الأربعون النووية-حديث: 42
പാപമോചനത്തിന് തേടുക.. അല്ലാഹു പൊറുത്ത് തരും
عَنْ
أَنَسِ بْنِ مَالِكٍ رضي الله عنه قَالَ: سَمِعْت رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: قَالَ اللَّهُ تَعَالَى: "يَا ابْنَ آدَمَ! إِنَّكَ مَا دَعَوْتنِي
وَرَجَوْتنِي غَفَرْتُ لَك عَلَى مَا كَانَ مِنْك وَلَا أُبَالِي، يَا ابْنَ
آدَمَ! لَوْ بَلَغَتْ ذُنُوبُك عَنَانَ السَّمَاءِ ثُمَّ اسْتَغْفَرْتنِي غَفَرْتُ
لَك، يَا ابْنَ آدَمَ! إنَّك لَوْ أتَيْتنِي بِقُرَابِ الْأَرْضِ خَطَايَا ثُمَّ
لَقِيتنِي لَا تُشْرِكُ بِي شَيْئًا لَأَتَيْتُك بِقُرَابِهَا مَغْفِرَةً" .
رَوَاهُ
التِّرْمِذِيُّ [رقم:3540]، وَقَالَ: حَدِيثٌ حَسَنٌ صَحِيحٌ.
അനസുബ്നു മാലിക് رضي الله عنه പറഞ്ഞു: റസൂല്‍ صلى الله عليه وسلم പറയുന്നതായി ഞാന്‍ കേട്ടു: അല്ലാഹു പറഞ്ഞിരിക്കുന്നു: ആദമിന്‍റെ പുത്രാ... നീ എന്നോട് പ്രാര്‍ഥിക്കുകയോ എന്നില്‍ പ്രതീക്ഷ അര്‍പ്പിക്കുകയൊ ചെയ്‌താല്‍ ഞാന്‍ നിനക്ക് നിന്‍റെ അടുത്തുള്ള (പാപങ്ങള്‍) പൊറുത്ത് തരും, അത് എനിക്ക് ഒരു പ്രയാസവും ഉള്ള കാര്യമല്ല. ആദമിന്‍റെ പുത്രാ... നിന്‍റെ തിന്മകള്‍ ആകാശത്തോളം എത്തുകയും എന്നോട് നീ പാപമോചനം തേടുകയും ചെയ്‌താല്‍ ഞാന്‍ നിനക്ക് പൊറുത്ത് തരും. ആദമിന്‍റെ പുത്രാ.. നീ ഭൂമി നിറയെ തിന്മയുമായി എന്‍റെ അടുത്ത് വന്നാല്‍, പിന്നെ നീ എന്നില്‍ യാതൊന്നിനെയും പങ്കു ചേര്‍ക്കാത്തവനായി എന്നെ കണ്ടു മുട്ടിയാല്‍ ഞാന്‍ അത് (ഭൂമി) നിറയെ പാപമോചനവുമായി നിന്‍റെയടുത്ത് വരും.
വിവരണം
അപരിചിത പദങ്ങളുടെ സാരം
◙ ما دعوتني: നീ എന്നോട് പ്രാര്‍ഥിച്ചാല്‍
◙ رجوتني: എന്‍റെ ശിക്ഷയെ പേടിക്കുകയും പാപമോചനം ആഗ്രഹിക്കുകയും ചെയ്‌താല്‍
◙ عنان: മേഘം, കണ്ണെത്താ ദൂരം
◙ بقراب الأرض:ഭൂമി നിറയെ
ക്വുദ്'സിയ്യായ ഹദീസ് ആണിത്. മുഴുവന്‍ മനുഷ്യരോടുമായി അല്ലാഹു അറിയിക്കുന്ന സുപ്രധാന കാര്യങ്ങള്‍ ഈ ഹദീസില്‍ ഉള്‍ക്കൊള്ളുന്നു.
പ്രാര്‍ത്ഥന ആരാധനയാണ്. അല്ലാഹുവിനോട് മാത്രമേ പ്രാര്‍ത്ഥന പാടുള്ളൂ. ഏത് സമയത്ത് പ്രാര്‍ഥിച്ചാലും അല്ലാഹു നമുക്ക് ഉത്തരം നല്‍കും എന്ന് അറിയിച്ചിട്ടുണ്ട്. ഈ ഹദീസില്‍ അല്ലാഹുവിന്‍റെ മഹത്തായ ഔദാര്യത്തെ കുറിച്ചാണ് അറിയിക്കുന്നത്.
ഒരു മനുഷ്യന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയോ അല്ലാഹുവിന്‍റെ ശിക്ഷയെ പേടിക്കുകയോ അവന്‍റെ പാപമോചനം ആഗ്രഹിക്കുകയോ ചെയ്‌താല്‍ അല്ലാഹു അവന് പാപമോചനം നല്‍കുന്നതാണ്.
മനുഷ്യന്‍ ചെയ്യുന്ന പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരണമെങ്കില്‍ അവന്‍ അതിനുള്ള കാരണം ചെയ്യേണ്ടതാണ്. പാപം പൊറുക്കപ്പെടാനുള്ള കാരണങ്ങളില്‍ പെട്ടതാണ് ഇസ്തിഗ്ഫാര്‍ അഥവാ പാപമോചനത്തിന് തേടല്‍.
