ഫോളോ ചെയ്യാം

Friday, 18 April 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 182 دروس الحديث - ഈ പ്രാര്‍ത്ഥന മഹത്തരമാണ്


 

ഈ പ്രാര്‍ത്ഥന മഹത്തരമാണ്

عَنْ أَبِي هُرَيْرَةَ، قَالَ: كَانَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، يَقُولُ: اللَّهُمَّ أَصْلِحْ لِي دِينِي الَّذِي هُوَ عِصْمَةُ أَمْرِي، وَأَصْلِحْ لِي دُنْيَايَ الَّتِي فِيهَا مَعَاشِي، وَأَصْلِحْ لِي آخِرَتِي الَّتِي فِيهَا مَعَادِي، وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ، وَاجْعَلِ الْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ.-رواه مسلم

അബൂഹുറൈറ رضي اللَّهُ عنه നിവേദനം, അല്ലാഹുവിന്‍റെ റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു:  അല്ലാഹുവേ.. എന്‍റെ കാര്യത്തിന്‍റെ അവലംബമായ എന്‍റെ മതത്തെ നീ നന്നാക്കേണമേ., എന്‍റെ ജീവിതോപാതിയുള്ളതായ ദുന്‍യാവിനെയും നീ നന്നാക്കണേ.. എന്‍റെ മടക്ക സ്ഥാനമായ പരലോകത്തെയും നീ നന്നാക്കിത്തരേണമേ. ജീവിതത്തെ എല്ലാ നന്‍മയിലുമുള്ള വര്‍ദ്ധനവാക്കി നീ മാറ്റുകയും, മരണത്തെ എല്ലാ തിന്‍മയില്‍ നിന്നുമുള്ള ആശ്വാസമാക്കിത്തീര്‍ക്കുകയും ചെയ്യേണമേ.

വിവരണം


നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന ഒരു പ്രാര്‍ത്ഥനയാണ് ഇത്. മതകാര്യങ്ങളും, ഭൗതിക കാര്യങ്ങളും, പരലോകത്തിലെ കാര്യങ്ങളും നന്നാക്കാനും, ജീവിതം നന്‍മയാല്‍ വര്‍ധനവുള്ളതാക്കാനും, മരണം എല്ലാ കുഴപ്പങ്ങളില്‍ നിന്നുള്ള വിശ്രമമാക്കാനുമാണ് പ്രാര്‍ത്ഥിക്കുന്നത്.

മത വിഷയങ്ങള്‍ നന്നാകല്‍ അത്യാവശ്യമാണ്. നമ്മുടെ എല്ലാ കാര്യങ്ങളുടേയും അവലംബം മതമാണ്. അതില്‍ കുഴപ്പങ്ങള്‍ വരാന്‍ പാടില്ല. മതവിഷയങ്ങള്‍ യഥാര്‍ത്ഥ രൂപത്തില്‍ നടപ്പിലാക്കാന്‍ അല്ലാഹുവിന്‍റെ സഹായം അത്യാവശ്യമാണ്. അതിന് നാം അല്ലാഹുവിനോട് ചോദിച്ച് കൊണ്ടിരിക്കണം.

അല്ലാഹുവേ നിന്നെ ഓര്‍ക്കാനും, നിനക്ക് നന്ദി ചെയ്യാനും നല്ല നിലക്ക് ആരാധനകള്‍ ചെയ്യാനും എന്നെ സഹായിക്കണേ എന്ന് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു.

മതകാര്യങ്ങള്‍ നേരെയാകാന്‍ വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും മുറുകെ പിടിക്കണം. പൂര്‍വ്വികര്‍ അതിനെ എങ്ങനെ മനസ്സിലാക്കിയോ അങ്ങനെയായിരിക്കണം നാം മത വിഷയങ്ങള്‍ ചെയ്യേണ്ടത്.

രണ്ട് അടിസ്ഥാന തത്വം ഇതിന് അത്യാവശ്യമാണ്:
1- എല്ലാ ആരാധനാ കാര്യങ്ങളിലും അല്ലാഹുവില്‍ ഇഖ്ലാസുള്ളവരാകല്‍.

