ഫോളോ ചെയ്യാം

Friday, 19 June 2026

604 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 344 دروس الحديث - അന്ത്യദിനത്തില്‍ മനുഷ്യരുമായ ബന്ധപ്പെട്ട കാര്യങ്ങളില്‍ ആദ്യം വിചാരണ ചെയ്യപ്പെടുന്നത്

 



 

    

عمدة الأحكام من كلام خير الأنام صلى الله عليه وسلم
المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي،
أبو محمد، تقي الدين (المتوفى: 600هـ) 


അന്ത്യദിനത്തില്‍ മനുഷ്യരുമായ ബന്ധപ്പെട്ട കാര്യങ്ങളില്‍ ആദ്യം വിചാരണ ചെയ്യപ്പെടുന്നത്  

344 - عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: (أَوَّلُ مَا يُقْضَى بَيْنَ النَّاسِ يَوْمَ الْقِيَامَةِ فِي الدِّمَاءِ) .

അബ്ദുല്ലാഹിബ്നു മസ്ഊദ് رضي الله عنه വിൽ നിന്ന് നിവേദനം: അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم അരുളി: (അന്ത്യദിനത്തിൽ മനുഷ്യർക്കിടയിൽ ആദ്യമായി വിധി കൽപ്പിക്കപ്പെടുക രക്തങ്ങളുടെ (രക്ത ച്ചൊരിച്ചിലുകളുടെ) കാര്യങ്ങളിലാണ്.)

വിവരണം

 മനുഷ്യരുടെ രക്തം ചിന്തുന്നതിന്‍റെ (രക്തച്ചൊരിച്ചിലിന്‍റെ) ഗൗരവം അല്ലാഹുവിന്‍റെ റസൂൽ صلى الله عليه وسلم വളരെ വലുതായി കാണിച്ചിരിക്കുന്നു. മനുഷ്യർ പരസ്പരം ചെയ്ത അതിക്രമങ്ങളിൽ വെച്ച് അവർക്കിടയിൽ പരലോകത്ത് ആദ്യമായി വിധി കൽപ്പിക്കപ്പെടുക കൊലപാതകം, പരിക്കേൽപ്പിക്കൽ തുടങ്ങിയ രക്തവുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരിക്കുമെന്ന് ഈ ഹദീസിലൂടെ നബി صلى الله عليه وسلم വ്യക്തമാക്കുന്നു.

 മനുഷ്യശരീരത്തെ തകർക്കുക (ജീവനെടുക്കുക) എന്നത് ഏറ്റവും വലിയ നാശങ്ങളിൽ പെട്ടതാണ്. അല്ലാഹുവിലുള്ള അവിശ്വാസത്തിന് ശേഷം അറിയിക്കപ്പെട്ട വലിയൊരു തിന്മയാണ് അത്. 

 അബൂഹുറൈറ رضي الله عنه വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട സുനനുകളിലെ ഹദീസിൽ "അന്ത്യദിനത്തിൽ ഒരു അടിമ ആദ്യമായി വിചാരണ ചെയ്യപ്പെടുക നമസ്കാരത്തെക്കുറിച്ചായിരിക്കും" എന്ന് വന്നിട്ടുണ്ട്. ഇത് ആരാധനകളുമായും അല്ലാഹുവിന്‍റെ അവകാശങ്ങളുമായും ബന്ധപ്പെട്ട കാര്യങ്ങളിലാണ്. എന്നാൽ രക്തവുമായി ബന്ധപ്പെട്ട വിധികൾ മനുഷ്യർക്ക് പരസ്പരമുള്ള അവകാശങ്ങളുമായി ബന്ധപ്പെട്ടതാണ്.

ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍ 

1- ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾക്ക് മുൻഗണന നൽകുക എന്നത് നിയമമാണ്. അതുകൊണ്ടാണ് പരസ്പരമുള്ള അതിക്രമങ്ങളിൽ വിധി കൽപ്പിക്കാൻ അന്ത്യദിനത്തില്‍ രക്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്.

2- ഒരു തിന്മ വരുത്തിവെക്കുന്ന നാശത്തിന്‍റെ വലിപ്പമനുസരിച്ചാണ് ആ പാപത്തിന്‍റെ ഗൗരവവും വർദ്ധിക്കുന്നത്. 

3- നിരപരാധികളായ മനുഷ്യരുടെ ജീവനടുക്കുക എന്നത് ഏറ്റവും വലിയ നാശങ്ങളിൽ പെട്ടതാണ്. അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നതിനും  (ശിർക്ക്) അവിശ്വാസത്തിനും (കുഫ്ർ) തൊട്ടുപിന്നാലെ വരുന്ന ഏറ്റവും വലിയ തിന്മയാണ് ഒരു മനുഷ്യജീവൻ അന്യായമായി എടുക്കുക എന്നത്.

4- ഇസ്‌ലാമിൽ മനുഷ്യന്‍റെ ജീവനും രക്തത്തിനും കൽപിച്ചിട്ടുള്ള പ്രാധാന്യം വളരെ വലുതാണ്. നിരപരാധികളുടെ രക്തം ചിന്തുന്നത് അല്ലാഹു കടുത്ത ഭാഷയിൽ വിലക്കിയ കാര്യമാണ്.

5- പരലോകത്തെ വിചാരണയിൽ രണ്ട് തരം അവകാശങ്ങളുണ്ട്. അല്ലാഹുവോടുള്ള കടമകളിൽ (ആരാധനകളിൽ) ആദ്യമായി വിചാരണ ചെയ്യപ്പെടുന്നത് 'നമസ്കാര'ത്തെക്കുറിച്ചാണ്. എന്നാൽ മനുഷ്യർ പരസ്പരമുള്ള കടമകളിൽ (അവകാശങ്ങളിൽ) ആദ്യമായി വിചാരണ ചെയ്യപ്പെടുന്നത് 'രക്തച്ചൊരിച്ചിലി'നെക്കുറിച്ചാണ്.

6- ശരീഅത്തിൽ കൽപ്പിച്ചിട്ടുള്ള ശിക്ഷാവിധികൾ ജനങ്ങളോടുള്ള ക്രൂരതയല്ല, മറിച്ച് അത് അല്ലാഹുവിന്‍റെ കാരുണ്യമാണ്. കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാനും, സമൂഹത്തിന്‍റെ സുരക്ഷിതത്വം ഉറപ്പുവരുത്താനും, തെറ്റ് ചെയ്തവനെ നന്നാക്കാനുമാണ് അവ നിശ്ചയിച്ചിട്ടുള്ളത്. 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...