الأربعون النووية-حديث: 17
എല്ലാറ്റിലും നന്‍മ ചെയ്യുന്നവരാവുക
عَنْ أَبِي يَعْلَى شَدَّادِ بْنِ
أَوْسٍ رضي الله عنه عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ: "إنَّ اللَّهَ كَتَبَ
الْإِحْسَانَ عَلَى كُلِّ شَيْءٍ، فَإِذَا قَتَلْتُمْ فَأَحْسِنُوا الْقِتْلَةَ،
وَإِذَا ذَبَحْتُمْ فَأَحْسِنُوا الذِّبْحَةَ، وَلْيُحِدَّ أَحَدُكُمْ شَفْرَتَهُ،
وَلْيُرِحْ ذَبِيحَتَهُ".
رَوَاهُ
مُسْلِمٌ [رقم:1955].
അബൂ യഅ'ല ശദ്ദാദു ബ്നു ഔസ് رضي الله عنه നിവേദനം. റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിശ്ചയം അല്ലാഹു ഇഹ്സാന്‍ (നന്‍മ ചെയ്യല്‍) എല്ലാ കാര്യത്തിലും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിങ്ങള്‍ വധിക്കുകയാനെങ്കില്‍ നല്ല നിലക്ക് വധിക്കുക, നിങ്ങള്‍ ബലി അറുക്കുകയാണെങ്കില്‍ അറവും നന്നാക്കുക. നിങ്ങളില്‍ ഒരാള്‍ (കത്തിയുടെ) മൂര്‍ച്ഛ കൂട്ടുകയും അറവ് മൃഗത്തിന് ആശ്വാസം നല്‍കുകയും ചെയ്യുക.
വിവരണം
അല്ലാഹു ഇഹ്സാന്‍ അഥവാ നല്ലത് ചെയ്യല്‍, നന്നാക്കി ചെയ്യല്‍ എല്ലാ കാര്യത്തിലും നിര്‍ബന്ധമാക്കിയിരിക്കുന്നു. كَتَبَ എന്ന പദം നിര്‍ബന്ധത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് ഉസ്വൂലി പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
إحسان എന്നാല്‍ നന്‍മ ചിലവഴിക്കുക അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് ഗുണം ചെയ്യുക എന്നാണ് ഭാഷാര്‍ത്ഥം. അത് പോലെ ആരാധനാ കാര്യങ്ങള്‍ സൂക്ഷ്മതയോടെ പരിപൂര്‍ണ്ണമാക്കി ചെയ്യുന്നതിനും ഇഹ്സാന്‍ എന്ന് പറയുന്നു.
ഇഹ്സാന്‍ എന്നത് അല്ലാഹു മാനവരോട് കല്പിച്ച കാര്യമാണ്. അല്ലാഹു പറയുന്നു:
''തീർച്ചയായും അല്ലാഹു കൽപിക്കുന്നത് നീതി പാലിക്കുവാനും നൻമ ചെയ്യുവാനും കുടുംബബന്ധമുള്ളവർക്ക് (സഹായം) നൽകുവാനുമാണ്'' . (നഹ്ല്‍:90)
അല്ലാഹു പറയുന്നു:
''നിങ്ങൾ നല്ലത് പ്രവർത്തിക്കുക. നൻമ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും''. (അല്‍ബക്വറ:195)
ഇഹ്സാന്‍ രണ്ട് വിധമുണ്ട്:
ഒന്ന്: നിരബന്ധമായവ, മാതാപിതാക്കള്‍ക്ക് നന്‍മ ചെയ്യല്‍ പോലെയുള്ളത്.
രണ്ട്: ഐച്ഛീകം ആയത്. ദാനം ചെയ്യല്‍, ജനങ്ങള്‍ക്ക് നല്ലത് ചെയ്യല്‍ പോലെയുള്ളത്.
എല്ലാ കാര്യങ്ങളിലും ഇഹ്സാന്‍ അനിവാര്യമാണ് എന്നാണ് ഈ ഹദീസ് അറിയിക്കുന്നത്.
ഇഹ്സാന്‍ വിവിധ രൂപങ്ങളിലുണ്ട്.
- ഇസ്‌ലാം നിര്‍ബന്ധ കാര്യങ്ങളായി പഠിപ്പിച്ച കാര്യങ്ങള്‍ കൃത്യമായി പഠിപ്പിക്കപ്പെട്ട രൂപത്തില്‍ ചെയ്യല്‍ അതിലുള്ള ഇഹ്സാന്‍ ആണ്.
