ഫോളോ ചെയ്യാം

Tuesday, 15 April 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 179 دروس الحديث - നന്ദി ബോധവും ക്ഷമയും

 


നന്ദി ബോധവും ക്ഷമയും

عَنْ صُهَيْبٍ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: عَجَبًا لأَمْرِ الْمُؤْمِنِ، إِنَّ أَمْرَهُ كُلَّهُ خَيْرٌ، وَلَيْسَ ذَاكَ لأَحَدٍ إِلاَّ لِلْمُؤْمِنِ، إِنْ أَصَابَتْهُ سَرَّاءُ شَكَرَ، فَكَانَ خَيْرًا لَهُ، وَإِنْ أَصَابَتْهُ ضَرَّاءُ، صَبَرَ فَكَانَ خَيْرًا لَهُ. -رواه مسلم

സ്വുഹൈബ് رضي اللَّهُ عنه നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ഒരു വിശ്വാസിയുടെ കാര്യം അത്ഭുതമാണ്, നിശ്ചയം അവന്‍റെ എല്ലാ കാര്യങ്ങളും നന്‍മയാണ്. അത് വിശ്വാസിക്കല്ലാതെ വേറെ ഒരാള്‍ക്കുമില്ല. അവന് സന്തോഷം ബാധിച്ചാല്‍ അവന്‍ നന്ദി കാണിക്കും, അപ്പോള്‍ അത് അവന് നന്‍മയാണ്. ഇനി അവന് വല്ല ദ്രോഹവും ബാധിച്ചാല്‍ അവന്‍ ക്ഷമിക്കും, അപ്പോള്‍ അതും അവന് നന്‍മയാണ്.

വിവരണം

വിശ്വാസം പരിപൂര്‍ണമായ ഒരാളില്‍ ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ച് അറിയിക്കുന്ന ഹദീസാണിത്.

യഥാര്‍ത്ഥ വിശ്വാസിയുടെ ജീവിതത്തില്‍ എന്ത് സംഭവിച്ചാലും അവനത് ഗുണമാണ്. വിശ്വാസികള്‍ക്കല്ലാതെ വേറെ ആര്‍ക്കും അങ്ങനെ സംഭവിക്കുകയില്ല. അനുഗ്രഹങ്ങള്‍ കിട്ടിയാലും പ്രയാസങ്ങളും ദുരിതങ്ങളും സംഭവിച്ചാലും അവന് അവയൊക്കെ നന്‍മയായിത്തീരും.

അത് എങ്ങനെ സംഭവിക്കുന്നു എന്നും ഹദീസില്‍ വിശദീകരിക്കുന്നു. അവന് സന്തോഷമുള്ള കാര്യങ്ങളില്‍ പെട്ട വല്ലതും സംഭവിച്ചാല്‍ അതില്‍ അവന്‍ നന്ദി കാണിക്കും. അപ്പോള്‍ അത് അവന്‍റെ നന്‍മയുടെ കണക്കില്‍ രേഖപ്പെടുത്തപ്പെടും.

ഇനി അവന് വല്ല പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ബാധിച്ചാല്‍ അവന്‍ അസ്വസ്ഥനാവാതെ ക്ഷമിക്കും. അപ്പോള്‍ അവന് അതും നന്‍മയായി രേഖപ്പെടുത്തപ്പെടും.

നമ്മിലുണ്ടാവേണ്ട പ്രധാനപ്പെട്ട രണ്ട് ഗുണങ്ങളാണ് നന്ദി ബോധവും ക്ഷമയും. അല്ലാഹുവിലും അവന്‍റെ ക്വദറിലും കൃത്യമായി വിശ്വസിക്കന്നവര്‍ക്ക് മാത്രമേ ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുകയുള്ളൂ.

ജീവിതത്തില്‍ സന്തോഷവും ദുഖങ്ങളുമൊക്കെയുണ്ടാവും. എല്ലാ മനുഷ്യരുടേയും അവസ്ഥ അങ്ങനെ തന്നെയാണ്. എല്ലാ അവസ്ഥയും നന്‍മയായി ഭവിക്കുന്നത് യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് മാത്രമാണ്. വിശ്വാസം എന്നത് വിജയത്തിനുള്ള സുപ്രധാന ഘടകമാണെന്നത് ഈ ഹദീസും ശരി വെക്കുന്നു.

നാം നമ്മുടെ വിശ്വാസം കറകളഞ്ഞതാക്കണം. പ്രമാണങ്ങള്‍ക്കനുയോജ്യമായ വിധമായിരിക്കണം നാം വിശ്വാസ കാര്യങ്ങള്‍ ജീവിതത്തില്‍ നടപ്പിലാക്കേണ്ടത്. അത് പഠിക്കാന്‍ ഉള്ള സംവിധാനങ്ങള്‍ നാം ഉപയോഗപ്പെടുത്തുകയും വേണം.

