عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ)
ഇഹ്'റാമില്‍ മരണപ്പെട്ടാല്‍
167 - عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رضي
الله عنهما قَالَ: ((بَيْنَمَا رَجُلٌ وَاقِفٌ بِعَرَفَةَ، إذْ وَقَعَ عَنْ
رَاحِلَتِهِ، فَوَقَصَتْهُ - أَوْ قَالَ: فَأَوْقَصَتْهُ - فَقَالَ رَسُولُ اللَّهِ صلى الله عليه وسلم: اغْسِلُوهُ بِمَاءٍ وَسِدْرٍ،
وَكَفِّنُوهُ فِي ثَوْبَيْهِ. وَلا تُحَنِّطُوهُ، وَلا تُخَمِّرُوا رَأْسَهُ.
فَإِنَّهُ يُبْعَثُ يَوْمَ الْقِيَامَةِ مُلَبِّياً)) . وَفِي رِوَايَةٍ: ((وَلا
تُخَمِّرُوا وَجْهَهُ وَلا رَأْسَهُ)) .
അബ്ദുല്ലാഹിബ്നു അബ്ബാസ് رضي الله عنهما നിവേദനം ചെയ്യുന്നു: "ഒരാൾ അറഫയിൽ (തന്‍റെ വാഹനപ്പുറത്ത്) നിൽക്കുമ്പോൾ പെട്ടെന്ന് അയാൾ വാഹനത്തിൽ നിന്ന് താഴെ വീഴുകയും, വാഹനം അയാളുടെ കഴുത്ത് ചവിട്ടി ഒടിക്കുകയും ചെയ്തു (അദ്ദേഹം മരണപ്പെട്ടു). അപ്പോൾ അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിങ്ങൾ അദ്ദേഹത്തെ വെള്ളവും ഇലന്തയിലയും (സിദ്ർ) ഉപയോഗിച്ച് കുളിപ്പിക്കുക, അദ്ദേഹത്തിന്‍റെ തന്നെ രണ്ട് വസ്ത്രങ്ങളിൽ (ഇഹ്റാമിന്‍റെ വസ്ത്രം) കഫ്ൻ ചെയ്യുക. അദ്ദേഹത്തിന് സുഗന്ധദ്രവ്യങ്ങൾ (ഹനൂത്) പുരട്ടരുത്, അദ്ദേഹത്തിന്‍റെ തല മറയ്ക്കുകയും ചെയ്യരുത്. തീർച്ചയായും അദ്ദേഹം അന്ത്യദിനത്തിൽ 'തൽബിയത്ത്' ചൊല്ലിക്കൊണ്ടായിരിക്കും ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക." മറ്റൊരു നിവേദനത്തിൽ: "അദ്ദേഹത്തിന്‍റെ മുഖമോ തലയോ മറയ്ക്കരുത്" എന്നും വന്നിട്ടുണ്ട്.
(الوَقْصُ): കഴുത്ത് ഒടിയുക.
(لاتحنطوه): അദ്ദേഹത്തിന് സുഗന്ധദ്രവ്യങ്ങൾ പുരട്ടരുത്.
(لاتخمروا رأْسَه): അദ്ദേഹത്തിന്‍റെ തല മറയ്ക്കരുത്.
വിവരണം
ഈ ലോകത്ത് ചെയ്ത പ്രവർത്തനങ്ങൾക്ക് അന്ത്യദിനത്തിൽ ലഭിക്കുന്ന പ്രതിഫലം അവനവൻ ചെയ്ത കർമ്മങ്ങളുടെ സ്വഭാവത്തിനനുസരിച്ചായിരിക്കും. ഓരോ മനുഷ്യനും മരിക്കുമ്പോൾ ഏത് വിശ്വാസത്തിലാണോ, എന്ത് കർമ്മത്തിലാണോ ഏർപ്പെട്ടിരുന്നത്, അതേ അവസ്ഥയിലായിരിക്കും അന്ത്യദിനത്തിൽ അവൻ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക.
ഈ ഹദീസിൽ അബ്ദുല്ലാഹിബ്നു അബ്ബാസ് رضي الله عنهما ഇപ്രകാരം വിവരിക്കുന്നു: വിടവാങ്ങല്‍ ഹജ്ജിന്‍റെ വേളയിൽ ഒരാൾ നബി صلى الله عليه وسلم യോടൊപ്പം അറഫ മൈതാനത്ത് നിൽക്കുകയായിരുന്നു. അദ്ദേഹം തന്‍റെ വാഹനപ്പുറത്തായിരുന്നു. പെട്ടെന്ന് അദ്ദേഹം വാഹനത്തിൽ നിന്ന് താഴെ വീഴുകയും വാഹനം അദ്ദേഹത്തിന്‍റെ കഴുത്ത് ചവിട്ടി ഒടിക്കുകയും ചെയ്തു. പെട്ടെന്ന് തന്നെ അദ്ദേഹം മരണപ്പെട്ടു.
