الأربعون النووية-حديث: 21
അല്ലാഹുവില്‍ വിശ്വസിക്കലും നേരെ ചൊവ്വേ നിലകൊള്ളലും
عَنْ أَبِي عَمْرٍو وَقِيلَ: أَبِي
عَمْرَةَ سُفْيَانَ بْنِ عَبْدِ اللَّهِ رضي الله عنه قَالَ: "قُلْت: يَا رَسُولَ اللَّهِ! قُلْ لِي فِي الْإِسْلَامِ قَوْلًا لَا
أَسْأَلُ عَنْهُ أَحَدًا غَيْرَك؛ قَالَ: قُلْ: آمَنْت بِاَللَّهِ ثُمَّ
اسْتَقِمْ" .
رَوَاهُ
مُسْلِمٌ [رقم:38].
അബൂ അംര്‍ (അബൂ അംറ) സുഫയാനു ബ്നി അബ്ദില്ല رضي الله عنه പറഞ്ഞു: ഞാന്‍ പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ... എനിക്ക് ഇസ്‌ലാമില്‍ പെട്ട ഒരു കാര്യം അറിയിച്ചു തന്നാലും, അതിനെ കുറിച്ച് താങ്കളോടല്ലാത ഞാന്‍ ചോദിക്കുകയില്ല. റസൂല്‍ صلى الله عليه وسلم പറഞ്ഞു: 'ഞാന്‍ അല്ലാഹുവില്‍ വിശ്വസിച്ചു എന്ന് നീ പറയണം, എന്നിട്ട് നീ നേരെ ചൊവ്വേ നിലകൊള്ളണം'.
വിവരണം
സ്വഹാബികള്‍ അവര്‍ക്ക് അറിയാനും ജീവിതത്തില്‍ പകര്‍ത്താനും വേണ്ട ഓരോ കാര്യങ്ങള്‍ റസൂല്‍ صلى الله عليه وسلم യോട് ചോദിക്കുമായിരുന്നു.
മതപരമായ കാര്യങ്ങള്‍ അറിയാന്‍ വിവരമുള്ളവരോട് ചോദിക്കല്‍ നല്ല കാര്യമാണ്. സംശയമുള്ള കാര്യങ്ങളും അറിവുള്ളവരോട് ചോദിച്ച് മനസ്സിലാക്കണം.
ഈ ഹദീസില്‍ സ്വഹാബി ചോദിച്ചത് റസൂല്‍ صلى الله عليه وسلم യോട് മാത്രം ചോദിക്കുന്ന ഒരു ചോദ്യമാണ്. വേറെ ഒരാളോടും അതിനെ കുറിച്ച് അദ്ദേഹം ചോദിക്കുകയില്ല. അഥവാ അങ്ങനെ ചോദിക്കാന്‍ ഇടവരാത്ത വിധം എനിക്ക് മനസ്സിലാക്കാനും ജീവിതത്തില്‍ പാകര്‍ത്താനുമുള്ള ഒരു കാര്യം എനിക്ക് പഠിപ്പിച്ച് തരണമെന്നാണ് സ്വഹാബി അഭ്യര്‍ഥിച്ചത്.
റസൂല്‍ صلى الله عليه وسلم സ്വഹബിക്ക് ലളിതമായ ഭാഷയില്‍ മറുപടി നല്‍കി. ഞാന്‍ അല്ലാഹുവില്‍ വിശ്വസിച്ചു എന്ന് നീ പറയണം. അതോടൊപ്പം അതില്‍ നീ നേരെ ചൊവ്വേ നിലകൊള്ളുകയും വേണം. ഇതാണ് റസൂല്‍ صلى الله عليه وسلم യുടെ അധ്യാപനം.
രണ്ട് തരത്തിലുള്ള കര്‍മങ്ങള്‍ ഈ മറുപടിയില്‍ ഉള്‍ക്കൊള്ളുന്നു.
ഒന്ന്: ഹൃദയത്തിന്‍റെ പ്രവര്‍ത്തനം. അതാണ് വിശ്വാസം.
രണ്ട്: ശരീരത്തിന്‍റെ പ്രവര്‍ത്തനം. അതാണ് ഇസ്തിഖാമ.
