ഫോളോ ചെയ്യാം

Thursday, 5 June 2025

ദുറൂസുല്‍ ഹദീസ് - ഭാഗം 230 دروس الحديث - നീ അല്ലാഹുവിനോട് മാത്രം തേടുക

 


الأربعون النووية-حديث: 19

നീ അല്ലാഹുവിനോട് മാത്രം തേടുക

عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ: "كُنْت خَلْفَ رَسُولِ اللَّهِ صلى الله عليه وسلم  يَوْمًا، فَقَالَ: يَا غُلَامِ! إنِّي أُعَلِّمُك كَلِمَاتٍ: احْفَظْ اللَّهَ يَحْفَظْك، احْفَظْ اللَّهَ تَجِدْهُ تُجَاهَك، إذَا سَأَلْت فَاسْأَلْ اللَّهَ، وَإِذَا اسْتَعَنْت فَاسْتَعِنْ بِاَللَّهِ، وَاعْلَمْ أَنَّ الْأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوك بِشَيْءٍ لَمْ يَنْفَعُوك إلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ لَك، وَإِنْ اجْتَمَعُوا عَلَى أَنْ يَضُرُّوك بِشَيْءٍ لَمْ يَضُرُّوك إلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْك؛ رُفِعَتْ الْأَقْلَامُ، وَجَفَّتْ الصُّحُفُ" . رَوَاهُ التِّرْمِذِيُّ [رقم:2516] وَقَالَ: حَدِيثٌ حَسَنٌ صَحِيحٌ.

وَفِي رِوَايَةِ غَيْرِ التِّرْمِذِيِّ: "احْفَظْ اللَّهَ تَجِدْهُ أمامك، تَعَرَّفْ إلَى اللَّهِ فِي الرَّخَاءِ يَعْرِفُك فِي الشِّدَّةِ، وَاعْلَمْ أَنَّ مَا أَخْطَأَك لَمْ يَكُنْ لِيُصِيبَك، وَمَا أَصَابَك لَمْ يَكُنْ لِيُخْطِئَك، وَاعْلَمْ أَنَّ النَّصْرَ مَعَ الصَّبْرِ، وَأَنْ الْفَرَجَ مَعَ الْكَرْبِ، وَأَنَّ مَعَ الْعُسْرِ يُسْرًا". 

അബ്ദുല്ലാഹിബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُمَا പറഞ്ഞു: ''ഞാന്‍ ഒരിക്കല്‍ റസൂല്‍ صلى الله عليه وسلم യുടെ പിറകില്‍ (യാത്ര ചെയ്യുക) ആയിരുന്നു. അപ്പോള്‍ റസൂല്‍ صلى الله عليه وسلم പറഞ്ഞു: ഏ.. കുട്ടീ... ഞാന്‍ നിനക്ക് കുറച്ച് വചനങ്ങള്‍ പഠിപ്പിച്ച് തരാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക, എങ്കില്‍ അല്ലാഹു നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക.. എങ്കില്‍ അല്ലാഹുവിനെ നിനക്ക് നിന്‍റെ മുമ്പില്‍ കാണാം. നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് മാത്രം ചോദിക്കുക, നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് മാത്രം സഹായം തേടുക. നീ അറിയുക, ഒരു ജനത മുഴുവന്‍ നിനക്ക് ഒരു ഉപകാരം ചെയ്യാന്‍ വേണ്ടി ഒരുമിച്ച് കൂടിയാലും അല്ലാഹു രേഖപ്പെടുത്തിയതല്ലാത്ത ഒരു ഉപകാരവും അവര്‍ നിനക്ക് ചെയ്യില്ല. ഇനി ഒരു ജനത ഒന്നടങ്കം നിനക്ക് ഒരു ദ്രോഹം ഉണ്ടാക്കാന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു നിനക്ക് വിധിച്ചതല്ലാതെ ഒരു ദ്രോഹവും അവര്‍ വരുത്തില്ല. പേനകള്‍ ഉയര്‍ത്തപ്പെടുകയും ഏടുകള്‍ ഉണങ്ങുകയും ചെയ്തിരിക്കുന്നു''. 

