ഫോളോ ചെയ്യാം

Thursday, 3 April 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 167 دروس الحديث - നേതൃത്വം അലങ്കാരമല്ല. ചോദ്യം ചെയ്യപ്പെടുന്നതാണ്



 നേതൃത്വം അലങ്കാരമല്ല. 

ചോദ്യം ചെയ്യപ്പെടുന്നതാണ്

عَنْ أَنَسٍ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «إِنَّ اللهَ سَائِلٌ كُلَّ رَاعٍ عَمَّا اسْتَرْعَاهُ، أَحَفِظَ ذَلِكَ أَمْ ضَيَّعَ؟ حَتَّى يُسْأَلَ الرَّجُلُ عَلَى أَهْلِ بَيْتِهِ»-رواه النسائي 9129 - حسن

അനസ് رضي اللهُ عنه നിവേദനം. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: നിശ്ചയം എല്ലാ നേതൃത്വമുള്ളവരോടും അവര്‍ നേതൃത്വം വഹിച്ച ആളുകളെ കുറിച്ച് അല്ലാഹു ചോദിക്കും, അവന്‍ ആ (ഉത്തരവാദിത്തം) സൂക്ഷിച്ചിട്ടുണ്ടോ അതോ അതിനെ പാഴാക്കിയോ എന്ന്. ഒരു മനുഷ്യന്‍ തന്‍റെ വീട്ടിലുള്ളവരെ കുറിച്ച് വരെ ചോദിക്കപ്പെടും.

വിവരണം

 നമ്മില്‍ ഏല്‍പ്പിക്കപെട്ട ഉത്തരവാദിത്തങ്ങള്‍ നാം നിറവേറ്റാന്‍ ബാധ്യസ്ഥരാണ്. ചെറിയതോ വലിയതോ ആയ ഉത്തരവാദിത്തങ്ങളും നേതൃത്വങ്ങളും ഏല്‍പിക്കപ്പെട്ടവര്‍ അത് കൃത്യമായി നിറവേറ്റിയിട്ടില്ലെങ്കില്‍ അവര്‍ പരലോകത്ത് ചോദ്യം ചെയ്യപ്പെടുന്നതാണ്.

  ഈ ഹദീസ് അതിന്‍റെ വിശാല തലങ്ങള്‍ നമുക്ക് ബോധ്യപ്പെടുത്തുന്നു.

  ജനങ്ങളുടെ ഭരണ നേതൃത്വമുള്ളവര്‍ അവരുടെ പ്രജകളെ കുറിച്ച് ചോദ്യം ചെയ്യപ്പെടും. ഒരു സ്ത്രീ അവളുടെ ഭര്‍ത്താവിന്‍റെ വീടിന്‍റെ കാര്യത്തില്‍ ചോദ്യം ചെയ്യപ്പെടും.   കുടുംബത്തിലെ ആളുകളുടെ വിഷയത്തില്‍ ഒരു മനുഷ്യന്‍ ചോദ്യം ചെയ്യപ്പെടും.

  ഏത് ഉത്തരവാദിത്തവും നേതൃത്വവും ചോദ്യം ചെയ്യപ്പെടുന്നതാണ് എന്ന് തെളിവുകള്‍ നമുക്ക് വ്യക്തമാക്കി തരുന്നുണ്ട്. തന്‍റെ കീഴിലുള്ള ഉത്തരവാദിത്തങ്ങള്‍ വീഴ്ച്ച കൂടാതെ നിറവേറ്റാന്‍ ഓരോരുത്തര്‍ക്കും സാധിക്കണം.

  ഒരു ജനതയുടെ നേതൃത്വം കിട്ടിയിട്ട് അവരെ വഞ്ചിച്ച് കൊണ്ട് നടക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തിന്‍റെ പരിമളം പോലും ലഭിക്കുകയില്ല.

