നിന്നു കൊണ്ട് ഭക്ഷണവും വെള്ളവും കഴിക്കുന്നതിന്റെ വിധി
ചോദ്യം:
നിന്നു കൊണ്ട് ഭക്ഷണവും വെള്ളവും കഴിക്കുന്നത് വിലക്കുന്ന ചില നബിവചനങ്ങളുണ്ട്. എന്നാൽ അതേസമയം, നിന്നു കൊണ്ട് തിന്നാനും കുടിക്കാനും അനുവാദം നൽകുന്ന ചില ഹദീസുകളുമുണ്ട്. എങ്കിൽ നാം നിന്നു കൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്യരുത് എന്നാണോ ഇതിനർത്ഥം? അതോ ഇരുന്ന് തിന്നുകയും കുടിക്കുകയും വേണമെന്നോ? ഇതിൽ ഏത് ഹദീസുകളാണ് നാം പിൻപറ്റാൻ കൂടുതൽ യോഗ്യമായിട്ടുള്ളത്?
മറുപടി:
ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള ഹദീസുകളെല്ലാം തന്നെ സ്വഹീഹായവയാണ് . നബി صلى الله عليه وسلم യിൽ നിന്ന് നിന്നുകൊണ്ട് കുടിക്കുന്നത് വിലക്കിക്കൊണ്ട് വന്നിട്ടുണ്ട്, ഭക്ഷണത്തിന്റെ കാര്യവും അതുപോലെത്തന്നെ. എന്നാൽ നബി صلى الله عليه وسلم നിന്നു കൊണ്ട് കുടിച്ചതായും വന്നിട്ടുണ്ട്.
അതിനാൽ ഈ വിഷയത്തിൽ വിശാലതയുണ്ട്;
ഇവയെല്ലാം സ്വഹീഹാണ്, അല്ലാഹുവിനാണ് സർവ്വസ്തുതിയും.
അതുകൊണ്ട് ഈ വിഷയത്തിലുള്ള വിലക്ക് കറാഹത്തിനെയാണ് കുറിക്കുന്നത്. അതിനാൽ, ഒരാൾക്ക് നിന്നു കൊണ്ട് ഭക്ഷണം കഴിക്കേണ്ടതായോ വെള്ളം കുടിക്കേണ്ടതായോ ആവശ്യം നേരിട്ടാൽ അതിൽ യാതൊരു വിരോധവുമില്ല. നബി صلى الله عليه وسلم ഇരുന്നുകൊണ്ടും നിന്നുകൊണ്ടും കുടിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആകയാൽ, ഒരു വ്യക്തിക്ക് അത്തരമൊരു ആവശ്യം വന്നാൽ അയാൾ നിന്നുകൊണ്ട് തിന്നുന്നതിലോ കുടിക്കുന്നതിലോ കുഴപ്പമില്ല. *എന്നാൽ ഇരുന്നുകൊണ്ടാണ് ചെയ്യുന്നതെങ്കിൽ അതാണ് ഏറ്റവും ഉത്തമവും ഭംഗിയുള്ളതും.*
നബി صلى الله عليه وسلم സംസം വെള്ളം നിന്നുകൊണ്ട് കുടിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. കൂടാതെ, അവിടുന്ന് നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കുടിച്ചിരുന്നുവെന്ന് അലി رضي الله عنه വിന്റെ ഹദീസിലും സ്ഥിരപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ വിശാലതയുണ്ട്. ഇരുന്ന് കുടിക്കുന്നതും ഇരുന്ന് തിന്നുന്നതുമാണ് കൂടുതൽ ഉത്തമവും ആരോഗ്യകരവും. ഒരാൾ നിന്നുകൊണ്ട് കുടിച്ചാൽ യാതൊരു തെറ്റുമില്ല; അതുപോലെ നിന്നുകൊണ്ട് ഭക്ഷണം കഴിച്ചാലും യാതൊരു തെറ്റുമില്ല.
