ഫോളോ ചെയ്യാം

Tuesday, 9 June 2026

597 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 337 دروس الحديث - രക്തബന്ധം കൊണ്ട് നിഷിദ്ധാമാകുന്നവ മുലകുടി ബന്ധം കൊണ്ടും നിഷിദ്ധമാകും

    

 

 

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، 
أبو محمد، تقي الدين (المتوفى: 600هـ) 


രക്തബന്ധം കൊണ്ട് നിഷിദ്ധാമാകുന്നവ മുലകുടി ബന്ധം കൊണ്ടും നിഷിദ്ധമാകും


كتابُ الرَّضاعِ

മുലകുടി ബന്ധം


337 - عَنْ ابْنِ عَبَّاسٍ رضي الله عنهما قَالَ: (قَالَ رَسُولُ اللَّهِ صلى الله عليه وسلم فِي بِنْتِ حَمْزَةَ: لاتَحِلُّ لِي، يَحْرُمُ مِنْ الرَّضَاعِ مَا يَحْرُمُ مِنْ النَّسَبِ، وَهِيَ ابْنَةُ أَخِي مِنْ الرَّضَاعَةِ).

ഇബ്നു അബ്ബാസ് رضي الله عنهما നിവേദനം: അദ്ദേഹം പറഞ്ഞു: ഹംസയുടെ മകളെക്കുറിച്ച് റസൂൽ صلى الله عليه وسلم അരുളി: "അവൾ എനിക്ക് ഹലാലല്ല (വിവാഹം കഴിക്കാൻ അനുവദനീയമല്ല). കുടുംബബന്ധം (രക്തബന്ധം) മൂലം ഏതൊക്കെ ബന്ധങ്ങളാണോ നിഷിദ്ധമാകുന്നത്, അതൊക്കെ മുലകുടി ബന്ധം മൂലവും നിഷിദ്ധമാകും. അവൾ എന്‍റെ മുലകുടി ബന്ധത്തിലുള്ള സഹോദരന്‍റെ മകളാണ്."

വിവരണം

 ഇസ്‌ലാം മുലകുടി ബന്ധത്തെ കുടുംബബന്ധം (രക്തബന്ധം) പോലെയുള്ള ഒരു ബന്ധമാക്കി നിശ്ചയിച്ചിരിക്കുന്നു. അതിനാൽ കുടുംബബന്ധം കാരണം വിവാഹം നിഷിദ്ധമാകുന്നതുപോലെ മുലകുടി ബന്ധം കാരണവും വിവാഹം നിഷിദ്ധമാകുന്നു. അതനുസരിച്ച് ഒരു പുരുഷന് തന്‍റെ മുലകുടി ബന്ധത്തിലുള്ള സഹോദരി, ഉമ്മ, അമ്മായി തുടങ്ങിയവരെ വിവാഹം കഴിക്കൽ നിഷിദ്ധമാണ്. മറ്റു ബന്ധങ്ങളും ഇതുപോലെത്തന്നെ.

എന്താണ് മുലകുടി ബന്ധം?

 അകിടിൽ നിന്നോ സ്തനത്തിൽ നിന്നോ പാൽ കുടിക്കുക (ചുണ്ടുകൾ കൊണ്ട് വലിച്ചുകുടിക്കുക) എന്നാണ് 'റളാഅ്' എന്ന വാക്കിന്‍റെ ഭാഷാപരമായ അർത്ഥം.

