الأربعون النووية-حديث: 36
ഏഴ് പ്രവാചകോപദേശങ്ങള്‍
عَنْ أَبِي هُرَيْرَةَ رضي الله عنه عَنْ النَّبِيِّ صلى الله عليه وسلم قَالَ: "مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا نَفَّسَ
اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى
مُعْسِرٍ، يَسَّرَ اللَّهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ
مُسْلِما سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاَللَّهُ فِي عَوْنِ
الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ، وَمَنْ سَلَكَ طَرِيقًا
يَلْتَمِسُ فِيهِ عِلْمًا سَهَّلَ اللَّهُ لَهُ بِهِ طَرِيقًا إلَى الْجَنَّةِ،
وَمَا اجْتَمَعَ قَوْمٌ فِي بَيْتٍ مِنْ بُيُوتِ اللَّهِ يَتْلُونَ كِتَابَ
اللَّهِ، وَيَتَدَارَسُونَهُ فِيمَا بَيْنَهُمْ؛ إلَّا نَزَلَتْ عَلَيْهِمْ
السَّكِينَةُ، وَغَشِيَتْهُمْ الرَّحْمَةُ، وَذَكَرَهُمْ اللَّهُ فِيمَنْ
عِنْدَهُ، وَمَنْ أَبَطْأَ بِهِ عَمَلُهُ لَمْ يُسْرِعْ بِهِ نَسَبُهُ".
رَوَاهُ
مُسْلِمٌ [رقم:2699]
بهذا اللفظ.
അബൂ ഹുറൈറ رضي الله عنه നിവേദനം. നബി صلى الله عليه وسلم പറഞ്ഞു: ഒരാള്‍ ഒരു മുഅ'മിനില്‍ (വിശ്വാസിയില്‍) നിന്ന് ദുന്‍യാവിലെ (ഇഹലോകത്തിലെ) ഒരു പ്രയാസം അകറ്റിയാല്‍ അന്ത്യദിനത്തിലെ പ്രയാസങ്ങളില്‍ പെട്ട ഒരു പ്രയാസത്തെ അല്ലാഹു അവനില്‍ നിന്ന് അകറ്റി കൊടുക്കും. കഷ്ടപ്പെടുന്ന ഒരാള്‍ക്ക് ആരെങ്കിലും എളുപ്പമാക്കി കൊടുത്താല്‍ അല്ലാഹു അവന് ഇഹത്തിലും പരത്തിലും (കാര്യങ്ങള്‍) എളുപ്പമാക്കി കൊടുക്കും. ആരെങ്കിലും ഒരു വിശ്വാസിയുടെ (ന്യൂനത) മറച്ചു വെച്ചാല്‍ അല്ലാഹു ദുന്‍യാവിലും പരലോകത്തിലും അവന്‍റെ (ന്യൂനതകള്‍) മറച്ചു വെക്കും. ഒരു അടിമ തന്‍റെ സഹോദരനെ സഹായിക്കുന്നതില്‍ (വ്യാപൃതന്‍) ആയിരിക്കുന്നിടത്തോളം അല്ലാഹു (ആ) അടിമക്കുള്ള സഹായത്തില്‍ ആയിരിക്കും. ആരെങ്കിലും അറിവ് അന്വേഷിച്ച് ഒരു വഴിയില്‍ പ്രവേശിച്ചാല്‍ അത് മുഖേന അല്ലാഹു അവന് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി എളുപ്പമാക്കി കൊടുക്കും. ഏതൊരു ജനത അല്ലാഹുവിന്‍റെ ഭാവനങ്ങളില്‍ പെട്ട ഒരു ഭവനത്തില്‍ ഒരുമിച്ച് കൂടി അല്ലാഹുവിന്‍റെ ഗ്രന്ഥം പാരായണം ചെയ്യുകയും അവര്‍ക്കിടയില്‍ അവര്‍ അത് പരസ്പരം പഠിക്കുകയും ചെയ്യുന്നു എങ്കില്‍ അവരുടെ മേല്‍ സമാധാനം ഇറങ്ങുകയും, അവരെ കാരുണ്യം പൊതിയുകയും അവരെ കുറിച്ച് അല്ലാഹു അവന്‍റെ അടുക്കലുള്ളവരോട് (മലക്കുകളോട്) പറയുകയും ചെയ്യും. ആരുടെയെങ്കിലും കര്‍മം അവനെ സാവകാശത്തിലാക്കിയാല്‍ അവന്‍റെ തറവാട് അവനെ വേഗത്തിലാക്കുകയില്ല.
