الأربعون النووية-حديث: 34
തിന്മകളെ
കഴിവനുസരിച്ച് തടയുക
عَنْ أَبِي سَعِيدٍ الْخُدْرِيّ رضي الله عنه قَالَ سَمِعْت رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: "مَنْ رَأَى مِنْكُمْ
مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ، فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ،
فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ، وَذَلِكَ أَضْعَفُ الْإِيمَانِ" .
رَوَاهُ
مُسْلِمٌ [رقم:49].
അബൂ സഈദില്‍ ഖുദ്'രി رضي الله عنه പറഞ്ഞു: റസൂല്‍ صلى الله عليه وسلم പറഞ്ഞു: നിങ്ങളില്‍ ആരെങ്കിലും ഒരു തിന്‍മ കണ്ടാല്‍ അവന് അവന്‍റെ കൈ കൊണ്ട് അതിനെ എതിര്‍ക്കട്ടെ. അവന് അതിന് കഴിയുന്നില്ലെങ്കില്‍ അവന്‍റെ നാവ് കൊണ്ട് തടുക്കട്ടെ, അവന് അതിനും കഴിയുന്നില്ലെങ്കില്‍ അവന്‍റെ ഹൃദയം കൊണ്ട് തടുക്കട്ടെ. അത് ഈമാനിന്‍റെ ഏറ്റവും ദുര്‍ബലമായ കാര്യങ്ങളില്‍ പെട്ടതാണ്.
വിവരണം
നന്‍മ കല്‍പിക്കലും തിന്‍മ വിരോധിക്കലും ഇസ്‌ലാമില്‍ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഒരാളുടെ കഴിയും സാഹചര്യവും അനുസരിച്ച് അവ അവന്‍ നിറവേറ്റണം.
ഈമാനിന്‍റെ ഏറ്റവും ശക്തമായ ഭാഗവും ദുര്‍ബലമായ ഭാഗവും നന്‍മ കല്‍പിക്കലിലും തിന്‍മ വിരോധിക്കലിലും ഉണ്ട്. തിന്‍മയെ കൈക്കൊണ്ട് തടുക്കാന്‍ സാധിച്ചാല്‍ അത് ഈമാനിന്‍റെ ശക്തമായ ഭാഗമാണ്. എന്നാല്‍ ഒരാള്‍ക്ക് തിന്‍മ കാണുമ്പോള്‍ അതിനെ ഹൃദയം കൊണ്ട് വെറുക്കാന്‍ മാത്രമാണ് സാധിക്കുന്നത് എങ്കില്‍ അത് ഈമാനിന്‍റെ ഏറ്റവും ദുര്‍ബലമായ ശാഖയാണ്. (അല്‍ക്വുസ്വരി, ഫൈദുല്‍ ഖദീര്‍)
ആരങ്കിലും തിന്‍മ ചെയ്യുന്നതായി ഒരാള്‍ കണ്ടാല്‍ ആ തിന്‍മയെ തടുക്കലും എതിര്‍ക്കലും വിശ്വാസികളായ ആളുകള്‍ ചെയ്യേണ്ടതാണ്. മറ്റുള്ളവര്‍ തിന്മകളിലേക്ക് പോകുമ്പോള്‍ അവരെ അതില്‍ നിന്ന് തടയല്‍ അവര്‍ക്കുള്ള നസ്വീഹത്താണ്. അവര്‍ തിന്മകളില്‍ കഴിഞ്ഞ് ശിക്ഷാര്‍ഹരാകുകയോ അവരുടെ ജീവിതം നശിച്ചു പോവുകയോ ചെയ്യാതിരിക്കാനാണ് അതിനെ തടുക്കുന്നത്. മറ്റുള്ളവര്‍ അപകടത്തില്‍ ചെന്ന് ചാടുമ്പോള്‍ അവരെ രക്ഷപ്പെടുത്തുക എന്നത് മാനുഷികമായ കാര്യം കൂടിയാണ്. തിന്മകളിലും നിഷിദ്ധങ്ങളിലും അകപ്പെട്ടു പോകല്‍ ഏറ്റവും വലിയ അപകടമായിട്ടാണ് ഇസ്‌ലാം കാണുന്നത്.
