ഫോളോ ചെയ്യാം

Sunday, 28 December 2025

434 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 174- دروس الحديث - മയ്യിത്തിനടുത്ത് ശ്രദ്ധിക്കേണ്ടവ



عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

മയ്യിത്തിനടുത്ത് 

ശ്രദ്ധിക്കേണ്ടവ 

174 - عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ رضي الله عنه عَنْ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ: ((لَيْسَ مِنَّا مَنْ ضَرَبَ الْخُدُودَ، وَشَقَّ الْجُيُوبَ، وَدَعَا بِدَعْوَى الْجَاهِلِيَّةِ)) .

അബ്ദുല്ലാഹി ബ്നു മസ്ഊദ് رضي الله عنه വില്‍  നിന്ന് നിവേദനം. നബി صلى الله عليه وسلم പറഞ്ഞു: "(വിപത്തുകൾ വരുമ്പോൾ) കവിളത്തടിക്കുകയും, മാറ് കീറുകയും, ജാഹിലിയ്യത്തിൻ്റെ (അജ്ഞാനകാലത്തെ) വിളി വിളിക്കുകയും ചെയ്യുന്നവൻ നമ്മിൽ പെട്ടവനല്ല."

വിവരണം

    മരണം എന്നത് ഒരു വലിയ വിപത്തും, ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടുന്നതുകൊണ്ട് സംഭവിക്കുന്ന വലിയൊരു ദുരന്തവുമാണ്. എന്നാൽ, ഒരു വിപത്ത് എത്ര വലുതാണെങ്കിലും അതിൽ ക്ഷമ കൈക്കൊള്ളുന്നവർക്ക് അതിനു പകരമായി പ്രതിഫലമുണ്ട്. മരണത്തിന്‍റെ കാര്യവും അങ്ങനെ തന്നെ. അതിനാൽ മരണം സംഭവിക്കുമ്പോൾ ക്ഷമിക്കുകയും, അല്ലാഹുവിന്‍റെ വിധിയിൽ എതിർപ്പ് പ്രകടിപ്പിക്കാതിരിക്കുകയുമാണ് വേണ്ടത്.

    ഒരു വിപത്തോ പരീക്ഷണങ്ങളോ നേരിടുമ്പോൾ മുസ്‌ലിമീങ്ങൾ പാലിക്കേണ്ട മര്യാദകളാണ് ഈ ഹദീസിൽ പ്രവാചകൻ صلى الله عليه وسلم പഠിപ്പിക്കുന്നത്. അല്ലാഹുവിന്‍റെ വിധിയിലുള്ള അതൃപ്തി കാരണം അമിതമായ ദുഃഖം പ്രകടിപ്പിക്കുക, (സങ്കടം സഹിക്കാനാവാതെ) കവിളത്തടിക്കുക, മുഖത്തടിക്കുക, വസ്ത്രം വലിച്ചുകീറുക (മാറ് കീറുക), ജാഹിലിയ്യ കാലത്ത് (അജ്ഞാനകാലത്ത്) ചെയ്തിരുന്നതുപോലെ മരിച്ചയാളുടെ ഗുണഗണങ്ങൾ എണ്ണിപ്പറഞ്ഞ് ഉറക്കെ നിലവിളിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നവർ നമ്മുടെ ചര്യയിലും (സുന്നത്ത്) നമ്മുടെ മാർഗ്ഗത്തിലും പെട്ടവരല്ല എന്ന് പ്രവാചകൻ صلى الله عليه وسلم ഉണർത്തുന്നു.