(മജ്മൂഉ ഫതാവാ വ മഖാലാത് അശ്ശൈഖ് ഇബ്നു ബാസ്: 25/ 275)
ഹാഫിദ് ഇബ്നു ഹജർ رحمه الله പറഞ്ഞു:
"ഇതാണ് ഏറ്റവും ഉത്തമവും സുരക്ഷിതവുമായ മാർഗ്ഗം; ആക്ഷേപങ്ങളിൽ നിന്നും വിമർശനങ്ങളിൽ നിന്നും ഏറ്റവും വിദൂരമായതും ഇതുതന്നെയാണ്. ഇമാം അൽ-അഥ്റം അവസാനമായി ഇതിലേക്ക് വിരൽചൂണ്ടിക്കൊണ്ട് ഇപ്രകാരം പറയുകയുണ്ടായി: '(നിന്നുകൊണ്ട് കുടിക്കുന്നതിനെതിരെയുള്ള) കറാഹത്ത് സ്ഥിരപ്പെടുകയാണെങ്കിൽ, അത് ഉപദേശത്തിനും മര്യാദ പഠിപ്പിക്കുന്നതിനും വേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കേണ്ടതാണ്, അല്ലാതെ അത് ഹറാമിനെ കുറിക്കുന്നതല്ല'.
ഇമാം അത്ത്വബരിയും ഇതേ അഭിപ്രായത്തിൽത്തന്നെയാണ് ഉറച്ചുനിന്നത്. അദ്ദേഹം ഇതിനെ സാധൂകരിച്ചുകൊണ്ട് ഇപ്രകാരം വിശദീകരിച്ചു: 'ഇത് അനുവദനീയമായിരിക്കുകയും പിന്നീട് നബി صلى الله عليه وسلم അത് നിഷിദ്ധമാക്കുകയോ, അല്ലെങ്കിൽ നിഷിദ്ധമായിരുന്നതിന് ശേഷം പിന്നീട് അനുവദിക്കുകയോ ചെയ്തിരുന്നുവെങ്കിൽ, നബി صلى الله عليه وسلم അത് വ്യക്തമായ രൂപത്തിൽത്തന്നെ ജനങ്ങൾക്ക് വിവരിച്ചുകൊടുക്കുമായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട നിവേദനങ്ങൾ പരസ്പരവിരുദ്ധമായ നിലയിൽ വന്നപ്പോൾ, ഈയൊരു രീതിയിലൂടെ (ഉപദേശത്തിനും മര്യാദക്കും വേണ്ടിയുള്ളതാണെന്ന രൂപത്തിൽ) നാം അവക്കിടയിൽ സമന്വയം ഉണ്ടാക്കുകയാണുണ്ടായത്'.
ചിലർ ഇപ്രകാരവും അഭിപ്രായപ്പെട്ടിട്ടുണ്ട്: 'ഇതിനെതിരെയുള്ള വിലക്ക് വൈദ്യശാസ്ത്രപരവും ആരോഗ്യപരവുമായ കാരണങ്ങളാലാണ്; അഥവാ ദോഷമോ ഉപദ്രവമോ സംഭവിച്ചേക്കാം എന്ന ഭയത്താലാണ്. കാരണം, ഇരുന്നുകൊണ്ട് കുടിക്കുന്നതാണ് കൂടുതൽ സൗകര്യപ്രദവും, ശ്വാസനാളത്തിൽ വെള്ളം കയറി ശ്വാസം മുട്ടുന്നതിൽ നിന്നും കരളിലോ തൊണ്ടയിലോ വേദനയുണ്ടാകുന്നതിൽ നിന്നും കൂടുതൽ സുരക്ഷിതമായിട്ടുള്ളതും. എന്നാൽ നിന്നുകൊണ്ട് കുടിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഇവയിൽ നിന്നെല്ലാം അവൻ സുരക്ഷിതനായേക്കില്ല'."
— ഫത്ഹുൽ ബാരി (10/84)

No comments:
Post a Comment