തിര്‍മിദിയുടെതല്ലാത്ത റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ''നീ അല്ലാഹുവിനെ സൂക്ഷിക്കുക, എങ്കില്‍ അല്ലാഹുവിനെ നിന്‍റെ മുമ്പില്‍ നിനക്ക് കാണാം. ഐശ്വര്യ കാലത്ത് നീ അല്ലാഹുവിനെ മനസ്സിലാക്കുക, എങ്കില്‍ പ്രയാസ കാലത്ത് അല്ലാഹു നിന്നെ മനസ്സിലാക്കും. നീ അറിയണം.. നിന്നില്‍ നിന്ന് തെറ്റി പോയത് ഒരിക്കലും നിന്നെ ബാധിക്കില്ല. നിനക്ക് ബാധിക്കാന്‍ (വിധിച്ചത്) ഒരിക്കലും തെറ്റിപോവുകയുമില്ല. നിശ്ചയം ക്ഷമയോടൊപ്പമാണ് സഹായം എന്നും, വിപത്തിനോടോപ്പമാണ് സന്തോഷം എന്നും,  പ്രയാസത്തോടോപ്പമാണ് എളുപ്പമെന്നും നീ അറിയണം''. 

വിവരണം

റസൂല്‍ صلى الله عليه وسلم യുടെ മഹത്തരമായ ഉപദേശങ്ങളാണ് ഈ ഹദീസിലുള്ളത്. തന്‍റെ പിതൃവ്യ പുത്രന്‍ അബ്ദുല്ലഹിബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُمَا ക്ക് ആണ് ഈ ഉപദേശം നല്‍കിയത്. ഏ.. കുട്ടീ എന്ന് വിളിച്ചാണ് ഉപദേശം നല്‍കിയത്. غلام എന്നാല്‍ ഒമ്പത് വയസ്സ് വരെയുള്ള കുട്ടിക്കാണ് പറയുക. 

അധ്യാപന രീതിയുടെ മഹിതമായ മാതൃക റസൂല്‍ صلى الله عليه وسلم യുടെ പ്രയോഗങ്ങളിലുണ്ട്. ഞാന്‍ നിന്നോട് കല്‍പിക്കുന്നു എന്നോ മറ്റോ അല്ല പറഞ്ഞത്. പറയപ്പെട്ട കാര്യങ്ങള്‍ എല്ലാം കല്‍പനകളാണ്. പക്ഷെ വേഗത്തില്‍ മനസ്സിനിണങ്ങുന്ന പ്രയോഗമാണ് റസൂല്‍ صلى الله عليه وسلم നടത്തിയത്. ഞാന്‍ നിനക്ക് പഠിപ്പിച്ചു തരാം എന്ന ആമുഖത്തോടെയാണ് ഉപദേശം തുടങ്ങിയത് . 

റസൂല്‍ صلى الله عليه وسلم പഠിപ്പിച്ച് കൊടുത്തത് ചില വചനങ്ങളാണ് അഥവാ ചില സാരവത്തായ ഉപദേശങ്ങള്‍.

റസൂല്‍ صلى الله عليه وسلم യുടെ ഉപദേശങ്ങള്‍

ഒന്ന്: നീ അല്ലാഹുവിനെ സൂക്ഷിക്കുക, അല്ലാഹു നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക എങ്കില്‍ അല്ലാഹുവിനെ നിന്‍റെ മുമ്പില്‍ നിനക്ക് കാണാം. 

അല്ലാഹുവിനെ സൂക്ഷിക്കേണ്ടത് അല്ലാഹുവിനോടുള്ള കടമകള്‍ നിറവേറ്റിക്കൊണ്ടാണ്. ഒരു അടിമക്ക് അല്ലാഹുവുമായി ബന്ധപ്പെട്ട കടമകള്‍ രണ്ട് ഇനമാണ്:

ഒന്ന്: നിര്‍ബന്ധമായവ

രണ്ട്: ഐച്ഛീകമായവ

ഒരു അടിമ അല്ലാഹുവിനെ സൂക്ഷിക്കുക എന്നാല്‍ അവന്‍ ഈ രണ്ട് കടമകളും നിറവേറ്റുക എന്നാണ് അര്‍ത്ഥമാക്കുന്നത്. വിശ്വാസപരവും കര്‍മപരവുമായ എല്ലാ കാര്യങ്ങളും ജീവിതത്തില്‍ നടപ്പിലാക്കിക്കൊണ്ടാണ് അവന്‍ അല്ലാഹുവിനെ സൂക്ഷിക്കേണ്ടത്. അതോടൊപ്പം അവന്‍ നിഷിദ്ധങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയും വേണം. 

