عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
بابُ الجنابةِ
വലിയ അശുദ്ധി
ജനാബത്ത് എന്നത് നജസുള്ള അവസ്ഥയല്ല
31 - عنْ أَبي هُرَيْرَةَ - رضي الله عنه - ((أَنَّ النَّبِيَّ - صلى الله عليه وسلم - لَقِيَهُ في بعْضِ طُرُقِ المدينَةِ وهو جُنُبٌ، قالَ: فَانْخَنَسْتُ مِنْهُ، فَذَهَبْتُ فَاغْتَسَلْتُ ثُمَّ جِئْتُ، فقَالَ: أَيْنَ كُنْتَ ياأَبا هُرَيْرَةَ؟ قَالَ: كُنْتُ جُنُبَاً فَكَرِهْتُ أَنْ أُجالِسَكَ على غَيْرِ طَهارَةٍ، فَقَالَ: سُبْحانَ اللهِ، إِنَّ المُؤْمِنَ لايَنْجُسُ)) .
അബൂഹുറൈറ رضي الله عنه നിവേദനം. ഒരിക്കല്‍ മദീനയിലെ ചില വഴികളില്‍ വെച്ച് അദ്ദേഹം ജനാബത്തുകാരനായിരിക്കെ (വലിയ അശുദ്ധിയിലായിരിക്കെ) നബി صلى الله عليه وسلم യെ കണ്ടുമുട്ടി. അബൂഹുറൈറ رضي الله عنه പറഞ്ഞു: അപ്പോള്‍ ഞാന്‍ നബി صلى الله عليه وسلم യില്‍ നിന്ന് മറഞ്ഞു നിന്നു. അങ്ങനെ ഞാന്‍ പോയി കുളിച്ചതിന് ശേഷം വന്നു. അപ്പോള്‍ റസൂല്‍ صلى الله عليه وسلم പറഞ്ഞു: ഏ അബൂഹുറൈറാ.. താങ്കള്‍ എവിടെയായിരുന്നു? അദ്ദേഹം പറഞ്ഞു: ഞാന്‍ വലിയ അശുദ്ധിയുള്ളവനായിരുന്നു. അതിനാല്‍ ശുദ്ധിയില്ലാതെ താങ്കളുമായി കൂടിയിരിക്കാന്‍ ഞാന്‍ വെറുത്തു. അപ്പോള്‍ റസൂല്‍ صلى الله عليه وسلم പറഞ്ഞു: സുബ്ഹാനല്ലാഹ് (അല്ലാഹുവിന്‍റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു), നിശ്ചയം ഒരു വിശ്വാസി നജസ് ആവുകയില്ല.
انْخَنَسْتُ: ഞാന്‍ മറഞ്ഞു നിന്നു.
വിവരണം
ജനാബത്തുമായി -വലിയ അശുദ്ധിയുമായി- ബന്ധപ്പെട്ട ഹദീസ് ആണ് ഇത്. കുളി നിര്‍ബന്ധമാകുന്ന അവസ്ഥക്കാണ് വലിയ അശുദ്ധി എന്ന് പറയുന്നത്. ഒരാളില്‍ നിന്ന് ശുക്ലം പുറപ്പെടുന്നതിലൂടെ ഇത് സംഭവിക്കും. ഈ നിലക്ക് വലിയ അശുദ്ധിയുണ്ടാകുന്ന അവസ്ഥയെ ആണ് ഈ ഹദീസില്‍ പരാമര്‍ശിച്ചിട്ടുള്ളത്.
