ഫോളോ ചെയ്യാം

Saturday, 20 December 2025

426 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 166- دروس الحديث - മയ്യിത്ത് കുളിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

 



عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 

أبو محمد، تقي الدين (المتوفى: 600هـ)  

മയ്യിത്ത് കുളിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

166 - عَنْ أُمِّ عَطِيَّةَ الأَنْصَارِيَّةِ قَالَتْ : ((دَخَلَ عَلَيْنَا رَسُولُ اللَّهِ صلى الله عليه وسلم حِينَ تُوُفِّيَتْ ابْنَتُهُ، فَقَالَ: اغْسِلْنَهَا ثَلاثاً، أَوْ خَمْساً، أَوْ أَكْثَرَ مِنْ ذَلِكَ - إنْ رَأَيْتُنَّ ذَلِكِ - بِمَاءٍ وَسِدْرٍ، وَاجْعَلْنَ فِي الأَخِيرَةِ كَافُوراً - أَوْ شَيْئاً مِنْ كَافُورٍ - فَإِذَا فَرَغْتُنَّ فَآذِنَّنِي)) .
فَلَمَّا فَرَغْنَا آذَنَّاهُ. فَأَعْطَانَا حَقْوَهُ. وَقَالَ: أَشْعِرْنَهَا بِهِ - تَعْنِي إزَارَهُ.
وَفِي رِوَايَةٍ «أَوْ سَبْعاً»، وَقَالَ: ((ابْدَأْنَ بِمَيَامِنِهَا وَمَوَاضِعِ الْوُضُوءِ مِنْهَا)) وَإِنَّ أُمَّ عَطِيَّةَ قَالَتْ: وَجَعَلْنَا رَأْسَهَا ثَلاثَةَ قُرُونٍ)) .

ഉമ്മു അത്വിയ്യ അൽ-അൻസാരിയ്യ رضي الله عنها നിവേദനം ചെയ്യുന്നു: അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم യുടെ പുത്രി മരണപ്പെട്ടപ്പോൾ റസൂല്‍ صلى الله عليه وسلم ഞങ്ങളുടെ അടുത്തു വന്നു പറഞ്ഞു: നിങ്ങൾ അവളെ മൂന്ന് തവണയോ അഞ്ച് തവണയോ അല്ലെങ്കിൽ അതില്‍ അധികമോ- ആവശ്യമെന്ന് നിങ്ങൾ കാണുന്നുവെങ്കില്‍-  വെള്ളവും ഇലന്തയിലയും (സിദ്ർ) ചേർത്ത് കുളിപ്പിക്കുക. അവസാന തവണ അല്പം കർപ്പൂരം (കാഫൂർ) ചേർക്കുക. നിങ്ങൾ കുളിപ്പിച്ചു കഴിഞ്ഞാൽ എന്നെ അറിയിക്കുക." 

  അവർ തുടർന്നു: ഞങ്ങൾ കുളിപ്പിച്ചു കഴിഞ്ഞപ്പോൾ റസൂല്‍ صلى الله عليه وسلم യെ വിവരമറിയിച്ചു. അപ്പോൾ അദ്ദേഹം തന്‍റെ ഉടുതുണി (ഇസാർ) ഞങ്ങൾക്ക് നൽകിക്കൊണ്ട് പറഞ്ഞു: "ഇത് അവളുടെ ശരീരത്തോട് ചേർത്ത് ഉടുപ്പിക്കുക."

    മറ്റൊരു നിവേദനത്തിൽ 'ഏഴു തവണ' എന്നും വന്നിട്ടുണ്ട്. നബി صلى الله عليه وسلم അവരോട് പറഞ്ഞു: "അവളുടെ വലതുഭാഗത്ത് നിന്നും അംഗശുദ്ധി (വുദു) വരുത്തുന്ന അവയവങ്ങളിൽ നിന്നും നിങ്ങൾ തുടങ്ങുക." ഉമ്മു അത്വിയ്യ رضي الله عنها പറഞ്ഞു: "ഞങ്ങൾ അവളുടെ മുടി മൂന്ന് മെടച്ചിലുകളാക്കി മാറ്റി."

  • (سدر): ഇലന്ത മരത്തിന്‍റെ ഇല. അഴുക്ക് കളയാൻ ഇത് ഉപയോഗിക്കുന്നു.