അല്ലാഹുവില്‍ വിശ്വസിക്കല്‍
അല്ലാഹുവില്‍ വിശ്വസിക്കല്‍ പ്രധാനപ്പെട്ട കാര്യമാണ്. എല്ലാവരും അല്ലാഹുവില്‍ കൃത്യമായി വിശ്വസിക്കണം എന്നതാണ് ഇസ്‌ലാമിന്‍റെ കല്‍പന. അല്ലാഹുവിന്‍റെ ഉണ്മയിലും അല്ലാഹുവിന്‍റെ റുബൂബിയ്യത്തിലും ഉലൂഹിയ്യത്തിലും നാമങ്ങളിലും വിശേഷനങ്ങളിലും എല്ലാം നാം വിശ്വസിക്കണം.
അല്ലാഹുവിലുള്ള വിശ്വാസം 3 കാര്യങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയാവുക.
ഒന്ന്: ഹൃദയം കൊണ്ട് വിശ്വസിക്കല്‍
രണ്ട്: നാവ് കൊണ്ട് പ്രഖ്യാപിക്കലും അംഗീകരിക്കലും
മൂന്ന്: ശരീരാവയവങ്ങള്‍ കൊണ്ട് പ്രവര്‍ത്തിക്കലും
ഈ മൂന്ന് കാര്യങ്ങളും ഒരു പോലെ ഉണ്ടായാലേ വിശ്വാസം ശരിയാവുകയുള്ളൂ. നാവ് കൊണ്ട് പറഞ്ഞാല്‍ മാത്രം പോരാ, ഹൃദയം കൊണ്ട് വിശ്വസിച്ചാലും മാത്രം പോരാ, ശരീരാവയവങ്ങള്‍ കൊണ്ട് പ്രവര്‍ത്തിച്ചാലും പോരാ. മുകളില്‍ പറയപ്പെട്ട മൂന്ന് രൂപങ്ങളും ഉണ്ടാകണം.
അല്ലാഹുവിലുള്ള വിശ്വാസത്തിന് പുറമേ ഈമാനിന്‍റെ മറ്റു ആറു സ്തംഭങ്ങളെയും അറിയുകയും അവയില്‍ വിശ്വസിക്കുകയും വേണം.
ഇസ്തിഖാമ
ഈമാനിനു ശേഷമുള്ള നന്മയുടെ സംഗമം ആണ് ഇസ്തിഖാമ. ഇസ്തിഖാമാത്തിലൂടെ ഒരാളുടെ വിശ്വാസം ഭംഗിയാവുകയും കര്‍മങ്ങള്‍ നന്നാവുകയും ചെയ്യുന്നു.
''ഇസ്തിഖാമ എന്നാല്‍ സ്വിറാത്വുല്‍ മുസ്തഖീമില്‍ പ്രവേശിക്കലാണ്. ഇടത്തോട്ടോ വലത്തോട്ടോ ഒരു വളവും വക്രതയുമില്ലാത്ത നേരെ ചൊവ്വേയുള്ള മതമാണത്. പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ സല്‍കര്‍മങ്ങളും ചെയ്യല്‍ അതില്‍ ഉള്‍ക്കൊള്ളുന്നു. അത് പോലെ വിരോധിക്കപ്പെട്ട മുഴുവന്‍ കാര്യങ്ങളും ഒഴിവാക്കലും അതില്‍ പെടുന്നു''. (ഇബ്നു റജബ്, ജാമിഉല്‍ ഉലൂമി വല്‍ ഹികം:193)
വാക്കിലും പ്രവൃത്തിയിലും ചിന്താഗതിയിലുമെല്ലാം ഇസ്തിഖാമ അനിവാര്യമാണ്. മനസ്സിന്‍റെ ഉദ്ദേശങ്ങളില്‍ വരെ ഇസ്തിഖാമ അത്യാവശ്യമാണ്. ഒരാളുടെ പ്രത്യക്ഷ്യം ഇസ്തിഖാമാത്ത് ഉള്ളതാണ്, എന്നാല്‍ അവന്‍റെ ഹൃദയത്തില്‍ അതില്ല എങ്കില്‍ അവന്‍റെ ഇസ്തിഖാമാത്ത് പരിപൂര്‍ണ്ണമല്ല.