ഒരാള്‍ക്ക് എപ്പോഴും ചെയ്യാന്‍ സാധിക്കുന്ന വളരെ എളുപ്പമുള്ള കാര്യമാണ് ഇസ്തിഗ്ഫാര്‍. അത് മനസ്സറിഞ്ഞ് പറയാനും തിന്മകളില്‍ നിന്ന് വിട്ട് നില്‍ക്കാനും മനുഷ്യന് കഴിഞ്ഞാല്‍ അത് വലിയ സൗഭാഗ്യമാണ്.
പാപങ്ങള്‍ എത്രയുണ്ടെങ്കിലും അല്ലാഹു പൊറുക്കും, അത് അല്ലാഹുവിന് വലിയ കാര്യമേയല്ല എന്നാണ് അല്ലാഹു അറിയിക്കുന്നത്. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അത് വളരെ നിസാരമാണ് എന്നര്‍ത്ഥം.
ഒരാളുടെ തിന്‍മ ആകാശത്തോളം ഉണ്ടെങ്കിലും അല്ലാഹുവിനോട് പാപമോചനത്തിന് തേടിയാല്‍ അല്ലാഹു അവന് പൊറുത്ത് കൊടുക്കും.
ഇനി ഒരാള്‍ ഭൂമി നിറയെ തിന്മകള്‍ ചെയ്ത് അല്ലാഹുവിലേക്ക് മടങ്ങുന്നു, അവന്‍ അല്ലാഹുവില്‍ യാതൊന്നിലും പങ്കു ചേര്‍ക്കാത്തവനായാണ് അല്ലാഹുവിനെ കണ്ടുമുട്ടുന്നതെങ്കില്‍ അല്ലാഹു ഭൂമി നിറയെ പാപമോചനം അവന് സമ്മാനിക്കുന്നതാണ്. അവന്‍റെ പാപങ്ങള്‍ എല്ലാം അല്ലാഹു അവന് പൊറുത്ത് കൊടുക്കും.
തൗഹീദ് പാപമോചനത്തിന് അത്യാവശ്യമാണ്. അല്ലാഹുവില്‍ ഒരു നിലക്കും ഒരു വസ്തുവിലും പങ്കുചേര്‍ക്കുന്ന അവസ്ഥ മനുഷ്യന് ഉണ്ടാകാന്‍ പാടില്ല.
ശരിയായ വിശ്വാസത്തിലായ ഒരാള്‍ അല്ലാഹുവിനോട് ആത്മാര്‍ഥമായി അവന്‍റെ കാര്യങ്ങള്‍ ചോദിച്ചാല്‍ അല്ലാഹു അവന് നല്‍കുക തന്നെ ചെയ്യും. അല്ലാഹു നല്‍കുന്നതില്‍ ഏറ്റവും മഹത്തരമായ കാര്യമാണ് പാപമോചനം. അതിലൂടെ മനുഷ്യന് സ്വര്‍ഗ്ഗ പ്രവേശനം സാധ്യമാവുകയും ഉന്നത പദവികളില്‍ എത്തുകയും ചെയ്യുന്നു.
അല്ലാഹു എല്ലാ പാപങ്ങളും പൊറുത്ത് തരുമെന്ന് വിശുദ്ധ ക്വുര്‍അനില്‍ അറിയിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:
﴿ قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لَا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ ﴾ [الزمر: 53].
പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ച് പോയ എന്‍റെ ദാസൻമാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്. തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീർച്ചയായും അവൻ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.
ഹദീസില്‍ നിന്നുള്ള പാഠങ്ങള്‍
1- പശ്ചാത്താപവും പാപമോചനത്തിന് തേടലും വളരെ വലിയ കാര്യങ്ങളാണ്. അതിനെ അറിയിക്കുന്ന അടിസ്ഥാന വചനമാണ് ഈ ഹദീസിലുള്ളത്.
2- ഒരാള്‍ എത്രയധികം പാപങ്ങള്‍ ചെയ്താലും പാപമോചനത്തിന് തേടിയാല്‍ അല്ലാഹു അവന് പൊറുത്ത് കൊടുക്കുന്നതാണ്
3- പ്രാര്‍ഥനയുടെയും ഇസ്തിഗ്ഫാറിന്‍റെയും പ്രാധാന്യവും ശ്രേഷ്ടതയും ഈ ഹദീസ് അറിയിക്കുന്നു
4- തൗഹീദിന്‍റെ മഹത്വത്തെ ഈ ഹദീസ് അറിയിക്കുന്നു. കാരണം തൗഹീദുള്ള ആള്‍ക്ക് അല്ലാഹു പൊറുത്ത് കൊടുക്കും എന്നാണ് ഇതില്‍ അല്ലാഹു പറയുന്നത്.
5- ശിര്‍ക്ക് ചെയ്യുന്നവന് അല്ലാഹു പൊറുത്ത് കൊടുകുകയില്ല. അല്ലാഹു പറയുന്നു:
﴿ إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ ﴾ [النساء: 116].
തന്നോട് പങ്കുചേർക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീർച്ച. അതൊഴിച്ചുള്ളത് അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുന്നതാണ്.
6- മനുഷ്യന്‍റെ ദൗര്‍ബാല്യത്തെയും അല്ലാഹുവിന്‍റെ മഹത്തായ കാരുണ്യത്തെയും ഔദാര്യത്തെയും ഈ ഹദീസ് ബോധ്യപ്പെടുത്തുന്നു. മനുഷ്യന്‍ തിന്മകള്‍ ചെയ്യുന്നവനും അല്ലാഹു അത് അങ്ങേയറ്റം പൊറുത്ത് കൊടുക്കുന്നവനുമാണ്.
No comments:
Post a Comment