വിവരണം
വിപത്തുകളില്‍ സഹായിക്കല്‍
كربة എന്നാല്‍ കഠിനമായ പ്രയാസം എന്നാണ് അര്‍ത്ഥം. അത്തരം സാഹചര്യങ്ങളില്‍ കഴിയുന്ന ഒരാള്‍ക്ക് ആരെങ്കിലും ആശ്വാസം നല്‍കിയാല്‍ അവന് ലഭിക്കുന്ന പ്രതിഫലം വലിയതാണ്. അന്ത്യ ദിനത്തിന്‍റെ വലിയ പ്രയാസങ്ങളില്‍ നിന്ന് അല്ലാഹു അവന് ലഘൂകരണം നല്‍കുന്നതാണ്.
ദുന്‍യാവിലെ അതി കഠിന പരീക്ഷണങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകില്ല. പരലോകത്തെ പരീക്ഷണങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഇവിടത്തെ ഏത് വിപത്തും വളരെ നിസാരമായിരിക്കും.
മറ്റുള്ളവര്‍ക്ക് ആശ്വാസം നല്‍കുകയും പ്രയാസങ്ങളില്‍ അവരെ സഹായിക്കുകയും അവരോടൊപ്പം നില്‍ക്കുകയും ചെയ്യുക എന്നത് അല്ലാഹുവിന്‍റെ സഹായം നമുക്ക് ആവശ്യമുള്ള സന്ദര്‍ഭത്തില്‍ അല്ലാഹു നമ്മെ പരിഗണിക്കാന്‍ കാരണമാകുന്നതാണ്. വാക്കിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഭൗതിക സഹായങ്ങളിലൂടെയും ഈ കാര്യം നടപ്പിലാക്കാവുന്നതാണ്.
അന്ത്യദിനത്തില്‍ ധാരാളം പ്രയാസങ്ങളുണ്ട് എന്ന് ഈ ഹദീസ് നമ്മെ അറിയിക്കുന്നു.
പ്രയാസങ്ങളില്‍ എളുപ്പം നല്‍കല്‍
ഒരു വിശ്വാസിക്ക് അവന്‍റെ പ്രയാസത്തില്‍ ആരെങ്കിലും എളുപ്പമുണ്ടാക്കി കൊടുത്താല്‍ ഇഹലോകത്തിലെയും പരലോകത്തിലെയും പ്രയാസങ്ങളില്‍ നിന്ന് അല്ലാഹു അവന് എളുപ്പം നല്‍കുന്നതാണ്. ഭൗതിക ജീവിതത്തില്‍ എല്ലാവര്‍ക്കും ഓരോ നിലക്കുള്ള പ്രയാസങ്ങള്‍ ഉണ്ടാകുന്നതാണ്. മറ്റൊരാള്‍ പ്രയാസത്തിലാകുമ്പോള്‍ അവനെ കാണാനും അവന്‍റെ വേദന മനസ്സിലാക്കാനും കഴിയുക എന്നത് വിശ്വാസികള്‍ക്ക് ഉണ്ടാകേണ്ട ഒരു ഗുണമാണ്. അതിലൂടെ ധാരാളം നന്മകള്‍ നമ്മിലേക്കെത്തും എന്ന് മതം അറിയിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് ഇഹലോകത്തിലെയും പരലോകത്തിലെയും ഞെരുക്കങ്ങളില്‍ അല്ലാഹു ആശ്വാസം നല്‍കും.
ഒരു വിശ്വാസിക്ക് സംഭവിക്കുന്ന പ്രയാസം ലഘൂകരിച്ച് നല്‍കുകയോ അല്ലെങ്കില്‍ ആ പ്രായാസത്തെ മുഴുവനായും ഇല്ലാതാക്കുകയോ ചെയ്യാം. എത്രമാത്രം ആശ്വാസം നല്‍കാന്‍ സാധിക്കുന്നുവോ അത്രയും നന്മകള്‍ അത് ചെയ്യുന്നവന് ലഭിക്കുന്നതാണ്.
മറ്റുള്ളവരെ സഹായിക്കാന്‍ സാധിക്കുക എന്നത് നല്ല മനസ്സുള്ളവര്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്.
