ഫോളോ ചെയ്യാം

Sunday, 6 April 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 171 دروس الحديث - ഈമാനിന്‍റെ മാധുര്യം ആസ്വദിക്കാന്‍



ഈമാനിന്‍റെ മാധുര്യം ആസ്വദിക്കാന്‍

عَنِ الْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ، أَنَّهُ سَمِعَ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، يَقُولُ: ذَاقَ طَعْمَ الإِيمَانِ مَنْ رَضِيَ بِاللَّهِ رَبًّا، وَبِالإِسْلاَمِ دِينًا، وَبِمُحَمَّدٍ رَسُولاً.-  رواه مسلم

അല്‍അബ്ബാസു ബ്നു അബ്ദില്‍ മുത്വലിബ് رضي اللَّهُ عنه നിവേദനം, അല്ലാഹുവിനെ റബ്ബ് ആയും, ഇസ്ലാമിനെ മതമായും മുഹമ്മദിനെ റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَഴ ആയും തൃപ്തിപ്പെട്ടവന് ഈമാനിന്‍റെ മാധുര്യം ആസ്വദിച്ചിരിക്കുന്നു എന്ന് അല്ലാഹുവിന്‍റെ റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറയുന്നതായി അദ്ദേഹം കേട്ടു.

വിവരണം

ഈമാനിന് ആസ്വാദനം ഉണ്ട് എന്ന് ഈ ഹദീസ് അറിയിക്കുന്നു. ഇത് വിശ്വാസിക്ക് അറിയാന്‍ സാധിക്കുകയും ചെയ്യും. അത് ലഭിക്കുക എന്നത് മഹാ ഭാഗ്യമാണ്.

സ്വഹാബികള്‍ക്ക് ഇസ്ലാമിന്‍റെ പേരില്‍ പീഡനങ്ങള്‍ ഏല്‍ക്കുമ്പോഴും അവരുടെ മനസ്സുകളില്‍ കുളിര്‍ പരന്നിരുന്നു. അതിന് കാരണം അവര്‍ ഇഹലോകത്തേക്കാള്‍ അല്ലാഹുവിനേയും അവന്‍റെ മതത്തേയും ഇഷ്ടപ്പെട്ടിരുന്നു എന്നതിനാല്‍ തന്നെയാണ്.

ഈമാനിന്‍റെ മാധുര്യം ആസ്വദിക്കണമെങ്കില്‍ മൂന്ന് കാര്യങ്ങളാണ് വേണ്ടതെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു.

1- അല്ലാഹുവിനെ റബ്ബ് ആയി തൃപ്തിപ്പെടല്‍
2- ഇസ്ലാമിനെ മതമായി തൃപ്തിപ്പെടല്‍
3- മുഹമ്മദ് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യെ റസൂല്‍ ആയി തൃപ്തിപ്പെടല്‍

ഈ മൂന്ന് കാര്യങ്ങളും ഇസ്ലാമിന്‍റെ അടിസ്ഥാന കാര്യങ്ങളാണ്.

അല്ലാഹുവിനെ റബ്ബ് ആയി തൃപ്തിപ്പെടുന്നതിലൂടെ അല്ലാഹുവായിരിക്കും അവനിലേക്ക് ഏറ്റവും അധികം സ്നേഹിക്കപ്പെടുന്നവന്‍. അല്ലാഹുവിന്‍റെ കല്‍പ്പനാ നിര്‍ദേശങ്ങള്‍ക്ക് അവന്‍റെ അടുക്കല്‍ വിലയുണ്ടാവുകയും എല്ലാം അനുസരിക്കുന്ന അവസ്ഥ സംജാതമാവുകയും ചെയ്യും. അപ്പോള്‍ അവന് ഈമാനിന്‍റെ മാധുര്യം ആസ്വദിക്കാനാകും.

രണ്ടാമത്തെ കാര്യം ഇസ്ലാമിനെ മതമായി തൃപ്തിപ്പെടലാണ്. ഒരാള്‍ ഇസ്ലാമിനെ മതമായി തൃപ്തിപ്പെട്ടാല്‍ ആ മതത്തിന്‍റെ ചട്ടക്കൂടുകളില്‍ ഒതുങ്ങി ജീവിക്കാന്‍ അവന്‍ നന്നായി പരിശ്രമിക്കും.

മതത്തിന്‍റെ ചിഹ്നങ്ങളെ ബഹുമാനിക്കുന്നവനും മത കാര്യങ്ങളില്‍ അഭിമാനം കൊള്ളുന്നവനുമായിരിക്കും.

മതവിഷയങ്ങളില്‍ സംശയമുള്ളവനാവുകയോ മത കാര്യങ്ങളെ പരിഹസിക്കുകയോ ചെയ്യുന്ന അവസ്ഥ അവനുണ്ടാകില്ല.

മതത്തിന്‍റെ പേരിലുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളും അവന് ഒരു ദോഷവും ചെയ്യുകയില്ല.

മുഹമ്മദ് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അല്ലാഹുവിന്‍റെ റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ആണെന്ന് തൃപ്തിപ്പെടുന്നതിലൂടെ നാല് കാര്യങ്ങള്‍ അവന്‍ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്:

1- നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അറിയിക്കുന്ന എല്ലാ കാര്യങ്ങളേയും സത്യപ്പെടുത്തും.
2- നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ കല്‍പ്പിക്കുന്ന കാര്യങ്ങള്‍ അനുസരിക്കും
3- നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ വിരോധിച്ച കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കും
4-നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ അല്ലാഹുവിനെ ആരാധിച്ച പോലെ മാത്രം അവന്‍ അല്ലാഹുവിനെ ആരാധിക്കും. പുതിയ ആരാധനാ രീതികളും ആചാരങ്ങളും അവന്‍ ചെയ്യുകയില്ല.

ഹദീസില്‍ പറഞ്ഞ ഈ മൂന്ന് കാര്യങ്ങളും കൃത്യമായി നടപ്പിലാക്കുന്നതോടെ ഒരാള്‍ക്ക് ഈമാനിന്‍റെ മാധുര്യം ആസ്വദിക്കാന്‍ കഴിയും .


No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...