  നമ്മില്‍ പലരും പലവിധം ഉത്തരവാദിത്തവും നേതൃത്വവും ഉള്ളവരാണ്. മത വിഷയത്തിലും, സംഘടനാ രംഗത്തും, മറ്റു ഭൗതിക വിഷയങ്ങളിലുമെല്ലാം ഇടപെടുന്നവരാണ്. ഈ മേഖലകളിലെല്ലാം തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി ചെയ്യാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ആ കാര്യങ്ങള്‍ ചെയ്യാതെ പാഴാക്കി മരിച്ച് പോകേണ്ട അവസ്ഥ വന്നാല്‍ അതിനെ കുറിച്ച് അല്ലാഹു നമ്മോട് വിചാരണ ചെയ്യുക തന്നെ ചെയ്യും.

  അഥവാ വിചാരണ ചെയ്യപ്പെട്ടാല്‍ അത് ശിക്ഷക്കുള്ള വഴി ഒരുക്കും. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ആരുടെയെങ്കിലും വിചാരണ വിശകലനം ചെയ്യപ്പെട്ടാല്‍ അവന്‍ ശിക്ഷിക്കപ്പെടും.

  നമ്മില്‍ ഓരോരുത്തര്‍ക്കും നമ്മുടേതായ ചെറുതും വലുതുമായ ഉത്തരവാദിത്തങ്ങളും നേതൃത്വങ്ങളും ഉണ്ട് എന്ന് മനസ്സിലാക്കി പരമാവധി അവ പൂര്‍ത്തിയാക്കാന്‍ നാം പ്രയത്നിക്കുക.

  അനസ് رضي اللهُ عنه ആണ് ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നബി صَلَّى اللهُ عَلَيْهِ وَسَلَّمَ യുടെ കീഴില്‍ 10 വര്‍ഷത്തോളം സേവനം ചെയ്ത സ്വഹാബിയാണ് അനസ് رضي اللهُ عنه. ഈ കാലയളവില്‍ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ അദ്ദേഹത്തോട് ഛെ എന്ന വാക്ക് പോലും പറഞ്ഞിട്ടില്ല എന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. നേതൃത്വത്തിന്‍റെയും ഉത്തരവാദിത്തത്തിന്‍റേയും കാര്യത്തില്‍ നബി صَلَّى اللهُ عَلَيْهِ وَسَلَّمَ അത്രമാത്രം മാതൃകയായിരുന്നു.

ഉത്തരവാദിത്തങ്ങള്‍ മൂന്ന് ഇനങ്ങളാണ്.
അവ:

1- അല്ലാഹുവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍.
2- കുടുംബവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍.
3- സമൂഹവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍.

 ഇതില്‍ അല്ലാഹുവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍ അല്ലാഹു പറഞ്ഞതനുസരിച്ച് ജീവിച്ച് മരിക്കലാണ്.

കുടുംബവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍ മൂന്ന് ഇനമാണ്. അവ:
1-മാതാപിതാക്കളുടെ വിഷയത്തില്‍ പൂര്‍ത്തിയാക്കേണ്ട ഉത്തരവാദിത്തങ്ങള്‍.
2- ഭാര്യ ഭര്‍ത്താവിനും, ഭര്‍ത്താവ് ഭാര്യക്കും നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്തങ്ങള്‍.
3- മക്കളുടെ കാര്യത്തില്‍ നിറവേറ്റേണ്ട ഉത്തരവാദിത്തങ്ങള്‍.

സമൂഹത്തിന്‍റെ കാര്യത്തില്‍ മനുഷ്യര്‍ക്ക് ഉണ്ടാകുന്ന ഉത്തരവാദിത്തങ്ങള്‍ മൂന്ന് ഇനങ്ങളാണ്. അവ:

1- അയല്‍ക്കാരുമായി നിറവേറ്റേണ്ട ഉത്തരവാദിത്തങ്ങള്‍.
2- ബന്ധുക്കളുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാക്കേണ്ട ഉത്തരവാദിത്തങ്ങള്‍.
3- സമൂഹത്തില്‍ പൊതുവെ പാലിക്കേണ്ട ഉത്തരവാദിത്തങ്ങള്‍.

 ഇവ ഓരോന്നും കൃത്യമായി മനസ്സിലാക്കുകയും ജീവിതത്തില്‍ നടപ്പിലാക്കുകയും വേണം. ഇതില്‍ നമ്മെ ഭാരമേല്‍പിക്കപ്പെട്ട കാര്യങ്ങള്‍ പരിപൂര്‍ണമായും നിറവേറ്റാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്.

 

No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...