നു. ഇമാം ശാഫിഈ رحمه الله യെ പോലെയുള്ളവര്‍ ഈ കാര്യം വിശദീകരിച്ചിട്ടുണ്ട്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- ഇസ്തിഹാദ്വ (രക്തസ്രാവം) എന്നാൽ: ആർത്തവമുറയുടെ കാലത്തിന് ശേഷവും രക്തം വന്നുകൊണ്ടിരിക്കുന്നത് തുടരുന്ന അവസ്ഥയാണ്.
2- രക്തസ്രാവം ഉണ്ടാകുന്ന സ്ത്രീകൾ അവർക്ക് രക്തസ്രാവം എന്ന അവസ്ഥ ആരംഭിക്കുന്നതിന് മുൻപ് ആർത്തവം വരാറുണ്ടായിരുന്ന ദിവസങ്ങൾ കണക്കാക്കുകയും, അത്രയും ദിവസങ്ങൾ സ്വയം ആർത്തവകാരിയായി കണക്കാക്കുകയും ആ കാലയളവില്‍ നമസ്കാരം ഉപേക്ഷിക്കുകയും വേണം വേണം.
3- അവളുടെ മാസമുറയുടെ ദിവസങ്ങൾ അവസാനിച്ചാൽ പിന്നീട് അവൾ സ്വയം ശുദ്ധിയായതായി കണക്കാക്കുകയും, -രക്തസ്രാവം തുടരുന്നുണ്ട് എങ്കിലും- കുളിച്ച് ശുദ്ധിയാവുകയും ചെയ്യണം.
4- രക്തസ്രാവമുള്ള സ്ത്രീ 'മുസ്തഹാദ്വ' ഓരോ നിസ്കാരത്തിനും കുളിക്കുക എന്നത് നിർബന്ധമില്ല. ഹദീഥിൽ വന്നതു പോലെ, സ്വഹാബിവനിത ഓരോ നിസ്കാരത്തിനും വേണ്ടി കുളിച്ചത് അവരുടെ സ്വന്തം തിരഞ്ഞെടുപ്പ് പ്രകാരമായിരുന്നു. അത് നിർബന്ധമായിരുന്നു എങ്കിൽ നബി صلى الله عليه وسلم തൻ്റെ വാക്കാൽ തന്നെ അക്കാര്യം നിർബന്ധമാണെന്ന് പറയുമായിരുന്നു.
5- രക്തസ്രാവം ഉള്ള സ്ത്രീകൾ ഓരോ നമസ്കാരത്തിന് മുമ്പും രക്തം കഴുകിക്കളയുകയും വുദൂഅ് ചെയ്യുകയും വേണം ചെയ്യണം. കാരണം അവരുടെ വുദൂഅ് നഷ്ടപ്പെടുത്തുന്ന കാര്യം തുടർച്ചയായി സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്.
6- വുദൂഅ് മുറിക്കുന്ന കാര്യം മറ്റേതെങ്കിലും രൂപത്തിൽ തുടർച്ചയായി സംഭവിക്കുന്നുണ്ട് എങ്കിലും ഇതേ വിധി ബാധകമാണ്. മൂത്രവാർച്ചയോ തുടർച്ചയായി കീഴ്വായു പുറപ്പെടുകയോ ചെയ്യുന്ന അവസ്ഥ ഇതിന് ഉദാഹരണമാണ്.
7- മതവിധികളുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉണ്ടായാൽ അവയെ കുറിച്ച് പണ്ഡിതന്മാരോട് ചോദിച്ചറിയണം. നബി صلى الله عليه وسلم യോട് ഈ സ്വഹാബീ വനിത തൻ്റെ സംശയം ചോദിച്ചറിഞ്ഞത് അതിനുള്ള മാതൃകയാണ്.
No comments:
Post a Comment