عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
അഞ്ചു നേരത്തെ
നമസ്കാര സമയങ്ങള്‍
53 - عَنْ أَبِي الْمِنْهَالِ سَيَّارِ بْنِ
سَلامَةَ قَالَ: (دَخَلْتُ أَنَا وَأَبِي عَلَى أَبِي بَرْزَةَ الأَسْلَمِيِّ ،
فَقَالَ لَهُ أَبِي: كَيْفَ كَانَ النَّبِيُّ صلى الله عليه وسلم يُصَلِّي
الْمَكْتُوبَةَ؟ فَقَالَ: كَانَ يُصَلِّي الْهَجِيرَ الَّتِي تَدْعُونَهَا الأُولَى حِينَ تَدْحَضُ الشَّمْسُ، وَيُصَلِّي الْعَصْرَ، ثُمَّ
يَرْجِعُ أَحَدُنَا إلَى رَحْلِهِ فِي أَقْصَى الْمَدِينَةِ وَالشَّمْسُ حَيَّةٌ.
وَنَسِيتُ مَا قَالَ فِي الْمَغْرِبِ. وَكَانَ يُسْتَحَبُّ أَنْ يُؤَخِّرَ مِنْ
الْعِشَاءِ الَّتِي تَدْعُونَهَا الْعَتَمَةَ. وَكَانَ يَكْرَهُ النَّوْمَ
قَبْلَهَا ، وَالْحَدِيثُ بَعْدَهَا. وَكَانَ يَنْفَتِلُ مِنْ صَلاةِ الْغَدَاةِ
حِينَ يَعْرِفُ الرَّجُلَ جَلِيسَهُ. وَكَانَ يَقْرَأُ بِالسِّتِّينَ إلَى
الْمِائَةِ) .
അബുല്‍ മിന്‍ഹാല്‍ സയ്യാറുബ്നു സലാമ رحمه الله പറഞ്ഞു: ഞാനും എന്‍റെ പിതാവും അബൂ ബര്‍സ അല്‍ അസ്'ലമി رضي الله عنه വിന്‍റെ അടുക്കലേക്ക് വന്നു. അപ്പോള്‍ അദ്ദേഹത്തോട് എന്‍റെ പിതാവ് പറഞ്ഞു: നബി صلى الله عليه وسلم എങ്ങനെയായിരുന്നു നിര്‍ബന്ധ നമസ്കാരം നിര്‍വ്വഹിച്ചിരുന്നത്? അപ്പോള്‍ അബൂ ബര്‍സ رضي الله عنه പറഞ്ഞു: സൂര്യന്‍ മധ്യത്തില്‍ നിന്ന് നീങ്ങുന്ന സന്ദര്‍ഭത്തില്‍ നിങ്ങള്‍ അല്‍ഊലാ (ഒന്നാമത്തെ നമസ്കാരം) എന്ന് വിളിക്കുന്നതായ അത്, ഹജീര്‍ (ചൂട് കഠിനമായ) സമയത്ത് നബി صلى الله عليه وسلم അത് നിര്‍വ്വഹിക്കുമായിരുന്നു. പിന്നെ അസ്വര്‍ നമസ്കാരം നിര്‍വ്വഹിക്കുമായിരുന്നു. പിന്നെ ഞങ്ങളില്‍ ഒരാള്‍ മദീനയുടെ അങ്ങേയറ്റത്തുള്ള അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് മടങ്ങും, അപ്പോള്‍ സൂര്യന്‍ ജീവസുറ്റ (തെളിഞ്ഞതും ചൂടുള്ളതുമായ) അവസ്ഥയില്‍ ആയിരിക്കും. സയ്യാറു ബ്നു സലാമ رحمه الله പറഞ്ഞു: മഗ്'രിബ് നമസ്കാരത്തിന്‍റെ വിഷയത്തില്‍ പറഞ്ഞതിനെ കുറിച്ച് ഞാന്‍ മറന്നു പോയി. നിങ്ങള്‍ العَتمَة എന്ന് വിളിക്കുന്നതായ ഇശാഅ' നമസ്കാരം പിന്തിപ്പിക്കല്‍ സുന്നത്താക്കപ്പെട്ടിരുന്നു. ഇശാഇന് മുമ്പ് ഉറങ്ങലും അതിനു ശേഷം സംസാരവും നബി صلى الله عليه وسلم വെറുത്തിരുന്നു. ഒരാള്‍ തന്‍റെ ഒപ്പമിരിക്കുന്ന ആളെ തിരിച്ചറിയുന്ന സന്ദര്‍ഭത്തില്‍ ഫജ്ര്‍ നമസ്കാരത്തില്‍ നിന്ന് നബി صلى الله عليه وسلم പിരിയുമായിരുന്നു. നബി صلى الله عليه وسلم (അതില്‍) അറുപത് മുതല്‍ നൂറ് വരെ (ആയത്തുകള്‍) പാരായണം ചെയ്യുമായിരുന്നു.
