ഫോളോ ചെയ്യാം

Saturday, 16 August 2025

301 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 41- دروس الحديث - തയമ്മുമിന്‍റെ രൂപം

 


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  


തയമ്മുമിന്‍റെ രൂപം

41 - عَنْ عَمَّارِ بْنِ يَاسِرٍ رضي الله عنهما قَالَ: ((بَعَثَنِي النَّبِيُّ - صلى الله عليه وسلم - فِي حَاجَةٍ ، فَأَجْنَبْتُ ، فَلَمْ أَجِدِ الْمَاءَ ، فَتَمَرَّغْتُ فِي الصَّعِيدِ ، كَمَا تَمَرَّغُ الدَّابَّةُ ، ثُمَّ أَتَيْتُ النَّبِيَّ - صلى الله عليه وسلم - فَذَكَرْتُ ذَلِكَ لَهُ ، فَقَالَ: إنَّمَا يَكْفِيَكَ أَنْ تَقُولَ بِيَدَيْكَ هَكَذَا - ثُمَّ ضَرَبَ بِيَدَيْهِ الأَرْضَ ضَرْبَةً وَاحِدَةً ، ثُمَّ مَسَحَ الشِّمَالَ عَلَى الْيَمِينِ ، وَظَاهِرَ كَفَّيْهِ وَوَجْهَهُ)) .

അമ്മാർ ബ്നു യാസിർ رضي الله عنهما നിവേദനം:
നബി صلى الله عليه وسلم ഒരിക്കൽ എന്നെ ഒരു കാര്യത്തിന് നിയോഗിച്ചു. (അങ്ങനെ യാത്രക്കിടയിൽ) ഞാൻ ജനാബത്തുകാരനായി (വലിയ അശുദ്ധിയുള്ളവനായി). എന്നാൽ (ശുദ്ധീകരിക്കാനുള്ള) വെള്ളം എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. മണ്ണിൽ മൃഗങ്ങൾ കിടന്നുരുളുന്നതു പോലെ, അപ്പോള്‍ ഞാൻ മണ്ണിൽ കിടന്നുരുണ്ടു. ശേഷം നബി صلى الله عليه وسلم യുടെ അരികിൽ ചെന്നപ്പോൾ ഇക്കാര്യം ഞാൻ അവിടുത്തോട് പറഞ്ഞു. നബി صلى الله عليه وسلم പറഞ്ഞു: 'നിൻ്റെ രണ്ടു കൈകൾ കൊണ്ട് ഇപ്രകാരം ചെയ്യുക മാത്രമേ വേണ്ടിയിരുന്നുള്ളൂ'. ശേഷം തൻ്റെ രണ്ട് കൈകളും നബി صلى الله عليه وسلم മണ്ണിൽ ഒരു തവണ അടിക്കുകയും, വലതു കൈക്ക് മേല്‍ ഇടതു കൈ കൊണ്ട് തടവുകയും, തൻ്റെ കൈപ്പത്തികളുടെ പുറംഭാഗവും മുഖവും തടവുകയും ചെയ്തു."

تَمَرَّغْتُ فِي الصَّعِيدِ മണ്ണില്‍ ഉരുണ്ടു.  

