ഫോളോ ചെയ്യാം

Sunday, 6 April 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 173 دروس الحديث - സ്ത്രീകള്‍ക്ക് പള്ളി വിലക്കരുത്

 


സ്ത്രീകള്‍ക്ക് പള്ളി വിലക്കരുത്

عَنِ ابْنِ عُمَرَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم «لاَ تَمْنَعُوا نِسَاءَكُمُ الْمَسَاجِدَ وَبُيُوتُهُنَّ خَيْرٌ لَهُنَّ».- رواه أبو داود في سننه- صحيح  

ഇബ്നു ഉമര്‍ رضي الله عنه നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ സ്ത്രീകളെ പള്ളിയെ തൊട്ട് തടയരുത്, അവരുടെ വീടുകളാകുന്നു അവര്‍ക്ക് ഉത്തമം.

വിവരണം


ജുമുഅക്കും ജമാഅത്തിനും സ്ത്രീകള്‍ക്ക് പള്ളിയില്‍ പോകാന്‍ ഇസ്ലാം അനുവാദം നല്‍കുന്നുണ്ട്. അവരെ പള്ളിയെ തൊട്ട് തടയരുതെന്ന് നബി صلى الله عليه وسلم പറഞ്ഞിരിക്കുന്നു.

സ്വഹാബി വനിതകള്‍ ജുമുഅ, ജമാഅത്തിന് പള്ളിയില്‍ പോകാറുണ്ടായിരുന്നു എന്ന് അനേകം ഹദീസുകളില്‍ നിന്ന് സ്ഥിരപ്പെട്ടതാണ്.

പള്ളിയില്‍ പോകാന്‍ അവര്‍ അനുവാദം ചോദിച്ചാല്‍ അവരെ അതില്‍ നിന്ന് തടയരുതെന്ന് നബി صلى الله عليه وسلم വ്യക്തമക്കിയിരിക്കുന്നു. സ്വഹാബികള്‍ക്കെല്ലാം ഈ കാര്യം വ്യക്തമായിട്ടുമുണ്ട്.

നമ്മുടെ നാട്ടില്‍ സ്ത്രീകളെ പള്ളിയില്‍ നിന്നും വിലക്കുന്ന പ്രവണതയുണ്ട്. അത് ഇസ്ലാമിക നിയമങ്ങള്‍ക്ക് എതിരാണ്. ഈ എതിര്‍ക്കുന്നവര്‍ നേര്‍ച്ചപ്പൂരങ്ങള്‍ക്കും മറ്റു അനിസ്ലാമിക ആഘോഷങ്ങള്‍ക്കും സ്ത്രീകളെ തെരുവിലേക്ക് അഴിഞ്ഞാടുന്ന വിധം പുറത്തിറങ്ങാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു എന്ന വിരോധാഭാസം നമ്മള്‍ കാണുന്നു.

നട്ടപ്പാതിരക്ക് വരെ ആണ്‍-പെണ്‍ ഇടകലരലുകള്‍ ഇത്തരം അനാചാരങ്ങളില്‍ നടന്ന് വരുന്നുണ്ട്. അവര്‍ ഇസ്ലാമിക നിയമങ്ങളും നിര്‍ദേശങ്ങളും മനസ്സിലാക്കുകയും അതിനനുസരിച്ച് നിലപാടെടുക്കുകയും ചെയ്യലാണ് ഉത്തമം.

സ്ത്രീകള്‍ പള്ളിയില്‍ പോകുമ്പോള്‍ പാലിക്കേണ്ട മര്യാദകളും നിബന്ധനകളും:

സ്ത്രീകള്‍ക്ക് പള്ളിയില്‍ പോകാമെങ്കിലും അവര്‍ അതിന്‍റെ മര്യാദകള്‍ പാലിക്കുന്നവരായിരിക്കണം. അതില്‍ പെട്ട കാര്യങ്ങള്‍ താഴെ കൊടുക്കുന്നു:

1- സ്ത്രീക്ക് ഫിത്നയില്‍ അകപ്പെടില്ലെന്ന് നിര്‍ഭയത്വം ഉണ്ടാവണം. അവള്‍ മുഖേന മറ്റുള്ളവരും ഫിത്നയിലാവില്ലെന്ന് ഉറപ്പിക്കണം.

2- അവള്‍ പള്ളിയില്‍ വരുന്നതോട് കൂടി മതപരമായ ഏതെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാവരുത്.

3- അവള്‍ പുരുഷന്‍മാരുമായി കൂടിക്കലരരുത്.

4- അലങ്കാരം വെളിവാക്കാതെ ഹിജാബോട് കൂടിയായിരിക്കണം പള്ളിയില്‍ വരേണ്ടത്.

5- പള്ളിയില്‍ അവര്‍ക്കുള്ള പ്രത്യേക കവാടത്തിലൂടെ മാത്രം അവര്‍ പള്ളിയില്‍ പ്രവേശിക്കണം

6- സുഗന്ധം പൂശിക്കൊണ്ട് പള്ളിയിലേക്ക് വരരുത്.

7- സ്ത്രീകള്‍ അവര്‍ക്ക് പ്രത്യേകം ഏര്‍പ്പെടുത്തിയ സ്ഥലത്തായിരിക്കണം സ്വഫ്ഫായി നില്‍ക്കേണ്ടത്.

8- അവര്‍ പള്ളിയില്‍ ശബ്ദമുയര്‍ത്തി സംസാരിക്കരുത്.

ഈ നിബന്ധനകള്‍ പാലിക്കപ്പെടണം. ഇതിന് സാധിക്കില്ലെങ്കില്‍ അവള്‍ക്ക് വീടാണ് ഉത്തമം.

No comments:

Post a Comment

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...