ഫോളോ ചെയ്യാം

Thursday, 17 April 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 181 دروس الحديث - മതത്തില്‍ അതിരു വിടാന്‍ പാടില്ല, കര്‍മങ്ങള്‍ മിതമായി സ്ഥിരമായി ചെയ്യുക

 


മതത്തില്‍ അതിരു വിടാന്‍ പാടില്ല, കര്‍മങ്ങള്‍ മിതമായി സ്ഥിരമായി ചെയ്യുക

عَنْ عَائِشَةَ، قَالَتْ: دَخَلَ عَلَيَّ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَعِنْدِي امْرَأَةٌ، فَقَالَ: مَنْ هَذِهِ؟ فَقُلْتُ: امْرَأَةٌ لاَ تَنَامُ تُصَلِّي، قَالَ: عَلَيْكُمْ مِنَ الْعَمَلِ مَا تُطِيقُونَ، فَوَاللَّهِ لاَ يَمَلُّ اللَّهُ حَتَّى تَمَلُّوا ، وَكَانَ أَحَبَّ الدِّينِ إِلَيْهِ مَا دَاوَمَ عَلَيْهِ صَاحِبُهُ.-رواه مسلم

ആഇശ رضي اللَّهُ عنها പറഞ്ഞു: എന്‍റെ അടുക്കല്‍ ഒരു സ്ത്രീ ഉണ്ടായിരിക്കേ എന്‍റടുത്തേക്ക് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പ്രവേശിച്ചു. റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ചോദിച്ചു: ഇത് ആരാണ്? ഞാന്‍ പറഞ്ഞു: ഉറങ്ങാതെ നമസ്കരിക്കുന്ന ഒരു സ്ത്രീയാണ്. റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: നിങ്ങള്‍ക്ക് സാധിക്കുന്നതായ കര്‍മം നിങ്ങള്‍ ചെയ്യുക, അല്ലാഹുവാണ് സത്യം... നിങ്ങള്‍ക്ക് മടുക്കുന്നത് വരെ അല്ലാഹുവിന് മടുപ്പുണ്ടാവുകയില്ല. അല്ലാഹുവിലേക്ക് മതത്തില്‍ ഏറ്റവും ഇഷ്ടമുള്ളത് ഒരാള്‍ പതിവായി ചെയ്യുന്ന കര്‍മമാണ്.

വിവരണം

സല്‍ക്കര്‍മങ്ങള്‍ നാം ധാരാളമായി ചെയ്യണം. അതില്‍ നമുക്ക് സംശയമില്ല. എന്നാല്‍ സല്‍ക്കര്‍മങ്ങളില്‍ അതിരു വിടാന്‍ മതം പഠിപ്പിക്കുന്നില്ല. അങ്ങനെ ചെയ്യുന്നത് മത വിരുദ്ധവും ആക്ഷേപാര്‍ഹവുമായ കാര്യമാണ്.

ജീവിത കാലം മുഴുവന്‍ നമസ്കരിച്ച് തീര്‍ക്കാനോ, എല്ലാ ദിവസവും നോമ്പനുഷ്ടിക്കാനോ പണം മുഴുവന്‍ ദാനം ചെയ്യാനോ ആരാധനകള്‍ക്കായി ഭൗതികമായി നമുക്ക് അനുവദിച്ച് തന്ന കാര്യങ്ങളെ പാടെ ഉപേക്ഷിക്കാനോ മതം അനുവാദം നല്‍കുന്നില്ല.

മത വിഷയങ്ങളില്‍ അതിരു വിട്ട് ചിന്തിച്ച മൂന്നാളുകളെ വിളിച്ച് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞത് ശ്രദ്ധേയമാണ്. ഞാന്‍ ആണ് നിങ്ങളേക്കാള്‍ സൂക്ഷ്മതാ ബോധമുള്ളവനും അല്ലാഹുവിനെ ഏറ്റവും ഭയപ്പെടുന്നവനും. ഞാന്‍ നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യും, നോമ്പെടുക്കുകയും ചില ദിവസങ്ങളില്‍ നോമ്പെടുക്കാതിരിക്കുകയും ചെയ്യും ഞാന്‍ കല്യാണം കഴിക്കുകയും ചെയ്യും. ആര് എന്‍റെ സുന്നത്തിനെ വെറുത്തുവോ അവന്‍ നമ്മില്‍ പെട്ടവനല്ല എന്നാണ് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അവരോട് പറഞ്ഞത്.

അവര്‍ ഇസ്ലാമില്‍ പഠിപ്പിക്കപ്പെട്ട ആരാധനാകാര്യങ്ങള്‍ അമിതമായി ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അവരെ തിരുത്തിയത്.

ഈ ഹദീസില്‍ പറയപ്പെട്ട സ്ത്രീ രാത്രിയില്‍ ഉറങ്ങാതെ നമസ്കരിക്കാറുണ്ടായിരുന്നു എന്നാണ് ആഇശ رضي اللَّهُ عنها പറഞ്ഞത്. അപ്പോള്‍ അങ്ങനെ അമിതമായി ചെയ്യരുതെന്ന് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അവരെ പഠിപ്പിക്കുന്നതാണ് ഹദീസില്‍ ഉള്ളത്.