ഹൃദയം തൗഹീദില്‍ ഇസ്തിഖാമാത്തുള്ളതായാല്‍ ബാക്കിയുള്ളതിലെല്ലാം ഇസ്തിഖാമാത്ത് ഉണ്ടാകും. തൗഹീദ് അതിപ്രധാനമാണ്. അതില്ലെങ്കില്‍ വേറെ എന്തുണ്ടായിട്ടും കാര്യമില്ല.
ഇസ്തിഖാമാത്ത് ഉണ്ടാവുകയെന്ന് പറഞ്ഞാല്‍ ഒരു തിന്മയും വരാതിരിക്കലല്ല, മറിച്ച് തിന്‍മയെ സൂക്ഷിക്കലും തിന്‍മ വന്നാല്‍ ഉടന്‍ അതില്‍ നിന്ന് മുക്തമാവലുമാണ്. ഇസ്തിഖാമാത്ത് ഉള്ള ആള്‍ക്ക് അതില്‍ നിന്ന് തെറ്റിപ്പോകുമോ എന്ന ഭയമുണ്ടാകല്‍ സ്വാഭാവികമാണ്. തിന്മകളെയും തിനമകളുടെ അനന്തര ഫലങ്ങളെയും ഭയപ്പെടുന്നവനായിരിക്കും യഥാര്‍ത്ഥ ഇസ്തിഖാമാത്ത് ഉള്ള വ്യക്തി.
ഇസ്തിഖാമാത്തിന്‍റെ ശ്രേഷ്ടതകളും ഫലങ്ങളും
1- ഇസ്തിഖാമാത്തുള്ളവരിലേക്ക് മലക്കുകള്‍ ഇറങ്ങും (ഫുസ്സ്വിലത്ത് 30)
2- അവര്‍ക്ക് ശാന്തിയും സമാധാനവുമുണ്ടാകും (ഫുസ്സ്വിലത്ത് 30)
3- സ്വര്‍ഗ്ഗം ലഭിക്കും, അഥവാ മലക്കുകള്‍ അവര്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കുമെന്ന സന്തോഷ വാര്‍ത്ത അറിയിക്കും (ഫുസ്സ്വിലത്ത് 30)
4- ദുന്‍യാവില്‍ വിഭവങ്ങളില്‍ വിശാലത ലഭിക്കും (അല്‍ജിന്ന് 16)
5- നല്ല ജീവിതാവും ഹൃദയ വിശാലതയും ലഭിക്കും (നഹ്ല്‍ 97)
ഇസ്തിഖാമാത്ത് ലഭിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
1- നല്ല കര്‍മങ്ങള്‍ ചെയ്യലും അതില്‍ നന്നായി പരിശ്രമിക്കുകയും ചെയ്യല്‍
2- മത വിജ്ഞാനം നേടാന്‍ വ്യാപൃതമാകല്‍
3- വിജ്ഞാനത്തിലും കര്‍മത്തിലും ഇഖ്‌ലാസ്വ് കാണിക്കല്‍
4- ഇസ്തിഖാമത്ത് ലഭിക്കാന്‍ പ്രാര്‍ഥിക്കല്‍
5- ക്വുര്‍ആന്‍ പാരായണം വര്‍ധിപ്പിക്കല്‍
6- നല്ല കൂട്ട് കെട്ട് ഉണ്ടാക്കല്‍
7- മതത്തില്‍ അതിരു വിടാതെ മധ്യമ നിലപാടുകള്‍ സ്വീകരിക്കല്‍
ഇസ്തിഖാമാത്ത് നഷ്ടപ്പെടുത്തുന്ന കാര്യങ്ങള്‍
1- തിന്മകള്‍ ചെയ്യലും തിന്മകളെ നിസ്സാരവത്കരിക്കലും
2- പരലോകത്തെ മറന്ന് ഇഹലോകത്തിന് വേണ്ടി വ്യാപൃതമാകല്‍
3- മോശം കൂട്ടുകെട്ടും അത്തരം സഹവാസങ്ങളും

No comments:
Post a Comment