الأربعون النووية-حديث: 16
നീ കോപിക്കരുത്
عَنْ أَبِي هُرَيْرَةَ رضي الله عنه أَنْ رَجُلًا قَالَ لِلنَّبِيِّ صلى الله عليه وسلم أَوْصِنِي. قَالَ: لَا تَغْضَبْ، فَرَدَّدَ
مِرَارًا، قَالَ: لَا تَغْضَبْ" .
رَوَاهُ
الْبُخَارِيُّ [رقم:6116].
അബൂഹുറൈറ رضي الله عنه നിവേദനം. ഒരാള്‍ റസൂല്‍ صلى الله عليه وسلم യോട് പറഞ്ഞു. താങ്കള്‍ എന്നെ ഉപദേശിച്ചാലും... റസൂല്‍ صلى الله عليه وسلم പറഞ്ഞു: നീ കോപിക്കരുത്. അയാള്‍ പലതവണ (ചോദ്യം) ആവര്‍ത്തിച്ചു. റസൂല്‍ صلى الله عليه وسلم പറഞ്ഞു: നീ കോപിക്കരുത്.
വിവരണം
റസൂല്‍ صلى الله عليه وسلم യോട് ഉപദേശം തേടല്‍ സ്വഹാബിമാരുടെ പതിവായിരുന്നു. ഓരോരുത്തര്‍ക്കും വിവിധങ്ങളായ ഉപദേശങ്ങള്‍ റസൂല്‍ صلى الله عليه وسلم നല്‍കുകയും ചെയ്തിരുന്നു. ചിലപ്പോള്‍ ഉപദേശം തേടാതെ തന്നെ റസൂല്‍ صلى الله عليه وسلم ഉപദേശം നല്‍കുമായിരുന്നു.
കോപത്തിന്‍റെ ഗൗരവത്തെയാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്. കോപം അപകടകാരിയായ ദൂഷ്യസ്വഭാവമാണ്. പല തിന്‍മകളും ഉണ്ടാകാന്‍ കാരണം കോപമാണ്. ദേഷ്യം വരുമ്പോള്‍ മനസ്സിനെ ഒതുക്കി വെക്കാന്‍ സാധിക്കണം. അതൊരു വലിയ ഗുണമാണ്.
ഇമാം മുനാവി رحمه الله പറഞ്ഞു: ദേഷ്യത്തെ കുറിച്ചുള്ള ഈ ഹദീസ് ഇസ്‌ലാമിന്‍റെ നാലിലൊന്നാണ്. കാരണം കര്‍മങ്ങള്‍ നല്ലതും ചീത്തയുമുണ്ട്. തിന്‍മ ഉണ്ടാകുന്നത് ഇച്ഛയില്‍ നിന്നും കോപത്തില്‍ നിന്നുമാണ്. നന്‍മ എന്നത് കോപം ഇല്ലാത്തതിനെയും ചീത്ത കാര്യങ്ങള്‍ ഇല്ലാത്തതിനെയും ആണ് ഉള്‍ക്കൊള്ളുന്നത്. (ഫീദുല്‍ ക്വദീര്‍: 6/537)
ഇവിടെ ഉപദേശം തേടിയ ആള്‍ അബുദ്ദര്‍ദാഅ' رضي الله عنه ആണ് എന്ന് പറയപ്പെടുന്നു. ഇമാം ത്വബ്റാനി رحمه الله റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം. അബുദ്ദര്‍ദാഅ' رضي الله عنه പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ.. എന്നെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുന്നതായ ഒരു കര്‍മത്തെ എനിക്ക് അറിയിച്ചു തന്നാലും? റസൂല്‍ صلى الله عليه وسلم പറഞ്ഞു: നീ കോപിക്കരുത്... (എങ്കില്‍) നിനക്ക് സ്വര്‍ഗ്ഗമുണ്ട്. (അത്തര്‍ഈബു വത്തര്‍ഹീബ്:3/446).
ഉപദേശം തേടിയ ആള്‍ ജാരിയത്തു ബ്നു ക്വുദാമ رضي الله عنه ആണെന്നും പറയപ്പെടുന്നുണ്ട്.
ദേഷ്യം വരുമ്പോള്‍ അതിനെ പിടിച്ചു വെക്കുന്ന ആളെ നബി صلى الله عليه وسلم പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. നബി صلى الله عليه وسلم പറയുന്നു: 'മല്‍ പിടിത്തത്തില്‍ (വിജയിക്കുന്നവനല്ല) ശക്തവാന്‍. ദേഷ്യം വരുമ്പോള്‍ മനസ്സിനെ നിയന്ത്രിക്കുന്നവനാണ് യഥാര്‍ത്ഥ ശക്തവാന്‍'. (ബുഖാരി, മുസ്‌ലിം)
കോപത്തെ മറച്ചു വെക്കുന്നവരെ അല്ലാഹുവിന് ഇഷ്ടമാണ് എന്ന് അല്ലാഹു പറയുന്നു: " (അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധർമ്മങ്ങൾ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യർക്ക് മാപ്പുനൽകുകയും ചെയ്യുന്നവർക്ക് വേണ്ടി. (അത്തരം) സൽകർമ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു'. (ആലു ഇംറാന്‍:134)
ദേഷ്യത്തെ ഒതുക്കി വെക്കല്‍ സ്വര്‍ഗ്ഗത്തില്‍ പദവികള്‍ ലഭിക്കാനും കാരണമാകുന്ന കാര്യമാണ് എന്ന് റസൂല്‍ صلى الله عليه وسلم പറഞ്ഞിട്ടുണ്ട്.
ദേഷ്യം വരുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1- പിശാചില്‍ നിന്ന് അല്ലാഹുവില്‍ രക്ഷ തേടല്‍.
2- ദേഷ്യം ഒതുക്കി വെക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്‌ലാം പഠിപ്പിച്ച കാര്യങ്ങള്‍ ഓര്‍ക്കല്‍.
3- ദേഷ്യം കൊണ്ട് ഉണ്ടാകുന്ന ദൂഷ്യങ്ങളെ കുറിച്ച് ഓര്‍ക്കല്‍.
4- ദേഷ്യം വരുമ്പോള്‍ ഉള്ള അവസ്ഥ മാറ്റല്‍. അഥവാ നില്‍ക്കുമ്പോഴാണ് ദേഷ്യം വരുന്നതെങ്കില്‍ ഇരിക്കുക.
സദുപദേശങ്ങള്‍ക്കും നല്ല കാര്യങ്ങള്‍ കണ്ടെത്താനും അത്യാഗ്രഹമുണ്ടാകണമെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു.
നാവിന്‍റെ അപകടങ്ങള്‍ നിരവധിയാണ്. ആതില്‍ പെട്ട ഒന്നാണ് ദേഷ്യം. ദേഷ്യം വരുമ്പോള്‍ എന്തൊക്കെയാണ് പറയുക എന്ന് നമ്മള്‍ക്കറിയില്ല. ആയതിനാല്‍ നാവിന്‍റെ വിപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കോപത്തെ ഒതുക്കി നിര്‍ത്തല്‍ അത്യാവശ്യമാണ്
മുസ്‌ലിം ഏറ്റവും നല്ല സ്വഭാവഗുണങ്ങള്‍ ഉള്ളവനായിരിക്കണം. അതിന് കോട്ടമുണ്ടാക്കുന്ന ഒന്നും അവനില്‍ ഉണ്ടായിക്കൂടാ.
No comments:
Post a Comment