അടിമയെ അല്ലാഹു സംരക്ഷിക്കുന്നത് രണ്ട് വിധമാണ്:

ഒന്ന്: അടിമയെ ഈ ലോകത്ത് വെച്ച് സംരക്ഷിക്കല്‍. ഇവിടെ അവന് വേണ്ട എല്ലാ കാര്യങ്ങളും അല്ലാഹു ഒരുക്കിക്കൊടുക്കും.

രണ്ട്: വിശ്വാസികള്‍ക്ക് അല്ലാഹു പ്രത്യേകം നല്‍കുന്ന പദവിയാണിത്‌. അഥവാ അവന്‍റെ ദീനില്‍ ഉള്ള സംരക്ഷണമാണ് ഇത്. ഇതാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. ഇതിലൂടെ അവന് കൂടുതല്‍ നന്മകളിലേക്കും അനുഗ്രഹങ്ങളിലെക്കും വഴിതുറക്കപ്പെടും. റസൂല്‍ صلى الله عليه وسلم ഏറ്റവും അധികം പ്രാര്‍ഥിച്ചതും ഇതിന് വേണ്ടിയാണ്. ഹൃദയം അല്ലാഹുവിന്‍റെ മതത്തില്‍ ഉറച്ച് നില്‍ക്കാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥന. 

മതവിഷയങ്ങളില്‍ വിടവുകള്‍ വന്നാല്‍ അടിമക്ക് അല്ലാഹുവിന്‍റെ സംരക്ഷണം കുറയുന്നു എന്ന് മനസ്സിലാക്കാം. ആയതിനാല്‍ അല്ലാഹുവിലേക്ക് മടങ്ങാനും അവന്‍റെ കല്‍പനകളും വിലക്കുകളും മാനിക്കാനും തൗബയും ഇസ്തിഗ്ഫാറും വര്‍ധിപ്പിക്കാനും അടിമക്ക് സാധിക്കണം. ഭൗതിക കാര്യങ്ങളെക്കാള്‍ മഹത്തരമായ സംരക്ഷണം മത വിഷയത്തില്‍ ഉള്ളതാകുന്നു. അതിലുള്ള സംരക്ഷണക്കുറവ് അല്ലാഹുവിന്‍റെ ശിക്ഷയായേക്കാം.

അല്ലാഹുവിന്‍റെ സംരക്ഷണം ഒരാള്‍ക്ക് ലഭിച്ചാല്‍ അല്ലാഹു അവനോടൊപ്പം ഉണ്ടാകും. അവന് സൗഭാഗ്യവും സഹായവും നല്ലത് തോന്നിപ്പിക്കലും എല്ലാം ഉണ്ടാകും. 

അല്ലാഹുവിനെ യഥാവിധി സൂക്ഷിച്ചാല്‍ അല്ലാഹുവിനോട് ചോദിക്കുന്ന ഏത് കാര്യവും അവന് ലഭിക്കും. അതാണ്‌ അല്ലാഹുവിനെ നിനക്ക് നിന്‍റെ മുമ്പില്‍ കാണാം എന്നതിന്‍റെ അര്‍ത്ഥം. 

എന്ത് കാര്യം ചോദിക്കുകയാനെങ്കിലും അല്ലാഹുവിനോട് മാത്രം ചോദിക്കുക, സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് മാത്രം സഹായം തേടുക. ഇത് ഈമാനിന്‍റെ വലിയ സന്ദേശമാണ്. അല്ലാഹുവുമായി അടിമക്ക് എല്ലായ്'പ്പോഴും ബന്ധമുണ്ടാകണം എന്നും അവന്‍റെ ഹൃദയം അല്ലാഹുവുമായി സദാ അടുപ്പമുള്ളതാവണം എന്നും ഇത് സൂചിപ്പിക്കുന്നു. 

അല്ലാഹുവിനോടുള്ള ചോദ്യവും സഹായ തേട്ടവും രണ്ട് വിധമുണ്ട്:

ഒന്ന്: നിര്‍ബന്ധമായ സഹായ തേട്ടം

അല്ലാഹുവിന് മാത്രം കഴിയുന്ന കാര്യങ്ങളില്‍ അല്ലാഹുവിനോട് മാത്രം സഹായം ചോദിക്കലാണ് അത്. അതില്‍ ഒരാളെയും പങ്ക് ചേര്‍ക്കാന്‍ പാടില്ല. കാരണം അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ത്ഥന കടുത്ത ശിര്‍ക്ക് ആകുന്നു. 

