ഫോളോ ചെയ്യാം

Sunday, 7 June 2026

595 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 335 دروس الحديث - ദാമ്പത്യ ബന്ധ സമയത്ത് ഇന്ദ്രിയം പുറത്ത് കളയല്‍ വിലക്കപ്പെട്ടില്ല

    


عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 
أبو محمد، تقي الدين (المتوفى: 600هـ) 


ദാമ്പത്യ ബന്ധ സമയത്ത് ഇന്ദ്രിയം പുറത്ത് കളയല്‍ വിലക്കപ്പെട്ടില്ല

335 - عَنْ جَابِرِ بْنِ عَبْدِ اللَّهِ رضي الله عنهما قَالَ: (كُنَّا نَعْزِلُ وَالْقُرْآنُ يَنْزِلُ،  لَوْ كَانَ شَيْئاً يُنْهَى عَنْهُ لَنَهَانَا عَنْهُ الْقُرْآنُ) .

ജാബിറു ബ്നു അബ്ദില്ല رضي الله عنهما യിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: (ഖുർആൻ അവതരിച്ചുകൊണ്ടിരുന്ന കാലത്ത് ഞങ്ങൾ 'عَزْل' ചെയ്യാറുണ്ടായിരുന്നു. അത് വിലക്കപ്പെടേണ്ട ഒരു കാര്യമായിരുന്നെങ്കിൽ ഖുർആൻ ഞങ്ങളെ അതിൽ നിന്ന് വിലക്കുമായിരുന്നു).

  • (العَزْلُ): ഇന്ദ്രിയസ്ഖലനം അടുക്കുമ്പോൾ ലിംഗം യോനിയിൽ നിന്ന് പുറത്തെടുക്കൽ.
വിവരണം

  എല്ലാ സൃഷ്ടികളുടെയും വിധിനിശ്ചയങ്ങൾ അല്ലാഹുവിന്‍റെ കൈകളിൽ മാത്രമാണ്. അവൻ അദൃശ്യ കാര്യങ്ങൾ എല്ലാം അറിയുന്നവനാണ്. ഒരു മുസ്‌ലിം അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നവനാകണം. അവന്‍ ഭൗതിക കാരണങ്ങൾ ചെയ്യുകയും അതിനുശേഷം തന്‍റെ കാര്യങ്ങളെല്ലാം അല്ലാഹുവിലേക്ക് ഏൽപ്പിക്കുകയും ചെയ്യണം.

  ഈ ഹദീസിൽ ജാബിറു ബ്നു അബ്ദില്ല رضي الله عنهما അറിയിക്കുന്നു: അവർ നബി صلى الله عليه وسلم യുടെ കാലത്ത് 'عَزْل' ചെയ്യാറുണ്ടായിരുന്നു. ഭാര്യ ഗർഭം ധരിക്കാതിരിക്കാൻ വേണ്ടി ഇന്ദ്രിയസ്ഖലനത്തിന് തൊട്ടുമുമ്പ് ലിംഗം യോനിയിൽ നിന്ന് പുറത്തെടുക്കുന്നതിനാണ് 'عَزْل' എന്ന് പറയുന്നത്.  അല്ലാഹു ഗർഭധാരണം വിധിച്ചിട്ടുണ്ടെങ്കിൽ അത് തടയാൻ عَزْل ന് സാധിക്കുകയില്ല; കാരണം عَزْل ചെയ്യുമ്പോൾ തന്നെ, കുട്ടി ഉണ്ടാകാൻ അല്ലാഹു നിശ്ചയിച്ചിട്ടുള്ള അല്പം ഇന്ദ്രിയം ഉള്ളിലേക്ക് വീണുപോയേക്കാം. ചിലപ്പോൾ ഇന്ദ്രിയം ഉള്ളിൽ വീണാൽ തന്നെയും കുട്ടി ഉണ്ടാകാതിരുന്നെന്നും വരാം. ചുരുക്കത്തിൽ, عَزْل ചെയ്താലും ഇല്ലെങ്കിലും അല്ലാഹുവിന്‍റെ വിധിയില്ലാതെ ഒരു കുട്ടിയും ഉണ്ടാകുകയില്ല എന്ന കാര്യത്തിൽ ഇവ രണ്ടും തുല്യമാണ്.

