ലജ്ജ വിശ്വാസത്തില്‍ പെട്ടതാണ്
عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ صَلَّى
اللَّهُ عَلَيْهِ وَسَلَّمَ: «الحَيَاءُ مِنَ الإِيمَانِ، وَالإِيمَانُ فِي الجَنَّةِ،
وَالبَذَاءُ مِنَ الجَفَاءِ، وَالجَفَاءُ فِي النَّارِ»- رواه الترمذي- صحيح
അബൂഹുറൈറ رضي اللَّهُ عنه നിവേദനം: റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ലജ്ജ ഈമാനില്‍ പെട്ടതാണ്. ഈമാന്‍ സ്വര്‍ഗ്ഗത്തിലുമാണ്. എന്നാല്‍ ലജ്ജയില്ലായ്മ തോന്നിവാസത്തില്‍ പെട്ടതും തോന്നിവാസം നരകത്തിലുമാണ്.
വിവരണം
ലജ്ജ ഉല്‍കൃഷ്ടമായ ഗുണങ്ങളില്‍ ഒന്നാണ്, മാത്രമല്ല, അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും കൂടിയാണ്.
ലജ്ജ നേടിയെടുക്കാന്‍ പരിശ്രമിക്കുന്നവര്‍ക്ക് വിജയങ്ങളുണ്ടാകും.തന്‍റെ ആത്മാവിനോട് ജിഹാദ് ചെയ്യുകയും ലജ്ജ എന്ന ഗുണം നേടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് ഭാഗ്യവാന്മാര്‍.
ശൈഖ് ഇബ്നു ഉഥൈമീന്‍ رحمه اللَّهُ പറയുന്നു: ലജ്ജ ഒരു സ്വാഭാവിക ഗുണമാണോ അതോ നേടിയെടുക്കാവുന്ന ഒന്നാണോ?
ഉത്തരം: അത് രണ്ടും ആണ്. മനുഷ്യന്‍ തന്‍റെ സ്വഭാവം നന്നാക്കിയാല്‍ ലജ്ജ സ്വാഭാവികമായി ഉണ്ടാകും. അങ്ങനെ അവന്‍ ലജ്ജാശീലനാകും. ചില ആളുകളെ ആദ്യം നോക്കിയാല്‍ ലജ്ജയില്ലാത്തവരും യാതൊന്നും കാര്യമാക്കാത്തവരും ആയിരിക്കും. പിന്നീട് അവന് അല്ലാഹു വിജ്ഞാനവും ധാരണയും നല്‍കിയാല്‍ അവന്‍ ലജ്ജാശീലനായി മാറും. അവന്‍ സ്വന്തത്തെ നിയന്ത്രിക്കുകയും ആളുകള്‍ക്ക് മുമ്പില്‍ ലജ്ജയില്ലാത്ത കാര്യങ്ങള്‍ പറയാതിരിക്കുകയും ചെയ്യും.
മനുഷ്യനില്‍ ലജ്ജ മൂന്ന് തരത്തിലാണുണ്ടാവുക
- അല്ലാഹുവിനോടുള്ള ലജ്ജ
- ജനങ്ങളോടുള്ള ലജ്ജ
- സ്വന്തത്തോടുള്ള ലജ്ജ.
ഉമര്‍ رضي اللَّهُ عنه പറഞ്ഞു: 'ആരുടെയെങ്കിലും ലജ്ജ കുറഞ്ഞാല്‍ അവന്‍റെ ഭക്തി കുറയും. ആരുടെ ഭക്തി കുറഞ്ഞോ അവന്‍റെ ഹൃദയം മരിച്ചിരിക്കുന്നു'.
ഇബ്നുമസ്ഊദ് رضي اللَّهُ عنه പറഞ്ഞു: 'ജനങ്ങളോട് ലജ്ജ കാണിക്കാത്തവന്‍ അല്ലാഹുവോടും ലജ്ജ കാണിക്കുകയില്ല'.
ഫുദൈലുബ്നു ഇയാദ് رحمه اللَّهُ പറഞ്ഞു: 'അഞ്ച് കാര്യങ്ങള്‍ ദൗര്‍ഭാഗ്യത്തിന്‍റെ അടയാളങ്ങളാണ്. ഹൃദയം കടുത്തു പോകല്‍, കണ്ണ് വറ്റിപ്പോകല്‍, ലജ്ജയിലുള്ള കുറവ്, ദുന്‍യാവിനോടുള്ള അമിതമായ ആഗ്രഹം, ദുന്‍യാവിനോടുള്ള നീണ്ട പ്രതീക്ഷ എന്നിവയാണത്'.
ലജ്ജയുടെ ഗുണങ്ങള്‍
- ലജ്ജ എല്ലാ നന്മകളുടെയും താക്കോല്‍ ആണ്
- ലജ്ജ എന്നാല്‍ ഈമാന്‍ ആണ്
- ലജ്ജ വിശ്വാസിക്ക് നല്ലൊരു അലങ്കാരമാണ്
- അല്ലാഹുവിന് ഏറെ ഇഷ്ടമുള്ള ഒരു സ്വഭാവമാണ്
- സ്വര്‍ഗ്ഗത്തിലേക്ക് മനുഷ്യനെ നയിക്കുന്ന കാര്യമാണ്.
- ഇസ്ലാമിന്‍റെ സ്വഭാവം ആണ് ലജ്ജ എന്ന് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്
- എല്ലാ പ്രവാചകന്മാരുടെയും ശരീഅത്ത് ആണ് ലജ്ജ
- ലജ്ജ തിന്മകളെ അകറ്റി നിര്‍ത്തുന്ന സ്വഭാവ ഗുണമാണ്.
- ലജ്ജ മുഴുവന്‍ നന്‍മയാണ്. ലജ്ജയില്ലെങ്കില്‍ നീ എന്ത് വേണമെങ്കിലും ചെയ്ത് കൊള്ളുക എന്ന് എല്ലാ നബിമാരും അനുയായികളെ പഠിപ്പിച്ച കാര്യമാണ്. അഥവാ ലജ്ജയില്ലാത്തവനാണ് മോശത്തരങ്ങള്‍ ചെയ്യുക എന്നാണിത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ആധുനിക കാലത്ത് ലജ്ജ എന്ന സല്‍ഗുണത്തിന് വില നല്‍കാത്ത അവസ്ഥ നമുക്ക് കാണാന്‍ സാധിക്കും.
ലജ്ജയില്ലാതെ ആളുകള്‍ കാണിക്കുന്ന പേക്കൂത്തുകള്‍ അവരുടെ ഈമാനിന്‍റെ കുറവിനെയാണ് സൂചിപ്പിക്കുന്നത്.
ആളുകളെ ചിരിപ്പിക്കാനോ, തമാശയായിട്ടോ ലജ്ജയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ വിശ്വാസികളില്‍ നിന്ന് ഉണ്ടായിക്കൂടാ.

No comments:
Post a Comment