  • (كافور): നറുമണത്തിനായി ഉപയോഗിക്കുന്ന കർപ്പൂരം. ഇത് ശരീരത്തിന് കടുപ്പവും സുഗന്ധവും നൽകുന്നു.

  • (آذنني): എന്നെ അറിയിക്കുക.

  • (حَقْوه): അരയിൽ ഉടുക്കുന്ന തുണി (ഇസാർ).

  • (أشعرنها إياه): ഇത് അവളുടെ 'ശിആർ' ആക്കുക. ചർമ്മത്തോട് ചേർന്നുനിൽക്കുന്ന അടിവസ്ത്രത്തിനാണ് ശിആർ എന്ന് പറയുന്നത്.

  • (بميامنها): ശരീരത്തിന്‍റെ വലതുഭാഗം മുതൽ ആരംഭിക്കുക.


വിവരണം

    നബി صلى الله عليه وسلم യുടെ പുത്രി സൈനബ് رضي الله عنها അന്തരിച്ചപ്പോൾ, അവരെ കുളിപ്പിക്കുന്ന ഉമ്മു അത്വിയ്യ رضي الله عنها അടക്കമുള്ള സ്ത്രീകളുടെ അടുത്തേക്ക് നബി صلى الله عليه وسلم കടന്നുചെന്നു. ഈ ലോകത്തുനിന്നും തന്‍റെ നാഥനിലേക്ക് യാത്രയാകുന്ന മകൾക്ക് ഏറ്റവും പരിപൂർണ്ണമായ ശുദ്ധീകരണവും ആദരവും നൽകാനായി അവിടുന്ന് അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. 

    മുസ്‌ലിംകളായ മയ്യിത്തുകള്‍ക്ക് വേണ്ടി നിർവ്വഹിക്കേണ്ട  അവകാശങ്ങളില്‍ പെട്ടതാണ് അവരെ കുളിപ്പിക്കൽ, കഫ്ൻ ചെയ്യൽ, ഖബറടക്കൽ എന്നിവ. അവിടുന്ന് മകളെ കുളിപ്പിക്കുന്നവരോട് മൂന്ന്, അഞ്ച് അല്ലെങ്കിൽ അതില്‍ കൂടുതല്‍ തവണയായി ഒറ്റസംഖ്യയിൽ കുളിപ്പിക്കാൻ നിർദ്ദേശിച്ചു. മൂന്ന് തവണ കൊണ്ട് ശുദ്ധിയാകുന്നില്ലെങ്കിൽ വൃത്തിയാകുന്നത് വരെ അഞ്ചോ ഏഴോ തവണയായി വർദ്ധിപ്പിക്കാം. ഈ ശുദ്ധീകരണ പ്രക്രിയയിൽ വെള്ളവും ഇലന്തയിലയും (സിദ്ർ) ഉപയോഗിക്കാൻ അവിടുന്ന് കൽപ്പിച്ചു. ഇലന്തയില വെള്ളത്തിൽ കലക്കി പതാളിയുണ്ടാക്കി അത് ഉപയോഗിച്ച് ശരീരം തടവി കഴുകുന്നത് കൂടുതൽ വൃത്തി ലഭിക്കാന്‍ സഹായിക്കും.

    കുളിയുടെ അവസാന ഘട്ടത്തിൽ വെള്ളത്തിൽ അല്പം കർപ്പൂരം (കാഫൂർ) ചേർക്കാൻ നബി صلى الله عليه وسلم നിർദ്ദേശിച്ചു. ഇത് മയ്യിത്തിന് നറുമണം നൽകാനും, ശരീരം തണുപ്പിക്കാനും, കീടങ്ങളെ അകറ്റിനിർത്താനും, ശരീരം പെട്ടെന്ന് അഴുകാതെ ദൃഢമായി ഇരിക്കാനും സഹായിക്കുന്നു. അവസാന തവണ കർപ്പൂരം ഉപയോഗിക്കുന്നത് അതിന്‍റെ ഗന്ധവും ഗുണവും ശരീരത്തിൽ തങ്ങിനിൽക്കാൻ വേണ്ടിയാണ്.