المكتوبة: المفروضةُ، وهي الصلواتُ الخمسُ.
നിര്‍ബന്ധമാക്കപ്പെട്ട (അഞ്ച് നേരത്തെ നമസ്കാരങ്ങള്‍)
الأُولى: هي الظهرُ، لأَنها أَولُ صلاةٍ صلاها جبريلُ بالنبي - صلى الله عليه وسلم -.
ആദ്യത്തെ നമസ്കാരം - ദുഹ്ര്‍ (ഇതാണ് ജിബ്‌രീല്‍ عليه السلام നബി صلى الله عليه وسلم യുമായി ഇമാം നിന്ന് നമസ്കരിച്ച ആദ്യ നമസ്കാരം)
تدحضُ الشمسُ: تَميلُ عنْ وَسَطِ السَّماءِ إِلى ناحيةِ الغروبِ.
ആകാശത്തിന്‍റെ മധ്യ ഭാഗത്ത് നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങല്‍.
العَتَمَة: ظُلمةُ الليلِ، والمقصودُ بها صلاةُ العشاءِ.
രാത്രിയുടെ ഇരുട്ട്, അതിന്‍റെ ഉദ്ദേശം ഇശാഅ' നമസ്കാരമാണ്.
ينفتلُ منْ صَلاةِ الغَداةِ: ينصرفُ منْ صلاةِ الصبحِ.
ഫജ്ര്‍ നമസ്കാരത്തില്‍ നിന്നും പിരിയുന്നു
വിവരണം
നബി صلى الله عليه وسلم ചെയ്തിരുന്നതായ കാര്യങ്ങള്‍ പഠിക്കാനും അത് ജീവിതത്തില്‍ പകര്‍ത്താനും താബിഉകള്‍ വളരെയേറെ താല്‍പര്യം കാണിച്ചിരുന്നു. സയ്യാറു ബ്നു സലാമ رحمه الله താബിഈ ആയിരുന്നു. അദ്ദേഹവും അദ്ദേഹത്തിന്‍റെ പിതാവും ഒരിക്കല്‍ സ്വഹാബിവര്യനായ അബൂ ബര്‍സതുല്‍ അസ്'ലമി رضي الله عنه വിന്‍റെ അടുക്കലെത്തി, സലാമ നിര്‍ബന്ധ നമസ്കാരത്തിന്‍റെ സമയത്തെ കുറിച്ച് ചോദിച്ചു. അതിനുള്ള മറുപടിയാണ് ഈ ഹദീസില്‍ ഉള്ളത്. ഓരോ നമസ്കാരത്തിന്‍റെയും ആദ്യ സമയങ്ങളാണ് ഇതില്‍ അറിയിക്കപ്പെട്ടത്.
നബി صلى الله عليه وسلم ദുഹ്ര്‍ നമസ്കാരം നിര്‍വ്വഹിച്ചിരുന്നത് ചൂട് കഠിനമാകുന്ന വേളയിലായിരുന്നു. ദുഹ്ര്‍ സമയത്ത് അത് നിര്‍വ്വഹിക്കുന്നത് കൊണ്ടാണ് അതിന് ദുഹ്ര്‍ നമസ്കാരം എന്ന പേര് വന്നത്. ഇതിന് ഒന്നാമത്തെ നമസ്കാരം എന്ന് പേര് വിളിക്കപ്പെട്ടിരുന്നു. അതിനു കാരണം ദുഹ്ര്‍ നമസ്കാരമാണ് ജിബ്‌രീല്‍ عليه السلام ഇമാമായി നബി صلى الله عليه وسلم ക്ക് നിര്‍വ്വഹിക്കപ്പെട്ട നമസ്കാരം. ദുഹ്ര്‍ നമസ്കാരം സൂര്യന്‍ ആകാശ മധ്യത്തില്‍ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് തെറ്റുമ്പോഴാണ് നിര്‍വ്വഹിക്കപ്പെടുന്നത്. ദുഹ്ര്‍ നമസ്കാരം അതിന്‍റെ ഒന്നാമത്തെ സമയത്ത് തന്നെയായിരുന്നു നബി صلى الله عليه وسلم നിര്‍വ്വഹിച്ചിരുന്നത് എന്നാണു ഇതില്‍ നിന്ന് മനസ്സില്ലാക്കാന്‍ സാധിക്കുന്നത്.
