ഫോളോ ചെയ്യാം

Sunday, 17 August 2025

302 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 42- دروس الحديث - ഭൂമിയെ ശുദ്ധീകരണത്തിനുള്ള മാര്‍ഗ്ഗമാക്കിയിരിക്കുന്നു

 



عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

ഭൂമിയെ ശുദ്ധീകരണത്തിനുള്ള മാര്‍ഗ്ഗമാക്കിയിരിക്കുന്നു

42 - عَنْ جَابِرِ بْنِ عَبْدِ اللَّهِ رضي الله عنهما: أَنَّ النَّبِيَّ - صلى الله عليه وسلم - قَالَ: ((أُعْطِيتُ خَمْساً، لَمْ يُعْطَهُنَّ أَحَدٌ مِنْ الأَنْبِيَاءِ قَبْلِي: نُصِرْتُ بِالرُّعْبِ مَسِيرَةَ شَهْرٍ ، وَجُعِلَتْ لِي الأَرْضُ مَسْجِدًا وَطَهُورًا ، فَأَيُّمَا رَجُلٌ مِنْ أُمَّتِي أَدْرَكَتْهُ الصَّلاةُ فَلْيُصَلِّ ، وَأُحِلَّتْ لِي الْمَغَانِمُ ، وَلَمْ تَحِلَّ لأَحَدٍ قَبْلِي ، وَأُعْطِيتُ الشَّفَاعَةَ، وَكَانَ النَّبِيُّ يُبْعَثُ إلَى قَوْمِهِ خَاصَّةً ، وَبُعِثْتُ إلَى النَّاسِ عَامَّةً)) .

ജാബിറു ബ്നു അബ്ദില്ല رضي الله عنهما നിവേദനം: നബി صلى الله عليه وسلم പറഞ്ഞു: എനിക്ക് അഞ്ചു കാര്യങ്ങൾ നൽകപ്പെട്ടിരിക്കുന്നു. എനിക്ക് മുൻപുള്ള നബിമാരിൽ ഒരാൾക്കും അത് നൽകപ്പെട്ടിട്ടില്ല. ഒരു മാസം വഴിദൂരത്തേക്ക് (ശത്രുക്കളുടെ മനസ്സിൽ) ഭീതി നിറച്ചു കൊണ്ട് എനിക്ക് സഹായം നൽകപ്പെട്ടിരിക്കുന്നു. ഭൂമിയെ എനിക്ക് നിസ്കാര സ്ഥലവും ശുദ്ധീകരണത്തിനുള്ള മാർഗവുമായി നിശ്ചയിച്ചിരിക്കുന്നു. എന്റെ ഉമ്മത്തിൽ പെട്ട ഏതൊരു വ്യക്തിക്കും നിസ്കാര സമയമെത്തിയാൽ അവൻ നിസ്കരിക്കട്ടെ. എനിക്ക് യുദ്ധാർജ്ജിത സ്വത്തുകൾ അനുവദിക്കപ്പെട്ടിരിക്കുന്നു; എനിക്ക് മുമ്പുള്ള ഒരാൾക്കും അത് അനുവദിക്കപ്പെട്ടിട്ടില്ല. എനിക്ക് ശഫാഅത്ത് നൽകപ്പെട്ടിരിക്കുന്നു. (എനിക്ക് മുമ്പുള്ള) നബിമാർ അവരുടെ ജനതയിലേക്ക് മാത്രമായാണ് നിയോഗിക്കപ്പെട്ടിരുന്നത്. ഞാൻ മുഴുവന്‍ ജനങ്ങളിലേക്കുമായാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്."    

نُصِرْتُ بِالرُّعْبِ: أَي ينصرُني اللهُ بإِلقاءِ الخوفِ في قلوبِ أَعدائي.

نُصِرْتُ بِالرُّعْبِ എന്നാല്‍ ശത്രുക്കളുടെ ഹൃദയങ്ങളില്‍ ഭയം ഇട്ട് കൊടുത്ത് കോണ്ട് ഞാന്‍ സഹായിക്കപ്പെട്ടു എന്നാണ് അര്‍ത്ഥം.


വിവരണം

    തനിക്ക് മുമ്പുള്ള നബിമാർക്കൊന്നും നൽകപ്പെട്ടിട്ടില്ലാത്ത അഞ്ച് പ്രത്യേക കാര്യങ്ങൾ അല്ലാഹു തനിക്ക് നൽകിയിരിക്കുന്നു എന്ന് നബി صلى الله عليه وسلم അറിയിക്കുന്നു. അവ:
ഒന്ന്: എന്റെ ശത്രുക്കൾക്കും എനിക്കുമിടയിൽ ഒരു മാസത്തെ വഴിദൂരത്തേക്ക്, അവരുടെ മനസ്സിൽ എന്നെ കുറിച്ചുള്ള ഭയം ഇട്ടുനൽകിക്കൊണ്ട് ഞാൻ സഹായിക്കപ്പെട്ടിരിക്കുന്നു.
രണ്ട്: ഭൂമി മുഴുവൻ എനിക്ക് മസ്ജിദായി -നിസ്കരിക്കാൻ അനുയോജ്യമായ സ്ഥലമായി- നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതിനാൽ എവിടെയാണെങ്കിലും നമുക്ക് നിസ്കരിക്കുന്നതിന് തടസ്സമില്ല. വൃത്തിയും ശുദ്ധിയുമുള്ള എല്ലായിടത്ത് വെച്ചും നമസ്കാരം നിര്‍വ്വഹിക്കാവുന്നതാണ്. 
    അതോടൊപ്പം വെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത സമയങ്ങളിൽ ശുദ്ധി വരുത്താനുള്ള വസ്തുവായി ഭൂമിയെ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു.
മൂന്ന്: യുദ്ധാർജ്ജിത സ്വത്തുകൾ (ഗനീമഃ) നമുക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. സത്യനിഷേധികളുമായുള്ള യുദ്ധത്തിലൂടെ പിടിച്ചെടുക്കുന്ന സമ്പത്താണ് ഗനീമഃ എന്നത് കൊണ്ട് ഉദ്ദേശ്യം.
നാല്: എനിക്ക് ഏറ്റവും വലിയ ശുപാർശ (ശഫാഅഃ) നൽകപ്പെട്ടിരിക്കുന്നു. ഖിയാമത്ത് നാളിലെ ഭീതിതമായ നിൽപ്പിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകപ്പെടുക ഈ ശഫാഅത്ത് മുഖേനയായിരിക്കും.
അഞ്ച്: സർവ്വ മനുഷ്യരിലേക്കുമായി കൊണ്ടാണ് ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്. മുമ്പുള്ള നബിമാർ അവരവരുടെ ജനതകളിലേക്ക് മാത്രമായിട്ടായിരുന്നു നിയോഗിക്കപ്പെട്ടിരുന്നത്. മനുഷ്യര്‍ക്ക് പുറമേ ജിന്നുകളിലേക്കുമുള്ള നബിയാണ് മുഹമ്മദ്‌ നബി صلى الله عليه وسلم   