എന്നും ചെയ്യാന്‍ സാധിക്കുന്ന വിധമാണ് കര്‍മങ്ങള്‍ ചെയ്യേണ്ടത്. കാലങ്ങള്‍ കഴിയുമ്പോള്‍ ചെയ്യാന്‍ പ്രയാസമുള്ള വിധം അവ ചെയ്യുന്നതിനെ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ വിമര്‍ശിക്കുകയാണ്. മടുപ്പില്ലാത്ത വിധം നമുക്ക് ഉന്‍മേഷത്തോടെ എന്നും ചെയ്യാന്‍ പറ്റുന്ന വിധം ആണ് കര്‍മങ്ങള്‍ ചെയ്യേണ്ടത്. ചെയ്യുന്ന കര്‍മങ്ങള്‍ ജീവിതത്തില്‍ സ്ഥിരമായി ചെയ്യാനും ശ്രദ്ധിക്കണം. കാരണം ദീനില്‍ റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ഒരാള്‍ സ്ഥിരമായി ചെയ്യുന്ന കാര്യങ്ങളാണ്.

അല്ലഹുവിന് കര്‍മങ്ങളില്‍ ഏറ്റവും ഇഷ്ടമുള്ളത് പതിവായി ചെയ്യുന്നതാണ്, അത് എത്ര കുറച്ചാണെങ്കിലും ശരി എന്ന് വേറെ ഹദീസില്‍ ഉണ്ട്.

ചില ആളുകള്‍ ശരീരത്തെ അങ്ങേയറ്റം പ്രയാസപ്പെടുത്തി കര്‍മങ്ങള്‍ ചെയ്യുന്നുണ്ട്. അങ്ങനെ പാടില്ല എന്നാണ് മതം നിഷ്കര്‍ഷിക്കുന്നത്.

ചെയ്യുന്ന കാര്യങ്ങള്‍ സ്ഥിരമായും കൃത്യമായും ചെയ്യണം. എങ്ങനെയെങ്കിലും ചെയ്താല്‍ പോരാ. നമസ്കാരത്തിന്‍റെ വിഷയത്തില്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറയുന്നത് നോക്കൂ: നിശ്ചയം ഒരാള്‍ 60 വര്‍ഷമായി നമസ്കരിക്കുന്നു. എന്നാല്‍ അവന്‍റെ നമസ്കാരം സ്വീകരിക്കപ്പെടുന്നില്ല. അവന്‍ തന്‍റെ റുകൂഅ് പൂര്‍ത്തിയാക്കിയേക്കാം, എന്നാല്‍ അവന്‍ അവന്‍റെ സുജൂദ് പൂര്‍ത്തിയാക്കുന്നില്ല. ചിലപ്പോള്‍ സുജൂദ് പൂര്‍ണ്ണമാക്കിയേക്കാം എന്നാല്‍ അവന്‍റെ റുകൂഅ് അവന്‍ പരിപൂര്‍ണ്ണമാക്കുന്നില്ല. (സ്വഹീഹുത്തര്‍ഹീബ്: 529)

അപ്പോള്‍ മതകാര്യങ്ങള്‍ ചെയ്യുമ്പോള്‍ പഠിപ്പിക്കപ്പെട്ട വിധം മാത്രം ചെയ്യാന്‍ ശ്രമിക്കുക. ഒരു ആവേശത്തില്‍ അമിതമായി കാര്യങ്ങള്‍ ചെയ്യാന്‍ ഒരുങ്ങിയാല്‍ പിന്നീട് അത് ജീവിതത്തില്‍ തുടര്‍ത്താന്‍ അവന് സാധിച്ചെന്ന് വരില്ല.

മതത്തില്‍ അതിരു കവിഞ്ഞ് അഭിപ്രായങ്ങള്‍ പറഞ്ഞവരും അത്തരം കാര്യങ്ങളില്‍ ഇടപെട്ടവരില്‍ പലരും മതം ഉപേക്ഷിക്കുന്ന അവസ്ഥയിലേക്ക് വരെ എത്തിച്ചേരുന്ന സാഹചര്യം നമുക്ക് ചുറ്റുമുണ്ട്.

ആയതിനാല്‍ മതത്തിന്‍റെ കാര്യങ്ങളില്‍ മിതത്വം പാലിക്കുക. മതവിഷയങ്ങളില്‍ അലസത കാണിക്കണമെന്നല്ല ഇതിന്‍റെ അര്‍ത്ഥം. മതത്തില്‍ അലസതയുടേയും അമിതാവേശത്തിന്‍റേയും ഇടയില്‍ മധ്യമ നിലപാട് സ്വീകരിക്കാന്‍ കഴിയണം.
തെറ്റുകള്‍ കണ്ടാല്‍ അപ്പപ്പോള്‍ തിരുത്തണം എന്ന പാഠം ഈ ഹദീസിലൂടെ ലഭിക്കുന്നു.

മതം എളുപ്പമാണ്, എളുപ്പമുള്ള വിധത്തിലായിരിക്കണം മത കാര്യങ്ങള്‍ ചെയ്യേണ്ടത്. ശരീരത്തെ പ്രയാസപ്പെടുത്തി കര്‍മങ്ങള്‍ ചെയ്യേണ്ട ആവശ്യം ഇല്ല.

അല്ലാഹു നമ്മുടെ കര്‍മങ്ങള്‍ക്ക് പ്രതിഫലം നല്‍കും, നാം എത്ര കര്‍മങ്ങള്‍ ചെയ്താലും ശരി. എന്നാല്‍ കര്‍മങ്ങളില്‍ മടുപ്പുണ്ടായി ചെയ്യുമ്പോള്‍ അതിന് പ്രതിഫലം നല്‍കുന്നതില്‍ അല്ലാഹുവിനും മടുപ്പുണ്ടാകും. അഥവാ അപ്പോള്‍ പ്രതിഫലത്തില്‍ കുറവ് ഉണ്ടാകും എന്നര്‍ത്ഥം. അല്ലാതെ സൃഷ്ടികളെ പോലെ അല്ലാഹുവിന് മടുപ്പ് ഉണ്ട് എന്ന് പറയാന്‍ പാടില്ല.

No comments:

Post a Comment

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...