നന്ദി ബോധം

ഒരു വിശ്വാസി റബ്ബിനോടും അവനുമായി ബന്ധപ്പെട്ട ആളുകളോടും നന്ദിയുള്ളവനായിരിക്കും. ജനങ്ങളോട് നന്ദി കാണിക്കാത്തവനോട് അല്ലാഹുവും നന്ദി കാണിക്കുകയില്ല എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. അപ്പോള്‍ നാം നന്ദിയര്‍പ്പിക്കേണ്ട എല്ലാവക്കും അത് അര്‍പ്പിക്കാന്‍ നമുക്കാവണം.

നമ്മുടെ സര്‍വ്വ നന്ദിക്കും ഏറ്റവും അര്‍ഹന്‍ അല്ലാഹുവാണ്. അവനാണ് നമുക്ക് നമ്മുടെ ജീവിതത്തിന്‍റെ എല്ലാ നിമിഷങ്ങളിലും അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ് തരുന്നത്.

നമുക്ക് ബുദ്ധിമുട്ടുകളും പ്രായസങ്ങളും പിടിപെടുമ്പോള്‍ പോലും നമ്മളില്‍ അല്ലാഹുവിന്‍റെ അനവധി അനുഗ്രഹങ്ങള്‍ ഉണ്ട്.

ജീവിതത്തില്‍ അല്ലാഹുവിനെ തൃപ്തിപ്പെടുത്തിക്കൊണ്ട് അവനുള്ള നന്ദി അര്‍പ്പിക്കാനുള്ള കര്‍മങ്ങള്‍ നമ്മിലുണ്ടാവണം.

അല്ലാഹുവിനുള്ള നന്ദി ഹൃദയം കൊണ്ടും, നാവ് കൊണ്ടും ശരീരാവയവങ്ങള്‍ കൊണ്ടുമായിരിക്കും. അല്ലാഹുവില്‍ കൃത്യമായി വിശ്വസിച്ച് അവനെ കീഴ്പ്പെട്ട് ജീവിക്കലും ഹൃദയം കൊണ്ടും നാവുകൊണ്ടും അവനെ സ്മരിക്കലും ദിക്റുകള്‍ ഉരുവിടലും അല്ലാഹുവും റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ യും പഠിപിച്ച കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയും ആയിരിക്കണം അല്ലാഹുവിനുള്ള നന്ദി ചെയ്യേണ്ടത്. അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചിലവഴിച്ച് കൊണ്ടും നന്ദിയര്‍പ്പിക്കുന്നവരാണ് വിശ്വാസികള്‍.

ക്ഷമ
ക്ഷമ എന്ന ഗുണം നമ്മുടെ ജീവിതം ധന്യവും സമാധാന പൂര്‍ണവുമാകാന്‍ അത്യാവശ്യമാണ്. ക്ഷമയവലംബിക്കുന്നവര്‍ക്ക് ജീവിതത്തില്‍ എപ്പോഴും സമാധാനം കണ്ടെത്താന്‍ കഴിയും.

ക്ഷമയവലംബിക്കണമെന്ന് വിശ്വുദ്ധ ക്വുര്‍ആന്‍ ആവര്‍ത്തിച്ച് ഉണര്‍ത്തുന്നുണ്ട്. അല്ലാഹു ക്ഷമിക്കുന്നവരെ ഇഷ്ടപ്പെടുമെന്നും അവന്‍ ക്ഷമിക്കുന്നവരോടൊപ്പം ആണെന്നുമൊക്കെ അല്ലാഹു അറിയിച്ചിരിക്കുന്നു. ജീവിതത്തില്‍ പരീക്ഷണങ്ങള്‍ വിവിധ രൂപത്തിലുണ്ടാകുമെന്നും ക്ഷമിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയറിയിക്കണമെന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്.

ക്ഷമ മൂന്ന് ഇനമുണ്ട്.
1- കര്‍മങ്ങള്‍ ചെയ്യുമ്പോഴുള്ള ക്ഷമ.
2-തിന്‍മകള്‍ ഒഴിവാക്കുമ്പോഴുളള ക്ഷമ.
3- അല്ലാഹുവിന്‍റെ വിധിയിലുള്ള ക്ഷമ.

ഈ മൂന്ന് ക്ഷമയും ഒരു വിശ്വാസിയുടെ ജീവിതത്തില്‍ ഒരുപോലെ ഉണ്ടാവേണ്ടതാണ്.

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...