    അജ്ഞാനകാലത്തെ ഇത്തരം അനാചാരങ്ങളെ ഇസ്‌ലാം മതം നീക്കം ചെയ്തിരിക്കുന്നു. സന്തോഷത്തിലും സന്താപത്തിലും മിതത്വം പാലിക്കാനാണ് ഇസ്‌ലാം കൽപ്പിക്കുന്നത്. വിപത്തുകളിൽ ക്ഷമ കൈക്കൊള്ളാനും, അതിനുള്ള പ്രതിഫലം അല്ലാഹുവിങ്കൽ നിന്ന് ആഗ്രഹിക്കാനും, എല്ലാ കാര്യങ്ങളും അവനിലേക്ക് ഏൽപ്പിക്കാനും ഇസ്‌ലാം പ്രേരിപ്പിക്കുന്നു. അല്ലാഹു പറയുന്നു:

"{നബിയേ,} ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുക. തങ്ങൾക്ക് വല്ല വിപത്തും ബാധിച്ചാൽ അവർ പറയുന്നത്; 'ഞങ്ങൾ അല്ലാഹുവിനുള്ളവരാണ്, അവനിലേക്ക് തന്നെ മടങ്ങുന്നവരുമാണ്' എന്നായിരിക്കും. അവർക്ക് തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ഉണ്ടായിരിക്കുന്നതാണ്. അവർ തന്നെയാണ് സന്മാർഗ്ഗം പ്രാപിച്ചവർ." (സൂറ: അൽ ബഖറ: 155-157).

    ഈ ലോകം ക്ഷണികമാണെന്നും പരലോകത്തേക്കുള്ള യാത്ര അടുത്തതാണെന്നും അറിയുന്ന ഓരോ സത്യവിശ്വാസിയും, ഭൗതികമായി നഷ്ടപ്പെട്ട കാര്യങ്ങളിൽ അമിതമായി ദുഃഖിക്കാതെ, ക്ഷമയും സംതൃപ്തിയും ഉള്ളവനായിരിക്കേണ്ടത് അനിവാര്യമാണ്. എങ്കിൽ മാത്രമേ റബ്ബിൽ നിന്നുള്ള ഉന്നതമായ പദവികൾ കരസ്ഥമാക്കാൻ സാധിക്കുകയുള്ളൂ.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

  1. ഹദീസിൽ വന്നിട്ടുള്ള ഈ കടുത്ത താക്കീത് സൂചിപ്പിക്കുന്നത്, ഈ കാര്യങ്ങൾ വൻപാപങ്ങളിൽ (കബാഇർ) പെട്ടതാണ് എന്നാണ്.

  2. വിപത്തുകൾ സംഭവിക്കുമ്പോൾ ക്ഷമ പാലിക്കൽ നിർബന്ധമാണ്. അല്ലാഹുവിന്‍റെ വേദനാജനകമായ വിധികളിൽ അസംതൃപ്തി പ്രകടിപ്പിക്കുന്നതും; ശബ്ദമുണ്ടാക്കി കരയുക (നിയാഹ), മാറത്തടിക്കുക, മുടി വടിക്കുക, വസ്ത്രം കീറുക തുടങ്ങിയവയിലൂടെ അത് വെളിപ്പെടുത്തുന്നതും നിഷിദ്ധമാണ്.

  3. ഇസ്‌ലാം അംഗീകരിക്കാത്ത കാര്യങ്ങളിൽ ജാഹിലിയ്യത്തിനെ (അജ്ഞാനകാലത്തെ) അനുകരിക്കുന്നത് നിഷിദ്ധമാണ്.

  4. മനസ്സിൽ ദുഃഖം തോന്നുന്നതിലോ കണ്ണീർ വാർക്കുന്നതിലോ തെറ്റില്ല. അത് അല്ലാഹുവിന്‍റെ വിധിയിലുള്ള ക്ഷമയ്ക്ക് എതിരല്ല; മറിച്ച്, ഉറ്റവരുടെയും ഉടയവരുടെയും മനസ്സിൽ അല്ലാഹു നിക്ഷേപിച്ച കാരുണ്യമാണത്.

  5. അല്ലാഹുവിന്‍റെ വിധിയിൽ തൃപ്തിപ്പെടലാണ്  ഒരു മുസ്‌ലിമിന് വേണ്ടത്. ഇനി അതിന് സാധിക്കുന്നില്ലെങ്കിൽ, ക്ഷമിക്കുക എന്നത് അവന് നിർബന്ധമാണ്.


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...