അപ്പോൾ നബി صلى الله عليه وسلم സ്വഹാബികളോട് ഇപ്രകാരം കൽപ്പിച്ചു:
വെള്ളവും ഇലന്തയിലയും (സിദ്ർ) ഉപയോഗിച്ച് അദ്ദേഹത്തെ കുളിപ്പിക്കുക. (സിദ്റിന് നല്ല ഗന്ധമുണ്ടെങ്കിലും അത് സുഗന്ധദ്രവ്യമായി കണക്കാക്കില്ല).
അദ്ദേഹം ധരിച്ചിരുന്ന രണ്ട് വസ്ത്രങ്ങളിൽ (ഇഹ്റാമിന്‍റെ വസ്ത്രങ്ങൾ) തന്നെ അദ്ദേഹത്തെ കഫ്ൻ ചെയ്യുക.
അദ്ദേഹത്തിന് സുഗന്ധദ്രവ്യങ്ങൾ പുരട്ടരുത്.
അദ്ദേഹത്തിന്‍റെ തല മറക്കരുത്.
കാരണം, അദ്ദേഹം ഹജ്ജിന്‍റെ കർമ്മങ്ങളിൽ ഏർപ്പെട്ടിരിക്കെയാണ് അന്തരിച്ചത്. ഇഹ്റാമിലിരിക്കുന്ന ഒരാൾ സുഗന്ധം ഉപയോഗിക്കാനോ തല മറയ്ക്കാനോ പാടില്ല. ഇതിനുള്ള കാരണമായി നബി صلى الله عليه وسلم വിശദീകരിച്ചത്: "തീർച്ചയായും അദ്ദേഹം അന്ത്യദിനത്തിൽ തൽബിയത്ത് ചൊല്ലിക്കൊണ്ടായിരിക്കും (ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക)" എന്നാണ്. ഏത് പുണ്യകർമ്മത്തിലാണോ അദ്ദേഹം മരിച്ചത്, അതേ അവസ്ഥയിൽ അദ്ദേഹം അല്ലാഹുവിങ്കലേക്ക് മടങ്ങും എന്ന പാഠം ഇതില്‍ നിന്നും ലഭിക്കുന്നു.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- മുസ്‌ലിം മയ്യിത്ത് കുളിപ്പിക്കൽ നിർബന്ധമാണ് അത് ഫർദ് കിഫായ ആണ്.
2- ഇഹ്റാമിലിരിക്കുന്ന വ്യക്തി കുളിക്കുന്നത് അനുവദനീയമാണ്.
3- മയ്യിത്തിനെ കുളിപ്പിക്കുമ്പോൾ ശുദ്ധിക്ക് പ്രാധാന്യം നൽകണം (സിദ്ർ അല്ലെങ്കില്‍ താളി ഉപയോഗിക്കൽ അതിന് സഹായിക്കും).
4- ഇഹ്റാമിൽ മരണപ്പെട്ടയാളെ തന്‍റെ ഇഹ്റാം വസ്ത്രങ്ങളിൽ തന്നെ കഫ്ൻ ചെയ്യാം.
5- പുരുഷനായാലും സ്ത്രീയായാലും ഇഹ്റാമിലിരിക്കെ മരണപ്പെട്ടാൽ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കരുത്.
6- ഇഹ്റാമിൽ മരണപ്പെട്ടയാളുടെ തലയും മുഖവും മറക്കാന്‍ പാടില്ല.
7- ഇഹ്റാമിൽ മരണപ്പെട്ടയാളുടെ പ്രതിഫലം അന്ത്യനാൾ വരെ തുടരുന്നതാണ്; അദ്ദേഹം തൽബിയത്ത് ചൊല്ലിക്കൊണ്ട് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടും.
8- ഒരു സൽകർമ്മം (അറിവ് നേടല്‍, ജിഹാദ് തുടങ്ങിയവ) പൂർത്തിയാക്കാൻ ഉദ്ദേശിച്ച് ഇറങ്ങിത്തിരിക്കുകയും അതിനിടയിൽ മരണപ്പെടുകയും ചെയ്താൽ അയാളുടെ ഉദ്ദേശത്തിനനുസരിച്ചുള്ള പ്രതിഫലം ലഭിക്കും.
9- ഹജ്ജിലോ ഉംറയിലോ ഇരിക്കെ മരണപ്പെട്ടാൽ ബാക്കി കർമ്മങ്ങൾ മറ്റൊരാൾ പൂർത്തിയാക്കേണ്ടതില്ല.
10- വിധികൾ അതിന്‍റെ കാരണങ്ങളോടൊപ്പം പഠിപ്പിക്കുക എന്നത് നബിചര്യയാണ്.

No comments:
Post a Comment