- ഇസ്‌ലാം നിഷിദ്ധമായി പഠിപ്പിച്ച കാര്യങ്ങളില്‍ അടുക്കാതെ അവയില്‍ നിന്ന് അകന്നു നില്‍ക്കല്‍ അതിലെ ഇഹ്സാന്‍ ആണ്
- വിധിയില്‍ സംഭവിക്കുന്ന ധാരാളം കാര്യങ്ങള്‍ ഉണ്ട്. അവയില്‍ ക്ഷമിച്ച് കൊണ്ട് അല്ലാഹുവിന്‍റെ വിധിയില്‍ കൃത്യമായി വിശ്വസിച്ച് കൊണ്ട് ജീവിക്കല്‍. അതാണ് അതിലുള്ള ഇഹ്സാന്‍.
- ജനങ്ങളുമായി ഇടപെടുമ്പോഴുള്ള ഇഹ്സാന്‍. അത് അവരുമായി ഇടപെടുമ്പോള്‍ ഏറ്റവും നല്ല നിലയില്‍ അല്ലാഹു കല്‍പിച്ച പോലെ അത് നിര്‍വ്വഹിക്കല്‍ ആണ്.
കൊല്ലുമ്പോള്‍ വരെ ഇഹ്സാന്‍ വേണം എന്ന് പറഞ്ഞതില്‍ ഇസ്‌ലാമിന്‍റെ നന്മക്കുള്ള ആഹ്വാനം എത്രത്തോളം ഉണ്ട് എന്നതിനെ വ്യക്തമാക്കുന്നു.
കൊല്ലല്‍ എന്നതില്‍ എല്ലാം ഉള്‍പ്പെടുന്നു. യുദ്ധത്തിലും പ്രതിക്രിയയായും മനുഷ്യരെ വധിക്കുന്നതും, ക്ഷുദ്ര ജീവികളെ കൊല്ലുന്നതും എല്ലാം ഇതില്‍ പെടുന്നു. ഈ കാര്യം നടപ്പിലാക്കുമ്പോള്‍ വേഗം ജീവന്‍ പോകുന്ന വിധത്തില്‍ ആയിരിക്കണം നടപ്പിലാക്കേണ്ടത്. കൂടുതല്‍ വേദനകളും പ്രയാസങ്ങളും ഈ സമയത്ത് ഏല്‍പിക്കാന്‍ പാടില്ല.
ബലി അറുക്കുമ്പോഴും ഈ കാര്യം ശ്രദ്ധിക്കണം. വേഗത്തില്‍ ജീവന്‍ പോകുന്ന വിധം മൂര്‍ച്ചയുള്ള ആയുധം കൊണ്ട് വേണം ബലിയറുക്കാന്‍.
ജീവികളോടും കാരുണ്യം കാണിക്കണം എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഇസ്‌ലാം അതിനും വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഒരിക്കല്‍ ഒരാള്‍ ഒരു ആടിനെ ചെവിയില്‍ പിടിച്ച് വലിച്ച് കൊണ്ടു പോകുന്നത് റസൂല്‍ صلى الله عليه وسلم കണ്ടപ്പോള്‍ അതിന്‍റെ കഴുത്തില്‍ പിടിച്ച് കൊണ്ട് പോകുവാന്‍ പറഞ്ഞത് ഇബ്നുമാജ റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം. ബലി മൃഗത്തിന്‍റെ മുമ്പില്‍ അറവ് സമയത്ത് മാത്രമേ കത്തി കാണിക്കാവൂ എന്നും ഇമാം അഹ്മദ് رحمه الله പറഞ്ഞിട്ടുണ്ട്.
ഇഹ്സാന്‍ ചെയ്യേണ്ട എല്ലാ മേഖലകളിലും നാം അത് കൃത്യമായി പാലിക്കണം. മുസ്‌ലീംകളോട് ശത്രുതയില്‍ അല്ലാത്ത മുസ്‌ലിംകള്‍ അല്ലാത്തവരോടും ഇഹ്സാന്‍ ചെയ്യണമെന്നത് അല്ലാഹുവിന്‍റെ അറിയിപ്പാണ്. അല്ലാഹു പറയുന്നു: ''മതകാര്യത്തിൽ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളിൽ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവർക്ക് നൻമ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീർച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു''. (മുംതഹന:8)
No comments:
Post a Comment