ഫോളോ ചെയ്യാം

Friday, 1 August 2025

286 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 26- دروس الحديث - തോന്നലുകള്‍ കൊണ്ട് ആരാധനകള്‍ അസാധുവാകുകയില്ല

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ) 


 തോന്നലുകള്‍ കൊണ്ട് ആരാധനകള്‍ അസാധുവാകുകയില്ല

26 - عَنْ عَبَّادِ بْنِ تَمِيمٍ عَنْ عَبْدِ اللَّهِ بْنِ زَيْدٍ بْنِ عَاصِمٍ الْمَازِنِيِّ - رضي الله عنه - قَالَ: ((شُكِيَ إلَى النَّبِيِّ - صلى الله عليه وسلم - الرَّجُلُ يُخَيَّلُ إلَيْهِ أَنَّهُ يَجِدُ الشَّيْءَ فِي الصَّلاةِ، فَقَالَ: لا يَنْصَرِفُ حَتَّى يَسْمَعَ صَوْتاً، أَوْ يَجِدَ رِيحاً)) .

അബ്ബാദ്ബ്നു തമീം അബ്ദുല്ലാഹി ബ്നു സൈദ്‌ ബ്നു ആസ്വിം അല്‍മാസിനി رضي الله عنه വില്‍ നിന്ന് നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹ് رضي الله عنه പറഞ്ഞു: ഒരാളെ കുറിച്ച് നബി صلى الله عليه وسلم യുടെ അടുക്കല്‍ പരാതി പറയപ്പെട്ടു, അയാള്‍ക്ക് നമസ്കാരത്തില്‍ (വുദൂഅ' പോയതായി) എന്തെങ്കിലും സംഭവിച്ചതായി തോന്നപ്പെടുന്നു. അപ്പോള്‍ റസൂല്‍ صلى الله عليه وسلم പറഞ്ഞു: അയാള്‍ ശബ്ദം കേള്‍ക്കുകയോ മണം അനുഭവപ്പെടുകയോ ചെയ്യുന്നത് വരെ നമസ്കാരത്തില്‍ നിന്ന് പിന്തിരിയെണ്ടതില്ല.


വിവരണം

    ഈ ഹദീസ് വളരെ പ്രധാനപ്പെട്ടതാണ്. വിവിധ മതനിയമങ്ങള്‍ അറിയിക്കുന്ന അടിസ്ഥാന കാര്യങ്ങളാണ് ഈ ഹദീസില്‍ ഉള്ളത്. സംശയങ്ങളും തോന്നലുകളും കൊണ്ട് മാത്രം ഒരു വ്യക്തമായ മതനിയമത്തെ അസാധുവാക്കുകയില്ല. സംശയം ദുരീകരിക്കുന്ന തരത്തിലുള്ള ഉറപ്പ് അതിന് അത്യന്താപേക്ഷിതമാണ്. ഒരു മനുഷ്യന്‍ ശുദ്ധിയിലും വുദൂഉള്ള അവസ്ഥയിലും ആയിരിക്കുകയും പിന്നെ വുദൂഅ' പോയോ എന്ന് സംശയിക്കുകയും ചെയ്‌താല്‍ വുദൂഅ' മുറിയാന്‍ കാരണമായ ശബ്ദമോ, വാസനയോ ഉണ്ടാവുന്നത് വരെ അവന്‍ ശുദ്ധിയില്‍ തന്നെയായിരിക്കും. കീഴ്വായു മൂലം ശബ്ദമോ വാസനയോ പ്രകടമായാല്‍ അവന്‍ അശുദ്ധിയുള്ളവനാകും. വെറും സംശയം മാത്രമാണെങ്കില്‍ അവന്‍ ശുദ്ധിയില്‍ തന്നെയായിരിക്കും എന്നാണ് ഹദീസ് അറിയിക്കുന്നത്. സംശയത്തെ ബാലവത്താക്കുന്ന അടയാളങ്ങള്‍ ഉണ്ടാകുമ്പോഴാണ് അശുദ്ധി ഉറപ്പിക്കുന്നത്. 

ഇത് പോലെ തന്നെയാണ് മതത്തിന്‍റെ ബാക്കി വിഷയങ്ങളും. ഉദാഹരണത്തിന് ഒരാള്‍ മഗ്രിബ് നമസ്കരിച്ചപ്പോള്‍ അയാള്‍ക്ക് അത് നാല് റക്അത്ത് ആയോ എന്ന് സംശയമുണ്ടായി. ഇവിടെ അവന്‍ അവന്‍റെ മനസ്സില്‍ ഉറപ്പുള്ളത് എടുക്കണം എന്നാണ് മതനിയമം. സംശയം കൊണ്ട് മാത്രം നമസ്കാരത്തില്‍ മാറ്റം വരുത്തരുത്. സംശയത്തെ ബലപ്പെടുത്തുന്ന കാര്യങ്ങള്‍ ഉണ്ടാകുമ്പോഴാണ് ആ സംശയത്തിന് സാധുതയുള്ളൂ...


ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍


1- ഒരു കാര്യത്തിന്‍റെ ആദ്യസ്ഥിതിയാണ് അടിസ്ഥാനമായി കണക്കാക്കേണ്ടത്. 
2- കേവലം സംശയം കൊണ്ട് മാത്രം നമസ്കാരമോ വുദൂഓ അസാധുവാകുകയില്ല.
3- വ്യക്തമായ കാരണമില്ലാതെ നമസ്കാരത്തില്‍ നിന്ന് പിന്തിരിയല്‍ നിഷിദ്ധമാണ്.
4- മലദ്വാരത്തിലൂടെ ശബ്ദത്തോടെയോ അല്ലാതെയോ പുറത്ത് വരുന്നവ കൊണ്ട് വുദൂഅ' നഷ്ടപ്പെടും.
5- ശബ്ദമോ വാസനയോ കൊണ്ട് കീഴ്വായു ഉണ്ടായി എന്ന് ഉറപ്പിക്കാവുന്നതാണ്. 
6- നമസ്കാരത്തില്‍ വസ്'വാസ് ഉണ്ടാക്കുന്നതിനെ ഈ ഹദീസ് ഖണ്ഡിക്കുന്നു.
7- വസ്'വാസ് ആണ് ഒരു അടിമയുടെ വുദൂഉം, നമസ്കാരവും, ആരാധനാകാര്യങ്ങളും കുഴപ്പത്തിലാക്കാന്‍ പിശാച് ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ ആയുധം.
 

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...