ഒരിക്കല്‍ മദീനയിലൂടെ സഞ്ചരിക്കുമ്പോള്‍ അബൂഹുറൈറ رضي الله عنه നബി صلى الله عليه وسلم യെ കാണാനിടയായി. അപ്പോള്‍ അബൂഹുറൈറ رضي الله عنه ജനാബത്തുകാരനായിരുന്നു. ആയതിനാല്‍ അദ്ദേഹം നബി صلى الله عليه وسلم യില്‍ നിന്ന് മറഞ്ഞു നിന്നു. അങ്ങനെ അദ്ദേഹം കുളിക്കുകയും ശേഷം നബി صلى الله عليه وسلم യുടെ അടുക്കലെത്തുകയും ചെയ്തു. അപ്പോള്‍ താങ്കളെവിടെയായിരുന്നു എന്ന് നബി صلى الله عليه وسلم അദ്ദേഹത്തോട് ചോദിച്ചു. ജനാബത്ത് ഉള്ള അവസ്ഥയില്‍ നബി صلى الله عليه وسلم യോടൊപ്പം കൂടിയിരിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് അബൂഹുറൈറ رضي الله عنه പറഞ്ഞു. അത്തരം അവസ്ഥയില്‍ ഒരാള്‍ നജസ് ഉള്ള അവസ്ഥയില്‍ ആയിരിക്കും എന്ന് വിചാരിച്ചായിരിക്കാം അദ്ദേഹം അങ്ങനെ ചെയ്തത്. എന്നാല്‍ റസൂല്‍ صلى الله عليه وسلم അദ്ദേഹത്തെ തിരുത്തുന്നതാണ് ഹദീസില്‍ ഉള്ളത്. നബി صلى الله عليه وسلم പറഞ്ഞു: നിശ്ചയം ഒരു വിശ്വാസി നജസ് ആവുകയില്ല. ജനാബത്തുകാരനായിരിക്കെ മറ്റുള്ളവരുമായി ഇടപഴകുന്നത് കൊണ്ട് പ്രശ്നമില്ല എന്ന പാഠമാണ് റസൂല്‍ صلى الله عليه وسلم നല്‍കിയത്.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- ജനാബത്തുകാരനായാല്‍ അവന് നിഷിദ്ധമായിട്ടുള്ളത് നമസ്കാരവും, മുസ്വ്'ഹാഫ് സ്പര്‍ശിക്കലും, പള്ളിയില്‍ കഴിയലും, ത്വവാഫും ആണ്.
2- വലിയ ആശുദ്ധിയുണ്ടായാല്‍ മറ്റുള്ളവരുമായി ഇടപഴകാനും ഒന്നിച്ചിരിക്കാനും അത് തടസ്സമാവില്ല.
3- ഒരു വിശ്വാസി ജീവിച്ചിരിക്കുമ്പോഴും മരിച്ച അവസ്ഥയിലും നജസ് ആവുകയില്ല. വിശ്വാസി എല്ലായ്പ്പോഴും ശുദ്ധിയുള്ളവനാണ്.
4- അറിവ് കൊണ്ടും മറ്റും ഇസ്‌ലാമില്‍ വലിയ സ്ഥാനങ്ങളുള്ളവരുമായി കണ്ടുമുട്ടുമ്പോഴും അവരുമായി കൂടിയിരിക്കുമ്പോഴും -വൃത്തിയിലും വേഷത്തിലും - നല്ല അവസ്ഥയില്‍ ആവല്‍ ഉത്തമമായ കാര്യമാണ്. ആ നിലക്ക് അവരെ ബഹുമാനിക്കല്‍ നല്ലതാണ്.
5- അത്ഭുതവും അതിശയവും ഉള്ള കാര്യങ്ങള്‍ കാണുമ്പോള്‍ سُبْحانَ اللهِ എന്ന് പറയല്‍ റസൂല്‍ صلى الله عليه وسلم യുടെ മാതൃകയില്‍ പെട്ടതാണ്.
6- സ്വന്തത്തെ കുറിച്ച് പറയാന്‍ ലജ്ജയുള്ള കാര്യങ്ങള്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പറയല്‍ അനുവദനീയമാണ്.
7- സ്വഹാബികള്‍ റസൂല്‍ صلى الله عليه وسلم യെ അങ്ങേയറ്റം ആദരിക്കുന്നവരും ബഹുമാനിക്കുന്നവരുമായിരുന്നു.
8- انْخَنَسَ എന്നാല്‍ ഒരാളെ കണ്ടതിനു ശേഷം അദ്ദേഹത്തോട് സംസാരിക്കാതെ മാറി നില്‍ക്കുന്നതിന് പറയുന്നതാണ്.

No comments:
Post a Comment