ഒരു വിശ്വാസിയുടെ ന്യൂനത മറച്ചു വെക്കല്‍
ഒരു വിശ്വാസിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന വല്ല ന്യൂനതയും ഉണ്ടെങ്കില്‍ അത് മറച്ചു വെക്കല്‍ മറ്റുള്ള വിശ്വാസികള്‍ക്ക് ബാധ്യതയാണ്. അവന്‍റെ അഭിമാനം വിലപ്പെട്ടതാണ് എന്ന പാഠമാണ് ഹദീസ് നല്‍കുന്നത്. അതിനെ മറച്ചു വെക്കുന്നവരുടെ ന്യൂനതകള്‍ അല്ലാഹു ഇഹലോകത്തും പരലോകത്തും മറച്ചു വെക്കും.
മറ്റുള്ളവരില്‍ നിന്ന് നമ്മുടെ ന്യൂനതകള്‍ മറച്ചു വെക്കാനുള്ള കാരണമായിട്ടാണ് ഈ കാര്യത്തെ അറിയിക്കുന്നത്. നാം മറ്റുള്ളവരുടെ ന്യൂനതകളില്‍ ഇടപെട്ട് അവരെ വഷളാക്കാന്‍ ഇറങ്ങിയാല്‍ നമ്മുടെ ന്യൂനതകളും പരസ്യമാവാന്‍ ഇടയുണ്ട് എന്ന് ഹദീസ് സൂചിപ്പിക്കുന്നു.
നമ്മുടെ കര്‍മങ്ങള്‍ക്ക് അനുസരിച്ചാണ് ഓരോന്നിനുമുള്ള പ്രതിഫലം. നാം മറ്റുള്ളവരുടെ ന്യൂനതകള്‍ പരസ്യപ്പെടുത്തിയാല്‍ നമ്മുടെ ന്യൂനതകള്‍ പരസ്യമാകാനുള്ള സാഹചര്യം അല്ലാഹു ഉണ്ടാക്കും എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.
ആരോപണങ്ങളും കള്ള പ്രചാരണങ്ങളും ഏഷണിയും പരദൂഷണവുമെല്ലാം ഒഴിവാക്കണം. അവയൊക്കെ മറ്റുള്ളവരുടെ കുറവുകള്‍ പരസ്യപ്പെടുത്തുന്ന വഴികളാണ്. മറ്റുള്ളവരുടെ ന്യൂനതകളില്‍ ഇടപെട്ട് അവ പരസ്യമാക്കല്‍ വിനോദമാക്കി നടക്കുന്ന ആളുകളും ഉണ്ട്. അവരൊക്കെയും ഈ പ്രവാചകോപദേശത്തെ മനസ്സിലാക്കണം.
പൂര്‍വികരായ ആളുകള്‍ പറഞ്ഞിട്ടുണ്ട്: 'ഞാന്‍ ന്യൂനതകളില്ലാത്ത കുറെ ആളുകളെ കണ്ടു. പക്ഷെ അവര്‍ ജനങ്ങളുടെ ന്യൂനതകള്‍ പറഞ്ഞു. അപ്പോള്‍ ജനങ്ങള്‍ അവരുടെയും ന്യൂനതകള്‍ പറയാന്‍ തുടങ്ങി. അത് പോലെ ഞാന്‍ ന്യൂനതയുള്ള ആളുകളെ കണ്ടു, അവര്‍ ജനങ്ങളുടെ ന്യൂനത മറച്ചു വെച്ചു. അപ്പോള്‍ ജനങ്ങള്‍ അവരുടെ ന്യൂനതകളും മറന്നു'.
തന്‍റെ സ സഹോദരനെ സഹായിക്കല്‍
ഒരാള്‍ തന്‍റെ സഹോദരന് സഹായം നല്‍കിയാല്‍ അല്ലാഹു അവനെ സഹായിക്കും എന്നാണ് റസൂല്‍ صلى الله عليه وسلم അറിയിച്ചത്. മറ്റുള്ളവരെ സഹായിക്കാന്‍ നാം എപ്പോഴും പരിശ്രമിക്കണം. അത് അല്ലാഹുവിന്‍റെ സഹായം നമുക്ക് ലഭിക്കാന്‍ കാരണമാകുന്ന കാര്യമാണ്.
