ഫോളോ ചെയ്യാം

Friday, 25 April 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 189 دروس الحديث - ദാനം ചെയ്യൂ... പണം കുറയില്ല .. വര്‍ധിക്കുകയെ ഉള്ളൂ..

 


ദാനം ചെയ്യൂ... 

പണം കുറയില്ല .. 

വര്‍ധിക്കുകയെ ഉള്ളൂ..

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ: أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: "قَالَ اللَّهُ: أَنْفِقْ يَا ابْنَ آدَمَ أُنْفِقْ عَلَيْكَ "-رواه البخاري

അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ നിവേദനം, അല്ലാഹുവിന്‍റെ  റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: ആദമിന്‍റെ പുത്രാ (മനുഷ്യാ) നീ ചിലവഴിക്കുക, ഞാന്‍ നിനക്കായി ചിലവഴിക്കാം.


വിവരണം

 സമ്പത്ത് ചിലവഴിക്കുന്നതിന്‍റെ മഹത്വം അറിയിക്കുന്ന ക്വുദ്സിയ്യായ ഹദീസ് ആണിത്.

 ഒരാള്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ധനം ചിലവഴിച്ചാല്‍ അല്ലാഹു അവന് വേണ്ടി ചിലവഴിക്കുമെന്നാണ് അല്ലാഹു അറിയിക്കുന്നത്.

 നല്ല കാര്യങ്ങളില്‍ സമ്പത്ത് ചിലവഴിക്കുമ്പോള്‍ അത് യഥാര്‍ത്ഥത്തില്‍ നഷ്ടമാവുന്നില്ല എന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു.

 ചിലവഴിക്കുന്നവന് വീണ്ടും വീണ്ടും ധനം ലഭിക്കാനും, ചിലവഴിക്കാതെ പിശുക്ക് കാണിക്കുന്നവന് ധനത്തില്‍ നാശം ഉണ്ടാവാനും ഓരോ മലക്കുകള്‍ എല്ലാ ദിവസവും അല്ലാഹുവിനോട് പറയും എന്ന് ഹദീസിലുണ്ട്.

 അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മര്യാദകള്‍ പാലിച്ചായിരിക്കണം സമ്പത്ത് ചിലവഴിക്കേണ്ടത്.

 സമ്പത്ത് രഹസ്യമായിട്ടാണ് ദാനം നല്‍കേണ്ടത്. പരസ്യമാക്കി നല്‍കിയാല്‍ വലിയ നന്‍മകള്‍ ഉണ്ടാകുമെങ്കില്‍ അങ്ങനെയും ആവാം.

 ദാനം സ്വീകരിക്കുന്നവന് മനോവിഷമമുണ്ടാവുന്ന വിധത്തില്‍ ദാനം പരസ്യപ്പെടുത്താനോ, കൊടുത്തത് എടുത്ത് പറയാനോ, അവനെ ബുദ്ധിമുട്ടിക്കാനോ പാടില്ല.

 ചിലവഴിക്കുന്നതിന്‍റെ വലിപ്പത്തിലേക്കല്ല, കൊടുക്കുമ്പോള്‍ ഉള്ള ആത്മാര്‍ത്ഥതയാണ് അല്ലാഹു നോക്കുക.

 ഒരു കാരക്കയുടെ കഷ്ണം കൊടുത്തിട്ടെങ്കിലും നിങ്ങള്‍ നരകത്തെ സൂക്ഷിക്കണം എന്ന് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്.

 കൊടുക്കാതെ പിശുക്ക് കാണിച്ച് കെട്ടിപ്പൂട്ടി വെക്കുന്നവ സ്വന്തത്തിന് തന്നെ ദ്രോഹമാകുന്ന അവസ്ഥ വരാനുണ്ടെന്ന് റസൂല്‍ صَلَّى اللهُ عَلَيْهِ وَسَلَّمَ അറിയിച്ചിട്ടുണ്ട്.

 മരണത്തിന് ശേഷവും പ്രതിഫലം ലഭിക്കാന്‍ സഹായിക്കുന്ന വിധമുള്ള നിലനില്‍ക്കുന്ന ദാനധര്‍മങ്ങള്‍ നമുക്കുണ്ടാവണം.

 നാം നല്ല മനസ്സോടെ ചിലവഴിക്കുന്ന ഏത് വസ്തുവാകട്ടെ, അതിനെ അല്ലാഹു സ്വീകരിച്ച് വളര്‍ത്തി വലിയ കുന്ന് പോലെ ആക്കും എന്ന് ഹദീസില്‍ വന്നിട്ടുണ്ട്.

 സ്വഹാബിമാര്‍ ചിലവഴിക്കുന്ന വിഷയത്തില്‍ ഏറെ മുന്‍പന്തിയി ലായിരുന്നു.

 പണക്കാരനും, പാവപ്പെട്ടവനും എല്ലാം ഈ പ്രതിഫലം നേടാന്‍ അവസരമുണ്ട്.

 നാം എന്ത് ചിലവഴിച്ചാലും അതിന് പകരമായി അല്ലാഹു വേറെ നല്‍കും എന്ന് വിശുദ്ധ ക്വുര്‍ആനിലും വന്നിട്ടുണ്ട്. അല്ലാഹു പറയുന്നു: (നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ അതിന് പകരം നല്‍കുന്നതാണ്. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനത്രെ.) (സബഅ്:39)

 ഒരാള്‍ തന്‍റെ ഭാര്യക്കും, മക്കള്‍ക്കും ചിലവിന് നല്‍കിയാല്‍ അത് പോലും ദാനമായിട്ടാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

عَنْ أَبِي مَسْعُودٍ الأَنْصَارِيِّ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «إِذَا أَنْفَقَ المُسْلِمُ نَفَقَةً عَلَى أَهْلِهِ، وَهُوَ يَحْتَسِبُهَا، كَانَتْ لَهُ صَدَقَةً»- متفق عليه

അബൂമസ്ഊദ് അല്‍അന്‍സ്വാരി رَضِيَ اللَّهُ عَنْهُ നിവേദനം, നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ഒരു മുസ്ലിം പ്രതിഫലം ആഗ്രഹിച്ച് കൊണ്ട് തന്‍റെ കുടുംബത്തിന് മേല്‍ (എന്തെങ്കിലും) ചിലവഴിച്ചാല്‍ അത് അവന് സ്വദക്വ (ദാനം) ആയിത്തീരും. (ബുഖാരി, മുസ്ലിം)


No comments:

Post a Comment

​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية

🇸🇦🇸🇦🇸🇦 بسم الله الرحمن الرحيم ​تهنئة وتبريكات بمناسبة اليوم الوطني السادس والتسعين للمملكة العربية السعودية ​يطيب لي أن أر...