തിന്മകള്‍ കാണുമ്പോള്‍ തിന്‍മ ചെയ്യുന്നവരുടെ കൈകള്‍ പിടിച്ച് അത് ചെയ്യരുത് എന്ന് പറയലാണ് ഇതിന്‍റെ ഏറ്റവും ശ്രേഷ്ടമായ ഭാഗം. തിന്‍മയെ കൈ കൊണ്ട് തടുക്കുക എന്നാല്‍ തിന്‍മയെ നേരിട്ട് ഇല്ലായ്മ ചെയ്യാന്‍ പ്രയത്നിക്കലാണ്. മദ്യപാനം കാണുമ്പോള്‍ മദ്യം എടുത്ത് കളയലും, തിന്മകള്‍ വീണ്ടും ചെയ്യാനുള്ള വാതിലുകള്‍ അടക്കലും എല്ലാം ഇതില്‍ പെടും.
ഈ നിലക്ക് തിന്‍മയെ തടുക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്ന് വരില്ല. കാരണം അതിന് ശക്തിയും സമൂഹത്തില്‍ സ്ഥാനമാനങ്ങളും എല്ലാം ആവശ്യമായി വരും. ഇല്ലെങ്കില്‍ അവന്‍റെ ആ പ്രവര്‍ത്തനം അവന് തന്നെ ദോഷമായി ഭവിക്കും. അവനവന്‍റെ കഴിവും യോഗ്യതയും അനുസരിച്ചായിരിക്കും ഈ കാര്യം നടപ്പിലാക്കാന്‍ സാധിക്കുക..
അങ്ങനെ ഒരാള്‍ക്ക് കൈകൊണ്ട് തിന്‍മയെ തടുക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ അവന്‍റെ നാവ് കൊണ്ട് തിന്‍മയെ തടുക്കാം. അഥവാ തിന്‍മയെ കുറിച്ച് അവര്‍ക്ക് താക്കീത് നല്‍കലും അത് ചെയ്താലുള്ള അപകടത്തെ കുറിച്ച് അവരെ ബോധവാന്മാരാക്കലും എല്ലാം ഇതില്‍ പെടുന്നു.
ഭയം കാരണമോ ഉപദ്രവം ഉണ്ടാകുമെന്ന് വിചാരിച്ചോ ആ രൂപത്തിലും തിന്‍മയെ തടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അവന്‍ ആ തിന്മയെയും അത് ചെയ്യുന്നതിനെയും ഇഷ്ടപ്പെടുന്നില്ലെന്നും അത് അവന് വെറുപ്പാണ് എന്നും മനസ്സിലാകുന്ന വിധം അവന്‍ ഇടപെടണം. അങ്ങനെയാണ് ഹൃദയം കൊണ്ട് തിന്‍മയെ എതിര്‍ക്കല്‍.
തിന്മയുമായി ഒരു നിലക്കും സമരസപ്പെടാന്‍ പാടില്ല എന്ന് ഈ ഹദീസ് വ്യക്തമാക്കുകയാണ്. ഓരോരുത്തരും അവരവരുടെ കഴിവ് അനുസരിച്ച് തിന്‍മയെ എതിര്‍ക്കാന്‍ ശ്രദ്ധിക്കണം. തിന്മകളെ എതിര്‍ക്കല്‍ ഇസ്‌ലാമിന്‍റെ അടിസ്ഥാന കാര്യങ്ങളില്‍ പെട്ടതാണ് എന്ന് തെളിവുകള്‍ നമ്മെ അറിയിക്കുന്നുണ്ട്.
ഈ ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- തിന്മയെ എതിര്‍ക്കല്‍ നിര്‍ബന്ധമാണ് എന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു.
2- ഓരോരുത്തര്‍ക്കും അവനവന്‍റെ കഴിവ് അനുസരിച്ചാണ് തിന്‍മയെ തടുക്കാന്‍ സാധിക്കുക.