അറിവ് അന്വേഷിക്കല്‍
ഒരു മുസ്‌ലിം വിജ്ഞാനമുള്ളവനായിരിക്കണം. ഇസ്‌ലാമിന്‍റെ വിശ്വാസ കാര്യങ്ങളും ആചാരാനുഷ്ടാനങ്ങളുമെല്ലാം അവന്‍ അറിഞ്ഞിരിക്കണം. അറിവ് അന്വേഷിക്കല്‍ വളരെ വലിയ പദവിയാണ്. അതിലൂടെ ഇഹലോകത്തും പരലോകത്തും സ്ഥാനങ്ങള്‍ ലഭിക്കും.
അറിവ് അന്വേഷിച്ച് ഒരാള്‍ ഒരു വഴിയില്‍ പ്രവേശിച്ചാല്‍ തന്നെ അല്ലാഹു അവന് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി എളുപ്പമാക്കും. അറിവിന് വേണ്ടി പ്രയത്നിക്കുന്നത് വരെ പ്രതിഫലാര്‍ഹാമായ കാര്യമായിട്ടാണ് റസൂല്‍ صلى الله عليه وسلم അറിയിക്കുന്നത്. പണ്ഡിതന്മാരുടെ ക്ലാസ്സുകളിലും പഠന സദസ്സുകളിലും ഇരിക്കാനും പഠിക്കാനും നമുക്ക് സാധിക്കണം. ജീവിതത്തില്‍ അറിവ് നേടാനുള്ള സമയങ്ങളും സംവിധാനങ്ങളും നാം ഒരുക്കിയാലേ ഈ ശ്രേഷ്ഠതകള്‍ കൈവരിക്കാന്‍ നമുക്കാവൂ..
ക്വുര്‍ആന്‍ പാരായണവും പഠിക്കലും
വിശുദ്ധ ക്വുര്‍ആന്‍ ആണ് നമുക്ക് അറിവ് നേടാനുള്ള ഒന്നാമത്തെ ഉറവിടം. അത് വായിക്കാനും അതില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കാനും നാം പരിശ്രമിക്കണം. അതിലെ ഒരു അക്ഷരം ഒതിയാല്‍ പോലും പ്രതിഫലാര്‍ഹാമാണ്. ധാരാളം ഇരട്ടിയായി ആ പ്രതിഫലങ്ങള്‍ നമ്മുടെ പേരില്‍ രേഖപ്പെടുത്തപ്പെടും.
ഒരു വിഭാഗം ആളുകള്‍ അല്ലാഹുവിന്‍റെ ഭവനത്തില്‍ -വേറെ എവിടെയായാലും- ഒരുമിച്ചിരുന്ന് ക്വുര്‍ആന്‍ പാരായണം നടത്തുകയും അത് പരസ്പരം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്‌താല്‍ അതിലൂടെ ധാരാളം നേട്ടങ്ങള്‍ ഉണ്ടാകും.
അത് റസൂല്‍ صلى الله عليه وسلم വ്യക്തമാക്കിയത് ഹദീസില്‍ കാണാം. അവ:
ഒന്ന്: അവര്‍ക്ക് സമാധാനം ഇറങ്ങും
രണ്ട്: അവരെ കാരുണ്യം പൊതിയും
മൂന്ന്: മലക്കുകള്‍ അവരെ വലയം ചെയ്യും (ഇത് വേറെ റിപ്പോര്‍ട്ടില്‍ ഉണ്ട്)
നാല്:അല്ലാഹു മലക്കുകളോട് അവരെ കുറിച്ച് പറയും.
വിശുദ്ധ ക്വുര്‍ആനുമായി നാം എത്ര സമയം ഇടപെടുന്നുവോ അത്രയും നമുക്ക് നേട്ടമാണ്.
ഈ പ്രവാചകോപദേശങ്ങള്‍ ഒരാളുടെ ജീവിതത്തില്‍ വളരെ അത്യാവശ്യമാണ്. രണ്ട് ലോകത്തും ഗുണങ്ങള്‍ ലഭിക്കാന്‍ കാരണമാകുന്ന വിഷയങ്ങളാണ് ഈ ഹദീസിലൂടെ റസൂല്‍ صلى الله عليه وسلم നമ്മെ പഠിപ്പിച്ചിരിക്കുന്നത്.
No comments:
Post a Comment