عن أُمِّ الدَّرْدَاءِ، قَالَتْ: حَدَّثَنِي سَيِّدِي أَنَّهُ سَمِعَ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: مَنْ دَعَا لأَخِيهِ بِظَهْرِ الْغَيْبِ، قَالَ الْمَلَكُ الْمُوَكَّلُ بِهِ: آمِينَ، وَلَكَ بِمِثْلٍ.-رواه مسلم
ഉമ്മുദ്ദര്‍ദാഅ് رضي اللَّهُ عنها പറഞ്ഞു: നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറയുന്നതായി എന്‍റെ ഭര്‍ത്താവ് കേട്ടിട്ടുണ്ട്. ആരെങ്കിലും തന്‍റെ സഹോദരന് വേണ്ടി അവന്‍റെ അസാന്നിധ്യത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ ആ കാര്യം ഭരമേല്‍പ്പിക്കപ്പെട്ട മലക്ക് ആമീന്‍ പറയുകയും നിനക്ക് അത് പോലെയുള്ളത് ഉണ്ടാവട്ടെ എന്ന് പറയുകയും ചെയ്യും.
വിവരണം
വിശ്വാസിയായ ഒരാള്‍ക്ക് വേണ്ടി അവന്‍റെ അസാന്നിധ്യത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ ആ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കപ്പെടുന്നതാണ്. മാത്രമല്ല അത് പോലെയുള്ളത് പ്രാര്‍ത്ഥിക്കുന്നവനും ലഭിക്കുമെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.
പ്രാര്‍ത്ഥന വിശ്വാസിയുടെ വലിയ ആയുധമാണെന്ന് നാം പറയുകയുണ്ടായി. പ്രാര്‍ത്ഥന കൊണ്ട് അസാധ്യം എന്ന് നമുക്ക് തോന്നുന്ന പലതും സംഭവിക്കും. നാം സ്വന്തത്തിനും മറ്റുള്ളവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നവരാകണം.
ഒരാളുടെ അസാന്നിധ്യത്തില്‍ അവന് വേണ്ടി പ്രാത്ഥിക്കാന്‍ നല്ല മനസ്സും ഈമാനും അത്യാവശ്യമാണ്. ഒരാള്‍ മറ്റൊരാള്‍ക്ക് വേണ്ടി അയാളുടെ മുന്നില്‍ വെച്ച് പ്രാര്‍ത്ഥിക്കാന്‍ സാധ്യതകളേറെയാണ്. പക്ഷേ അയാള്‍ സ്ഥലത്തില്ലാത്തപ്പോള്‍ അയാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞാല്‍ പ്രാര്‍ത്ഥിച്ചവനും പ്രാര്‍ത്ഥിക്കപ്പെട്ടവനും ഗുണമാണ്.
മുസ്ലിം സഹോദരങ്ങള്‍ക്ക് വേണ്ടി അവരുടെ അസാന്നിദ്ധ്യത്തില്‍ പ്രാര്‍ത്ഥിക്കുന്നത് വളരെ മഹത്വമേറിയ കാര്യമാണ്. അത് നാം ശീലമാക്കണം. മതപരവും ഭൗതികവുമായ കാര്യങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാവുന്നതാണ്.
സഹോദരങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധങ്ങള്‍ക്കും ഒത്തൊരുമക്കും നിദാനമാകുന്ന കാര്യമാണിത്.
ഐച്ഛികമായി ചെയ്യുന്നതിനാല്‍ ഈ പ്രാര്‍ത്ഥന നല്ല ഇഖ്ലാസ്വോടെയും മനസ്സാന്നിധ്യത്തോടെയും ആയിരിക്കാനിടയുണ്ട്.
നമ്മുടെ കൂടെ നമ്മള്‍ ചെയ്യുന്ന സല്‍ക്കര്‍മങ്ങള്‍ നിരീക്ഷിക്കാന്‍ മലക്കുകള്‍ ഉണ്ട് എന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു.
നാം കൂടുതല്‍ ആളുകള്‍ക്ക് വേണ്ടി അവരുടെ അസാന്നിധ്യത്തില്‍ പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ നമുക്ക് നന്‍മകള്‍ വര്‍ധിക്കാനും ഇത് കാരണമാകും.
മോശം വഴികളിലൂടെ ജീവിക്കുന്നവര്‍ക്ക് നല്ല വഴി ലഭിക്കാനും ഹിദായത്തിനും ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ സാധിച്ചാല്‍ അവന് നാം ചെയ്യുന്ന വലിയ നന്‍മയാകും അത്.
എല്ലാ മുസ്ലീംകള്‍ക്കും നന്‍മ കൈവരാനും സന്‍മാര്‍ഗ്ഗത്തില്‍ മാത്രം അവര്‍ ചലിക്കാനും നാം പ്രാര്‍ത്ഥിക്കുന്നവരാവുക.
മാതാപിതാക്കള്‍ മക്കള്‍ക്ക് വേണ്ടി എന്ത് പ്രാര്‍ത്ഥിച്ചാലും അതിന് വേഗം ഉത്തരം കിട്ടും. മക്കള്‍ക്ക് നല്ലതിന് വേണ്ടി മാത്രം പ്രാര്‍ത്ഥിക്കാന്‍ അവര്‍ ശ്രദ്ധിക്കണം. ദേഷ്യം വരുമ്പോള്‍ അത് നിയന്ത്രിക്കാനും മക്കള്‍ക്കെതിരെ പ്രാര്‍ത്ഥിക്കാതിരിക്കാനും നല്ല ശ്രദ്ധ വേണം.
പൂര്‍വ്വികരായ നമ്മുടെ ഇമാമീങ്ങള്‍ അവര്‍ക്ക് സ്വന്തത്തിന് എന്തെങ്കിലും കാര്യത്തിന് പ്രാര്‍ത്ഥിക്കാന്‍ ഉദ്ദേശിച്ചാല്‍ അതേ കാര്യം തന്‍റെ മുസ്ലിം സഹോദരനും ഉണ്ടാകാന്‍ അവര്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. അതിന് കാരണം അങ്ങനെ പ്രാര്‍ത്ഥിച്ചാല്‍ അതിന് ഉത്തരം നല്‍കപ്പെടും എന്നതിനാലാണ്. ഈ കാര്യം ഇമാം നവവി رحمه اللَّهُ തന്‍റെ ശര്‍ഹു മുസ്ലിമില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മറ്റുള്ളവര്‍ പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടാതെ തന്നെ അവര്‍ക്ക് വേണ്ടി നന്‍മകള്‍ക്ക് പ്രാര്‍ത്ഥിക്കല്‍ കൂടുതല്‍ നല്ലതാണ്.

No comments:
Post a Comment