3- നിര്‍ബന്ധമായ ഈ കാര്യത്തെ വിവിധ ഘട്ടങ്ങളായി അറിയിച്ചത് ഇസ്‌ലാമിന്‍റെ എളുപ്പത്തെ സൂചിപ്പിക്കുന്നു. ഇസ്‌ലാം ആര്‍ക്കും ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ഒരിക്കലും അടിച്ചേല്‍പിക്കില്ല. ഓരോരുത്തരുടെയും കഴിവ് അനുസരിച്ചാണ് ഓരോരുത്തരും ഇസ്‌ലാമിന്‍റെ കാര്യങ്ങള്‍ ചെയ്യേണ്ടത്.
4- നന്‍മ കല്‍പിക്കലും തിന്‍മ വിരോധിക്കലും ഈമാനുമായി ബന്ധപ്പെട്ടതാണ് എന്ന് ഹദീസ് അറിയിക്കുന്നു. ഈമാനുള്ളവര്‍ക്ക് മാത്രമേ ഈ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കൂ.
5- ഈമാന്‍ കൂടുകയും കുറയുകയും ചെയ്യും എന്ന് ഹദീസില്‍ നിന്ന് മനസ്സിലാക്കാം.
6- തിന്‍മയെ തടുക്കുന്നതിന്‍റെ ഘട്ടങ്ങളെ ഈ ഹദീസ് അറിയിക്കുന്നു. ഓരോരുത്തര്‍ക്കും ഓരോ സന്ദര്‍ഭത്തില്‍ ഈ ഘട്ടങ്ങള്‍ മാറിമാറി വരും.ചില തിന്മകളെ കൈകൊണ്ട് തടയാന്‍ സാധിക്കുന്നവയാകും, ചിലത് നാവ് കൊണ്ടും മറ്റു ചിലത് ഹൃദയം കൊണ്ടുമായിരിക്കും തടുക്കാന്‍ സാധിക്കുക.
7- നന്‍മ കല്‍പിക്കാനും തിന്‍മ വിരോധിക്കാനും അറിവ് അത്യാവശ്യമാണ്. ഇസ്‌ലാം പഠിപ്പിച്ച നന്മകള്‍ അറിയല്‍ നന്‍മ കല്‍പിക്കാന്‍ അത്യാവശ്യമാണ്. അത് പോലെ ഇസ്‌ലാം തിന്മകളായി പരിചയപ്പെടുത്തിയവയെ കുറിച്ചും നല്ല ധാരണ തിന്‍മ വിരോധിക്കുന്നവന് ഉണ്ടായിരിക്കണം.
8- തിന്‍മ വിരോധിക്കുമ്പോള്‍ കൂടുതല്‍ തിന്മയിലേക്ക് പോകുന്ന അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. അത് കൊണ്ടാണ് അതിന് വിവിധ ഘട്ടങ്ങള്‍ പഠിപ്പിക്കപ്പെട്ടത്. കൈകൊണ്ട് തടുക്കാന്‍ സാധിക്കാത്ത ആള്‍ തിന്മയെ കൈകൊണ്ട് തടുക്കാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. സമയവും സന്ദര്‍ഭങ്ങളും മനസ്സിലാക്കി വേണം ഇത് നടപ്പിലാക്കാന്‍.
9- നന്‍മ കല്‍പിക്കാനും തിന്‍മ വിരോധിക്കനും ഇസ്‌ലാം ചില മാനദണ്ഡങ്ങളും നിബന്ധനകളും മര്യാദകളും വെച്ചിട്ടുണ്ട്. അവ അറിഞ്ഞിരിക്കല്‍ അത്യാവശ്യമാണ്.
10- തിന്‍മയെ തടുക്കുമ്പോള്‍ ഈ ഹദീസില്‍ പറയപ്പെട്ട ക്രമം പാലിച്ച് അത് ചെയ്യണം. കൈകൊണ്ട് തിന്‍മയെ തടുക്കാന്‍ കഴിയുന്നവന്‍ ഹൃദയം കൊണ്ട് വെറുത്താല്‍ പോരാ.
11- ഒരാള്‍ ഹൃദയം കൊണ്ട് പോലും തിന്‍മയെ തടുത്തില്ലെങ്കില്‍ അവന് ഈമാനില്ല എന്ന് പറയാന്‍ നമുക്ക് കഴിയില്ല.
No comments:
Post a Comment