വിവരണം
അമ്മാർ ബ്നു യാസിർ رضي الله عنهما യെ തൻ്റെ ചില ആവശ്യങ്ങൾക്ക് വേണ്ടി നബി صلى الله عليه وسلم യാത്രയയച്ചു. റസൂല്‍ صلى الله عليه وسلم ഏല്‍പിച്ച ഏതെങ്കിലും പ്രത്യേക കാര്യമായത് കൊണ്ടാവാം അദ്ദേഹം ആ കാര്യം എന്തെന്ന് വ്യക്തമാക്കാതിരുന്നത്.  
    അങ്ങനെ അദ്ദേഹത്തിന് സ്വപ്നസ്ഖലനം കാരണത്താലോ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനാലോ ജനാബത്ത് (വലിയ അശുദ്ധി) ഉണ്ടായി. സ്വപ്നസ്ഖലനം ആവാനാണ് കൂടുതല്‍ സാധ്യതയുള്ളത്. 
    അതില്‍ നിന്ന് ശുദ്ധിയാവാൻ വേണ്ടി കുളിക്കാനുള്ള വെള്ളം അദ്ദേഹം അന്വേഷിച്ചു. പക്ഷെ അദ്ദേഹത്തിന് വെള്ളം ലഭിച്ചില്ല. ചെറിയ അശുദ്ധിക്ക് തയമ്മും മതി എന്നത് അദ്ദേഹത്തിന് അറിയാമായിരുന്നെങ്കിലും ജനാബത്തുകാരന് കുളിക്കാൻ വെള്ളമില്ലെങ്കിൽ തയമ്മും ചെയ്താൽ മതിയാകും എന്ന വിധി അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹം തൻ്റേതായ ഗവേഷണം (ഇജ്തിഹാദ്) നടത്തി. ചെറിയ അശുദ്ധി വന്നാൽ തയമ്മുമിൻ്റെ ഭാഗമായി വുദൂഇൻ്റെ ചില അവയവങ്ങൾക്ക് മേൽ മണ്ണില്‍ അടിച്ച് തടവാം എന്നത് അദ്ദേഹത്തിന് അറിയാമായിരുന്നു. ഇങ്ങനെയാണെങ്കിൽ വലിയ അശുദ്ധി വന്നാൽ ശരീരം മുഴുവൻ വെള്ളം ഒഴിക്കുന്നതിന് പകരം തയമ്മും പോലെ തടവിയാൽ മതിയായിരിക്കും എന്ന് അദ്ദേഹം മനസ്സിലാക്കി. അതിനായി അദ്ദേഹം മണ്ണിൽ കിടന്നുരുളുകയും ശരീരം മുഴുവൻ ഇപ്രകാരം മണ്ണ് തട്ടിക്കുകയും, ശേഷം നിസ്കരിക്കുകയും ചെയ്തു. നബി صلى الله عليه وسلم യുടെ അടുത്ത് തിരിച്ചെത്തിയപ്പോൾ നടന്ന കാര്യമെല്ലാം അദ്ദേഹം നബി صلى الله عليه وسلم യോട് പറഞ്ഞു. താൻ ചെയ്തത് ശരിയായിട്ടുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയായിരുന്നു അത്. മൂത്രമൊഴിക്കുക പോലുള്ള ചെറിയ അശുദ്ധിയിൽ നിന്നും, ജനാബത്ത് സംഭവിക്കുക പോലുള്ള വലിയ അശുദ്ധിയിൽ നിന്നും ശുദ്ധി വരുത്തേണ്ട രൂപം അപ്പോൾ നബി صلى الله عليه وسلم അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു. രണ്ട് കൈപ്പത്തികളും കൊണ്ട് മണ്ണിൽ ഒരു തവണ അടിക്കുകയും, ശേഷം മുഖവും  വലതു കൈയും ഇടതുകയ്യും പരസ്പരം - പുറം ഭാഗവും- തടവുകയും ചെയ്താൽ തയമ്മും പൂർണ്ണമായി.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- തയമ്മും ചെയ്യാൻ ആരംഭിക്കുന്നതിന് മുൻപ് വെള്ളം ലഭിക്കുമോ എന്ന് അന്വേഷിക്കൽ നിർബന്ധമാണ്.
2- ജനാബത്തുള്ളവർക്കും -കുളിക്കാൻ വെള്ളം ലഭിച്ചില്ലെങ്കിൽ- തയമ്മും ചെയ്യൽ നിര്‍ബന്ധമാണ്‌.
3- ചെറിയ അശുദ്ധിക്ക് തയമ്മും ചെയ്യുന്നത് പോലെ തന്നെയാണ് വലിയ അശുദ്ധിക്ക് തയമ്മും ചെയ്യേണ്ടതും.
4- തയമ്മുമിന്‍റെ രൂപം ആണ് ഹദീസില്‍ വിവരിക്കപ്പെട്ടിട്ടുള്ളത്. ഇമാം മുസ്‌ലിം رحمه الله റിപ്പോര്‍ട്ട് ചെയ്ത ഈ ഹദീസില്‍ തയമ്മുമിന്‍റെ ക്രമം ഇമാം ബുഖാരി رحمه الله യുടെ റിപ്പോര്‍ട്ടിന് വ്യത്യസ്ഥമായാണ് വന്നിട്ടുള്ളത്.  ഇമാം ബുഖാരി യുടെ റിപ്പോര്‍ട്ടാണ് വിശുദ്ധ ക്വുര്‍ആനിന് യോജിച്ച് വന്നിട്ടുള്ളത്. അല്ലാഹു പറഞ്ഞു:
  (فتيمّموا صعيدا طيّبا فامسحوا بوجوهكم وأيديكم منه) - النساء:43

(നിങ്ങൾ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക).

5- മുഖവും കൈപടങ്ങളും തടവാന്‍ മണ്ണില്‍ ഒരു പ്രാവശ്യം അടിച്ചാല്‍ മതിയാകുന്നതാണ്. 



No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...