  ഹാഫിള് ഇബ്നു ഹജർ رحمه الله പറഞ്ഞു: "നബി صلى الله عليه وسلم അവർക്ക് വ്യക്തമായ വിലക്ക് നൽകിയിട്ടില്ലെന്നും, മറിച്ച് അത് ചെയ്യാതിരിക്കുന്നതാണ് ഉത്തമം എന്ന് സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം (ജാബിർ رضي الله عنهما) ചൂണ്ടിക്കാണിക്കുന്നു. കാരണം കുട്ടി ഉണ്ടാകുമെന്ന ഭയം കൊണ്ടാണ് عَزْل ചെയ്യുന്നത്, എന്നാൽ അതിൽ യാതൊരു പ്രയോജനവുമില്ല. കാരണം അല്ലാഹു ഒരു കുട്ടിയെ സൃഷ്ടിക്കാൻ വിധിച്ചിട്ടുണ്ടെങ്കിൽ അത് തടയാൻ عَزْل ന് കഴിയില്ല. عَزْل ചെയ്യുന്നയാൾ അറിയാതെ തന്നെ ഇന്ദ്രിയം ഉള്ളിലേക്ക് പോയേക്കാം, അങ്ങനെ ഗർഭധാരണം സംഭവിക്കുകയും കുട്ടി ജനിക്കുകയും ചെയ്യും. അല്ലാഹുവിന്‍റെ തീരുമാനത്തെ തടുക്കാൻ ആർക്കും സാധ്യമല്ല."

 ജാബിര്‍ رضي الله عنها യുടെ ഹദീസ് عَزْل അനുവദനീയമാണെന്ന് കാണിക്കുന്നു. എന്നാൽ عَزْل അനുവദനീയമല്ല എന്ന് തോന്നിപ്പിക്കുന്ന മറ്റ് ചില ഹദീസുകളും വന്നിട്ടുണ്ട്. ഉദാഹരണത്തിന്, ജുദാമ ബിൻത് വഹ്ബ് رضي الله عنها നിവേദനം ചെയ്ത ഹദീസിൽ മുസ്‌ലിം റിപ്പോർട്ട് ചെയ്യുന്നു: ആളുകൾ നബി صلى الله عليه وسلم യോട് عَزْل നെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "ذلِك الوأدُ الخَفِي" "അത് ഒളിച്ചുവെക്കപ്പെട്ട കൊലയാണ്." ഈ ഹദീസുകൾ തമ്മിൽ എങ്ങനെ യോജിപ്പിക്കാം?

    ഇതിനുള്ള മറുപടി ഇതാണ്: ജാബിര്‍ رضي الله عنهما യുടെയും അബൂ സഈദ് رضي الله عنه വിന്‍റെയും ഹദീസുകൾ വ്യക്തമാക്കുന്നത് പോലെ അടിസ്ഥാനപരമായി ഇത് അനുവദനീയമാണ്. എന്നാൽ കുട്ടി ഉണ്ടാകുന്നത് പൂർണ്ണമായി തടയാൻ കഴിയും എന്ന വിശ്വാസത്തോടെയാണ് عَزْل ചെയ്യുന്നതെങ്കിൽ അതിനെക്കുറിച്ചാണ് ജുദാമയുടെ ഹദീസിൽ "അത് ഒളിച്ചുവെക്കപ്പെട്ട കൊലയാണ്" എന്ന് പരാമർശിച്ചിരിക്കുന്നത്. അല്ലെങ്കിൽ, عَزْل എന്നത് ഹറാമല്ല (നിഷിദ്ധമല്ല), മറിച്ച് കറാഹത്ത് മാത്രമാണെന്ന് ഇതിലൂടെ മനസ്സിലാക്കാം.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- നബി صلى الله عليه وسلم യുടെ കാലത്ത് സ്വഹാബികൾ 'عَزْل' ചെയ്യാറുണ്ടായിരുന്നു, അല്ലാഹു അവരുടെ പ്രവർത്തികളെക്കുറിച്ച് കൃത്യമായി അറിയുന്നവനുമാണ്. എന്നിട്ടും അല്ലാഹു അത് അംഗീകരിച്ചു. ഇവിടെ നിവേദകൻ ഉദ്ദേശിച്ചത്, عَزْل എന്നത് ഇസ്‌ലാമിക നിയമനിർമ്മാണത്തിന്‍റ കാലഘട്ടത്തിൽ നിലവിലുണ്ടായിരുന്ന ഒന്നാണെന്നാണ്. അതിനെതിരെ ഖുർആൻ ഒന്നും അവതരിക്കാതിരുന്നതുകൊണ്ട്, അല്ലാഹു തന്‍റെ അടിമകള്‍ക്ക് അത് അനുവദിച്ചു തന്നിരിക്കുന്നു എന്ന് അവർ മനസ്സിലാക്കി. സ്വഹീഹ് മുസ്‌ലിമിൽ വന്ന നിവേദനത്തിൽ ഈ വിവരം നബി صلى الله عليه وسلم അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്; ജാബിർ رضي الله عنهما പറയുന്നു: "ഈ വിവരം നബി صلى الله عليه وسلم ക്ക് ലഭിച്ചു, എന്നാൽ നബി صلى الله عليه وسلم ഞങ്ങളെ വിലക്കിയില്ല."