അതിനു ശേഷം നബി صلى الله عليه وسلم അസ്വര്‍ നമസ്കാരം നിര്‍വ്വഹിക്കുമായിരുന്നു. അത് നിര്‍വ്വഹിച്ച ശേഷം ഒരാള്‍ മദീനയുടെ അറ്റത്തുള്ള അദ്ദേഹത്തിന്‍റെ വീട്ടിലെത്തും, അപ്പോള്‍ സൂര്യന്‍ തെളിഞ്ഞതും ചൂടുള്ളതുമായി നിലനില്‍ക്കും. അസ്വര്‍ നമസ്കാരം കഴിഞ്ഞു ദൂരെയുള്ള വീട്ടിലെത്തുമ്പോഴും സൂര്യന്‍ ചൂടോടെ നില്‍ക്കും എന്ന് പറയുമ്പോള്‍ അസ്വര്‍ നമസ്കാരത്തിന്‍റെ സമയം എപ്പോഴാണെന്ന് നമുക്ക് മനസ്സിലാക്കാം.
മഗ്രിബ് നമസ്കാരത്തിന്‍റെ സമയവുമായി ബന്ധപ്പെട്ട് അബൂ ബര്‍സ رضي الله عنه പറഞ്ഞു കൊടുത്ത കാര്യം ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത ആള്‍ മറന്നു പോയിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇത് ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ സൂക്ഷ്മതയെ ആണ് സൂചിപ്പിക്കുന്നത്. അവര്‍ കൃത്യവും വ്യക്തവുമായ കാര്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംശയമുള്ളതും മറന്നു പോയതുമായ കാര്യങ്ങള്‍ അവര്‍ വ്യക്തമാക്കിയിരുന്നു.
ഇശാഅ' നമസ്കാരം പിന്തിപ്പിക്കല്‍ സുന്നത്താക്കപ്പെട്ടിരുന്നു. അത് പിന്തിപ്പിച്ച് നമസ്കരിക്കല്‍ ശ്രേഷ്ടതയുള്ള കാര്യമാണ് എന്ന് നബി صلى الله عليه وسلم പറഞ്ഞതായി ഇമാം അബൂ ദാവൂദ് رحمه الله റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇശാഅ' നമസ്കാരത്തിന് العَتَمَة എന്നും പേര്‍ വിളിക്കപ്പെട്ടിരുന്നു. സൂര്യാസ്തമയ ശോഭക്ക് ശേഷമുള്ള ഇരുട്ടിനാണ് الْعَتَمَة എന്ന് പറയുന്നത്. ഇശാഅ' നമസ്കാരം എന്നതാണ് ഈ നമസ്റെകാരത്തിന്‍റെ ശരിയായ പേര് എന്ന് അബൂ ബര്‍സ رضي الله عنه വ്യക്തമാക്കിയിരിക്കുന്നു. ഇശാഇന് മുമ്പ് ഉറക്കവും അതിനു ശേഷം സംസാരവും അഥവാ ഉറങ്ങാതിരിക്കലും നബി صلى الله عليه وسلم വെറുത്തിരുന്നു. ഇശാഇന് മുമ്പ് ഉറങ്ങുന്നതിലൂടെ ഒരു പക്ഷേ അതിന്‍റെ സമയത്ത് അത് നമസ്കരിക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നേക്കാം എന്നതിനാലാണ് അതിന് മുമ്പ് ഉറങ്ങുന്നതിനെ വെറുത്തത്. ഇശാഅ' നമസ്കാരത്തിന് ശേഷം വേഗം ഉറങ്ങലാണ് സുന്നത്ത്. അതിന് ശേഷം ഭൗതിക കാര്യങ്ങള്‍ സംസാരിച്ചിരുന്നാല്‍ രാത്രി നമസ്കാരവും ഫജ്ര്‍ നമസ്കാരവും നഷ്ടപ്പെടാന്‍ കാരണമായേക്കാം എന്നതിനാലാണ് അത് റസൂല്‍ صلى الله عليه وسلم വെറുത്തത്.