 രണ്ട് വയസ്സിൽ താഴെയുള്ള ഒരു കുട്ടി, ഗർഭധാരണം കാരണം ഒരു സ്ത്രീയിലുണ്ടായ മുലപ്പാൽ കുടിക്കുന്നതിനോ അല്ലെങ്കിൽ അത് അകത്താക്കുന്നതിനോ ആണ് ശരീഅത്തിൽ ഇത് എന്ന് പറയുന്നത്. അത് നേരിട്ട് സ്തനത്തിൽ നിന്ന് കുടിച്ചതായാലും, പാത്രത്തിൽ പിഴിഞ്ഞൊഴിച്ച് കുടിപ്പിച്ചതായാലും, അല്ലെങ്കിൽ കുട്ടിയുടെ വായിലേക്ക് ഒഴിച്ച് കൊടുത്തതായാലും, അതുമല്ലെങ്കിൽ അത് ഉണക്കിപ്പൊടിച്ച് ഭക്ഷണമാക്കിക്കൊടുത്തതായാലും (രണ്ട് വയസ്സിന് താഴെയുള്ള കുട്ടിയുടെ ഉള്ളിൽ പാലെത്തിയാൽ) അത് മുലകുടി ബന്ധത്തിന്‍റെ പരിധിയിൽ വരും. 

 വിവാഹ വിലക്ക് സ്ഥിരപ്പെടണമെങ്കിൽ കുറഞ്ഞത് അറിയപ്പെട്ട അഞ്ച് തവണ മുലകുടിക്കൽ അനിവാര്യമാണ്. അതുപോലെതന്നെ അത് കുട്ടിയുടെ വിശപ്പടക്കുന്ന പ്രായത്തിലായിരിക്കണം. അതായത് ആദ്യത്തെ രണ്ട് വയസ്സിനുള്ളിൽ (മുലകുടി പ്രായത്തിൽ) ആയിരിക്കണം. നബി صلى الله عليه وسلم അരുളി: "തീർച്ചയായും വിശപ്പടക്കുന്ന പ്രായത്തിലുള്ളതാണ് മുലകുടി ബന്ധം"; അതായത് രണ്ട് വയസ്സിനുള്ളിൽ നടക്കുന്ന മുലകുടി മാത്രമാണ് ഇതില്‍ പരിഗണിക്കപ്പെടുക.

 ഈ ഹദീസിലൂടെ അബ്ദുല്ലാഹിബ്നു അബ്ബാസ് رضي الله عنهما വ്യക്തമാക്കുന്നത്: റസൂൽ صلى الله عليه وسلم യോട് ഹംസ ബിൻ അബ്ദിൽ മുത്തലിബിന്‍റെ മകളെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് നിർദ്ദേശിക്കപ്പെട്ടപ്പോൾ, അവൾ തനിക്ക് ഹലാലല്ല (അനുവദനീയമല്ല) എന്ന് അവിടുന്ന് അറിയിച്ചു. കാരണം, അവൾ അവിടുത്തെ മുലകുടി ബന്ധത്തിലുള്ള സഹോദരന്‍റെ മകളാണ്. ഹംസ ബിൻ അബ്ദിൽ മുത്തലിബ് رضي الله عنه റസൂൽ صلى الله عليه وسلم യുടെ പിതൃവ്യൻ (അമ്മാവൻ) മാത്രമായിരുന്നില്ല, മറിച്ച് മുലകുടി ബന്ധത്തിലുള്ള സഹോദരൻ കൂടിയായിരുന്നു. അബൂലഹബിന്‍റെ അടിമസ്ത്രീയായിരുന്ന സുഹൈബയാണ് അവർ ഇരുവർക്കും മുലയൂട്ടിയത്. ഹംസ رضي الله عنه  റസൂൽ صلى الله عليه وسلم യേക്കാൾ രണ്ടു വയസ്സിന് മുതിർന്നവരായിരുന്നു. ഹംസ رضي الله عنه നെ മുലയൂട്ടിയതിന് ശേഷമാണ് സുഹൈബ നബി صلى الله عليه وسلم യെ മുലയൂട്ടിയത്. അതിനുശേഷമാണ് അബൂസലമയെ മുലയൂട്ടിയത്.

 അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "കുടുംബബന്ധം മൂലം ഏതൊക്കെ ബന്ധങ്ങളാണോ നിഷിദ്ധമാകുന്നത്, അതൊക്കെ മുലകുടി ബന്ധം മൂലവും നിഷിദ്ധമാകും." കുടുംബബന്ധം വഴി ഏതൊക്കെ സ്ത്രീകളെ വിവാഹം കഴിക്കലാണോ നിഷിദ്ധമാക്കിയിട്ടുള്ളത്, അവരൊക്കെ മുലകുടി ബന്ധത്തിലൂടെയും നിഷിദ്ധമാകും. കുടുംബബന്ധത്തിലൂടെ സഹോദരന്‍റെ മകൾ നിഷിദ്ധമാകുന്നതുപോലെത്തന്നെ, മുലകുടി ബന്ധത്തിലൂടെയുള്ള സഹോദരന്‍റെ മകളും നിഷിദ്ധമാകുന്നു.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍

1- മുലകുടി ബന്ധത്തിലൂടെ വിവാഹ വിലക്ക് ഉൾപ്പെടെയുള്ള 'ഹുർമത്ത്' (വിവാഹം കഴിക്കാൻ പാടില്ലാത്ത പവിത്രമായ ബന്ധം) സ്ഥിരപ്പെടുന്നു.

2- കുടുംബബന്ധം (രക്തബന്ധം) വഴി ഏതൊക്കെ കാര്യങ്ങളാണോ സ്ഥിരപ്പെടുന്നത്, അതുപോലെത്തന്നെയാണ് മുലകുടി ബന്ധത്തിലൂടെയും സ്ഥിരപ്പെടുന്നത്. അതിനാൽ കുടുംബബന്ധം വഴി ഏതൊരു സ്ത്രീയാണോ നിഷിദ്ധമാകുന്നത്, അതിന് സമാനമായ സ്ത്രീ മുലകുടി ബന്ധത്തിലൂടെയും നിഷിദ്ധമാകുന്നതാണ്.

3- മുലകുടി ബന്ധത്തിലൂടെ വിവാഹ വിലക്ക് ബാധകമാകുന്നത് മുലകുടിച്ച കുഞ്ഞിനും ആ കുഞ്ഞിന്‍റെ പരമ്പരകൾക്കും (മക്കൾ, പേരമക്കൾ തുടങ്ങിയവർക്ക്) മാത്രമാണ്. എന്നാൽ ആ കുഞ്ഞിന്‍റെ പിതാവ്, മാതാവ്, അവരുടെ മാതാപിതാക്കൾ തുടങ്ങിയവർക്ക് ഈ വിവാഹ വിലക്ക് ബാധകമല്ല. അതുപോലെതന്നെ കുഞ്ഞിന്‍റെ സഹോദരങ്ങൾ, സഹോദരിമാർ, മാതൃ സഹോദരങ്ങള്‍, പിതൃ സഹോദരങ്ങള്‍ തുടങ്ങിയവർക്ക് ഈ വിധി ബാധകമല്ല; ഇവരൊന്നും ഇതിന്‍റെ പരിധിയിൽ വരുന്നില്ല.

4- എന്നാൽ മുലകുടിച്ച കുട്ടി മുലയൂട്ടിയ സ്ത്രീയുടെ സ്വന്തം മക്കളിൽ ഒരാളെപ്പോലെയായി മാറുന്നു. അതനുസരിച്ച് ആ സ്ത്രീ കുട്ടിയുടെ ഉമ്മയും, ആ മുലപ്പാലിന് കാരണക്കാരനായ പുരുഷൻ (സ്ത്രീയുടെ ഭർത്താവ്) കുട്ടിയുടെ ഉപ്പയും ആയിത്തീരുന്നു. അവരുടെ മക്കൾ കുട്ടിയുടെ സഹോദരങ്ങളും സഹോദരിമാരുമാണ്. അവരുടെ മാതാപിതാക്കൾ (എത്ര മുകളിലോട്ട് പോയാലും) കുട്ടിയുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരുമാണ്. അവരുടെ മാതൃസഹോദരന്‍മാരും, പിതൃസഹോദരന്‍മാരും ഈ കുട്ടിയുടെയും മാതൃസഹോദരന്‍മാരും, പിതൃസഹോദരന്‍മാരും ആണ്. ഇത് പോലെ തന്നെയാണ് ബാക്കി ബന്ധങ്ങളും.




No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...