    കുളിപ്പിക്കുമ്പോൾ ശരീരത്തിന്‍റെ വലതുഭാഗത്ത് നിന്നും, അംഗശുദ്ധി (വുദു) വരുത്തുന്ന അവയവങ്ങളിൽ നിന്നും തുടങ്ങണമെന്നത് പ്രധാനമായ ഒരു സുന്നത്താണ്. കുളി കഴിഞ്ഞ ശേഷം സൈനബ് رضي الله عنها യുടെ മുടി ചീകി ഒതുക്കി മൂന്ന് മെടച്ചിലുകളാക്കി ശരീരത്തിന്‍റെ പിന്നിലേക്ക് ഇട്ടു.

    കുളി പൂർത്തിയായ ശേഷം നബി صلى الله عليه وسلم തന്‍റെ ഉടുതുണി (ഇസാർ) അവർക്ക് നൽകി. ഇത് അവളുടെ ശരീരത്തോട് ചേർത്ത് ഉടുപ്പിക്കാൻ  അവിടുന്ന് കൽപ്പിച്ചു. ഇസ്‌ലാമിക നിയമങ്ങൾക്കനുസരിച്ച് മയ്യിത്തിന് നൽകേണ്ട ആദരവും ശുദ്ധീകരണവും എങ്ങനെയായിരിക്കണമെന്ന് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1-  മയ്യിത്ത് കുളിപ്പിക്കുക എന്നത് സമൂഹത്തിന് മേലുള്ള ബാധ്യതയാണ് (ഫർദ് കിഫായ).
2- സ്ത്രീകളെ സ്ത്രീകളും പുരുഷന്മാരെ പുരുഷന്മാരുമാണ് കുളിപ്പിക്കേണ്ടത്. എന്നാൽ ദമ്പതികൾക്കും (ഭർത്താവിനും ഭാര്യക്കും) അന്യോന്യം കുളിപ്പിക്കാവുന്നതാണ്.
3- മയ്യിത്തിനെ മൂന്ന് തവണ കുളിപ്പിക്കുക, ശുദ്ധിയായില്ലെങ്കിൽ അഞ്ചോ ഏഴോ ആയി വർദ്ധിപ്പിക്കാം. എന്നാൽ എണ്ണം എപ്പോഴും ഒറ്റസംഖ്യയിൽ  നിർത്തുക എന്നത് സുന്നത്താണ്. കുളിപ്പിച്ച ശേഷവും ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ പുറപ്പെടുന്നുണ്ടെങ്കിൽ അത് തടയാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണം.
4- വെള്ളത്തോടൊപ്പം ഇലന്തയില (സിദ്ർ) ചേർക്കുന്നത് ശരീരത്തെ കൂടുതൽ ശുദ്ധീകരിക്കാനും ദൃഢമാക്കാനും സഹായിക്കുന്നു. അവസാന തവണ കർപ്പൂരം (കാഫൂർ) ചേർക്കുന്നത് ശരീരത്തിന് സുഗന്ധം നൽകാനും, അഴുകുന്നത് തടയാനും, കീടങ്ങളെ അകറ്റാനും ഉപകരിക്കും.
5- കുളിപ്പിക്കുമ്പോൾ ശരീരത്തിന്‍റെ വലതുഭാഗം, അംഗശുദ്ധി വരുത്തുന്ന അവയവങ്ങൾ (വുദുവിന്‍റെ അവയവങ്ങൾ) എന്നിവയിൽ നിന്നാണ് തുടങ്ങേണ്ടത്.
6- സ്ത്രീകളുടെ മുടി ചീകി ഒതുക്കി മൂന്ന് മെടച്ചിലുകളാക്കി ശരീരത്തിന്‍റെ പിന്നിലേക്ക് ഇടുന്നത് മുസ്തഹബ്ബാണ്.
7- മയ്യിത്ത് കുളിപ്പിക്കാൻ മറ്റുള്ളവരുടെ സഹായം തേടാം, എന്നാൽ ആവശ്യമുള്ളവർ മാത്രമേ അവിടെ ഹാജരാകാവൂ. വിശ്വസ്തരായ വ്യക്തികളെ ഈ ചുമതല ഏൽപ്പിക്കുന്നത് ഉചിതമാണ്.

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...