2- എല്ലാ കാര്യങ്ങളിലും റസൂല്‍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ യെ പിന്തുടരല്‍

ഈ രണ്ട് കാര്യങ്ങള്‍ കൂടാതെ നമ്മുടെ മതകാര്യങ്ങള്‍ നേരെയാവുകയില്ല.

ഈ ഭൗതിക ജീവിതത്തിന് ആവശ്യമായ കാര്യങ്ങള്‍ നേരെയാക്കണേ എന്നാണ് രണ്ടാമത്തെ വാചകത്തിലുള്ളത്. നല്ല നിലക്ക് ആരാധനകള്‍ക്ക് സഹായിക്കുന്ന വിധത്തിലുള്ള ഭൗതിക വിഭവങ്ങള്‍ നല്‍കണേ എന്നാണതിന്‍റെ ആശയം.

പരലോകത്തിന്‍റെ കാര്യം നന്നാക്കുന്ന വിഷയമാണ് അടുത്തത്. നല്ല മരണം വരിക്കാനും നരകത്തില്‍ നിന്ന് രഷപ്പെട്ട് സ്വര്‍ഗ്ഗം നേടാനും കഴിയുന്ന വിധം അതിനെ നന്നാക്കേണമേ എന്നാണത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഈ ലോകത്തെ ആയുസ്സില്‍ പരമാവധി നന്‍മകള്‍ വര്‍ദ്ധിപ്പിക്കാനുള്ള സഹായം ചോദിക്കല്‍ ഈ പ്രാര്‍ത്ഥനയിലുണ്ട്. ധാരാളം നന്‍മകള്‍ ചെയ്യാന്‍ സാധിക്കുന്ന വിധം ഭൗതിക ജീവിതത്തെ ആക്കുകയും തിന്‍മകളില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള സാഹചര്യം നല്‍കുകയും ചെയ്യണേ എന്നാണ് തുടര്‍ന്നുള്ള ഭാഗത്തിലുള്ളത്.

ദുന്‍യാവിലെ കുഴപ്പങ്ങളില്‍ നിന്നും, ദുഃഖങ്ങളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും പരീക്ഷണങ്ങളില്‍ നിന്നുമെല്ലാമുള്ള വിശ്രമമാക്കി മരണത്തെ ആക്കണേ എന്നാണ് ഈ പ്രാര്‍ത്ഥനയുടെ അവസാനത്തിലുള്ളത്. അഥവാ മരണത്തിന് ശേഷവും കുഴപ്പങ്ങളും പ്രയാസങ്ങളും ഉണ്ടാകുന്ന അവസ്ഥ വരുത്തല്ലേ എന്നാണ് അതിന്‍റെ ഉദ്ദേശം.

വിശ്വാസിയായ ആള്‍ മരിച്ചാല്‍ ദുന്‍യാവിലെ ക്ഷീണങ്ങളില്‍ നിന്നും ഉപദ്രവങ്ങളില്‍ നിന്നും അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്കെത്തി വിശ്രമത്തിലാകും, എന്നാല്‍ തെമ്മാടിയായ ഒരു അടിമയില്‍ നിന്ന് മറ്റു അടിമകളും നാടും മരവും ജീവികളും ആശ്വാസത്തിലാകും എന്ന് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞിട്ടുണ്ട്. അഥവാ നല്ല ആളുകള്‍ക്ക് മരണം നല്ല ജീവിതത്തിന്‍റെ തുടക്കവും, ജീവിതം തിന്‍മയില്‍ കഴിച്ചവര്‍ക്ക് മരണം പ്രയാസങ്ങളുടേയും കുഴപ്പങ്ങളുടേയും തുടക്കവുമാണ്.

കൂടുതല്‍ പഠിക്കാനും പഠിച്ച കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനും അല്ലാഹു നമുക്ക് സൗഭാഗ്യം നല്‍കുമാറാവട്ടെ.. ആമീന്‍

No comments:

Post a Comment

സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്‍റെ കരുതൽ- നൗഫല്‍ മദീനി

  സ്ത്രീയുടെ മാനവും അന്തസ്സും സംരക്ഷിക്കുന്നതിൽ ഇസ്‌ലാമിന്റെ കരുതൽ   മഹിളകളുടെ അഭിമാനവും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനായി ഇസ്‌ലാമിക ...