2- നബി صلى الله عليه وسلم ഈ കാര്യത്തെക്കുറിച്ച് അറിയുകയും അത് അംഗീകരിക്കുകയും ചെയ്തതിനാൽ 'عَزْل' എന്നത് അടിസ്ഥാനപരമായി അനുവദനീയമായ കാര്യമാണ്. കാരണം തെറ്റായ ഒരു കാര്യത്തെ നബി صلى الله عليه وسلم ഒരിക്കലും അംഗീകരിക്കുകയില്ല. നബി صلى الله عليه وسلم യുടെ വാക്കും പ്രവർത്തിയും അദ്ദേഹത്തിന്‍റെ അംഗീകാരവും ഒക്കെത്തന്നെ ഇസ്‌ലാമിക നിയമത്തിന്‍റെ ഭാഗമാണ്.

3- സ്വതന്ത്രയായ ഒരു ഭാര്യയുടെ അനുവാദമില്ലാതെ അവളിൽ 'عَزْل' ചെയ്യാൻ പാടില്ലെന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ യാതൊരു അഭിപ്രായവ്യത്യാസവുമില്ല. കാരണം ലൈംഗിക ബന്ധം എന്നത് അവളുടെ അവകാശമാണ്, അത് ആവശ്യപ്പെടാൻ അവൾക്ക് അധികാരമുണ്ട്. عَزْل ചെയ്യാതെയുള്ള സാധാരണ രീതിയിലുള്ള ബന്ധത്തെയാണ് പൂർണ്ണമായ ലൈംഗിക ബന്ധമായി കണക്കാക്കുന്നത്.

4- ഇതിൽ നിന്നുതന്നെയാണ് (عَزْل ന്‍റെ വിധിയിൽ നിന്നാണ്) ഗർഭനിരോധന ഗുളികകളുടെയും കുത്തിവെപ്പുകളുടെയും (ഇഞ്ചക്ഷൻ) വിധി മനസ്സിലാക്കേണ്ടത്. എന്തെങ്കിലും ആവശ്യങ്ങളോ താല്പര്യങ്ങളോ ഉണ്ടെങ്കിൽ ഇവ ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന്, സ്ത്രീ രോഗബാധിതയായിരിക്കുകയോ ഗർഭധാരണം അവൾക്ക് ദോഷം ചെയ്യുകയോ ചെയ്യുമ്പോൾ, അല്ലെങ്കിൽ വളർത്താൻ പ്രയാസമുള്ള രീതിയിൽ പ്രായം കുറഞ്ഞ ഒരുപാട് കുട്ടികൾ ഒപ്പമുള്ളപ്പോൾ താൽക്കാലികമായി (ഒന്നോ രണ്ടോ വർഷത്തേക്ക്) ഗർഭം തടയാൻ അവൾ ആഗ്രഹിക്കുന്നുവെങ്കിൽ  അതിൽ തെറ്റില്ല. കുട്ടികളെ വളർത്താനും രോഗത്തിൽ നിന്ന് മുക്തി നേടാനും വേണ്ടിയുള്ള ഇത്തരം സാഹചര്യങ്ങളിൽ ഇത് ഉപയോഗിക്കുന്നത് 'عَزْل' ചെയ്യുന്നതിന് സമാനമായി അനുവദനീയമാണ്.




No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...