രണ്ട്: സുന്നത്തായ സഹായ തേട്ടം

കഴിയുന്നതും ഒരാള്‍ ആരോടും ഒന്നും ചോദിക്കാതിരിക്കുക. ഇത് നിര്‍ബന്ധമല്ലെങ്കിലും മഹത്തരമായ കാര്യമാണ്. നമുക്ക് ആവശ്യമുള്ളത് അവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളാണെങ്കില്‍ മറ്റുള്ളവരോട് ചോദിക്കാം. . ചോദിക്കാതിരിക്കുന്നതാണ് പരിപൂര്‍ണ്ണത. അല്ലാഹുവിന് മാത്രം ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ അല്ലാഹുവിനോട് മാത്രം ചോദിക്കല്‍ നിര്‍ബന്ധവുമാണ്‌. 

വിധി വിശ്വാസത്തെ കുറിച്ചാണ് ശേഷം പറയുന്നത്. 

ഉപകാരവും ഉപദ്രവവും സംഭവിക്കുന്നത് അല്ലാഹുവിന്‍റെ ഉദ്ദേശപ്രകാരവും അവന്‍റെ തീരുമാനപ്രകാരവുമാണ്. ഏതൊരാള്‍ മറ്റൊരാള്‍ക്ക് ഉപകാരം ചെയ്യണമെങ്കിലും ഉപദ്രവം ചെയ്യണമെങ്കിലും അത് നടപ്പിലാകാന്‍ അല്ലാഹു വിചാരിക്കണം. 

ഈ ഒരു വിശ്വാസം വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കാന്‍ ഇത് മുഖേന സാധിക്കും. ജീവിതത്തില്‍ സമാധാനവും സുഖവും ഇത് മുഖേന ലഭിക്കുകയും ചെയ്യും. 

നമ്മള്‍ അല്ലാഹുവില്‍ എന്ത് കാര്യം ഭരമേല്‍പിക്കുകയാണെങ്കിലും നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍ നാം ചെയ്യണം. പ്രതിസന്ധികള്‍ വരാതിരിക്കാനുള്ള കാരണങ്ങള്‍ നമ്മള്‍ തന്നെ ചെയ്യണം. 

ഓരോ സൃഷ്ടിയുടെയും ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും മുമ്പേ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവ രേഖപ്പെടുത്തിയ പേനകള്‍ ഉയര്‍ത്തപ്പെടുകയും ഏടുകള്‍ ഉണങ്ങുകയും ചെയ്തിട്ടുണ്ട്. 

നല്ല കാലത്ത് അല്ലാഹുവിനെ ശരിക്ക് മനസ്സിലാക്കി ജീവിക്കാന്‍ നമുക്ക് കഴിയണം. എങ്കില്‍ പ്രയാസ ഘട്ടങ്ങളില്‍ അല്ലാഹു നമ്മെയും മനസ്സിലാക്കും. അഥവാ അല്ലാഹുവിന്‍റെ സഹായങ്ങള്‍ നമുക്ക് ലഭിക്കും. 

നമുക്ക് വരാനുള്ളത് നമുക്ക് തന്നെ വരും, നമ്മില്‍ നിന്ന് മാറിപ്പോയത് മാറിപ്പോവുകയും ചെയ്യും. ഇത് രണ്ടും നാം മനസ്സിലാക്കി വെക്കണം. 

ജീവിത പ്രതിസന്ധികളില്‍ ക്ഷമിക്കണം, അപ്പോഴാണ്‌ സഹായങ്ങളുണ്ടാവുക. അത് പോലെ ഒരു പ്രയാസം ജീവിതത്തിലുണ്ടായാല്‍ അതോടൊപ്പം സന്തോഷവും ഉണ്ടാകും. നിശ്ചയം ഞെരുക്കത്തോടോപ്പമാണ് എളുപ്പമുള്ളത്. മനസ്സിന്‍റെ തൃപ്തിയോടെ ക്ഷമിക്കുന്നവര്‍ക്ക് സമാധാനവും പാപമോചനവും പ്രതിസന്ധികളില്‍ നിന്നുള്ള കരകയറലും സാധ്യമാകും. 


No comments:

Post a Comment

623 ദുറൂസുല്‍ ഹദീസ് - ഉംദതുല്‍ അഹ്കാം- ഹദീസ് 363 دروس الحديث - അല്ലാഹുവിന്‍റെ ശിക്ഷാവിധികളും ശിക്ഷകളിലെ പരിധിയും

    عمدة الأحكام من كلام خير الأنام صلى الله عليه وسلم المؤلف: عبد الغني بن عبد الواحد بن علي بن سرور المقدسي الجماعيلي الدمشقي الحنبلي، أبو...