ഫജ്ര്‍ നമസ്കാരത്തിന്‍റെ സമയമാണ് അടുത്തതായി അറിയിക്കുന്നത്. കൂടെ നമസ്കരിക്കുന്ന ആളെ തിരിച്ചറിയുന്ന വേളയില്‍ നബി صلى الله عليه وسلم ഫജ്ര്‍ നമസ്കാരത്തില്‍ നിന്ന് പിരിയുമായിരുന്നു. പ്രഭാതത്തിന്‍റെ വെളിച്ചം പരന്നു തുടങ്ങുന്ന സമയമാണിത്. അതോടൊപ്പം നബി صلى الله عليه وسلم ഫജ്ര്‍ നമസ്കാരം നീട്ടി നിര്‍വ്വഹിക്കുമായിരുന്നു എന്നും ഈ ഹദീസില്‍ പറയുന്നു. അറുപത് മുതല്‍ നൂറ് വരെ എണ്ണം ആയത്തുകള്‍ ഫജ്ര്‍ നമസ്കാരത്തില്‍ നബി صلى الله عليه وسلم പാരായണം ചെയ്യാറുണ്ടായിരുന്നു. അങ്ങനെ നമസ്കരിച്ച ശേഷം കൂടെയുള്ള ആളെ തിരിച്ചറിയുന്ന സമയമാകുമ്പോഴേക്കും നമസ്കാരം കഴിയുമായിരുന്നു.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- സുന്നത്ത് പഠിക്കാന്‍ പൂര്‍വ്വികരായ ആളുകള്‍ക്ക് ഉണ്ടായിരുന്ന താല്‍പര്യത്തെ ഈ ഹദീസ് അറിയിക്കുന്നു.
2- അഞ്ച് നേരത്തെ നമസ്കാര സമയങ്ങളെ കുറിച്ചുള്ള വിവരണം. ഒരു നമസ്കാരത്തിന്‍റെ സമയം കഴിഞ്ഞാല്‍ അടുത്ത നമസ്കാര സമയം ആരംഭിക്കുന്നു.
3- ഇശാഅ' നമസ്കാരമൊഴികെ ബാക്കി എല്ലാ നമസ്കാരങ്ങളും അതിന്‍റെ ആദ്യ സമയത്ത് തന്നെ നബി صلى الله عليه وسلم നിര്‍വ്വഹിച്ചിരുന്നു.
4- ഇശാഅ' നമസ്കാരം പിന്തിപ്പിക്കല്‍ സുന്നത്താണ്.
5- ഇശാഇന് മുമ്പ് ഉറങ്ങലും അതിനു ശേഷം സംസാരിക്കലും കറാഹത്താണ്.
6-ഫജ്ര്‍ നമസ്കാരം ദീര്‍ഘിപ്പിക്കല്‍ ശ്രേഷ്ടമായ കാര്യമാണ്. എന്നാല്‍ അതില്‍ അതിരു കവിയാനും പാടില്ല. ഒപ്പമുള്ള ആളുകള്‍ക്ക് പ്രയാസമാകുന്ന വിധം അത് ദീര്‍ഘിപ്പിക്കാന്‍ പാടില്ല.
7- നബി صلى الله عليه وسلم ഫജ്ര്‍ നമസ്കാരത്തില്‍ അറുപത് മുതല്‍ നൂറ് വരെ ആയത്തുകള്‍ പാരായണം ചെയ്യുമായിരുന്നു.
8- ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ അതില്‍ സൂക്ഷ്മത കാണിച്ചിരുന്നു. അവര്‍ മറന്നതോ അവര്‍ക്ക് സംശയമുള്ളതോ ആയ കാര്യങ്ങള്‍ അവര്‍ വ്യക്തമാക്കിയിരുന്നു.

No comments:
Post a Comment