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- അല്ലാഹു തനിക്ക് നൽകിയ അനുഗ്രഹങ്ങൾ അവനുള്ള നന്ദിയായി കൊണ്ടും, അത് മറ്റുള്ളവരെ അറിയിക്കുക എന്ന ഉദ്ദേശ്യത്തോടെയും എടുത്തു പറയാം. നമ്മിലേക്ക് ഏറ്റവും അടുത്ത നമ്മോട് അസൂയയില്ലാത്ത നമ്മുടെ ആത്മബന്ധത്തിലുള്ളവരോട് നമുക്ക് അത് പറയാവുന്നതാണ്. 

2- ഹദീഥിൽ പരാമർശിക്കപ്പെട്ട കാര്യങ്ങളിലൂടെ അല്ലാഹു ഈ ഉമ്മത്തിനും അവരുടെ നബിക്കും നൽകിയ ശ്രേഷ്ഠത.

3- ഏതു സന്ദർഭത്തിലും അവസ്ഥയിലും ആകട്ടെ, നിസ്കാരം അതിന്റെ സമയമായാൽ നിർവ്വഹിക്കുക എന്നത് നിർബന്ധമാണ്. നിസ്കാരത്തിന്റെ നിബന്ധനകളും (ശർത്വുകൾ) അവിഭാജ്യഘടകങ്ങളും (റുക്നുകളും) നിർബന്ധകർമ്മങ്ങളും (വാജിബുകൾ) സാധ്യമാകും വിധം നമസ്കാരം നിര്‍വ്വഹിക്കല്‍  നമുക്ക് ബാധ്യതയാണ്.

4- ഭൂമിയുടെ ഈത് ഭാഗത്താണെങ്കിലും നാം നമസ്കരിക്കണം. നമസ്കാരത്തിന് ശുദ്ധി നിര്‍ബന്ധവുമാണ്. ശുദ്ധീകരണത്തിന് വെള്ളം കിട്ടിയിട്ടില്ലെങ്കില്‍ തയമ്മും ചെയ്‌താല്‍ മതിയാകും. ഭൂമിയുടെ ശുദ്ധമായ ഏത് പ്രതലത്തിലും അടിച്ച് മുഖവും കൈപടങ്ങളും തടവി തയമ്മും ചെയ്യാവുന്നതാണ്. 

5- മറ്റു നബിമാരിൽ നിന്ന് വ്യത്യസ്തമായി നബി صلى الله عليه وسلم ക്ക് മാത്രം പ്രത്യേകമായി അനുവദിക്കപ്പെടുന്ന ശഫാഅത്ത് വ്യത്യസ്ത വിധങ്ങളിലുണ്ട്. 

(1)സർവ്വ മനുഷ്യർക്കുമിടയിൽ അല്ലാഹു വിധികൽപ്പിക്കാൻ വേണ്ടിയുള്ള ശുപാർശ. ഇതാണ് ഏറ്റവും വലിയ ശഫാഅത്ത്. 

(2) സ്വർഗക്കാർ സ്വർഗത്തിൽ പ്രവേശിക്കുന്നതിന് വേണ്ടിയുള്ള ശുപാർശ. 

(3) നരകക്കാരായ വലിയ പാപങ്ങള്‍ ചെയ്ത വിശ്വാസമുള്ള ആളുകള്‍ക്ക്  വേണ്ടിയുള്ള ശുപാര്‍ശ. തുടങ്ങിയവയാണ് അവ.

6- ഈ ഹദീഥിൽ പറയപ്പെട്ടിട്ടില്ലാത്ത അനേകം പ്രത്യേകതകൾ വേറെയും നബി صلى الله عليه وسلم ക്കുണ്ട്. അവിടുത്തേക്ക് ജവാമിഉൽ കലിം (ചുരുങ്ങിയ വാക്കുകളിൽ വലിയ ആശയം പറയാൻ സാധിക്കുന്ന വിധത്തിലുള്ള സംസാരവൈഭവം) നൽകപ്പെട്ടിരിക്കുന്നു എന്നതും, നബിമാരുടെ പരമ്പര അവിടുത്തെ നിയോഗത്തോടെ അവസാനിച്ചു എന്നതുമെല്ലാം അതിൽ ചിലതാണ്.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...